ആരോഗ്യമേഖല ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നം സ്ത്രീകളിലെ സ്തനാര്‍ബുദം തിരിച്ചറിയാന്‍ വൈകുന്നതാണ്. അതിനൊരു പരിഹാരവുമായെത്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരുടെ സംഘമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്റ്‌സ് വഴി ഒരു സ്ത്രീയുടെ അഞ്ചു വര്‍ഷത്തെ മാമോഗ്രാം റിസല്‍ട്ട് ഉപയോഗിച്ച് ഭാവിയില്‍ അവരുടെ സ്തനാര്‍ബുദ സാധ്യതയും പ്രവചിക്കാനാവുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത് ഡോക്ടര്‍മാര്‍ക്ക് ഏറെ സഹായകരമാകും.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക ജേര്‍ണലിലാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. സാധാരണ നടത്തിവരുന്ന രോഗനിര്‍ണ്ണയ രീതിയെക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്റ്‌സ ഉപയോഗിച്ചുള്ള ഈ രീതിയെന്നാണ് ഗവേഷകരുടെ വാദം. ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ക്കു ശേഷം മറ്റ് പല ആശുപത്രികളിലേക്കും വിവരങ്ങള്‍ കൈമാറും.
മുന്‍പു നടന്ന പല പഠനങ്ങളും വെളുത്ത സ്ത്രീകളില്‍ നടത്തിയവയായിരുന്നു. എന്നാല്‍ ഈ പഠനം വെളുത്ത സ്ത്രീകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. രോഗം മൂര്‍ച്ഛിക്കുന്നതിനു മുന്‍പു തന്നെ രോഗം തിരിച്ചറിയാനും ചികിത്സിക്കാനും ഈ രീതി സഹായിക്കുന്നതിനാല്‍ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇത് ഏറെ ആശ്വാസകരമായിരിക്കും.