February 14, 2025 |

ചൂണ്ടികാട്ടിയത് പോലീസ്-ഗുണ്ട ബന്ധം, എനിക്ക്‌ നാളെ എന്തും സംഭവിക്കാം; ഉമേഷ് വള്ളിക്കുന്ന്

20 ഓളം നോട്ടീസും 3 സസ്‌പെന്‍ഷനും കിട്ടി

ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയുകയും 20ഓളം കാരണംകാണിക്കല്‍ നോട്ടീസുകള്‍ കൈപ്പറ്റുകയും ചെയ്തിട്ടുള്ള പോലീസുകാരനാണ് സിപിഒ ഉമേഷ് വള്ളിക്കുന്ന്. പോലീസിലെ പുഴു കുത്തുകള്‍ തുറന്ന് കാണിക്കുന്നതും അതിനെതിരേ അച്ചടക്ക നടപടികള്‍ വരുന്നതുമാണ് ഉമേഷ് എന്ന പോലീസുകാരനെ മലയാളികള്‍ക്ക് സുപരിചതമാക്കിയതും. ഒടുവില്‍ പോലീസും ഗുണ്ടകളും തമ്മിലുള്ള അവിഹിത ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് കത്തയക്കുകയും അതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിടുകയുമാണ് ഇപ്പോള്‍ ഉമേഷ്. ഞാനാണ് ശരിയായ പോലീസുകാരന്‍, പോലീസിങ് ജോലി കൃത്യമായി ചെയ്യുന്നുണ്ട്. ഇതിപ്പോള്‍ കരിയറിലെ മൂന്നാമത്തെ സസ്‌പെന്‍ഷന്‍ ആണെന്നും വെല്ലുവിളികളെ ഭയക്കുന്നില്ലെന്നും ആറന്‍മുള സ്റ്റേഷനില്‍ നിന്ന് സസ്‌പെന്‍ഷനിലായ ഉമേഷ് വള്ളിക്കുന്ന് അഴിമുഖത്തിനോട് പറഞ്ഞു.

പോലീസ്-ഗുണ്ട ബന്ധം, ആരും ശബ്ദിക്കാത്തതിന്റെ കാരണം?

ഇതിന് മുന്‍പും ഫെയ്‌സ് ബുക്കില്‍ പോസ്റ്റിടുകയും സിഐ, ഡിജിപി തുടങ്ങി വിവിധ മേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി പറയുകയും ചെയ്തിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ഒരു കാര്യമാണ് ഗുണ്ട-പോലീസ് ബന്ധം പുറത്ത് പറഞ്ഞപ്പോള്‍ സംഭവിച്ചത്. ഉടനടി സസ്‌പെന്‍ഷന്‍ കിട്ടി. അതില്‍ നിന്ന് മനസിലാക്കാം എന്തുകൊണ്ടാണ് ശരിയുടെ ഭാഗത്ത് നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പോലും ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുകൊണ്ട് അതിന് സാധിക്കാത്തതെന്ന്. പോലീസ്-ഗുണ്ട അവിശുദ്ധ ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചു. എന്റെ പരാതി ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ആയി ഷെയര്‍ ചെയ്തിട്ടുണ്ട്. അതില്‍ ഉന്നയിക്കുന്ന രണ്ട് ആരോപണങ്ങളുണ്ട്. അവയെ കുറിച്ച് അന്വേഷണം നടന്നോ? ഇല്ല. ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് പോലും നോക്കിയിട്ടില്ല. പകരമുണ്ടായത് വസ്തുതവിരുദ്ധം എന്ന് പറഞ്ഞ് സസ്‌പെന്‍ഷന്‍ ഉത്തരവ് തന്നു. വ്യാജ ആരോപണം ഉയര്‍ത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ട് അച്ചടക്ക ലംഘനത്തിനോ അല്ലാതെയോ നടപടി സ്വീകരിക്കുന്നത് പോലയല്ല അത്. ഗുണ്ടകളെ പറഞ്ഞു. അവരെ തൊട്ടതാണ് പ്രശ്‌നമായത്. അവരെ തൊടുമ്പോള്‍ പേടിക്കുന്ന ആരൊക്കയോ ഉണ്ടെന്നല്ലേ അതിന്റെ അര്‍ത്ഥമെന്നും ഉമേഷ് ചോദിക്കുന്നു. പത്തനംതിട്ടയില്‍ നിരവധി ഗുണ്ടകളുണ്ട്. മാഫിയകളും സജീവമാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പോലുള്ളവയും ഉണ്ട്. അവര്‍ക്കൊക്കെ എതിരായാണ് എന്റെ വിരല്‍ നീണ്ടത്. അതുകൊണ്ട് തന്നെ ജീവന് ഭീഷണിയില്ലെന്ന് പറയാന്‍ പറ്റില്ല. എന്തും സംഭവിക്കാം. നാളെ ഇല്ലാതായെന്നും വരാം. ഫെയ്‌സ് ബുക്കില്‍ എഴുതുക കൂടി ചെയ്തില്ലെങ്കില്‍ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് അറിയുകയെന്നും അദ്ദേഹം ചോദിക്കുന്നു.

കിട്ടാക്കനിയാവുന്ന ശബളം

അര്‍ഹമായ ശബളം പോലും നിഷേധിക്കപ്പെടുകയാണ് തന്നെ പോലെയുള്ള വിനീത വിധേയന്‍മാര്‍ക്കുള്ള കൂലിയെന്നും ഉമേഷ് പറയുന്നു. അപ്പോഴാണ് ഡിപ്പാര്‍ട്ടമെന്‍ിലെ അവിശുദ്ധ നടപടികള്‍ ചൂണ്ടികാണിക്കുന്നത്. ഇപ്പോള്‍ 50 ദിവസത്തിലധികമുള്ള വേതനം കിട്ടാനുണ്ട്. അത് തരാതെ തടഞ്ഞ് വച്ചിരിക്കുകയാണ്. സ്‌റ്റേഷനില്‍ നിന്ന് ഇന്‍ ചാര്‍ജ് റിപ്പോര്‍ട്ട് കൊടുക്കുന്നതിന് അനുസരിച്ചാണ് വേതനം ലഭിക്കുക. എന്നാല്‍ പോലീസ് ക്ലര്‍ക്ക് പറയുന്നത് അത് എസ് പി പറഞ്ഞിട്ട് പിടിച്ച് വച്ചിരിക്കുകയാണെന്നാണ്. പിന്നെയുള്ള മാര്‍ഗം എസ്പിയെ നേരിട്ട് പോയി കാണുക എന്നതാണ്.അതിന് ഡ്യൂട്ടി സമയത്ത് നിന്ന് അവധിയെടുത്ത് മണിക്കൂറുകള്‍ യാത്ര ചെയ്ത് വേണം എസ്പി ഓഫിസിലെത്താന്‍. അവിടെ ചിലപ്പോള്‍ മണിക്കൂറുകള്‍ പോസ്റ്റാവും. അദ്ദേഹത്തെ കണ്ടാല്‍ വീണ്ടും കൈകൂപ്പി വേതനത്തിനായി യാചിക്കണം. എന്നാലും കിട്ടായാല്‍ ആയി. അതാണ് അവസ്ഥ. സര്‍ക്കാര്‍ ജോലിക്കാരന്‍ എസ്പിയുടെ കാരുണ്യം കിട്ടിയിട്ട് വേണോ വേതനം ലഭിക്കാന്‍ എന്ന ചോദ്യത്തിന് അദ്ദേഹം മറുചോദ്യമാണ് ഉന്നയിച്ചത്. ഇക്കാര്യം ചെക്ക് ചെയ്യേണ്ട അതോറിറ്റികള്‍ ഉണ്ടാവും. അവര്‍ അത് ചെയ്യാണ്ടാന്ന് വച്ചാല്‍ പിന്നെ എന്ത് കാര്യം. നിങ്ങള്‍ കേസ് നടത്തി മേടിച്ച് എടുക്കു എന്ന തലത്തിലായിരിക്കും അവരുടെ ചിന്തയെന്നും അദ്ദേഹം പറയുന്നു.ഇത് തന്റെ മാത്രം അവസ്ഥയല്ലെന്നും പലര്‍ക്കും മേലുദ്യോഗസ്ഥനോട് യാചിക്കേണ്ട അവസ്ഥയുണ്ട്. ഈ യാചനകളും ഇടയ്ക്കിടെ കേള്‍ക്കേണ്ടി വരുന്ന അച്ചടക്ക ഭീഷണിയും നിസ്സാരമല്ല. കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റില്‍ തനിക്ക് 2 മാസത്തോളമായി വേതനം ലഭിച്ചിട്ടെന്നും ഉമേഷ് ഫെയ്‌സ് ബുക്കില്‍ എഴുതിയിരുന്നു.ഭക്ഷണത്തിനും മക്കളുടെ പഠനത്തിനും പോലും പ്രയാസമനുഭവിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. രണ്ടുമാസത്തോളമായി കോഴിക്കോട് സ്വദേശിയായ ഉമേഷിന് നാട്ടില്‍ പോകാനുള്ള അവധിപോലും നല്‍കിയിട്ടുമില്ല. അധികാരത്തെ അപമതിക്കുകയാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

സാധാരണക്കാരന് നീതിയുടെ തലോടല്‍ കിട്ടുന്നത് കുറവ്

തന്റെ 20 വര്‍ഷം നീണ്ട സര്‍വീസ് ജീവിതം വിലയിരുത്തിയാല്‍ സാധാരണക്കാരന് പോലീസില്‍ നിന്ന് നീതി ലഭിച്ചത് വളരെ കുറവാണെന്ന് പറയേണ്ടി വരുമെന്നും ഉമേഷ് ചൂണ്ടികാണിക്കുന്നു. ടാര്‍ഗറ്റിനാണ് പ്രാധാന്യം. കേസില്‍ ഒരാള്‍ക്ക് നീതി കിട്ടിയോ എന്നല്ല. ഒരുമാസം എത്ര കേസുകള്‍ തീര്‍പ്പാക്കി എന്നതിന്റെ കണക്കാണ് പരിശോധിക്കപ്പെടാറ്. ആ ലക്ഷ്യത്തിനായി പല കേസുകളും അതിവേഗം ഒത്തുതീര്‍പ്പാക്കും. കണക്കുകൊണ്ടുള്ള അഭ്യാസം മാത്രമാണ് അവിടെ നടക്കുന്നതെന്നും ഉമേഷ് പറഞ്ഞു.

ജോലി നഷ്ടമാവുമോ? കരിയറില്‍ 20ഓളം നോട്ടീസ്!

സാധാരണക്കാരനായ പോലീസുകാരനാണ് ഞാന്‍. പക്ഷെ തെറ്റുകള്‍ക്കെിരേ മിണ്ടാതിരിക്കാന്‍ സാധിക്കില്ല. അനീതിയ്ക്കായി കൂട്ടുനില്‍ക്കുകയുമില്ല. ഇത്തരം കാര്യങ്ങള്‍ തുറന്ന് കാണിച്ച ശേഷം അതേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാവും. സമ്മര്‍ദ്ദങ്ങളും. സുഹൃത്തുക്കളും കുടുംബവുമെല്ലാം തുണയായി കൂടെ തന്നെയുണ്ട്. 20 ഓളം നോട്ടീസും 3 സസ്‌പെന്‍ഷനും കിട്ടി. ഇതെല്ലാം കൂട്ടി കെട്ടി സര്‍വീസില്‍ നിന്ന് പിരിച്ച് വിടാനുള്ള സാധ്യതയാണ് കാണുന്നത്. പക്ഷെ നിയമ പോരാട്ടം നടത്തും. തിരികെ ജോലിയില്‍ വരാന്‍ നോക്കും. അതാണ് ജോലി നഷ്ടമായാല്‍ ചെയ്യുക. പോലീസ് സംവിധാനത്തിലെ തെറ്റുകള്‍ക്കെതിരേ മാത്രമേ ശബ്ദമുയര്‍ത്തിയിട്ടുള്ളു. ഈ ജോലി തന്നെ തുടര്‍ന്നും ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

English summary; Senior Civil police officer Umesh Vallikkunnu was suspended again

×