എല്‍പിജി പ്രതിസന്ധി; മോദിയുടെ ശബ്ദം അനുകരിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

അധ്യാപകന്റെ വീഡിയോ വൈറല്‍ ആയതിന് പിന്നാലെ ബിജെപി എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി

LPG Shortage-Teacher suspended for mimic modi

രാജ്യം നേരിടുന്ന ഗ്യാസ് പ്രതിസന്ധി ഒരു തമാശയിലൂടെ അവതരിപ്പിക്കാനാണ് സാകേത് പുരോഹിത് ശ്രമിച്ചത്. അതിനയാള്‍ കണ്ടെത്തിയ മാര്‍ഗം ചെറിയൊരു മിമിക്രിയായിരുന്നു. പക്ഷേ, സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനായ പുരോഹിതിന് അതിനു കിട്ടിയ സമ്മാനം, സസ്‌പെന്‍ഷന്‍ ആയിരുന്നു. എന്തായിരുന്നു കാരണം? സാകേത് പുരോഹിത് അനുകരിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയായിരുന്നു!

മധ്യപ്രദേശിലെ ശിവപുരി പട്ടണത്തില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ് പുരോഹിതിന്റെ വീട്. ഒരു സാമൂഹിക ഒത്തുചേരലിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസാരശൈലി അനുകരിച്ച് ഏതാനും സെക്കന്‍ഡുകള്‍ പുരോഹിത് സംസാരിച്ചത്. ആരോ അത് വീഡിയോയിലും പകര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ ‘ആനന്ദ് വിഭാഗം’ പ്രാദേശിക ഘടകത്തിന്റെ ചുമതലക്കാരന്‍ കൂടിയായിരുന്നു പുരോഹിത്. പുരോഹിതിന്റെ മോദി അനുകരണ വീഡിയോ വൈറലാകുകയും ചെയ്തു. പക്ഷേ വെള്ളിയാഴ്ച്ച വൈകിട്ടോടെ സസ്‌പെന്‍ഷന്‍ വിവരം പുരോഹിതിനെ തേടിയെത്തി.

സസ്‌പെന്‍ഷന്‍ അല്ല, സാകേത് പുരോഹിതിനെ അലട്ടുന്ന പ്രശ്‌നം. അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ ഭയത്തിലാണ്. മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്ന വ്യക്തിയാണ് പുരോഹിതിന്റെ പിതാവ്. അദ്ദേഹം ഇപ്പോള്‍ മകന്റെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥനകള്‍ നടത്തുകയാണ്. അധ്യാപകരായ സഹോദരനും സഹോദരഭാര്യയും ഭയത്തിലാണ്, അവര്‍ ആരോടും ഒന്നും മിണ്ടുന്നതുപോലുമില്ലെന്നാണ് പുരോഹിത് പറയുന്നത്. ‘എനിക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് അവര്‍ കരുതുന്നു. അവര്‍ എന്റെ ജീവനില്‍ ഭയപ്പെടുന്നു,’ പുരോഹിത് മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ താന്‍ അത്ര വേഗം തളരുന്നവനല്ലെന്നാണ് ഉറച്ച ശബ്ദത്തില്‍ പുരോഹിത് വ്യക്തമാക്കുന്നത്. ‘ശബ്ദമുയര്‍ത്തുക എന്നത് ജനങ്ങളുടെ അവകാശമാണ്. അധ്യാപകര്‍ക്ക് സംസാരിക്കാന്‍ അവകാശമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആക്ഷേപഹാസ്യത്തിനും കോമഡിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ആളുകള്‍ക്ക് പെട്ടെന്ന് വിഷമം തോന്നുന്നു, ഉടന്‍ തന്നെ അതില്‍ നടപടിയെടുക്കുന്നു. തുറന്നു സംസാരിക്കാന്‍ ആളുകള്‍ക്ക് പേടിയുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‌നമാണ്. എനിക്ക് എന്റെ മനസ്സിലുള്ളത് പറയണമെന്ന് തോന്നി,’ പുരോഹിതിന്റെ വാക്കുകള്‍.

എല്‍പിജി സിലിണ്ടറുകളുടെ വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ചായിരുന്നു ആനന്ദ് ഭവനില്‍ പുരോഹിത് അവതരിപ്പിച്ച മിമിക്രി. സിലിണ്ടര്‍ വില വര്‍ധിക്കുന്നത് ജനങ്ങളെ വീണ്ടും പഴയ അടുപ്പുകളിലേക്ക് മടക്കി അയക്കുമെന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ ശബ്ദത്തില്‍ തമാശരൂപേണ പറഞ്ഞു. വീഡിയോ ഇത്രത്തോളം ചര്‍ച്ചയാകുമെന്ന് കരുതിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. വിവാദമായതോടെ അദ്ദേഹം അത് ഡീലീറ്റ് ചെയ്യുകയും ചെയ്തു. ‘ഒരു തമാശയിലൂടെ ഞാന്‍ എങ്ങനെയാണ് സമാധാനത്തിന് ഭംഗം വരുത്തിയതെന്ന് എനിക്കറിയില്ല,’ പുരോഹിത് ചോദിക്കുന്നു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട പിച്ചോര്‍ ബിജെപി എംഎല്‍എ പ്രീതം ലോധി ജില്ലാ ഭരണകൂടത്തിന് രേഖാമൂലം പരാതി നല്‍കിയതോടെയാണ് പുരോഹിതിനെതിരേയുള്ള ശിക്ഷ നടപടിക്കു തുടക്കം. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ പരസ്യമായി പ്രധാനമന്ത്രിയെ പരിഹസിക്കുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു എംഎല്‍എയുടെ പരാതിയില്‍ ആരോപിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിവേക് ശ്രീവാസ്തവ പുരോഹിതിനെ സസ്‌പെന്‍ഡ് ചെയ്ത വിവരം സ്ഥിരീകരിക്കുന്നുണ്ട്. അദ്ദേഹത്തെ ബദര്‍വാസ് ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസിലേക്ക് മാറ്റിയതായും ശ്രീവാസ്തവ പറഞ്ഞു.

നടപടി എടുക്കും മുമ്പ് തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് പുരോഹിത് പറയുന്നത്. ‘എന്റെ ഭാഗം കേള്‍ക്കാതെ നടപടിയെടുക്കുന്നത് നീതിയല്ല. എനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ രാത്രിയില്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു,’ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. 2014-ലാണ് പുരോഹിത് സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നത്. 2017-ല്‍ അദ്ദേഹം ആനന്ദ് ഭവനിലെ ‘മാസ്റ്റര്‍ ട്രെയിനര്‍ ഇന്‍ ഹാപ്പിനസ്’ ആയി തിരഞ്ഞെടുക്കപ്പെട്ടു. ‘കഠിനമായ സമയങ്ങളില്‍ സന്തോഷം എങ്ങനെ പടര്‍ത്താം’ എന്നതിലായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം.

മുന്‍പ് കോവിഡ് കാലത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും രക്തദാന ക്യാമ്പുകളിലൂടെയും അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ‘ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് ക്ഷാമമുണ്ടായപ്പോള്‍ ഞാന്‍ 3.5 ലക്ഷം രൂപ സമാഹരിച്ചിരുന്നു. അന്ന് എന്നെക്കുറിച്ച് പത്രങ്ങള്‍ നല്ല വാര്‍ത്തകള്‍ നല്‍കി; ഇപ്പോള്‍ ഞാന്‍ സമാധാനം തകര്‍ക്കുന്നുവെന്നാണ് അവര്‍ ആരോപിക്കുന്നത്,’ പുരോഹിത് വേദനയോടെ പറഞ്ഞു.

This post was last modified on March 16, 2026 9:26 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment