കലാകൗമുദിയുടെയും സമകാലിക മലയാളം വാരികയുടെയും പത്രാധിപരായിരുന്ന എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസായിരുന്നു. മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തന ജീവിതത്തിലുടനീളം വിമര്‍ശിച്ചും എതിര്‍ത്തും പ്രോത്സാഹിപ്പിച്ചും മുന്നേറിയ ഒറ്റയാള്‍ പോരാളിയായിരുന്നു എസ് ജയചന്ദ്രന്‍ നായര്‍.senior journalist s jayachandran nair passed away
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2012 ലാണ് നീണ്ട നാളത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് അദ്ദേഹം സമകാലിക മലയാളം വാരികയുടെ പടിയിറങ്ങിയത്. വാരികയുടെ മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവില്‍ സ്വയം വിരമിക്കല്‍ തീരുമാനം എടുക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് ജനിച്ച ജയചന്ദ്രന്‍ നായര്‍ കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് എത്തിയത്.
കേരളം കണ്ട മികച്ച വായനക്കാരന്‍ കൂടിയായിരുന്നു ഈ പത്രാധിപര്‍. ആത്മകഥയായ ‘എന്റെ പ്രദക്ഷിണ വഴികള്‍’ ക്ക് 2012 ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ഒട്ടേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയായിരുന്നു. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും ജയചന്ദ്രന്‍ നായരുടെതായിരുന്നു.
റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് പ്രധാന കൃതികള്‍. കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയരാഘവന്‍ അവാര്‍ഡ്, എംവി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.senior journalist s jayachandran nair passed away
Content Summary: senior journalist s jayachandran nair passed away