June 15, 2026 |
Avatar
അമർനാഥ്‌
Share on

സത്യൻ; മലയാള സിനിമയിലെ പൗരുഷം

സത്യൻ എന്ന നടന്
ആമുഖം വേണ്ട.
പൗരുഷത്തിൻ്റെ വെട്ടിത്തിളക്കമായ
സത്യൻ എന്ന നടൻ്റെ
55ാം ഓർമ്മ ദിവസമാണിന്ന്.

“സത്യനന്തരിച്ചു പോയ്‌,
പത്ര ജല്പനമിതു
സത്യമെന്നൊതാനെന്തോ
എൻ മനം മടിക്കുന്നു.
ഇന്ദ്രന് കാൾഷീറ്റെങ്ങാൻ
നൽകിയിട്ടുണ്ടാം,
അങ്ങോരിന്ദ്രാണി മേക്കപ്പിട്ടു
കാത്തു കാത്തിരിപ്പുണ്ടാം”
-പ്രേംജി

മലയാള സിനിമയിൽ മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന പുരസ്കാരം നേടിയത് സത്യനാണ്. കടൽപ്പാലത്തിലെ (1968) അഭിനയത്തിനായിരുന്നു അന്ന് നടന് അംഗീകാരം ലഭിച്ചത്. കെ. ടി മുഹമ്മദ് എഴുതി കെ. എസ് സേതുമാധവൻ സംവിധാനം ചെയ്ത കടൽപ്പാലത്തിൽ ഡബിൾ റോളിൽ അച്ഛനും മകനുമായി അഭിനയിച്ചത് സത്യൻ്റെ കരിയറിലെ മികച്ച ഡബിൾ റോളുകളിൽ ഒന്നായിരുന്നു. രണ്ടാമത്തേത്‌ സേതുമാധവൻ തന്നെ സംവിധാനം ചെയ്ത ഒരു ‘പെണ്ണിൻ്റെ കഥ’യിലെ മാധവൻ തമ്പി യെന്ന കഥാപാത്രം. 60- കളിലെ മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരുന്നു ഇവ. രണ്ട് സിനിമകളിലേയും പ്രതിനായക വേഷം അന്നത്തെ മലയാള അഭിനയ സങ്കൽപ്പങ്ങളെ വെല്ലുവിളിച്ച് നേടിയ വിജയമായിരുന്നു. അന്നത്തെ ഒരു വലിയ നടൻ, നായകനാകാതെ വില്ലൻ വേഷം അഭിനയിക്കുക. തെന്നിന്ത്യയിലെ നായക വേഷങ്ങൾ ചെയ്യുന്ന ഒരു മുൻനിര നടനും ഇത്തരം നെഗറ്റീവ് റോളുകൾ ചെയ്യാതിരുന്ന കാലത്താണ് സത്യൻ വില്ലനായി അഭിനയിച്ച് ഹിറ്റാക്കിയത്.

കടൽ പ്പാലത്തിൽ(1969) അച്ഛനും മകനുമായി സത്യൻ ഇരട്ടവേഷത്തിൽ

ഒരു നായക നടന് വേണ്ട ഒന്നും തന്നെ ചെറുവിളാകത്ത് വീട്ടിൽ മാനുവൽ സത്യനേശൻ നാടാരെന്ന സത്യനില്ലായിരുന്നു. പക്ഷേ, യഥാർത്ഥ നടനുവേണ്ട അഭിനയശേഷി ധാരാളം. അങ്ങനെ സത്യൻ വന്നഭിനയിച്ച് പ്രേക്ഷകരെ കീഴടക്കുകയും ഒരു കാലഘട്ടത്തിൻ്റെ മികച്ച നടനാവുകയും ചെയ്തു. അന്നത്തെ സിനിമകളിലെ നായക നടന്മാരുടെ നടപ്പ് സമവായങ്ങൾക്ക് ഒട്ടും യോജിക്കാത്ത ഒരു നടനായിരുന്നു സത്യൻ. കറുത്ത നിറം, നടന് യോജിക്കാത്ത വ്യത്യസ്തമായ ശരീരഭാഷ, പൊക്കമില്ലായ്മ ഇതൊക്കെയുള്ള ഒരു നടന് മികച്ച അഭിനയത്തിനുള്ള സംസ്ഥാന പുരസ്ക്കാരം നൽകി എന്നത് അക്കാലത്ത് മലയാള സിനിമയുടെ മാത്രം പ്രത്യേകതയാണ്. രാഷ്ട്രീയമോ മറ്റ് ഇടപെടലുകളോ അവാർഡ് രംഗത്ത് അന്നില്ലായിരുന്നു. സർക്കാരിലെ കാര്യവിവരമുള്ളവർ സിനിമാ രംഗം കൈകാര്യം ചെയ്തതിനാൽ അർഹതക്ക് അംഗീകാരം അന്ന് ലഭിച്ചിരുന്നു. ജനപ്രിയ താരങ്ങളായ പ്രേം നസീർ, മധു, ഉമ്മർ തുടങ്ങിയവർക്കിടയിൽ വ്യത്യസ്തമായി സത്യന് അംഗീകാരം ലഭിച്ചത് തൻ്റെ അഭിനയനം കൊണ്ടു മാത്രമല്ല, സിനിമാ രംഗത്തെ തൻ്റെ ചില വ്യത്യസ്ത നിലപാടുകളിൽ ശക്തമായി ഉറച്ചു നിന്നതുകൊണ്ടുമാണ്.

സത്യൻ്റെ ഏറ്റവും മികച്ച 20- ഓളം സിനിമകൾ സംവിധാനം ചെയ്ത പ്രശസ്തനായ കെ. എസ്. സേതുമാധവൻ ഒരിക്കൽ പറഞ്ഞു- “എല്ലാ കാര്യങ്ങളിലും സത്യന് തൻ്റേതായ ഒരു സമീപനമുണ്ട്. ആദ്യം കഥ വായിക്കണമെന്നു പറയും. തിരക്കഥ തയ്യാറായാൽ നിർദേശങ്ങളൊന്നും പറയില്ല. കേശവദേവിൻ്റെ ‘ഓടയിൽ നിന്ന്’ സിനിമയെടുക്കാൻ ഞാൻ ആലോചിക്കുമ്പോൾ പലരും നിർമ്മാതാക്കളെ നിരുത്സാഹപ്പെടുത്തിയിരുന്നു. അത് സിനിമയാക്കിയാൽ വിജയിക്കില്ല എന്നായിരുന്നു അവരുടെ വാദം. ഞാൻ സത്യനോട് സംസാരിച്ചു. ആ സിനിമയിൽ അഭിനയിക്കാനും സത്യൻ തയ്യാറായി. അങ്ങനെയാണ് ആ സിനിമയുണ്ടാവുന്നത്.” സത്യൻ അതിൽ ‘പപ്പു’ വായി മികച്ച അഭിനയം കാഴ്ചവെച്ചു. താൻ തന്നെ അഭിനയിച്ചാൽ മാത്രമേ പപ്പു എന്ന കഥാപാത്രം നന്നാകൂ എന്ന് വിശ്വസിച്ച ആർക്കും വഴങ്ങാത്ത കഥാകൃത്ത് കേശവ ദേവ്, സത്യനെ ആ റോളിനായി തിരഞ്ഞെടുത്തെന്നറിഞ്ഞപ്പോൾ വഴി മാറുകയായിരുന്നു. ആരെയും പെട്ടെന്നൊന്നും അംഗീകരിക്കാത്ത എതിർപ്പിൻ്റെ ആശാൻ എന്നറിയപ്പെട്ടിരുന്ന കേശവ ദേവിന് പോലും സത്യൻ എന്ന നടൻ്റെ അഭിനയ സിദ്ധിയിൽ മതിപ്പായിരുന്നു.

സത്യനും സംവിധായകൻ കെ. എസ്. സേതുമാധവനും

ഇന്നത്തെ മലയാള സിനിമാലോകത്തെ പടത്തിൻ്റെ കഥ കേൾക്കലും, പ്രതിഫലത്തിൻ്റെ കാര്യത്തിൽ ഉറപ്പ് വരുത്തുന്ന നടന്മാരുടെ സമീപനവുമൊക്കെ മലയാള സിനിമയിൽ ആദ്യം ആരംഭിച്ചത് സത്യനാണ്. തൻ്റെ സിനിമാ ജീവിതത്തിൻ്റെ ഭാഗമായി ആ പ്രൊഫഷണൽ രീതി സത്യൻ അവസാനം വരെ കൊണ്ടുനടന്നു. അഹങ്കാരിയെന്ന് പേര് കേൾപ്പിച്ചെങ്കിലും സത്യൻ എന്ന നടൻ താരജാഡ വച്ച് പുലർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്തില്ല. എന്നാൽ പ്രേംനസീറിനെ പോലെ ബോധപൂർവ്വം എളിമ കാണിക്കാൻ അദ്ദേഹം തയ്യാറായില്ല. തനിക്ക് ശരിയാണ് എന്ന് തോന്നിയത് ചെയ്തു.

മലയാള സിനിമയിലെ നാഴികകല്ലായി മാറി വലിയ വിപ്ലവമുണ്ടാക്കിയ ചലച്ചിത്രമാണ് 1954-ൽ ഇറങ്ങിയ ‘നീലക്കുയിൽ’. നീലക്കുയിലിൽ പ്രധാന കഥാപാത്രമായ ശ്രീധരൻ നായരായി അഭിനയിച്ചത് സത്യനാണ്. തന്റെ ആദ്യകാല മൂന്നു ചിത്രങ്ങൾക്ക് ശേഷം സത്യൻ ചെയ്ത വേഷമായിരുന്നു നീലക്കുയിലിലേത്. അഭിനയ ശേഷിയുള്ള നടൻ എന്ന നിലയിൽ ആദ്യം സത്യനെ പ്രേക്ഷകർ അംഗീകരിച്ച് തുടങ്ങിയത് നീലക്കുയിൽ തൊട്ടാണ്. 5000 രൂപയായിരുന്നു അതിൽ സത്യൻ്റെ പ്രതിഫലം. നായിക മിസ് കുമാരിക്ക് 3500 രൂപ. ബാക്കി നടീ നടന്മാർക്ക് ആയിരത്തിൽ താഴെ മാത്രം പ്രതിഫലം. എന്നാൽ സത്യൻ 500 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടു. ചന്ദ്രതാരയുടെ നിർമ്മാതാവ് പരീക്കുട്ടി സാഹിബ് വഴങ്ങിയില്ല. പരീക്കുട്ടി പടത്തിൻ്റെ സംവിധായനായ പി. ഭാസ്കരനോട് കാര്യം പറഞ്ഞു- “അത്ര വലിയ ആളാണെങ്കിൽ അയാൾ പോട്ടെ, നമുക്ക് വേറെ ആളെ നോക്കാം” ഒടുവിൽ സിനിമ പ്രതിസന്ധിയിലാകുമെന്ന് വന്നു. നീലക്കുയിൻ്റെ നിർമ്മാണ സഹായിയും പി. ഭാസ്കരൻ്റെ ഉറ്റമിത്രവുമായ ശോഭനാ പരമേശ്വരൻ നായർ പരീക്കുട്ടി സാഹിബിനോട് സംസാരിച്ചു- “500 രൂപക്ക് എന്തിന് പ്രശ്നമുണ്ടാക്കുന്നു?” ഒടുവിൽ പരീക്കുട്ടി സാഹിബ് വഴങ്ങി. വാസ്തവത്തിൽ നടന്മാർക്കോ സാങ്കേതികവിദഗ്ധർക്കോ പ്രതിഫലം കൊടുക്കുന്നതിൽ അക്കാലത്തെ നിർമ്മാതാക്കൾ പിശുക്കുകാണിച്ചിരുന്നില്ല. അമിതമായി പ്രതിഫലം കൊടുക്കേണ്ടി വരുമ്പോൾ വളരെ ആലോചിക്കും എന്നു മാത്രം. ലാഭം കിട്ടിയില്ലെങ്കിലും മുടക്കിയ പണം തിരികെ കിട്ടണമല്ലോ.

അനുഭവങ്ങൾ പാളിച്ചകളിൽ പ്രേം നസീർ, സത്യൻ (1971)

പിന്നീട് വർഷങ്ങൾക്ക് ശേഷം ചന്ദ്രതാരയുടെ ഓഫീസിൽ വെച്ച് തനിക്ക് വേണ്ടി വാദിച്ച ശോഭനാ പരമേശ്വരൻ നായരെ കണ്ടപ്പോൾ സത്യൻ ചോദിച്ചു- “ഡോ. പരമു, രൂപ പേരിലേ ഉള്ളൂ?(രൂപവാണിയെന്നാണ് ശോഭനാ പരമേശ്വരൻ നായരുടെ നിർമ്മാണ കമ്പനിയുടെ പേര്) രൂപവാണി നിർമ്മിച്ച ആദ്യചിത്രം ‘നിണമണിഞ്ഞ കാൽപ്പാടുകളി’ൽ പ്രതിഫലത്തുക സ്വീകാര്യമല്ലാത്തതിനാൽ സത്യൻ ആ വേഷം നിരസിച്ചു എന്നൊരു കഥ അന്ന് പ്രചരിച്ചിരുന്നു. ഇത്തരം കഥകൾ പടച്ച് വിടുന്ന അടൂർ ഭാസിയായിരുന്നു അതിൻ്റെ പിന്നിൽ. പിന്നെ സത്യൻ അവിടെയുണ്ടായിരുന്ന എം. ടി. വാസുദേവൻ നായരോട് ചിരിച്ച് കൊണ്ട് പറഞ്ഞു- “‘രൂപ വാണിയിലേ ഉള്ളോ?’ എന്നു ചോദിച്ചതിൻ്റെ പേരിലാണത്രെ ഈ ചരമു നായർക്ക് എന്നോട് പിണക്കം. അതൊക്കെ ഒരു തമാശയല്ലേഡോ? സത്യത്തിൽ അതുണ്ടാക്കിയത് ഞാനല്ല ഭാസിയാണ്.” അഭിനയിക്കാൻ തുടങ്ങി കാലുറപ്പിക്കും മുൻപ് ഒരു നടൻ പ്രതിഫലത്തിന് വേണ്ടി വാശിപിടിക്കുന്നത് അന്നൊരു അസാധാരണ കാര്യമായിരുന്നു. പക്ഷേ, ആ നടൻ തനിക്കത് അർഹതപ്പെട്ടതാണെന്ന് വിശ്വസിച്ചു. നടന്മാരെ ചൂഷണം ചെയ്യുന്ന നിർമ്മാതാക്കളെ തനിക്ക് വേണ്ടെന്ന് വിശ്വസിച്ച സത്യൻ അവർക്ക് അധിക ചിലവുണ്ടാക്കുന്ന പ്രവണതക്കെതിരെയും അവരെ ചൂഷണം ചെയ്യുന്നതിനെതിരെയും സംസാരിച്ചു.

1965- ൽ രാമുകാര്യാട്ട് തകഴിയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ’ ചലച്ചിത്രമാക്കിയത് മലയാള സിനിമയുടെ ഒരു നാഴികക്കല്ലായി മാറി. ചരിത്ര സംഭവമായി മാറിയ ആ സിനിമക്ക് ലഭിച്ച പ്രസിഡൻ്റിൻ്റെ സ്വർണ പതക്കം വാങ്ങാൻ ചെമ്മീനിൻ്റെ നിർമ്മാതാവ് കൺമണി ബാബു സേട്ട് ചെമ്മീൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ നടീ നടന്മാരേയും, കലാകാരന്മാരെയും ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ സ്വന്തം ചിലവിൽ കൊണ്ടു പോകാൻ തീരുമാനിച്ചു. പണം ചിലവാക്കി ബാബു ഇവരെയൊന്നും ഡൽഹിയിൽ കൊണ്ടുപോകേണ്ട എന്ന് സത്യൻ, കൺമണി ബാബുവിനോട് പറഞ്ഞെങ്കിലും നിർമ്മാതാവ് അതിന് വഴങ്ങിയില്ല. ഡൽഹിയിലെ ഏറ്റവും വിലപിടിച്ച ആഡംബര ഹോട്ടൽ അശോകയിൽ എല്ലാവരെയും താമസിപ്പിച്ചു. കൊട്ടാരക്കര ശ്രീധരൻ നായർ, എസ്. പി. പിള്ള എന്നീ നടന്മാർക്ക് അശോക ഹോട്ടലിലെ ഡൈനിംഗ് ഹാളിൽ ചെന്നിരുന്ന് ഭക്ഷണം കഴിക്കാൻ മടി. കത്തിയും ഫോർക്കും ഉപയോഗിച്ച് കഴിക്കാൻ അവർക്കറിയില്ല. അവിടെ മറ്റുള്ളവരുടെ മുന്നിൽ പരിഹാസ പാത്രമാകാനും കഴിയില്ല. മലയാളത്തിലെ ചാർളി ചാപ്ലിൻ എന്നറിയപ്പെട്ട ഹാസ്യ നടനായ എസ്. പി. പിള്ള കൺമണി ബാബുവിനോട് പറഞ്ഞു- “ബാബു ഞങ്ങളുടെ ആഹാരം മുറിയിൽ കൊണ്ടുവരാൻ ഏർപ്പാട് ചെയ്യണം”(അശോകയിൽ റൂം സർവീസിന് അധിക ചാർജുണ്ട്). ഇത് കേട്ടയുടനെ സത്യൻ ഇടപെട്ടു- “അധിക ചിലവുണ്ടാക്കരുത്. നിങ്ങളെല്ലാം കൂടി ബാബുവിനെ മുടിക്കാനാണോ ഇറങ്ങിത്തിരിത്തിരിച്ചിരിക്കുന്നത്?” ഇത് കേട്ട് ക്ഷുഭിതനായ എസ്. പി. പിള്ള തിരിച്ചടിച്ചു- “നിൻ്റെ തന്ത ഉണ്ടാക്കിയ കാശാണോടാ ബാബു ചിലവാക്കുന്നത്? നീ ബാബുവിൻ്റെ മുന്നിൽ വാലാട്ടി കൊള്ളണം. ഞങ്ങളുടെ നേരെ കുരയ്ക്കരുത്” പിന്നെ എസ്. പി. പിള്ള ഇതു കൂടി പറഞ്ഞു- “സത്യാ! കൊട്ടാരക്കര ശ്രീധരൻ നായരുടെ കൂടെ ഒരു സെററിൽ നിന്നഭിനയിക്കുമ്പോൾ നിൻ്റെ മുട്ടുകൾ വിറക്കുന്നപോലെ എൻ്റെ മുട്ടുകൾ വിറക്കില്ല. കാരണമറിയാമോ? എനിക്ക് ശ്രീധരൻ നായരേക്കാൾ കഴിവുള്ളതുകൊണ്ടല്ല. അയാൾ വളരുന്നതിൽ എനിക്കസൂയയില്ലാത്തതുകൊണ്ടാ.” ഇത് കേട്ട സത്യൻ നിശബ്ദനായി. ഇടയ്ക്ക് തൻ്റെ ധാർഷ്ട്യം കൊണ്ട് ഇത്തരം തിരച്ചടികൾ കിട്ടിയതിനാലാണ് ധിക്കാരിയെന്ന് സത്യൻ അറിയപ്പെട്ടത്. പക്ഷേ, ജീവിതത്തിൽ അഭിനയിക്കാത്ത ഒരു മനുഷ്യൻ്റെ സഹജസ്വഭാവമായിരുന്നു അത്. നടൻ എന്ന നിലയിൽ, തൻ്റെ ഒപ്പം അഭിനയിക്കുന്നവരിൽ കൊട്ടാരക്കര ശ്രീധരൻ നായരെ സത്യൻ വളരെയധികം ആദരിച്ചിരുന്നത് അതിന് തെളിവാണ്. അരനാഴിക നേരം സിനിമയാക്കിയപ്പോൾ നിർമ്മാതാവ് മഞ്ഞിലാസിൻ്റെ എം. ഒ. ജോസഫും സംവിധായകൻ കെ. എസ്. സേതുമാധവനും കുഞ്ഞേനാച്ചനായി ആദ്യം നിശ്ചയിച്ചത് സത്യനെയായിരുന്നു. പക്ഷേ, ആ വേഷം കൊട്ടാരക്കര ചെയ്യണമെന്ന് സത്യൻ ശഠിച്ചു. കൊട്ടാരക്കര ആ വേഷം അനശ്വരമാക്കുകയും ചെയ്തു. കുഞ്ഞേനാച്ചൻ്റെ മകൻ മാത്യുവായി സത്യൻ അതിൽ അഭിനയിച്ചു.

ചെമ്മീനിൽ പളനിയും കറുത്തമ്മയും (1965)

കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിലെ സിനിമാ മാസിക അവാർഡ് ചടങ്ങ്. പ്രേം നസീർ, ഷീല, രാഗിണി, തുടങ്ങിയ വൻ താരനിര അതിന് വന്നെത്തി. ‘അരനാഴിക നേരത്തിന്’ അവാർഡുണ്ട്. കൊട്ടാരക്കര, ശങ്കരാടി, ബഹാദൂർ എന്നിവരെ സംഘാടകർ ഒന്നാം നിരയിലല്ലാതെ മൂന്നാം നിരയിൽ ഇരുത്തിയത് സത്യന് ഒട്ടും രുചിച്ചില്ല. മുൻനിരയിൽ ഇരുന്ന സത്യനെ പുരസ്‌കാരം നൽകി രണ്ട് വാക്ക് പറയാൻ സംഘാടകർ ക്ഷണിച്ചപ്പോൾ നടൻ പറഞ്ഞു- “ആദ്യം ശ്രീധരൻ നായരെ വിളിക്കണം”. ഉറച്ച സ്വരത്തിലുള്ള പഴയ പോലീസ് ഇൻസ്പെക്ടറുടെ ഡയലോഗ് കേട്ട സംഘാടകർക്ക് തങ്ങളുടെ തെറ്റ് മനസിലായി. കൊട്ടാരക്കര ശ്രീധരൻ നായർ പിൻനിരയിൽ നിന്നെഴുന്നേറ്റ് വേച്ചുവേച്ചു നടന്ന് മുന്നിലേക്കു വന്നു. നേരെ സത്യന്റെ അരികിലെത്തി ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് കാൽ തൊട്ടുതൊഴാൻ കുനിഞ്ഞു. പിടിച്ചു നിറുത്തിയിട്ട് സത്യൻ ആജ്ഞാപിച്ചു- “പോയി പ്രസംഗിക്കണം”. കൊട്ടാരക്കര വേദിയിൽ കയറി പ്രസംഗിച്ചു- “ഗദ്‌ഗദകണ്‌ഠനായി പറഞ്ഞു. ഈ അവാർഡും ശില്പവുമൊക്കെ കേമംതന്നെ. പക്ഷേ. ഇന്ന് എൻ്റെ സത്യൻ… എൻ്റെ സത്യൻ… എന്നോടു കാട്ടിയ ഈ സ്നേഹം മരിക്കും വരെ മറക്കില്ല.” പിന്നെ സത്യൻ പ്രസംഗിച്ചു- “ശ്രീധരൻ നായർ എന്ന നടനെ തിരിച്ചറിയാത്തവർ തരുന്ന പുരസ്‌കാരങ്ങൾക്ക് പുല്ലുവിലയേയുള്ളൂ. ഒരു നടന് മാത്രമേ മറ്റൊരു വലിയ നടന്റെ മഹത്ത്വം മനസ്സിലാകൂ. മാമ്മൻ മാപ്പിള ഹാളിൽ തിങ്ങിനിറഞ്ഞ ജനങ്ങൾ എണീറ്റുനിന്ന് കയ്യടിച്ചു, ഏറെനേരം!

തനിക്ക് പറയാൻ ഉള്ളത് എവിടെയും സത്യൻ പറയുമായിരുന്നു. 1967- ൽ പ്രേംനസീർ നൂറുപടങ്ങൾ തികച്ചപ്പോൾ നടനെ അഭിനന്ദിക്കുന്നതിനുവേണ്ടി മദിരാശിയിലെ ന്യൂ വുഡ്‌ലാൻഡ്‌സ് ഓഡിറ്റോറിയത്തിൽവെച്ച് ഇന്ത്യൻ സിനിമയിലെ പ്രമുഖ നടന്മാരും സംഘടനകളും ചേർന്നുകൊണ്ട് ഒരു സ്വീകരണം നൽകി. സ്വീകരണകമ്മിറ്റിക്കാർ ആശംസാപ്രസംഗം നടത്തുന്നവരുടെ കൂട്ടത്തിൽ സത്യനെ ഉൾപ്പെടുത്തിയില്ല. ധിക്കാരിയായ സത്യൻ അതിൽ പങ്കെടുക്കാൻ താത്പര്യം കാണിച്ചില്ലെങ്കിലോ എന്നായിരുന്നു ആശങ്ക. സത്യൻ്റെ പ്രതികരണം എന്തായിരിക്കുമെന്ന് ആർക്കും പറയാൻ പറ്റില്ല. യോഗത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ഒരു സാധാരണ ക്ഷണക്കത്ത് മാത്രം സത്യന് അയച്ചു കൊടുത്തു. ഒരു ക്ഷണക്കത്ത് മാത്രം കിട്ടിയാൽ സത്യൻ വരുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചില്ല. വൈകുന്നേരം ഏഴുമണിക്കാണ് പരിപാടി ആരംഭിക്കുന്നത്. എല്ലാവരുടേയും പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് കൃത്യം 6.45ന് സത്യൻ യോഗസ്ഥലത്തെത്തി. ജനങ്ങളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ ഹാളിലൂടെ സത്യൻ നടന്നുവന്ന് ഒഴിഞ്ഞു കിടന്നിരുന്ന ഒരു കസേരയിൽ ഇരുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായി വെളുത്ത പാന്റ്സും വെളുത്ത ഷർട്ടും ധരിച്ച്, പൊക്കം കുറഞ്ഞ ആ കറുത്തമനുഷ്യൻ; മലയാളത്തിൻ്റെ അഭിനയചക്രവർത്തി, തൻ്റെ ആരാധകരുടെ നേരെ കൈവീശി. ഹാളിലാകെ ആരവം! എല്ലാവരുടെ ചുണ്ടിലും സത്യൻ! സത്യൻ! എന്ന പദം മാത്രം. പലരും സീറ്റിൽ നിന്നെഴുന്നേറ്റുനിന്ന് സത്യനെ നോക്കി നിന്നു. തങ്ങളുടെ പ്രിയപ്പെട്ട നടൻ തങ്ങളിൽ ഒരാളായി ജനക്കൂട്ടത്തിനു നടുവിൽ ഇരിക്കുന്നു. മണി ഏഴായി. ആശംസാപ്രസംഗങ്ങളുടെ സമയമായി. അഖിലേന്ത്യാതലത്തിലുള്ള പ്രമുഖവ്യക്തികൾ വേദിയിൽ പ്രസംഗിച്ച് പ്രേംനസീറിനെ അഭിനന്ദനങ്ങൾകൊണ്ടു മൂടി. പക്ഷെ, സംഘാടകരും സ്വീകരണകമ്മറ്റിക്കാരും വെട്ടിലായി. സത്യൻ വന്ന് ഇരിക്കുന്നത് അവർ കണ്ടു. അതവർ പ്രതീക്ഷിച്ചതല്ല. ഇനി സത്യനെ ആ വേദിയിലേക്ക് വിളിക്കാതെ ആ ചടങ്ങ് പൂർണ്ണമാവില്ലെന്ന് സംഘാടകർക്ക് തോന്നി. ഈ സമയത്ത് ആ മഹാ നടനെ എങ്ങനെ അവഗണിക്കും?

ശാരദയും സത്യനും യക്ഷി (1968)

സത്യനോട് സ്റ്റേജിൽ വന്ന് രണ്ടുവാക്ക് സംസാരിക്കാനായി അപേക്ഷിക്കാൻ തന്നെ അവർ തീരുമാനിച്ചു. സത്യൻ ആശംസാപ്രസംഗത്തിന് സമ്മതിച്ചില്ലെങ്കിലോ എന്നൊരു ഭയം സ്വീകരണകമ്മറ്റിക്കുണ്ടായിരുന്നു. സത്യൻ തയ്യാറായില്ലെങ്കിലോ? അവർ മൈക്കിലൂടെ അഭ്യർത്ഥിച്ചു- “സത്യൻ മാസ്റ്റർ, വിരോധമില്ലെങ്കിൽ ഈ സ്റ്റേജിൽവന്ന് രണ്ടുവാക്കു പ്രസംഗിച്ചാൽ ഞങ്ങൾ ധന്യരായി. ഇത് ഞങ്ങളുടെ അഭ്യർത്ഥനയാണ്.”
ഈ അഭ്യർത്ഥന കേട്ട ഉടനെ ഊർജ്ജസ്വലനായ സത്യൻ എഴുന്നേറ്റ് സ്റ്റേജിലേക്ക് നടന്നു. സ്റ്റേജിൻ്റെ ചവിട്ടുപടികൾ ഓടിക്കയറിവന്ന് മൈക്ക് കൈയ്യിൽ വാങ്ങി. അപ്പോൾ നീണ്ട കരഘോഷം! ഉറച്ച ശബ്ദ‌ത്തിൽ, സ്വതസിദ്ധമായ ശൈലിയിൽ വ്യക്തമായി സത്യൻ പറഞ്ഞു- “ഇങ്ങനെ ഒരു സുവർണ്ണാവസരം എനിക്ക് തന്ന ഇതിൻ്റെ സംഘാടകരോട് ഞാൻ ആത്മാർത്ഥമായി നന്ദിപറയുന്നു. എനിക്ക് അധികമൊന്നും പറയാനില്ല. കുറച്ചുമാത്രം. എൻ്റെ സുഹൃത്ത് മിസ്റ്റർ നസീർ നൂറുപടങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു എന്നറിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ! ഇനിയും ഇതു പോലെ നൂറുനൂറു പടങ്ങൾ അഭിനയിക്കാൻ അദ്ദേഹത്തിനു കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. കൂട്ടത്തിൽ എൻ്റെ സൃഹൃത്തിനോട് ഒരു അപേക്ഷ കൂടി. പത്തു പടം അഭിനയിക്കുമ്പോൾ ഒരു നല്ല പടത്തിൽകൂടി അഭിനയിക്കാൻ മിസ്റ്റർ നസീർ ശ്രമിക്കുക. നന്മകൾ നേരുന്നു!” അതോടെ ഹാളിൽ കൂടിയിരുന്നവർ ചേരിതിരിഞ്ഞു രണ്ടുപക്ഷമായി. ‘ഒരുപക്ഷം സത്യനെ ശരിവെക്കുന്നു. അദ്ദേഹം പറഞ്ഞത് ശരിയല്ലെ? പത്തുപടം ചെയ്യുമ്പോൾ ഒരു നല്ല പടമെങ്കിലും പ്രേക്ഷകർക്ക് കൊടുക്കാൻ നടൻ തയ്യാറാവണം’. ഇതിന് മറുഭാഗം പറഞ്ഞത്- ‘എന്തുതന്നെയായാലും മറ്റുഭാഷയിലുള്ളവർകൂടി വന്ന് നസീറിനെ അഭിനന്ദിക്കുന്ന ഈ സ്റ്റേജിൽ, നമ്മൾ അങ്ങേയറ്റം ആരാധിക്കുന്ന സത്യൻ മാസ്റ്റർ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് ഒട്ടും ശരിയായില്ല. മാഷ് ചെയ്‌തത്‌ തെറ്റുതന്നെയാണ്’. ഏതാണ് ശരി? ഏതാണ് തെറ്റ്? സത്യനെ സംബന്ധിച്ചിടത്തോളം തനിക്ക് പറയാനുള്ളത് പറഞ്ഞു. ശരിതെറ്റുകൾ അദ്ദേഹം വകവെച്ചില്ല. നല്ല വാക്കുകൾ മാത്രം പറഞ്ഞ് ജനപ്രിയനാകാൻ നടൻ ഒരിക്കലും ശ്രമിച്ചില്ല.

അശ്വമേധത്തിൽ സത്യൻ, ഷീല , പ്രേം നസീർ (1967)

ഇതിനനുബന്ധമായി ഒരു സംഭവം കൂടി നടന്നു. പിറ്റേദിവസം സംവിധായകൻ വേണുവിൻ്റെ ആദ്യ ചിത്രമായ ‘ഉദ്യോഗസ്ഥ’യുടെ (1967) ഷൂട്ടിംഗ് ഉണ്ടായിരുന്നു. സത്യനും നസീറും ഒരുമിച്ച് അഭിനയിക്കേണ്ട രംഗമാണ് എടുക്കേണ്ടത്. രാവിലെ സെറ്റിലെത്തിയ നസീർ ഇതിനകം ചർച്ചയായ ആ സംഭവത്തെ കുറിച്ച് പറഞ്ഞു- “സത്യൻ മാഷ് പറഞ്ഞത് ശരിയല്ലേ? പത്തുപടം അഭിനയിക്കുമ്പോൾ ഒരു നല്ല പടമെങ്കിലും അഭിനയിക്കാൻ ശ്രമിക്കണം. വെറുതെ കണ്ടതിലൊക്കെ കേറി അഭിനയിച്ച് ആരോഗ്യവും പേരും ചീത്തയാക്കണോ?” അൽപ്പം കഴിഞ്ഞ് സെറ്റിൽവന്ന സത്യൻ ഇതിൻ്റെ തുടർച്ചയെന്നോണം വേണുവിനോട് പറഞ്ഞു- “ഞാൻ ഇന്നലെ മിസ്റ്റർ നസീറിനെക്കുറിച്ച് പറഞ്ഞത് ശരിയായില്ലേ? പലർക്കും എതിരഭിപ്രായം ഉണ്ടെന്നു കേട്ടു. പക്ഷെ, എനിക്ക് മറിച്ച് തോന്നുന്നില്ല. മിസ്റ്റർ നസീർ നല്ല നടനാണ്. ഈ വലയിൽപെട്ട് നശിച്ചുപോണോ? ജയ് വിളിക്കാനും കയ്യടിക്കാനും നല്ലകാലത്ത് ആൾക്കാരുണ്ടായിരിക്കും. അതുകൊണ്ട് കാര്യമായില്ല. നിലനിനിൽക്കണം. എനിക്കുതോന്നിയത് ഞാൻ പറഞ്ഞു. ആരെന്തു വ്യാഖ്യാനിച്ചാലും എനിക്ക് ഒരു പ്രശ്‌നമല്ല.” പിന്നീട് പടത്തിൻ്റെ ഒരു രംഗം ചിത്രീകരിച്ചു. യാദൃശ്ചികമാകാം, ആ രംഗമാകട്ടെ പ്രേംനസീർ സത്യൻ്റെ ചെകിട്ടത്തടിക്കുന്നതും. സത്യൻ ഒരു ചിരിയോടെ നസീറിനോട് പറഞ്ഞു- “ഒട്ടും വിഷമിക്കണ്ട ശക്തിയായി എൻ്റെ ചെകിട്ടത്ത് അടിച്ചോളൂ”. പിന്നീട് ആ രംഗം തന്നെയായിരുന്നു ‘ഉദ്ദോഗസ്ഥ’യുടെ പോസ്റ്ററുകളിൽ വന്നത്.

ജി. വിവേകാനന്ദൻ്റെ ‘വാർഡ് നമ്പർ 7’ എന്ന നോവൽ സിനിമയാക്കാൻ വേണു തീരുമാനിച്ചു. സത്യനായിരുന്നു നായകൻ. കൂടെ പ്രേംനസീറും. ആശുപത്രി പശ്ചാത്തലമായ ആ കഥയിൽ ‘റസാക്ക്’ എന്ന കഥാപാത്രം സത്യന് എറെ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ, ഷൂട്ടിംഗ് തുടങ്ങരുത് എന്ന് ജി .വിവേകാനന്ദൻ ഫോണിൽ വിളിച്ച് പറഞ്ഞു. എല്ലാ ഒരുക്കവും പൂർത്തിയായതിനാൽ സംവിധായകൻ വേണു വിഷമത്തിലായി. പിന്നീട് വേണു അതിൻ്റെ എർപ്പാടുകളിൽ മറ്റൊരു ചിത്രം എടുത്തു. സി. ഐ. ഡി നസീർ എന്ന ചിത്രം. അത് സൂപ്പർ ഹിറ്റായി. പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം സത്യൻ അന്തരിച്ചു. ജി. വിവേകാനന്ദൻ പടം മാറ്റി വെക്കാനുള്ള കാരണം സത്യൻ്റെ മരണ ശേഷം വേണുവിനോട് പറഞ്ഞു- “ആ കഥയിലെ ‘റസാക്ക്’ എന്ന കഥാപാത്രത്തിന് ബ്ലഡ് കാൻസർ ആണ്. സത്യൻ മരിച്ചത് ഇതേ അസുഖത്തിലും. അത് സത്യൻ അഭിനയിക്കുന്നത് വേദനാജനകമാണ്. അതാണ് പടം മാറ്റിവെയ്ക്കാൻ പറഞ്ഞത്”. പിന്നീട് വേണു തന്നെ നസീറിനെ നായകനാക്കി ‘വാർഡ് നമ്പർ 7’ എടുത്തു.

“സത്യനും ഞാനും സിനിമാരംഗത്ത് നായകന്മാരായി. ഒരുമിച്ച് ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യപരിചയത്തിൽത്തന്നെ അദ്ദേഹത്തെക്കുറിച്ച് ഒരു കാര്യം ഞാൻ മനസ്സിലാക്കിയിരുന്നു; ‘തൻ്റേടിയാണ്, ഏതു കാര്യവും വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരനാണ്’. പിന്നീട് അദ്ദേഹത്തെ അടുത്തറിയാനും കൂടുതൽ മനസ്സിലാക്കാനും സഹകരിക്കാനും ഇടവന്നപ്പോൾ, എൻ്റെ ആദ്യധാരണ നൂറു ശതമാനവും ശരിയാണെന്നു ബോധ്യമായി. ഒന്നും മനസ്സിൽവെച്ചേക്കുന്ന സ്വഭാവം സത്യനില്ല. എവിടെവെച്ചും ആരോടായാലും തോന്നുന്ന കാര്യം തുറന്നടിച്ചതുപോലെത്തന്നെ പറയണം. പ്രതിഫലത്തിൻ്റെ കാര്യമായാലും കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചായാലും അദ്ദേഹത്തിന് വ്യക്തമായ അഭിപ്രായമുണ്ട്. അതായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യവും. നിരവധി അനശ്വരകഥാപാത്രങ്ങളെ സൃഷ്ടിച്ച അദ്ദേഹം വളരെ നേരത്തേ സിനിമാരംഗം വിട്ടുപോയി. അത് സിനിമാരംഗത്തിന് നികത്താനാവാത്ത നഷ്ടംതന്നെയാണ്. ഇനി അതു വിചാരിച്ച് കണ്ണുനീർ വാർത്തിട്ട് കാര്യമില്ലല്ലോ”- പ്രേം നസീർ ‘എൻ്റെ ജീവിതം’(1977) എന്ന തൻ്റെ ആത്മകഥയിൽ എഴുതി.

സത്യനെ സിനിമാരംഗത്തേക്ക് കൊണ്ടുവന്നത് അന്നത്ത മികച്ച വാഗ്മിയും കലാ സാംസ്കാരിക രംഗത്തെ പ്രഗത്ഭനുമായിരുന്ന കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണനായിരുന്നു. കൗമുദി വാരികയുടെ എഡിറ്ററായ കെ. ബാലകൃഷ്ണന്റെ എഴുത്തും പ്രസംഗവും സ്വാധീനം ചെലുത്താത്ത യുവാക്കൾ അന്ന് തിരുവിതാംകൂറിലില്ലായിരുന്നു. സ്വഭാവികമായും കലാഹൃദയമുണ്ടായിരുന്ന സത്യനേശനും ബാലകൃഷ്ണൻ്റെ ആരാധകനായി. പ്രശസ്ത സിനിമാ നിർമ്മാതാവായ കെ. എൻ. കെ. മേനോനുമായി ചേർന്ന് ബാലകൃഷ്ണൻ നിർമ്മിക്കുന്ന ‘ത്യാഗ സീമ’ എന്ന സിനിമയിൽ സത്യനേശന് കെ. ബാലകൃഷ്ണൻ ഒരു വേഷം നൽകി. അന്ന് സത്യനേശൻ. പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് തിരുവിതാംകൂർ പോലീസിൽ സബ് ഇൻസ്പെകടറായിരുന്നു സത്യനേശൻ. അന്നത്തെ തിരുവിതാംകൂർ ഐ.ജിയായ ചന്ദ്രശേഖര നായരുടെ പ്രത്യേക അനുമതി വാങ്ങിയാണ് സർക്കാർ ഉദ്ദോഗസ്ഥനായ സത്യനേശൻ നാടാർ സിനിമയിൽ അഭിനയിച്ചത്. പക്ഷേ, ‘ത്യാഗസീമ’ പൂർത്തിയാകാതെ നിന്നു പോയി. പ്രേംനസീർ, ഇന്ദിരാഭായ് തങ്കച്ചി, ഡോ. ചന്ദ്രൻ എന്നിവരൊക്കെയായിരുന്നു സിനിമയിലെ മറ്റ് അഭിനേതാക്കൾ.

കരകാണാക്കടൽ( 1971) സത്യൻ , ജയഭാരതി

1952- ൽ പുറത്തിറങ്ങിയ മെറിലാൻ്റ് ചിത്രം ‘ആത്മ സഖി’ യാണ് സത്യനേശൻ്റെ പുറത്ത് വന്ന ആദ്യ ചിത്രം. സത്യനേശനെന്ന പേര് സത്യൻ എന്നാക്കിയത് മെറിലാൻ്റ് ഉടമ സുബ്രഹ്മമണ്യം മുതലാളിയാണ്. പിന്നീട് ‘ലോക നീതി’, ‘തിരമാല’, ‘ആശാദീപം’ എന്നീ പടങ്ങൾ അഭിനയിച്ചു. ‘നീലക്കുയിൽ’, ‘മുടിയനായ പുത്രൻ’ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനിലേക്കുള്ള യാത്ര സത്യൻ ആരംഭിച്ചു. ആ യാത്ര ചെമ്മീനിലെത്തിയപ്പോഴേക്കും ജീവിതത്തിന്റെ നിരവധി വൈവിധ്യമേറിയ സങ്കീർണ്ണ ഭാവങ്ങളെ വിദഗ്ധമായി അവതരിപ്പിക്കാൻ സത്യനെന്ന അഭിനേതാവ് പാകപ്പെട്ടിരുന്നു. ചെമ്മീനിലെ സത്യൻ്റെ ‘പളനി’യുടെ, കൊട്ടാരക്കരയുടെ ‘ചെമ്പൻ കുഞ്ഞി’ൻ്റെയും ഷീലയുടെ ‘കറുത്തമ്മ’യുടെയും അഭിനയം കണ്ടാണ് “സത്യാ, ശ്രീധരൻ നായരെ, ഷീലേ ഹോളിവുഡ് നിങ്ങളുടെ മുന്നിൽ ഒന്നുമല്ല” എന്ന് കൗമുദിയിലെ തൻ്റെ കുറിപ്പിൽ കെ. ബാലകൃഷ്ണൻ എഴുതിയത്.

സത്യനെക്കുറിച്ച് എം. ടി ഇങ്ങനെ എഴുതി- “സത്യനെ ലോകത്തിലെ ഏത് മികച്ച നടനോടും താരതമ്യപ്പെടുത്താൻ ഭയപ്പെടേണ്ടതില്ല. അദ്ദേഹം പരാജയപ്പെടുകയുമില്ല. തന്റെ ‘ഹീറോ ഇമേജി’ ന് കളങ്കം വരുന്ന ഒരു കാര്യം കഥാപാത്രം ചെയ്യുന്നുവെങ്കിൽ അതഭിനയിക്കാൻ ഇഷ്ടപ്പെടാത്തവരാണ് ഇന്ത്യയിലെ; മലയാളത്തെ പ്രത്യേകം പറയേണ്ടതില്ല- നായകന്മാർ. അവർ തെറ്റു ചെയ്യാത്തവരാവണം. ഏത് യുദ്ധത്തിലും തോൽക്കാത്തവരാവണം. ‘ചെമ്മീൻ’ കണ്ട് തമിഴർ പറഞ്ഞു: ‘സ്രാവുമായുള്ള യുദ്ധം നടത്തുന്നത് വാധ്യാരായിരുന്നെങ്കിൽ (എം. ജി. ആർ) വാധ്യാർ ആ സ്രാവിനേയും കൊന്ന് കരയിൽ നീന്തിയെത്തുമായിരുന്നു’. സത്യന് കഥാപാത്രത്തിൻ്റെ ആഴമായിരുന്നു പ്രശ്നം. ഹീറോ ഇമേജായിരുന്നില്ല. ഒരു പടത്തിൽ വൃദ്ധന്റെ ഭാഗത്ത്‌ വന്നതുകൊണ്ട് തൻ്റെ നായകസ്ഥാനം നഷ്ട‌പ്പെടുമെന്ന യാതൊരു ഭീതിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തൻ്റെ കഴിവുകളെപ്പറ്റി വിനയത്തിന്റെ കൃത്രിമ മൂടുപടമില്ലാതെ സംസാരിച്ചിരുന്ന ആ നടൻ പരുക്കനായിരുന്നു. ആരേയും കൂട്ടാക്കാത്ത തന്റേടക്കാരനായിരുന്നു. ധീരനായിരുന്നു. അതായിരുന്നു സത്യൻ്റെ സൗന്ദര്യം”.

സത്യൻ്റെ മരണ വാർത്തയുമായി മലയാള മനോരമ ദിനപത്രം

സംവിധായകൻ പി. എൻ. മേനോൻ എം. ടി യുടെ ‘കുട്ട്യേടത്തി’ സിനിമയാക്കുന്നു. ഭരതൻ പിഷാരടിയാണ് നിർമ്മാതാവ്. സത്യന് നല്ല സുഖമില്ല എന്ന് വാർത്തകൾ പരന്നിരുന്നു. സത്യന്റെ നാലോ അഞ്ചോ ദിവസം കിട്ടിയാൽ മതിയാവും കുട്ട്യേടത്തിയിലെ അപ്പുണ്ണിയുടെ റോളിന്. പിഷാരടിയും മേനോനും പോയി സത്യനെ കണ്ടു. ഉറപ്പായി ഒന്നും നടൻ പറഞ്ഞില്ല. “ആലോചിക്കട്ടെ. എംടിയോടൊന്നു കാണാൻ പറയൂ” എന്നാണ് പിഷാരടിയോടു പറഞ്ഞത്. മദ്രാസിലെത്തിയ എം. ടി സത്യനെ കാണാനെത്തി. സത്യൻ പറഞ്ഞു- “കഥ ഞാൻ വായിച്ചുനോക്കി. ഈ പെണ്ണും കല്ലു വെട്ടുകാരനും തമ്മിലെ സ്ഥിരം പ്രേമത്തിൻ്റെ പരിപാടിയൊന്നും കഥയിൽ കണ്ടില്ല. സ്ക്രിപ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ടോ?” എം. ടി പറഞ്ഞു- “ഇല്ല”. സത്യൻ പറഞ്ഞു- “നന്നായി”. എം. ടി വിശദീകരിച്ചു- “ഒരു തിറയും, പൂതനും, കാളവേലയും വച്ചിട്ടുണ്ട്. അപ്പുണ്ണി കാളയെടുത്ത് കളിക്കും. അതിന് പറ്റിയ ഡ്യൂപ്പിനെ മേനോൻ കണ്ടു വെച്ചിട്ടുണ്ട്”. സത്യൻ പറഞ്ഞു- “നോക്കാം. എനിക്കെന്തൊക്കെയോ മാറാവ്യാധികളാണെന്ന് ആളുകൾ പറയുന്നത് മുഴുവൻ വിശ്വസിക്കണ്ടാ. ചെറിയ അസുഖങ്ങളുണ്ട്. ഒരു പത്തുനാൽപ്പതുവയസ്സൊക്കെയായാൽ ചില രോഗങ്ങൾ കാണില്ലേ മനുഷ്യന്?” എന്നിട്ട് ഉറക്കെ ചിരിച്ചു.

പിഷാരടിയുടെ ബജറ്റിൽ അതിൻ്റെ ഒരു ചെറിയ വിഹിതമേ കൊടുക്കാൻ വകയുള്ളൂ. പിഷാരടിക്കുവേണ്ടി എം. ടി അതും പറഞ്ഞു. സത്യൻ ഒന്നാലോചിച്ച് പറഞ്ഞു- “ഉം. ശരി. അത് ഷൂട്ടിങ്ങിന് പോകുമ്പോൾ കൃത്യമായി കയ്യിൽ തരാൻ പറയണം. പൊട്ടും പൊടിയുമായി തന്നു തീർക്കണ്ട. എം.ടി. അത് ഏൽക്കണം.” എം. ടി അതേറ്റു. പിഷാരടിയ്ക്കും പി. എൻ. മേനോനും വിതരണക്കാർക്കും എല്ലാം വലിയ സന്തോഷം. അങ്ങനെ സത്യൻ അപ്പുണ്ണിയായ് അഭിനയിച്ചു. ഷൂട്ടിങ്ങിൽ കാളവേല ചിത്രീകരിക്കുമ്പോൾ സത്യൻ്റെ ഡ്യൂപ്പായ് ഏകദേശം സാമ്യം തോന്നുന്ന ഒരാളെ പി. എൻ. മേനോൻ കണ്ടുവച്ചിരുന്നു. പക്ഷേ വേണ്ടെന്ന് ശഠിച്ച് സത്യൻ തന്നെ തണ്ടെടുത്ത് കളിച്ചു. ഇടയ്ക്കിടെ നിർത്തണം. ആകെ വിയർത്ത് ക്ഷീണിച്ച് പരവശനായിരിക്കും. പത്തുമിനിറ്റ് വിശ്രമത്തിനുശേഷം വീണ്ടും സത്യൻ തയ്യാറാവുന്നു. “ആർട്ടിസ്റ്റ് റെഡി!” രോഗത്തെ പിന്നിലാക്കിയ അഭിനയത്തോടുള്ള സത്യന്റെ പ്രതിബദ്ധതയായിരുന്നു അത്.

തച്ചോളി ഒതേനനായി സത്യൻ (1964)

വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ആരെയും നടൻ അറിയിച്ചില്ല. സിനിമാ മാസികളിൽ ഒരു അഭിമുഖം പോലും സത്യൻ്റെതായി ജീവിത കാലത്ത് വന്നില്ല. പത്രപ്രവർത്തകനായ എസ്. ഭാസുര ചന്ദ്രൻ എഴുതി “അഭിനയത്തിലെ സത്യൻ മാജിക്കിൻ്റെ ട്രിക്കുകൾ അറിയാൻ വേണ്ടിയുള്ള ഒന്നും തന്നെ അക്കാലത്തെ അച്ചടിമാധ്യമത്തിൽ പ്രസിദ്ധീകരിച്ചു വന്നിട്ടില്ല. ‘വീതുളിയുടെ മനോധർമ്മങ്ങൾ മൂത്താശാരി അന്ത്യശ്വാസം വലിക്കുന്നതിന് തൊട്ടുമുമ്പ് മകന്റേയോ അനന്തരവൻ്റേയോ ചെവിയിൽ ഓതിക്കൊടുക്കുക’ എന്നൊരു മിത്തുണ്ട്. സത്യൻ്റെ കാര്യത്തിൽ ‘എറ്റവും ഗംഭീരമായ ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണരഹസ്യം, ചെവിയും ചുണ്ടുകളും ചേർന്ന ഒരടക്കം പറച്ചിലായി പോലും ഇന്നത്തെ തലമുറക്ക് കൈമാറപ്പെടാതെ പോയി’.

വ്യക്തിപരമായ ഒരുപാട് ദുഃഖങ്ങൾ ഉണ്ടായിരുന്നയാളായിരുന്നു സത്യൻ. ഏറ്റവും തീവ്രമായത് മക്കളുടെ കാര്യത്തിലാണ് ‘തൻ്റെ രണ്ടു ആൺമക്കളുടെ അന്ധതയെക്കുറിച്ചുള്ള ആധി ഒരു തീക്കുണ്ടമായി മരണം വരെ സത്യൻ നെഞ്ചിനകത്തുകൊണ്ടു നടന്നെന്ന് നടൻ കെ. പി ഉമ്മർ എഴുതി. സിനിമാ മാസികയുടെ എഡിറ്ററായ സി. കെ. സോമനോടൊത്ത് ഒരിക്കൽ കാറിൽ സഞ്ചരിക്കുമ്പോൾ വഴിയരികെ മതിലുകളിൽ സത്യൻ ഒരു യുവനടിയെ കെട്ടിപ്പുണരുന്ന ചിത്രമുള്ള സിനിമാ പോസ്റ്ററുകൾ കണ്ടപ്പോൾ സി. കെ. സോമൻ പകുതി കാര്യമായും തമാശയായും പറഞ്ഞു- “സത്യൻ മാഷെ, വയസ്സായില്ലേ, ഇനിയെങ്കിലും ഈ കെട്ടിപ്പിടുത്തോം മരം ചുറ്റിയോട്ടവും ഒക്കെ നിറുത്തരുതോ! മക്കള് വലുതായില്ലേ? അവർ വഴി നടക്കുമ്പാൾ ഇതെല്ലാം കാണില്ലെ?” അതുകേട്ട് സത്യൻ ഒന്നും മിണ്ടിയില്ല. അൽപ്പം കഴിഞ്ഞ് സാവധാനം ശബ്ദം താഴ്ത്തി സത്യൻ പറഞ്ഞു-“എൻ്റെ മക്കൾക്ക് ശരിക്ക് കണ്ണുകണ്ടുകൂടാ, സോമൻ”. സി. കെ. സോമൻ ഞെട്ടി. പിന്നെ ദയനീയഭാവത്തിൽ നടനോട് മാപ്പ് പറഞ്ഞു. സത്യൻ ചെറുതായി തലയനക്കി, സാരമില്ലെന്നറിയിച്ചു. പിന്നെ പതുക്കെപ്പറഞ്ഞു. കുറെ പണം വേണം. എന്നിട്ട് എൻ്റെ മക്കളെ മോസ്കോയിൽ കൊണ്ടുപോയി ചികിത്സിപ്പിക്കണം. കാറിൽ പിന്നെ ആരും ഒന്നും സംസാരിച്ചില്ല.

സത്യൻ്റെ കുടുംബചിത്രം

പുന്നപ്ര വയലാർ (1968) കുഞ്ചാക്കോ ചലച്ചിത്രമാക്കിയപ്പോൾ അതിൽ അഭിനിയിക്കാൻ സത്യൻ തയാറായില്ല. അതിൻ്റെ തിരക്കഥാകൃത്തായ എസ്. എൽ പുരം സദാനന്ദനെ പുന്നപ്ര വയലാർ സമരക്കാലത്ത് അറസ്റ്റ് ചെയ്തത് അന്ന് സബ് ഇൻസ്പെക്ടറായ സത്യനേശൻ നാടാരെന്ന സത്യനായിരുന്നു. അക്കാലത്തെ ഭീകരമായ മർദ്ദനമുറകളിൽ പങ്കാളിയായ താൻ ആ സിനിമയിൽ അഭിനയിക്കേണ്ട എന്നു കുറ്റബോധത്താൽ തീരുമാനിക്കുകയായിരുന്നു. സിനിമാരംഗത്തെ തൻ്റെ സഹപ്രവർത്തകരെ സ്നേഹിച്ച, വളരെയധികം പരിഗണിച്ച ഒരു നടനായിരുന്നു സത്യനെന്ന് പ്രശസ്ത സിനിമാ സ്‌റ്റിൽ ഫോട്ടോഗ്രാഫറായ പി ഡേവിഡ് എഴുതിയിട്ടുണ്ട്. ഒരു മഴക്കാല ഷൂട്ടിങ്ങിനിടയിൽ കോരിച്ചൊരിയുന്ന മഴയത്ത് ഡേവിഡും സത്യനും ഒരു കുടക്കീഴിൽ സെറ്റിലേക്കു നടന്നുപോകുകയാണ്. സത്യൻ മാസ്റ്റർ നനയാതിരിക്കാൻ അദ്ദേഹത്തിന്റെ ഭാഗത്തേക്കു ഡേവിഡ് കുട ചെരിച്ചുപിടിച്ചിട്ടുണ്ട്. മഴയിൽ ഡേവിഡ് നനയുന്നതുകണ്ട് സത്യൻ പറഞ്ഞു: “ഡേവിഡ്, നിന്റെ നേരേതന്നെ കുട ചൂട്. ഞാൻ മഴനനഞ്ഞു പനിപിടിച്ചാൽ എന്നെ നോക്കാനും പരിചരിക്കാനും ഒരുപാട് പ്രൊഡ്യൂസർമാരുണ്ടാകും. നീ പനിച്ചുകിടന്നാൽ നോക്കാൻ ഒരാളുമുണ്ടാവില്ല അതാണ് നമ്മൾ തമ്മിലുള്ള വ്യത്യാസം”. ‘സിനിമയിൽ എന്നെ സ്നേഹിച്ചവരിലും സഹായിച്ച കൂട്ടത്തിലും മുൻപന്തിയിലാണ് സത്യൻ. പല ഗുണങ്ങൾ ഒത്തു ചേർന്ന മനുഷ്യൻ. കണ്ടത് അപ്പപ്പോൾ വിളിച്ചുപറയും. മനസ്സിൽ പകയോ വിദ്വേഷമോ കൊണ്ടുനടക്കില്ല. പറയാനുള്ളതു നേരിട്ടു പറയും. ചില ആൾക്കാരെ അങ്ങേർക്ക് ഇഷ്‌ടമായേക്കില്ല. അവരുമായി സൗഹൃദവുമില്ല. വലിയ മുതലാളിമാരോടൊന്നും ചങ്ങാത്തമില്ല. എന്നെപ്പോലെ സാധാരണ സിനിമാപ്രവർത്തകരോട് നല്ല സ്നേഹമായിരുന്നു”- ഡേവിഡ് എഴുതി.

സത്യൻ്റെ അവസാന സിനിമകളൊന്നായ ഒരു പെണ്ണിൻ്റെ കഥ (1971)

ഒരു ദിവസം സിനിമാ ഷൂട്ടിങ് കഴിഞ്ഞ് ടി നഗറിലെ ഫ്ളാറ്റിലെത്തിയപ്പോൾ സത്യന് തീരെ സുഖമില്ലാതായി. വസ്ത്രമൊക്കെ മാറി. അന്നൊരു കറുത്ത ഫിയറ്റ് കാറുണ്ടായിരുന്നു. സിനിമയിലെ നായകൻ ചെയ്യുംപോലെ അദ്ദേഹം സ്വന്തം വണ്ടിയോടിച്ച് ആശുപത്രിയിലേക്കു പോയി. രക്തം ഛർദിച്ചുകൊണ്ടായിരുന്നു ഡ്രൈവിങ്. കെ. ജെ ഹോസ്‌പിറ്റലിൽ എത്തി. കാർ പാർക്ക് ചെയ്ത് റിസപ്ഷനിലെത്തിയപ്പോഴേക്കും തളർന്ന് നിലത്തുവീണു. മൂന്ന് ദിവസം ഐ. സി. യു വിൽ കിടന്നു. 1971 ജൂൺ 15- ന് മൂന്നു മണിക്ക് അദ്ദേഹം മരിച്ചു. മലയാളത്തിലെ ഒരു നടനും കിട്ടാത്ത ആദരവാണ് അദ്ദേഹത്തിനു കിട്ടിയത്. മദ്രാസിലെ ഹിന്ദു പത്രത്തിൻ്റെ പത്രക്കെട്ട് കൊണ്ടുപോകുന്ന ഡക്കോട്ട വിമാനത്തിലെ സീറ്റുകൾ അഴിച്ചു മാറ്റിയാണ് ശവപ്പെട്ടി കേരളത്തിലേക്ക് കൊണ്ടു പോയത്. ആശുപത്രി മുതൽ മദ്രാസ് എയർ പോർട്ട് വരെ മൃതദേഹം കൊണ്ടുപോകുമ്പോൾ അനുഗമിക്കാൻ ആളുകളുണ്ടായിരുന്നു. മലയാളത്തിലെ പ്രമുഖ നടന്മാർ ഉൾപ്പടെ എം. ജി. ആർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, ശശികപൂർ, ഋഷി കേശ് മുഖർജി തുടങ്ങി എല്ലാവരും. ആ പകലിൽ മദ്രാസ് നഗരത്തിൻ്റെ മുഖം വേദനയുടേതായിരുന്നു.

സത്യൻ്റെ ഭൗതിക ശരീരത്തിനരികിൽ എം. ജി. ആർ, പ്രേം നസീർ

തകഴിയുടെ ‘പളനി’യെ (ചെമ്മീൻ) മാത്രമല്ല സത്യൻ അനശ്വരനാക്കിയത്. ‘അനുഭവങ്ങൾ പാളിച്ചകളി’ലെ ‘ചെല്ലപ്പ’നെ എങ്ങനെ മറക്കാനാകും? കേശവദേവിന്റെ ‘ഓടയിൽ നിന്നി’ലെ ‘പപ്പു’വിനെ മറക്കാൻ കഴിയുമോ? അയ്യനേത്തിന്റെ ‘സുധി’ (വാഴ്‌വേമായം), മലയാറ്റൂരിൻറ ‘പ്രൊഫസർ ശ്രീനി’ (യക്ഷി), തോപ്പിൽ ഭാസിയുടെ ‘ഡോക്ടർ തോമസ്’ (ശരശയ്യ) ‘രാജൻ’ (മുടിയനായ പുത്രൻ), പാറപ്പുറത്തിൻറ ‘കേണൽ’ (കരിനിഴൽ), മുട്ടത്തുവർക്കിയുടെ ‘തോമാ’ (കരകാണാക്കടൽ) എന്നിങ്ങനെ മലയാള കഥാസാഹിത്യത്തിൽ നിറഞ്ഞുനിൽക്കുന്ന കിടയറ്റ കഥാപാത്രങ്ങളെ സത്യൻ വെള്ളിത്തിരയിൽ അനശ്വരമാക്കി. ചെമ്മീൻ, ത്രിവേണി, കര കാണാക്കടൽ എന്നീ മൂന്ന് കളർചിത്രങ്ങളിൽ മാത്രമേ അദ്ദേഹം അഭിനയിച്ചുള്ളൂ. അനുഭവങ്ങൾ പാളിച്ചകൾ , ഈങ്കുലാബ് സിന്ദാബാദ്, ഒരു പെണ്ണിൻ്റെ കഥ എന്നീ അവസാന മൂന്ന് ചിത്രങ്ങൾ ഡ്യൂപ്പിനെ വെച്ചാണ് സംവിധായകനായ കെ. എസ്. സേതുമാധവൻ പൂർത്തിയാക്കിയത്.

സത്യൻ്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് വിമാനത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു വരുന്നു

ആരോമൽ ചേവകർ (ഉണ്ണിയാർച്ച), തച്ചോളി ഒതേനൻ (തച്ചോളി ഒതേനൻ), പാലാട്ടു കോമൻ (പാലാട്ടു കോമൻ), മക്കാളെ (പഴശ്ശിരാജ) അക്ബർ ചക്രവർത്തി (അനാർക്കലി), കൊച്ചുണ്ണി (കായങ്കുളം കൊച്ചുണ്ണി), കണ്വമഹർഷി (ശകുന്തള), അക്ബർ ചക്രവർത്തി എന്നിങ്ങനെ വൈവിധ്യമാർന്ന എത്രയെത്ര വേഷങ്ങൾ! ഓരോന്നിനും സത്യൻ നൽകിയ പൂർണ്ണത അനുപമമായിരുന്നു. 1951- മുതൽ ഇരുന്നൂറിനടുത്തോളം ചിത്രങ്ങളിൽ 20 വർഷം കൊണ്ട് അഭിനയിച്ച സത്യൻ, കടൽ പാലം, കരകണാക്കടൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള രണ്ട് സംസ്ഥാന അവാർഡുകൾ നേടി. 1974- ൽ ‘ചെക്ക് പോസ്‌റ്റ്’ ആണ് സത്യൻ്റെ മരണശേഷം പുറത്ത് വന്ന അവസാന ചിത്രം. ‘തെറ്റും തിരുത്തും’, ‘പ്രിയപ്പെട്ടവർ’ എന്നീ മൂന്ന് ചിത്രങ്ങൾ പുറത്ത് വന്നില്ല.

മരണ ശേഷം പുറത്തിറങ്ങിയ നാനയുടെ സത്യൻ പതിപ്പ്

സത്യൻ്റെ ഏറ്റവും മികച്ച 20- ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്തനായ കെ. എസ്. സേതുമാധവൻ ഒരിക്കൽ പറഞ്ഞു- “എല്ലാ കാര്യങ്ങളിലും സത്യന് തൻ്റേതായ ഒരു സമീപനമുണ്ട്. ആദ്യം കഥ വായിക്കണമെന്നു പറയും. തിരക്കഥ തയ്യാറായാൽ നിർദേശങ്ങളൊന്നും പറയില്ല. കേശവദേവിൻ്റെ ‘ഓടയിൽ നിന്ന്’ സിനിമയെടുക്കാൻ ഞാൻ ആലോചിക്കുമ്പോൾ പലരും നിർമ്മാതാക്കളെ നിരുത്സാഹപ്പെടുത്തിയിരുന്നു. അത് സിനിമയാക്കിയാൽ വിജയിക്കില്ല എന്നായിരുന്നു അവരുടെ വാദം. ഞാൻ സത്യനോട് സംസാരിച്ചു. ആ സിനിമയിൽ അഭിനയിക്കാൻ സത്യൻ തയ്യാറായി. അങ്ങനെയാണ് ആ സിനിമയുണ്ടാവുന്നത്. സത്യൻ അതിൽ ‘പപ്പു’ വായി മികച്ച അഭിനയം കാഴ്ചവെച്ചു. താൻ തന്നെ അഭിനയിച്ചാൽ മാത്രമേ തൻ്റെ കഥാപാത്രമായ ‘പപ്പു’ നന്നാകൂ എന്ന് വിശ്വസിച്ച ആർക്കും വഴങ്ങാത്ത കഥാകൃത്ത് കേശവ് ദേവ്, സത്യനാണ് അതിന് നിശ്ചയിച്ച നടൻ എന്ന് അറിഞ്ഞപ്പോൾ വഴി മാറുകയായിരുന്നു. സത്യൻ എന്ന നടൻ്റെ അഭിനയസിദ്ധിയിൽ, ആരെയും പെട്ടെന്നൊന്നും അംഗീകരിക്കാത്ത ‘എതിർപ്പിൻ്റെ ആശാൻ’ എന്ന് അറിയപ്പെട്ട കേശവദേവിന് പോലും മതിപ്പായിരുന്നു.

Content Summary:Actor Sathyan is remembered as one of Malayalam cinema’s finest performers, admired for his exceptional acting talent, strong principles, and willingness to take on challenging roles. The article highlights his remarkable career, professional integrity, and the lasting impact he left on Malayalam cinema even after his untimely death in 1971.

Leave a Reply

Your email address will not be published. Required fields are marked *

×