April 20, 2025 |
Share on

ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധവും കേന്ദ്രം തള്ളുന്നു: കടല്‍ മണല്‍ ഖനനത്തിന് പച്ചക്കൊടി

കേരളത്തിലെ മത്സ്യത്തൊഴിലാളിള്‍ ശക്തമായ പ്രതിഷേധത്തിലാണ്

ഈ സംഭവവികാസങ്ങള്‍ ക്രമമായി പരിശോധിക്കുക

* 2022 ഏപ്രില്‍ തന്നെ രണ്ട് പുതിയ കമ്പനികള്‍ ആരംഭിച്ചതായി അദാനി മുംബൈ സ്റ്റോക്ക് എക്സേഞ്ചിനെ അറിയിക്കുന്നു. ആലൂവിയല്‍ ഹെവിമെറ്റല്‍സ് ലിമിറ്റഡ് എന്ന ആന്ധപ്രദേശ് ആസ്ഥാനമായ കമ്പനി, ഒഡിഷയിലെ പുരി നാഷണല്‍ റിസോഴ്സസ് ലിമിറ്റഡ് എന്നീ കമ്പിനികള്‍ ബി.എസ്.എം (കടല്‍ത്തീര മണല്‍ ഖനനം) മേഖലയിലാകും പ്രവര്‍ത്തിക്കുക എന്നും അറിയിപ്പിലുണ്ട്.

* 2022 ഒക്ടോബറില്‍ കടല്‍ മണല്‍ ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നു.

* 2019-ല്‍ കൊണ്ടുവന്ന, ദേശീയ സുരക്ഷയെ പരിഗണിച്ച് സ്വകാര്യ കമ്പനികളെ കടല്‍ ഖനനം നടത്തുന്നതില്‍ വിലക്കുന്ന, നിയമമാണ് ഭേദഗതി ചെയ്തത്.

* പാകിസ്താന്‍ അതിര്‍ത്തിയില്‍ പാരമ്പര്യേത ഊര്‍ജ്ജ പദ്ധതികള്‍ ആരംഭിക്കാന്‍ അദാനിക്ക് സൗകര്യം ചെയ്ത് കൊടുക്കുന്നതിന് ഇന്ത്യന്‍ സൈനിക സുരക്ഷാചട്ടം കാറ്റില്‍ പറത്തിയതിന് സമാനമായ ദേഭഗതി

* കൂടാതെ കടല്‍ മണലിന്റെ ഖനനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ റദ്ദ് ചെയ്യുകയും അത് കേന്ദ്രത്തിന്റെ അവകാശമാക്കി മാറ്റുകയും ചെയ്തു.

* ടെണ്ടര്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയും കേരളത്തിലെ കൊല്ലം മേഖലയില്‍ 242 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയില്‍ ഖനനം നല്‍കാന്‍ അനുമതി നല്‍കുകയും ചെയ്തു. 60 മീറ്റര്‍ ആഴം വരെ ഖനനം ചെയ്യാവുന്നതാണ്.

*കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്.

കടല്‍ മണല്‍ ഖനനത്തിനെതിരായി കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുന്നതിനിടെ, കേരള സര്‍വകലാശാലയുടെ ജലജീവശാസ്ത്ര ഫിഷറീസ് വിഭാഗം പ്രൊഫസര്‍ എ. ബിജു കുമാര്‍ കടലില്‍ നിന്നുള്ള മണല്‍ ഖനനം സമുദ്രജീവിവൈവിധ്യത്തെയും തീരദേശജീവിതത്തെയും ബാധിക്കുന്നതെങ്ങനെ എന്ന് വിശദീകരിച്ച് 21 പേജുകളുള്ള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുടണ്ട്. അതിലൂടെ സ്വതന്ത്രമായ അക്കാദമിക് സമൂഹത്തിന് നയപരമായ തീരുമാനങ്ങളില്‍ എന്ത് വിധം സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ആ റിപ്പോര്‍ട്ട്.

‘ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെയും വ്യവസായത്തിന്റെയും നട്ടെല്ലായി മാറിയിരിക്കുന്ന ഒരു അനിവാര്യ വിഭവമാണ് മണല്‍. ഇതില്ലെങ്കില്‍ കോണ്‍ക്രീറ്റ്, ടാര്‍, ഗ്ലാസ്, ഇലക്ട്രോണിക്സ് എന്നിവ ഒന്നും ഉണ്ടാകില്ല,’ എന്നിങ്ങനെ റിപ്പോര്‍ട്ട് ആരംഭിക്കുന്നു. വെള്ളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പ്രകൃതിവിഭവം എന്ന നിലയില്‍ മണലിന്റെ ആവശ്യകത കുതിച്ച് ചാട്ടമെങ്ങനെ ഉണ്ടായി എന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ അതിന്റെ ഉപഭോഗം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഇപ്പോള്‍ വര്‍ഷത്തില്‍ ഏകദേശം 50000 കോടി ടണ്‍ എന്ന നിലയില്‍ എത്തിയിരിക്കുന്നു.

Sea Sand mining

പ്രകൃതിദത്തമായ കടല്‍മണലിനെ വിശാലമായ തീരദേശ, സമുദ്ര ആവാസവ്യവസ്ഥയുടെ ഭാഗമായി കാണണമെന്നാണ് പ്രൊഫസര്‍ ബിജുകുമാര്‍ പറയുന്നത്. ‘സ്വാഭാവികമായി രൂപംകൊള്ളുന്ന മണല്‍, കരയും കടലും സംഗമിക്കുന്നിടത്തെ ഇടനിലയായും സമുദ്ര-തീര ആവാസവ്യവസ്ഥയെ ബന്ധിക്കുന്ന ഘടകമായും പ്രവര്‍ത്തിക്കുന്നു. ഇത് കടല്‍ക്ഷോഭം കുറയ്ക്കുന്നതിനും തീരത്തെ സന്തുലനപ്പെടുത്തുന്നതിലും നിര്‍ണായകമാണ്.’- അദ്ദേഹം വിശദീകരിക്കുന്നു.

ഓഫ്‌ഷോര്‍ ഏരിയാസ് മിനറല്‍ (ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍) ഭേദഗതി നിയമം, 2023 പ്രകാരം ഈ കടല്‍ മണല്‍ ലേലം ചെയ്ത് നല്‍കാവുന്നതാണ്. മുമ്പ്, ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ഉദ്ദേശിച്ച് സ്വകാര്യകക്ഷികള്‍ക്ക് കടല്‍ മണല്‍ ഖനനം നടത്തുന്നത് നിരോധിച്ചിരുന്നു. നിയമ ഭേദഗതി സ്വകാര്യ മേഖലയ്ക്ക് ഖനനാനുമതി നല്‍കുന്നു. അതിലുപരി ഈ നിയമസഭ ഭേദഗതിയിലൂടെ ഇതുവരെ സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയിലായിരുന്ന ഈ വിഭവങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും ചെയ്തു.

കേരള തീരത്ത് ഒഫ്ഷോര്‍ ഖനനം വിവിധ ബ്ലോക്കുകയാളായി ലേലം ചെയ്യുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. ഫെബ്രുവരി 18-നായിരുന്നു കമ്പനികള്‍ക്ക് താല്‍പ്പര്യപ്രകടനം സമര്‍പ്പിക്കാനുള്ള അവസാന തീയതി; ഫെബ്രുവരി 27-ന് ടെണ്ടര്‍ പ്രക്രിയ പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍, കൊല്ലം തീരത്തിലെ 242 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള പ്രദേശത്താണ് ഖനനം നടക്കുക. 60 മീറ്റര്‍ ആഴം വരെയായിരിക്കും ഖനനം നടത്താന്‍ പദ്ധതിയിടുന്നത്.

‘കൊല്ലം തീരം ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് ഏറ്റവും ഉത്പാദനക്ഷമമായ മത്സ്യബന്ധന മേഖലകളിലൊന്നാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊല്ലം-ആലപ്പുഴ ജില്ലകളുടെ ഇടയിലായി നിലകൊള്ളുന്ന ഈ സമൃദ്ധമായ മത്സ്യബന്ധന മേഖലം, ആഴക്കടല്‍ കൊഞ്ച്, ചെമ്മീന്‍, ഞണ്ടുകള്‍, മത്തി, അയല, കയറ്റുമതക്ക് പറ്റിയ കണവ വര്‍ഗ്ഗങ്ങള്‍ എന്നിവക്ക് പ്രശസ്തമാണ്. അതിനാല്‍, മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധിയാകുന്ന ഈ പ്രദേശത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നത്.’ കൊല്ലത്തിന്റെ ആഴക്കടല്‍ മേഖല ആഴക്കടല്‍ കൊഞ്ചിന്റെയും ഞണ്ടിന്റെയും സമൃദ്ധമായ മത്സ്യബന്ധന പ്രദേശങ്ങളാണെന്നാണ് ഫിഷറീസ് സര്‍വ്വേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുള്ളത്. ”ഈ മേഖലയുടെ ഉയര്‍ന്ന ഉല്‍പാദനക്ഷമത അപ്വെല്ലിങ് പ്രതിഭാസവുമായി ബന്ധപ്പെട്ടതാകാന്‍ സാധ്യതയുണ്ട്.’ -റിപ്പോര്‍ട്ട് പറയുന്നു. കാറ്റുകള്‍ മൂലം താഴ്ചയിലുള്ള തണുത്ത, സാന്ദ്രമായ ജലശ്രോതസ്സുകള്‍ കടലിന്റെ ഉപരിതലത്തേക്ക് ഉയര്‍ന്ന് വരുന്ന പ്രതിഭാസമാണ് അപ്വെല്ലിംഗ്. മണ്‍സൂണ്‍ കാലത്ത് ശക്തമായ അപ്വെല്ലിങ് നടക്കുന്ന പ്രദേശമാണ് കൊല്ലം തീരം.

കടല്‍ മണല്‍ ഖനനം ആഴക്കടല്‍ പവിഴപ്പുറ്റുകളെ (കോറല്‍ റീഫ്) കാര്യമായിതന്നെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇവയെ കുറിച്ച് ഇനിയും വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ല. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ ഒന്നിലാണ് പവിഴപ്പുറ്റുകളെ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്, അതായത്, വംശനാശഭീഷണി നേരിടുന്ന ജീവികളില്‍ ഒന്നായാണ് ഇവ കാണപ്പെടുന്നത്. കേരള സര്‍വകലാശാലയിലെ ജലജീവശാസ്ത്ര, ഫിഷറീസ് വകുപ്പത്തിന്റേതായ ‘മറൈന്‍ നിരീക്ഷണശാല’ കൊല്ലം തീരപ്രദേശത്ത് അഞ്ചിനം ‘ഹാര്‍ഡ് കൊറലുകളും 30ലധികം ഇനം ‘സോഫ്റ്റ് കൊറലുകളും’ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും ഈ പ്രദേശത്തിന് പുതുതായി കണ്ടെത്തിയതാണെന്നും പ്രൊഫസര്‍ ബിജു കുമാര്‍ പറയുന്നു.

‘ഈ പാറക്കെട്ടിലെ പവിഴപ്പുറ്റുകള്‍ മേഖലകള്‍ ജൈവവൈവിധ്യത്തിന്റെ സുപ്രധാന കേന്ദ്രങ്ങളാണ്; സമുദ്ര പരിസ്ഥിതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവ’- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ പാറക്കെട്ട് പ്രദേശങ്ങള്‍ സമുചിതമായ ഭക്ഷ്യശൃംഖല നിലനിര്‍ത്തുകയും മത്സ്യങ്ങള്‍, കടല്‍ പഞ്ഞികള്‍, കടല്‍കളകള്‍ മറ്റ് ജീവജാലങ്ങള്‍ എന്നിവക്ക് താവളമൊരുക്കുകയും ചെയ്യുന്നു. ഇവ മത്സ്യകുഞ്ഞുങ്ങള്‍ക്ക് വളരുന്നതിനുള്ള താവളവും ആയി പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഇവ തീരദേശരത്തെ മണ്ണൊലിപ്പില്‍ നിന്ന് സംരക്ഷിക്കുകയും ശക്തമായ തിരമാലകള്‍ക്കും കൊടുങ്കാറ്റുകള്‍ക്കുമിടയില്‍ പ്രതിരോധ കവചമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഖനനം മൂലം ഇവ നശിപ്പിക്കപ്പെടുന്നത്, സമുദ്രജീവശാസ്ത്രത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും, ഈ തീരത്തെ ആശ്രയിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിക്കുകയും ചെയ്യും.

മണല്‍ ഖനനം വെള്ളത്തിന്റെ കലക്കം വര്‍ദ്ധിപ്പിക്കുകയും എക്കലിനെ തകരാറിലാക്കുകയും ചെയ്യും. ഇത് സൂര്യപ്രകാശത്തെ കടലിന്റെ ആഴങ്ങളില്‍ പ്രവേശിക്കുന്നതിനെ ബാധിക്കുകയും അത് സമുദ്രപരിസ്ഥിതിയുടെ പ്രാഥമിക സൃഷ്ടാക്കക്കളായ’ ഫൈറ്റോപ്ലാങ്ക്ടണുകളെ ബാധിക്കും. ഫൈറ്റോപ്ലാങ്ക്ടണുകള്‍ കടലിനെ വെളിച്ചമുള്ള മേഖലകളിലാണ് ജീവിക്കുന്നത്. ചെടികളെ പോലെ പ്രകാശസംശ്ലേഷണത്തിലൂടെയാണ് ഇവയും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്. ഫൈറ്റോപ്ലാങ്ക്ടണ്‍ എന്ന പേര് ഗ്രീസ് ഭാഷയില്‍ പ്ലാന്റ് (ചെടി) വാണ്ടറെര്‍ (അലഞ്ഞു നടക്കുന്നത്) എന്നര്‍ത്ഥം വരുന്ന വാക്കുകളില്‍ നിന്ന് രൂപപ്പെട്ടതാണ്.

Sea Sand Mining

നെക്ടോണിക് ജന്തുജാലങ്ങള്‍-സമുദ്രതറയെ സ്പര്‍ശിക്കാതെ ജലപാളികള്‍ക്കിടയിലൂടെ നീങ്ങാനാകുന്ന ജീവികള്‍- മണല്‍ ഖനനത്തിന്റെ ഇരയായി മാറുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അവയ്ക്കു വേട്ടയാടാന്‍, സന്തതി വികസിപ്പിക്കാന്‍, ശ്വസിക്കാനെന്നുമെല്ലാം തടസ്സം നേരിടും. നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് നടത്തിയ മണ്ണുമാന്തല്‍ പ്രവര്‍ത്തനങ്ങള്‍ കൊല്ലം തീരപ്രദേശത്ത് കൂടുതല്‍ സില്‍ട്ടേഷന്‍ ഉണ്ടാക്കുകയും, അഷ്ടമുടി കായലിലേക്ക് വലിയ തോതില്‍ എക്കല്‍ മണ്ണ് ഒഴുകിപോകാനും ഇടയാക്കിയതും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മണല്‍-ഗ്രാവല്‍ ഖനനം ജലപ്രവാഹത്തിന്റെ താളം മാറ്റിയേക്കാം. ഇതിലൂടെ, ജലചലനം, പ്രവഹനവേഗം, കടലിന്റെ അടിപ്പൊരുത്തങ്ങള്‍എന്നിവയില്‍ മാറ്റം വരുത്തി, സമുദ്ര പരിസ്ഥിതിയുടെ സ്ഥിരത തന്നെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടിന്റെ മുന്നറിയിപ്പ്. ഡ്രെഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സമുദ്രജലത്തിലെ രാസതുലനം തകരാനും ( മലിനീകരണങ്ങള്‍ വീണ്ടും ജലസ്തംഭത്തിലേക്ക് പതിക്കുകയും സാധ്യതയുണ്ട്. ഇത് ഭക്ഷ്യശൃംഖലയിലെ വിഷ ലോഹങ്ങളുടെ ജൈവികശേഖരം ഉണ്ടാക്കാനും ഇടയാക്കും. ദ്രാവിത ഓക്സിജന്റെ അളവ് ജലത്തില്‍ കുറയുന്നതോടെ മത്സ്യങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യും. ഇത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനത്തിനും തീരദേശ സുസ്ഥിരതക്കും വലിയ പ്രത്യാഘാതം ഉണ്ടാക്കും.

ഏത് തരത്തിലുള്ള പരിസ്ഥിതി മാറ്റങ്ങള്‍ സമുദ്രഖനനം കടലിന് ഉണ്ടാക്കുമെന്നുള്ളതിനെ കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങള്‍ ഇനിയും നടന്നിട്ടില്ല. എങ്കിലും ഒപ്പം, സമുദ്ര പരിസ്ഥിതിയുടെ പ്രകൃതിദത്ത പ്രതിരോധശേഷിയെ ഇത് തകരാറിലാകും. പരിസ്ഥിതിയിലും സമൂഹത്തിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, എന്നിരുന്നാലും അവയുടെ കൃത്യമായ തോതോ ദൈര്‍ഘ്യവും മുന്‍കൂട്ടി നിര്‍ണയിക്കാനാകില്ല. മത്സ്യങ്ങള്‍ മുട്ടയിടുന്ന പ്രധാന മേഖലകള്‍ നശിക്കുക, കടല്‍ജലത്തിന്റെ കലക്കം വര്‍ദ്ധിക്കുക, കടലിന്റെ ആഴത്തില്‍ പ്രകാശം എത്തിച്ചേരുന്നത് കുറയുക, കടലിലെ ജലഗുണനിലവാരം തകരുന്നതോടെ മത്സ്യജാലത്തിന് പ്രതിസന്ധിയുണ്ടാവുക തുടങ്ങിയവ എന്തായാലും സാധ്യതയുള്ള കാര്യങ്ങളാണ്. എന്തായാലും സമുദ്ര ആവാസവ്യവസ്ഥ എന്നത് കൃത്യമായ അതിരുകളുള്ള ഒന്നല്ല എന്നത് കൊണ്ട് ആഴക്കടല്‍ മണല്‍ ഖനനം, ഖനനം നടക്കുന്ന പ്രദേശത്തിന് അപ്പുറത്ത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ആഗോള മത്സ്യബന്ധന മേഖലയേയും ഇതു ബാധിച്ചേക്കാം.

എന്തായാലും കേരളത്തിലെ മത്സ്യത്തൊഴിലാളിള്‍ പ്രതിഷേധത്തിലാണ്. മാര്‍ച്ച് പന്ത്രണ്ടിന് അവര്‍ കേരള തീരത്തെ മണല്‍ ഖനനപരിപാടിയില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്തും.  Sea sand mining scientist warns fisherfolk protest in kerala

counterview.in പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയാണ് അഴിമുഖം അനുമതിയോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ട് ഇവിടെ വായിക്കാം:Scientist warns, fisherfolk protest: Sea sand mining or PM’s ‘personal matter’?

ഒപ്പം ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍, പ്രൊഫസര്‍ എ. ബിജു കുമാറിന്റെ റിപ്പോര്‍ട്ടില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ്‌

Content Summary; Sea sand mining scientist warns fisherfolk protest in kerala

 

Avatar

റോസമ്മ തോമസ്‌

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് റോസമ്മ തോമസ്‌

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×