2024-25 സാമ്പത്തിക വര്‍ഷം അവസാനിക്കാറായതോടെ ബാങ്കുകളുടെ ജപ്തി നടപടികളും പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം കാസര്‍ഗോഡ് പരപ്പച്ചാലില്‍ ആളില്ലാത്ത സമയത്ത് വീട്ടിലെത്തിയ കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചിട്ട് വീട് ജപ്തി ചെയ്തിരുന്നു. പരപ്പച്ചാലില്‍ തൂക്കപ്പിലാവില്‍ ജാനകിയുടെ കുടുംബത്തിന് നേരെയായിരുന്നു ബാങ്ക് അധികൃതരുടെ നടപടി. ജാനകിയുടെ മകന്‍ വിജേഷ് കേരള ബാങ്ക് നീലേശ്വരം ശാഖയില്‍ നിന്നായിരുന്നു ലോണ്‍ എടുത്തിരുന്നത്.sarfaesi act; the common man struggle for repay bank loan
2013 മാര്‍ച്ചിലായിരുന്നു വിജേഷ് രണ്ട് ലക്ഷം രൂപ ലോണെടുത്തത്. ജാനകിയും മകന്‍ വിജേഷും ഭാര്യയും വീട്ടില്‍ വന്നപ്പോഴാണ് സാധനങ്ങള്‍ പുറത്തിട്ട് വീട് സീല്‍ ചെയ്ത വിവരം അറിയുന്നത്. ഹൊസ്ദുര്‍ഗ് സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍, കുടുംബത്തിന്റെ ദൈന്യത മാധ്യമ വാര്‍ത്തയായതോടെ തിരിച്ചടയ്ക്കേണ്ട തുക മറ്റൊരാള്‍ അടച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
സമാനമായ സംഭവമാണ് കോട്ടയം കടുത്തുരുത്തിയിലും നടന്നിരിക്കുന്നത്. ആശുപത്രിയില്‍ പോയി മടങ്ങിവന്നപ്പോഴാണ് വീട് ജപ്തി ചെയ്ത വിവരം കടുത്തുരുത്തി മാന്നാര്‍ സ്വദേശിനിയായ ശാന്തമ്മ അറിഞ്ഞത്. കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്നും ശാന്തമ്മയും മകനും ഏഴ് ലക്ഷം രൂപ വായ്പയാണ് എടുത്തിരുന്നത്.
കേരള, അര്‍ബന്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തവരില്‍ സര്‍ഫാസി ആക്ട് പ്രകാരം കോടതി വഴിയാണ് ജപ്തി നടക്കുന്നത്. ഇതോടെ സര്‍ഫാസി ആക്ടിനെതിരെയുള്ള എതിര്‍പ്പാണ് വീണ്ടും ശക്തമായിരിക്കുന്നത്.
എന്താണ് സര്‍ഫാസി നിയമം?
വായ്പയെടുത്തവരുടെ തലയ്ക്ക് മുകളില്‍ കഴിഞ്ഞ 23 വര്‍ഷമായി തൂങ്ങിക്കിടക്കുന്ന വാളാണ് സര്‍ഫാസി നിയമം. 2002 ല്‍ വാജ്പേയി സര്‍ക്കാരാണ് സെക്യൂരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്സ് ആന്റ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് എന്ന പേരില്‍ സര്‍ഫാസി നിയമം പാര്‍ലമെന്റില്‍ പാസാക്കുന്നത്. ഈ നിയമത്തിലൂടെ ബാങ്കുകള്‍ക്ക് കിട്ടാനുള്ള കടം തിരിച്ച് പിടിക്കാനുള്ള അധികാരമാണ് നല്‍കുന്നത്. കടം തിരിച്ച് വാങ്ങാന്‍ ബാങ്കുകള്‍ക്ക് ഈ നിയമപ്രകാരം കോടതിയെ സമീപിക്കാവുന്നതാണ്. ഇതനുസരിച്ച് ബാങ്കുകള്‍ നല്‍കിയ വായ്പ തിരിച്ചടയ്ക്കുന്നതില്‍ മൂന്ന് ഗഡുക്കളില്‍ തുടര്‍ച്ചയായി കാലതാമസം വരുത്തിയാല്‍ ഈടായി വച്ച വസ്തുവിന്‍മേല്‍ ബാങ്കിന് നടപടി സ്വീകരിക്കാവുന്നതാണ്.
വന്‍കിടക്കാര്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിക്കുന്ന സാഹചര്യത്തിലാണ് സര്‍ഫാസി കൊണ്ടുവന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വന്‍കിടക്കാരെ തൊടാതെ സാധാരണക്കാരെയാണ് സര്‍ഫാസി പിടിമുറുക്കുന്നത്. വന്‍കിടക്കാരുടെ കോടിക്കണക്കിന് രൂപയുടെ ബാധ്യത കിട്ടാക്കടമായി ബാങ്കുകള്‍ തന്നെ എഴുതിത്തള്ളാറാണ് പതിവ്. വിജയ് മല്യ, നീരവ് മോദി, അംബാനി, അദാനി ഗ്രൂപ്പുകളുടെ കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ കിട്ടാക്കടമായി തള്ളിക്കളഞ്ഞത് ലോകം കണ്ടതാണ്.
സര്‍ഫാസി നിയമം പാവപ്പെട്ട കുടുംബങ്ങളെ ആത്മഹത്യയിലേക്കും തീരാദുഃഖങ്ങളിലേക്കും തള്ളിവിടുന്നതാണ്. 2016 ആഗസ്റ്റിലാണ് സഹകരണ ബാങ്കുകള്‍ നിയമഭേദഗതിയിലൂടെ സര്‍ഫാസി നിയമത്തിന്റെ പരിധിയിലായത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
റിസര്‍വ് ബാങ്ക് മുന്നോട്ടുവയ്ക്കുന്ന നടപടിക്രമങ്ങള്‍
1. താല്കാലികമായി ഉണ്ടാകുന്ന വീഴ്ചകളുടെ അടിസ്ഥാനത്തില്‍ കിട്ടാക്കടം പ്രഖ്യാപിക്കാനാകില്ല.
2. പലിശയടക്കം ഒരുലക്ഷം രൂപയെങ്കിലും ബാലന്‍സ് നില്‍ക്കുന്ന വായ്പകള്‍ മാത്രമാണ് സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ വരിക.
3. വായ്പ തുകയും നാളിതുവരെയുള്ള പലിശയും ചേര്‍ത്ത തുകയുടെ 20 ശതമാനത്തിലധികം ബാക്കി നില്‍ക്കുന്ന വായ്പകള്‍ തിരിച്ചുപിടിക്കാനേ സര്‍ഫാസി നിയമത്തിന് അധികാരം നല്‍കുന്നുള്ളൂ.
4. വായ്പാരേഖകള്‍ കാലഹരണപ്പെട്ടെങ്കില്‍ സര്‍ഫാസി നിയമം പ്രയോഗിക്കാനാകില്ല. നിയമപരമായി നിലനില്‍ക്കുന്ന വായ്പാരേഖകള്‍ അടിസ്ഥാനപ്പെടുത്തി മാത്രമേ നിയമം നിലനില്‍ക്കൂ.
കിട്ടാക്കടങ്ങള്‍ കമ്പനികള്‍ക്ക്
സര്‍ഫാസി നിയമം പാസായതോടെ ഇന്ത്യയില്‍ നിരവധി അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ സ്ഥാപിതമായതായാണ് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നിരുന്നാലും ബാങ്കുകള്‍ അവരുടെ കിട്ടാക്കടം ഇത്തരം കമ്പനികള്‍ക്ക് വില്‍ക്കുകയാണ് പതിവ്. സര്‍ഫാസി നിയമപ്രകാരം തിരിച്ചു കിട്ടാത്ത ആസ്തികളില്‍ ബാങ്കുകള്‍ക്ക് എന്ത് നടപടിയും സ്വീകരിക്കാം. അതിന് കോടതിയുടെ അനുമതിയും ആവശ്യമില്ല. ഈടായി വയ്ക്കുന്നത് താമസിക്കുന്ന വീടാണെങ്കില്‍ പോലും അത് ബാങ്കിന് നേരിട്ട് ഒഴിപ്പിക്കാനുള്ള അധികാരവും നിയമം നല്‍കുന്നു.
സര്‍ഫാസി നിയമത്തിന്റെ 31-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2017 ഓഗസ്റ്റ് 21 ന് ഒന്നാം പിണറായി സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. കൃഷി ഭൂമിയാണ് ഈട് നല്‍കുന്നതെങ്കില്‍ സര്‍ഫാസി നിയമപ്രകാരം ജപ്തി ചെയ്യരുതെന്നും കൂടാതെ അഞ്ച് സെന്റ് വരെയുള്ള ഭൂമിയും വീടും ജപ്തിയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ജപ്തി നടപടി നീട്ടീവയ്ക്കാന്‍ നിര്‍ദേശിച്ച് റവന്യൂ, ധനമന്ത്രിമാര്‍ നല്‍കിയ ഉത്തരവിനെ ഒരു സ്വകാര്യ ബാങ്ക് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഇല്ലാത്ത അധികാരത്തിന്റെ പേരില്‍ ജപ്തി ഒഴിവാക്കാന്‍ ഇടപെടരുത് എന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇതോടെ സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ വരുന്ന കേരള, അര്‍ബന്‍ ബാങ്കുകളുടെ ജപ്തി നടപടിയില്‍ സര്‍ക്കാരിന് ഇടപെടാനാകില്ല.
സാധാരണക്കാരന് അഴിയാക്കുരുക്ക് ആകുന്ന നിയമം
സര്‍ഫാസി നിയമ പ്രകാരമുള്ള നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നതാണ് പ്രധാന വെല്ലുവിളി. സാധാരണക്കാരന് ആകെ ആശ്രയിക്കാന്‍ കഴിയുക ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിലാണ് (ഡിആര്‍ടി). കേരളത്തില്‍ എറണാകുളത്ത് മാത്രമാണ് ഡിആര്‍ടി കോടതി പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ പിന്നെ സമീപിക്കേണ്ടത് ചെന്നൈയിലുള്ള ഹയര്‍ അതോറിയെയാണ്. അവിടെയാകട്ടെ കടത്തിന്റെ പകുതി തുക കെട്ടിവയ്ക്കുകയും വേണം. ചുരുക്കി പറഞ്ഞാല്‍ സാധാരണക്കാരനെ അടിച്ചമര്‍ത്തി ലാഭം കൊയ്യുന്ന നിയമമാണ് സര്‍ഫാസി എന്ന ചുരുക്കെഴുത്ത്.sarfaesi act; the common man struggle for repay bank loan
Content Summary: sarfaesi act; the common man struggle for repay bank loan