July 12, 2025 |

വല നിറയെ, വില ഇടിഞ്ഞു; മത്തിക്ക് സംഭവിച്ചതെന്ത്?

കടലിന്റെ അടിത്തട്ടില്‍ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ മത്സ്യങ്ങള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് വരുമ്പോഴും ഇവ തീരത്തോട് ചേര്‍ന്നുവരുന്നതും സ്വാഭാവികമായ പ്രതിഭാസമാണ്.

ഇത്തിരി മീനോ മീന്‍ ചാറോ ഇല്ലാതെ ഊണ് കഴിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണ് മലയാളികള്‍ക്ക്. അടുത്തിടെവരെ റിച്ചായിരുന്ന മത്തി വീണ്ടും സാധാരണക്കാരന്റെ പാത്രങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. തൊട്ടാല്‍ പൊള്ളുമെന്ന നിലയില്‍ റോക്കറ്റ് പോലെ കുത്തനെ ഉയര്‍ന്നുനിന്ന വില ഇപ്പോള്‍ ഇടിഞ്ഞ് താണിരിക്കുകയാണ്. മൂന്നുമാസം മുമ്പ് വരെ കിലോയ്ക്ക് 400 രൂപ വരെ വില ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മത്തി 15 രൂപയ്ക്കാണ് ചെല്ലാനം ഹാര്‍ബറില്‍ നിന്ന് മൊത്തവ്യാപാരികള്‍ എടുത്തത്. വിലയില്‍ കേമനായി നിന്നപ്പോഴാണ് മത്തി തീരപ്രദശങ്ങളില്‍ കൂട്ടമായി വന്ന് കരയ്ക്കടിഞ്ഞത്. അതോടെ റിച്ച്നെസും പോയി ആ ഡിമാന്റും അങ്ങ് തീര്‍ന്നു. sardines price down in kerla 

വള്ളക്കാര്‍ കാത്ത് കാത്തിരുന്ന് വള്ളം നിറയെ മത്തിയുമായി എത്തിയപ്പോള്‍ വില തീരെ കുറയുകയായിരുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മത്തിക്കൂട്ടം ചാകരയായി അടിഞ്ഞുകൂടി. തുടര്‍ച്ചയായ ദിവസങ്ങളിലാണ് തൃശൂരിന്റെ തീരപ്രദേശങ്ങളില്‍ മത്തി കരയ്ക്കടിഞ്ഞത്. തൃശൂര്‍ അകലാട് ത്വാഹ പള്ളി ബീച്ചിലും, പഞ്ചവടി ബീച്ചിലുമാണ് കഴിഞ്ഞദിവസങ്ങളില്‍ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞത്. കണ്ണൂരിന്റെ തീരമേഖലയിലും മത്തികള്‍ കൂട്ടമായി എത്തി.

അമിതമായി മത്തി ലഭ്യമായതോടെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനായി ഇതര സംസ്ഥാനങ്ങളിലെ വളം, മീന്‍തീറ്റ നിര്‍മാണ കമ്പനികളില്‍ നിന്നുമുള്ള ലോറികള്‍ കൂട്ടമായാണ് ഹാര്‍ബറുകളിലേക്ക് എത്തുന്നത്. മത്തിയുടെ വിലയിടിവ് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ സങ്കടക്കടലിലാക്കിയിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളം നിറയെ മത്തി സുലഭമായി ലഭിക്കുന്നത്.

Mathi

‘പൊതുവെ മണ്‍സൂണ്‍ കാലഘട്ടത്തില്‍ ആണ് ചാകര എന്ന പ്രതിഭാസം ഉണ്ടാകുന്നത്. എല്ലാ വര്‍ഷവും മത്തിയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. 2012-13 കാലഘട്ടത്തിലാണ് കേരളത്തില്‍ ഏറ്റവുമധികം മത്തി ലഭ്യമായത്. അതിനുശേഷം വന്ന എല്‍നിനോ പ്രതിഭാസം മൂലം ഉണ്ടായ എല്‍നിനോ സതേണ്‍ ഓക്‌സിലേഷന്‍ കാരണം എല്‍നിനോ കഴിഞ്ഞുവരുന്ന വര്‍ഷങ്ങളില്‍ ചൂട് കൂടുതലാകുമ്പോള്‍ മത്തിയുടെ ലഭ്യതയിലും സാരമായ കുറവുണ്ടാവുക സ്വാഭാവികമാണ്. എല്‍നിനോയില്‍ നിന്ന് ലാനിനയിലേക്ക് കാലാവസ്ഥ മാറുമ്പോള്‍ മത്തിക്ക് അനുകൂല സാഹചര്യമാണ്. ആ സമയങ്ങളില്‍ മത്തിയുടെ ലഭ്യത വീണ്ടും കൂടുതലായി ഉയര്‍ന്നുവരും. സാധാരണ മത്സ്യങ്ങളെ അപേക്ഷിച്ച് പ്രജനനം വേഗത്തില്‍ നടക്കുന്ന മത്സ്യമാണ് മത്തി. അതുകൊണ്ടുതന്നെ ചൂട് കാലത്തെ അപേക്ഷിച്ച് മത്തിയുടെ ഉത്പാദനം ഈ സന്ദര്‍ഭങ്ങളില്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇത്തരത്തിലൊരു ഇന്റര്‍ ആനുവല്‍ സ്ട്രച്ചറാണ് മത്തിയുടെ കാര്യത്തില്‍ കണ്ടുവരുന്നതെന്ന്’ സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് വ്യക്തമാക്കി.

Dr Grinson George

CMRFI Director- Dr. Grinson George 

‘നിലവില്‍ കടലില്‍ നിന്നും കരയിലേക്ക് മത്തി കയറുന്നതിന് പലവിധ കാരണങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ ഇത് പ്രാദേശികമായ കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. പണ്ട് വൈപ്പിനില്‍, കടലില്‍ വന്ന ചെറിയ തിരയിളക്കമായിരുന്നു കാരണമായത്. ചില സന്ദര്‍ഭങ്ങളില്‍ കടലിലെ പ്ലവഗങ്ങളുടെ അളവ് കൂടുമ്പോഴും കടലിനോട് ചേര്‍ന്നുള്ള കരയില്‍ മത്തി കൂടുതലായി കാണപ്പെടാറുണ്ട്. മറ്റൊന്നാണ് അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വ്യത്യാസം. കടലിന്റെ അടിത്തട്ടില്‍ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ മത്സ്യങ്ങള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് വരുമ്പോഴും ഇവ തീരത്തോട് ചേര്‍ന്നുവരുന്നതും സ്വാഭാവികമായ പ്രതിഭാസമാണ്. ഒരാഴ്ച മത്സ്യം കിട്ടാതെ വരുന്നതിനെ വരള്‍ച്ചയെന്നും രണ്ടുദിവസം അടുപ്പിച്ച് മത്സ്യം കിട്ടുമ്പോള്‍ ചാകര എന്നും പറയുന്നത് ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല. ശാസ്ത്രീയമായി പഠനങ്ങള്‍ നടത്താതെ ഇത്തരത്തില്‍ ഒരു അപഗ്രഥനം നടത്താന്‍ കഴിയില്ല. പെട്ടെന്നുണ്ടാകുന്ന പ്രതിഭാസങ്ങളുടെ അടിസ്ഥാനത്തില്‍ മത്സ്യത്തിന്റെ ലഭ്യതയെ കുറിച്ച് പരാമര്‍ശിക്കാന്‍ കഴിയുന്നതല്ലെന്നും’ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ചില സന്ദര്‍ഭങ്ങളില്‍ അന്തരീക്ഷ താപനിലയുടെ മാറ്റം കാരണം കടല്‍ വെള്ളത്തിന്റെ സാന്ദ്രത കുറവാകുന്നതിനാലാണ് മത്സ്യം കരയിലേക്ക് കൂട്ടത്തോടെ എത്തുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍ കരയോടടുത്ത് സഞ്ചരിക്കുന്ന മത്തിക്കൂട്ടം വെള്ളത്തിന്റെ ഉപരിതലത്തിലെത്തി തിരയോടൊപ്പം കരയിലേക്ക് തള്ളപ്പെടും. ചെറിയ മത്തിക്കാണ് നിലവില്‍ വിലക്കുറവ് അനുഭവപ്പെട്ടിരിക്കുന്നത്. ചെറിയ മത്സ്യങ്ങളെ കൂട്ടമായി പിടികൂടുന്നത് അവയുടെ പ്രജനനത്തിനും നാശത്തിനും കാരണമാകുന്നു. ഇത് വരും വര്‍ഷങ്ങളില്‍ ഇവയുടെ ലഭ്യത കുറയ്ക്കാനും ഇടയാക്കുന്നു.

Harbour

‘ചെറിയ മത്സ്യങ്ങളെ കൂടുതലും വളത്തിനും മത്സ്യത്തീറ്റയ്ക്കുമാണ് കൊണ്ടുപോകുന്നത്. വളം ഉണ്ടാക്കുന്ന കമ്പനികള്‍ ഉള്ളതുകൊണ്ടാണ് ഇത്തരം ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുന്നതും. ഇത് നമ്മുടെ മത്സ്യസമ്പത്തിനെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ചെറുമത്സ്യങ്ങള്‍ ആണെന്നറിയുമ്പോള്‍ അവിടം കേന്ദ്രീകരിച്ചുള്ള മത്സ്യബന്ധനം നിര്‍ത്തുകയോ അവയെ പിടികൂടാതെ ഒഴിവാക്കുകയോ ആണ് വേണ്ടത്. മത്സ്യലഭ്യത കുറയുന്നതിനനുസരിച്ച് കേരളത്തില്‍ നിന്നുമുള്ള മത്സ്യക്കയറ്റുമതിയും വളരെ ശോചനീയമായ അവസ്ഥയിലാണ്. കടലില്‍ നിന്നുള്ള ലഭ്യത അനുസരിച്ചാണ് കയറ്റുമതി നടക്കുക. എട്ട് വര്‍ഷം മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സീഫുഡ് എക്സ്പോര്‍ട്ടിങ് ഏരിയ കൊച്ചിയായിരുന്നു. ഒന്നാംസ്ഥാനം കൊച്ചിന്‍ പോര്‍ട്ടിനായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം കൊച്ചിന്‍ പോര്‍ട്ട് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എല്ലാ എക്സ്പോര്‍ട്ടേഴ്സും കടല്‍ മീനിനെയാണ് ആശ്രയിക്കുന്നത്. കൂടാതെ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ മത്സ്യലഭ്യത കൂടിയതും കേരളത്തില്‍ നിന്ന് എക്സ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. ഇന്ത്യയിലെ കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി 68,000 കോടിയായിരുന്നു. ഇതില്‍ 65 ശതമാനത്തിലധികവും വെനാമി എന്ന ചെമ്മീനായിരുന്നു. ഇത്തരം ചെമ്മീന്‍ കൂടുതലായും ആന്ധ്രയും ഒറീസയും കേന്ദ്രീകരിച്ചായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ കയറ്റുമതിയില്‍ ഒന്നാമത് നില്‍ക്കുന്നത് ഇപ്പോള്‍ ആന്ധ്രയാണ്. അതിനാല്‍ ഇത്തരത്തിലുള്ള വെനാമി ചെമ്മീനുകളെ കൊച്ചിയില്‍ കൊണ്ടുവന്ന് പരീക്ഷിക്കാനാണ് ശ്രമം. എന്നാല്‍ ഈ നീക്കത്തെ ഗുണഭോക്താക്കളില്‍ പലരും പിന്തുണയ്ക്കുന്നില്ല. കാരണം ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കുമ്പോള്‍ ഇവയുടെ ക്വാളിറ്റിയില്‍ മാറ്റം വരുമെന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം. എക്സ്പോര്‍ട്ടിങ് കമ്പനികള്‍ തകരുമ്പോള്‍ അതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പീലിങ് ഷെഡ് ഉള്‍പ്പെടെയുള്ളവയിലെ ലക്ഷക്കണക്കിന് ആളുകളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ അടിയന്തരമായ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടത്’ എന്ന് ഫ്രഷ് ടു ഹോം കോ-ഫൗണ്ടറും സിഒഒ യുമായ മാത്യു ജോസഫ് അഭിപ്രായപ്പെടുന്നു.

Mathew Joseph

Fresh to Home Director – Mathew Joseph 

മത്തി അല്ലെങ്കില്‍ ‘ചാള’ മലയാളിക്ക് പ്രിയപ്പെട്ട വിഭവം തന്നെയാണ്. താങ്ങാനാവുന്ന വിലയും പോഷകസമ്യദ്ധവുമായ മത്തി മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ഇഷ്ടവുമാണ്. പ്രോട്ടീനിന്റെയും ആരോഗ്യകരമായ പോഷകങ്ങളുടെയും മികച്ച ഉറവിടം. ഹൃദയാരോഗ്യത്തിന് നല്ലതായ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. വൈറ്റമിന്‍ എ, ഇ, കെ, ഡി, ബി-1, ബി-2, ബി-6, ബി-12, ധാതുക്കളായ കാല്‍സ്യം, പൊട്ടാസ്യം, നിയാസിന്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം എന്നിവയുടെയും ഉറവിടമാണ് മത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുലഭമായി മത്തി ലഭിച്ച് തുടങ്ങിയതോടെ കൊച്ചിയുടെ പല സ്ഥലങ്ങളിലും കിലോയ്ക്ക് 50 രൂപ നിരക്കിലാണ് വില്‍പന നടത്തുന്നത്. വാങ്ങാനാളില്ലാത്ത അവസ്ഥയും തീരമേഖലയിലെ കച്ചവടക്കാര്‍ നേരിടുന്നുണ്ട്. 100 ഗ്രാം മത്തിയില്‍ 24. 6 ഗ്രാം പ്രോട്ടീനും 11.4 ഗ്രാം കൊഴുപ്പും ലഭ്യമാകുന്നതിനോടൊപ്പം 208 ഗ്രാം കലോറി ഊര്‍ജവും കിട്ടുന്നു. കൂടാതെ, കൊഴുപ്പിന്റെ 95 ശതമാനവും അപൂരിത കൊഴുപ്പാണെന്നതും മത്തിയുടെ മറ്റൊരു ഗുണമാണ്.

മലയാളികളുടെ ഇഷ്ട മീനായ മത്തി കൂട്ടി ചോറുണ്ണാന്‍ ഇനി കഴിയുമോ എന്ന, കഴിഞ്ഞ കുറച്ച് നാള്‍ മുമ്പുവരെയുള്ള ആശങ്കകളാണ് വില ഇടിവിലൂടെ ഇപ്പോള്‍ മാറിയിരിക്കുന്നത്. സമ്പന്നരുടെ തീന്‍ മേശകളിലേക്ക് ഇരിപ്പിടം തേടിപ്പോയ മത്തി, പാവപ്പെട്ടവനും വാങ്ങാമെന്ന നിലയിലേക്ക് വീണ്ടും എത്തിയതോടെ, വന്ന വഴി മറന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുക കൂടിയാണ്. sardines price down in kerla 

Content Summary: sardines price down in kerala

Leave a Reply

Your email address will not be published. Required fields are marked *

×