June 04, 2026 |
Share on

ലേബര്‍ കോട്ടകള്‍ തകര്‍ന്നു; സ്റ്റാര്‍മറുടെ കസേരയിളകുന്നു

ബ്രിട്ടനില്‍ രാഷ്ട്രീയ തിരിച്ചടി നേരിട്ട് ഭരണപക്ഷം, പ്രധാനമന്ത്രിക്കെതിരേ സ്വന്തം പാര്‍ട്ടിയില്‍ പ്രതിഷേധം

ബ്രിട്ടനില്‍ നടന്ന തദ്ദേശ-പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പാര്‍ട്ടിയിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ സ്റ്റാര്‍മര്‍ തന്റെ രാജി പ്രഖ്യാപിക്കണമെന്നും സ്ഥാനമൊഴിയാന്‍ കൃത്യമായ സമയക്രമം നിശ്ചയിക്കണമെന്നും മുതിര്‍ന്ന ലേബര്‍ എം.പിമാര്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇല്ലാതാകുമെന്ന് ലേബര്‍ ക്യാമ്പില്‍ നിന്ന് തന്നെ മുന്നറിയിപ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.

വെള്ളിയാഴ്ച പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം ഇംഗ്ലണ്ടില്‍ മാത്രം ലേബര്‍ പാര്‍ട്ടിക്ക് 25-ലധികം കൗണ്‍സിലുകളുടെ ഭരണവും ആയിരത്തിലധികം കൗണ്‍സില്‍ സീറ്റുകളും നഷ്ടമായി. നൈജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള ‘റിഫോം യുകെ’ പാര്‍ട്ടിയാണ് ലേബര്‍ പാര്‍ട്ടിയുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കിയത്. മിഡ്ലാന്‍ഡ്സിലും വടക്കന്‍ മേഖലകളിലും വലിയ മുന്നേറ്റം നടത്തിയ റിഫോം യുകെ, ടോറികളുടെ സ്വാധീനമേഖലകളിലും കരുത്ത് തെളിയിച്ചു. ലണ്ടനില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ കുതിപ്പില്‍ ഹാക്ക്‌നി, വാല്‍താം ഫോറസ്റ്റ് തുടങ്ങിയ ലേബര്‍ കോട്ടകള്‍ തകര്‍ന്നു. നൂറിലധികം വര്‍ഷമായി ലേബര്‍ പാര്‍ട്ടി ആധിപത്യം പുലര്‍ത്തിയിരുന്ന വെയില്‍സില്‍ പാര്‍ട്ടി ഏതാണ്ട് തുടച്ചുനീക്കപ്പെടുന്ന അവസ്ഥയിലാണ്. വെയില്‍സിലെ ഫസ്റ്റ് മിനിസ്റ്റര്‍ എലുനെഡ് മോര്‍ഗന്‍ സ്വന്തം സീറ്റില്‍ പരാജയപ്പെട്ടത് ലേബര്‍ പാര്‍ട്ടിക്ക് വലിയ ആഘാതമായി. സ്‌കോട്ട്ലന്‍ഡിലും ലേബര്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് സൂചനകള്‍.

ഈ പരാജയത്തെത്തുടര്‍ന്ന് സ്റ്റാര്‍മറെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. ലൂയിസ് ഹെയ്ഗ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സ്റ്റാര്‍മര്‍ക്കെതിരെ രംഗത്തുവന്നു. സര്‍ക്കാര്‍ അടിയന്തരമായി മാറ്റങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സ്റ്റാര്‍മര്‍ക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്ന് ലൂയിസ് ഹെയ്ഗ് തുറന്നടിച്ചു. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഫറന്‍സിന് ശേഷം സ്റ്റാര്‍മര്‍ സ്ഥാനമൊഴിയണമെന്നാണ് ഭൂരിഭാഗം എം.പിമാരുടെയും നിലപാട്. എന്നാല്‍, താന്‍ ഇപ്പോള്‍ സ്ഥാനമൊഴിയുന്നത് പാര്‍ട്ടിയെ അരാജകത്വത്തിലേക്ക് തള്ളിയിടുമെന്നും അതിനാല്‍ ഉടനെ മാറില്ലെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാറ്റങ്ങളുടെ വേഗത കുറഞ്ഞതില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തി താന്‍ മനസ്സിലാക്കുന്നുവെന്നും അടുത്ത ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, നൈജല്‍ ഫരാജിന്റെ റിഫോം യുകെയുടെ മുന്നേറ്റം ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പുതിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ്. എസെക്‌സ് ഉള്‍പ്പെടെയുള്ള ലേബര്‍ കോട്ടകളില്‍ റിഫോം യുകെ വിജയിച്ചു. വെയില്‍സില്‍ പ്ലെയ്ഡ് സിമ്രു ഏറ്റവും വലിയ പാര്‍ട്ടിയായി മാറിയപ്പോള്‍, സ്‌കോട്ട്ലന്‍ഡില്‍ എസ്.എന്‍.പി വിജയം ഉറപ്പിച്ചു. ലണ്ടനിലെ ഹാക്ക്‌നിയിലും ലൂയിഷാമിലും ഗ്രീന്‍ പാര്‍ട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടിയത് ലേബര്‍ പാര്‍ട്ടിക്ക് വലിയ ഭീഷണിയാണ്.

സ്റ്റാര്‍മറെ സംരക്ഷിക്കാന്‍ കാബിനറ്റ് മന്ത്രിമാരായ സ്റ്റീവ് റീഡ്, പീറ്റര്‍ കൈല്‍ എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും അണിയറയില്‍ പുകച്ചില്‍ ശക്തമാണ്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ലേബര്‍ പാര്‍ട്ടി നേരിടുന്ന ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഗ്രീന്‍ പാര്‍ട്ടിയിലേക്കും റിഫോം യുകെയിലേക്കും ലേബര്‍ വോട്ടുകള്‍ ചോരുന്നത് തടയാന്‍ സ്റ്റാര്‍മര്‍ക്ക് കഴിയുന്നില്ല എന്നതാണ് പ്രധാന വിമര്‍ശനം. തന്റെ സ്വന്തം വാര്‍ഡായ ഹോള്‍ബോണ്‍ ആന്‍ഡ് കോവന്റ് ഗാര്‍ഡനില്‍ ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത് സ്റ്റാര്‍മര്‍ക്ക് വ്യക്തിപരമായും വലിയ തിരിച്ചടിയായി. വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചാല്‍ സ്റ്റാര്‍മര്‍ക്ക് തന്റെ നിലപാട് മാറ്റേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Content Summary: British Prime Minister Keir Starmer is under pressure to step down, Senior Labour MPs urge his resignation within one year.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×