നോര്‍വീജിയന്‍ സംവിധായകനായ യോകിം ട്രിയറിന്റെ (Joachim Trier) ‘ദി വേര്‍സ്റ്റ് പേഴ്‌സണ്‍ ഇന്‍ ദി വേള്‍ഡ്’ കണ്ട സമയത്തു വ്യക്തമായി മനസ്സിലായ ഒരു കാര്യം, ഒരു പാട് കണ്ട തീമുകള്‍ തന്നെ എടുക്കുമ്പോഴും, യോകിംന് കൊണ്ട് വരാന്‍ പറ്റുന്ന ഒരു ആര്‍ട്ടിസ്റ്റിക് കണ്‍ട്രോള്‍ ആണ്. പല അന്താരാഷ്ട്ര അവാര്‍ഡ് വേദികളിലും ഈ സംവിധായകനെ യൂണിക് നറേറ്റര്‍ ആയാണ് പരിചയപ്പെടുത്തുന്നത്.
നമ്മള്‍ പ്രണയത്തില്‍ ഒരിക്കലും ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്ത ഒരു പേരാണ് വേര്‍സ്റ്റ് പേഴ്‌സണ്‍ എന്നത്. പ്രണയത്തിന്റെ പരിണാമ ദിശകളില്‍ പലര്‍ക്കും ഇതൊക്കെ തോന്നുണ്ടെങ്കിലും പറയാന്‍ മടിക്കും. ഈ സിനിമയില്‍ അത് ജൂലിയുടെ അവസ്ഥ ആണ്. ഇരുപതുകളുടെ തുടക്കത്തില്‍ നില്‍ക്കുന്ന അവളുടെ പ്രണയങ്ങളും, അസ്ഥിരതയും, അസ്തിത്വ പ്രശ്‌നങ്ങളും. ആരെയും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഒന്നിനും ഉറപ്പില്ല. എങ്ങിനെയൊക്കെ ശ്രമിച്ചാലും അവള്‍ ഒരു സേഫ് സ്‌പേസില്‍ അല്ല. മാറി വരുന്ന പാഷനുകള്‍, ജോലിയിലും, ബന്ധങ്ങളിലും. പക്ഷെ, ആരെയും പൂര്‍ണമായി ഉപേക്ഷിക്കാനും വയ്യ. തീര്‍ച്ചയായും അവള്‍ വളര്‍ന്ന സാഹചര്യങ്ങള്‍, അവള്‍ ഉള്‍പ്പെടുന്ന തലമുറ… ഇവയൊക്കെ അതിനു നീതീകരണവുമായി സ്‌ക്രീനില്‍ എത്തുന്നു. ‘ദി വേര്‍സ്റ്റ് പേഴ്‌സണ്‍ ഇന്‍ ദി വേള്‍ഡ്’ അവസാനിക്കുമ്പോള്‍’ ഇതിനു വേണ്ടിയാണോ കണ്ടിരുന്നത് എന്ന തോന്നല്‍ വന്നിരുന്നു. അതിനെ മറി കടന്നത് ഈ സംവിധായകന്റെ അവതരണശൈലിയും കാസ്റ്റിങ്ങും പിടിച്ചിരുത്തുന്നുണ്ട് എന്ന സത്യം അംഗീകരിച്ചിട്ടാണ്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളും, ആപേക്ഷികമായ ശരി തെറ്റുകളുടെ പ്രോസസ്സിങ്ങും, അത്തരം ക്രൈസിസുകളും ആണ് തന്നെ ആകര്‍ഷിക്കുന്നതെന്നു യോകിം പറയുന്നു. ബെര്‍ഗ്മാന്‍ സിനിമകളുമായുള്ള താരതമ്യവും ഇതിന്റെ ഭാഗമായിരിക്കാം.
യോകിം ട്രിയറിന്റെ പുതിയ സിനിമ ‘സെന്റിമെന്റല്‍ വാല്യൂ’ ഒമ്പതു ഓസ്‌കര്‍ നോമിനേഷനുകളുമായാണ് മാര്‍ച്ച് 15നെ കാത്തിരിക്കുന്നത്. മികച്ച ചിത്രം, സംവിധായകന്‍, ബെസ്‌റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം, മികച്ച തിരക്കഥ, എഡിറ്റിംഗ്, മികച്ച നടി, മികച്ച സഹനടന്‍, സഹനടി (രണ്ടു പേര്‍) എന്നിവ. സെന്റിമെന്റല്‍ വാല്യൂ ഇത്രക്ക് ഓസ്‌കര്‍ നോമിനേഷനുകള്‍ അര്‍ഹിക്കുന്നതായി ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയില്ല. ഒരു കാലത്തു ഒരു പാട് സ്വാധീനം ചെലുത്തിയ ഫാമിലി ഡ്രാമകളുടെ കുറച്ചു കൂടെ ആര്‍ട്ടിസ്റ്റിക് ആയ അവതരണമാണ് സെന്റിമെന്റല്‍ വാല്യൂ. ‘ഓര്‍ഡിനറി പീപ്പിള്‍’ പോലെ ചിലത് ഓര്‍മ്മയില്‍ വരും.
സഹോദരികളായ ആഗ്‌നസും, നോറയും. അവരുടെ അച്ഛന്‍ ഗുസ്തവ് പ്രശസ്തനായ ഒരു സിനിമ സംവിധായകനാണ്. പക്ഷെ വര്‍ഷങ്ങളായി ഒരു സിനിമ ചെയ്തിട്ട്. തന്റെ മുന്‍ഭാര്യയുടെ ശവസംസ്‌കാരത്തിനു ശേഷമുള്ള ചടങ്ങുകള്‍ക്കിടയിലാണ്, ഗുസ്തവ് മുതിര്‍ന്ന രണ്ടു പെണ്‍മക്കളെയും കാണുന്നത്. അവര്‍ക്കിടയില്‍ അസാന്നിധ്യത്തിന്റെ ഒരു നീണ്ട ഇടവേള ഉണ്ട്. കഥ ഒരിക്കലും അതിലേക്ക്, ഒരു ലീനിയര്‍ ഫ്‌ളാഷ്ബാക്കിലേക്ക് കടക്കുന്നില്ല.
ഒരു സംവിധായകന് ക്യാമറയിലൂടെ സ്വാഭാവികമായ, മാതൃകാപരമായ ജീവിതചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ എളുപ്പമാണ്. തിരശീലയ്ക്കു പുറകില്‍, അത് അയാളുടെ ക്വാളിറ്റി ടൈം ആവശ്യപ്പെടുന്ന, തികച്ചും ഉത്തരവാദിത്തപരമായ ഒരു റോള്‍ ആണ്. അവിടെ വിജയിച്ചവരാണ് അസാധാരണമായ കാഴ്ച്ച. മറുപുറത്താണ് നമ്മള്‍ അറിയുന്ന, കലയുമായി ബന്ധപ്പെട്ട ഒരുപാട് മനുഷ്യര്‍ ഉള്ളത്. അവര്‍ സ്വന്തം കുടുംബത്തെ എങ്ങിനെ അവരുമായി ബന്ധപ്പെടുത്തുന്നു, എങ്ങിനെ വേര്‍തിരിക്കുന്നു എന്നതിലൊന്നും അത്ര ആകുലരല്ല. ഒട്ടും സമയമില്ലാത്ത, ബോറടിക്കാത്ത, ചുറ്റും ബഹളങ്ങള്‍ ഉള്ള കലാജീവിതത്തില്‍, അവരുടെ സാന്നിധ്യം അനിവാര്യമായ പലരും വിസ്മരിക്കപ്പെട്ടു പോവാം. സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നവരും അല്ലാത്തവരും ഈ സ്‌പേസില്‍ ഉണ്ട്. മറുവശത്തു ബന്ധം മുറിയുന്നില്ല, അതുണ്ടാക്കുന്ന ട്രോമകളും. നോറയും ആഗ്‌നസും അത് പേറുന്നവരാണ്. ആഴത്തില്‍ തന്നെ. ഒറ്റപെട്ടു ജീവിക്കുന്ന ഒരു ആര്‍ട്ടിസ്റ്റിന്റെ, കമ്മിറ്റ്‌മെന്റിനെ ഭയക്കുന്ന, എന്നാല്‍ ഇമോഷണല്‍ കെയര്‍ ആവശ്യമുള്ള, വളരെ സെന്‍സിറ്റീവ് ആയ ഒരു തലത്തില്‍ തന്നെയാണ് താനും ജീവിക്കുന്നത് എന്ന സത്യം നോറ ഇഴ പിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ പരാജയപ്പെടുന്നു. ഗുസ്തവ്, നോറയില്‍ തന്നെ കാണുന്നും ഉണ്ട്. അതെ സമയം, ഒരു കുടുംബത്തിന്റെ സ്വസ്ഥതയില്‍ ജീവിക്കുന്ന, ഹിസ്റ്റോറിയന്‍ ആയി ജോലിയെടുക്കുന്ന ആഗ്‌നസിനു പക്വത ഉണ്ട്. അച്ഛന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചു വായിച്ചറിയുന്നതിനു മുന്‍പും, അവള്‍ ഗുസ്തവിനെ കാണുമ്പോള്‍ സമനില വിടുന്നില്ല. നാസികളുടെ ക്രൂരതകള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ സ്വന്തം അമ്മയുടെ ആത്മഹത്യ അലട്ടുന്ന ഒരു ചെറിയ കുട്ടി ഗുസ്തവിന്റെ ഉള്ളിലും ഉണ്ട്. ഭാര്യയോടും, മക്കളോടും നീതി ചെയ്‌തോ എന്ന ചോദ്യവും അലട്ടുന്നുണ്ട്. ചില കാലങ്ങളില്‍ അനുഭവിച്ച, ഏകാന്തതയും, ശൂന്യതയും, ഉത്തരം കിട്ടാത്ത ചോദ്യങ്ങളും, ഉത്തരവാദപെട്ടവരുടെ അഭാവവും, കൊണ്ട് നടക്കുന്ന ഈ കഥാപാത്രങ്ങളും അവരുടെ വീടും ഒന്നാവുന്നുണ്ട് സെന്റിമെന്റല്‍ വാല്യുവിന്റെ തിരക്കഥയില്‍.
യോക്കിമിന്റെ കൂടെ എസ്‌കില്‍ വോഗ്ട് (Eskil Vogt) ചേരുന്നു. ക്രിയേറ്റീവ് പ്രോസസ്സില്‍ പരസ്പരം മനസ്സിലാക്കുന്ന രണ്ടുപേര്‍. ഒരു വീട്, അത് കണ്ട തലമുറകളെ അടയാളപ്പെടുത്തുന്ന, അവരുടെ വികാരവിക്ഷോഭങ്ങള്‍ പങ്കുവെക്കുന്ന വരികള്‍ നറേഷനില്‍ വരുന്നു. ബ്ലൂ, റെഡ്, ബ്ലാക്ക് -വൈറ്റ് നിറങ്ങള്‍ ഓരോ കഥാപാത്രങ്ങളിലേക്കും, അവരുടെ മൂഡുകളിലേക്കും, പതിയെയുള്ള മാറ്റങ്ങളിലേക്കും പ്രതിഫലിപ്പിക്കുന്നതു മനോഹരമായി തോന്നി. നോറക്കു റെഡ്. ഗുസ്തവിനു ബ്ലാക്ക് & വൈറ്റ്. അവസാനം ഗുസ്തവ് വീടിനെ മൊത്തം വെള്ളയാക്കുന്നുണ്ട്. ഒരു വീടിനെയും, അവിടുത്തെ മനുഷ്യരെയും, ഓര്‍മ്മകളെയും ബന്ധിപ്പിക്കുന്ന, മ്യൂസിയം ഓഫ് ഇന്നസെന്‍സ് ടൈപ്പ് ഒബ്‌ജെക്ട്‌സ് സെന്റിമെന്റ്‌സ്, സെന്റിമെന്റല്‍ വാല്യൂ കൊണ്ടുവരുന്നുണ്ട്. തുടക്കം മുതല്‍ പല സീനുകളിലും ഉപയോഗിച്ചിരിക്കുന്ന സൗണ്ട് ട്രാക്കുകളും ശ്രദ്ധയോടെ തിരഞ്ഞെടുത്തതാണ്.
നോറ നിഷേധിക്കുന്ന റോള്‍ ഏറ്റെടുക്കാന്‍ വരുന്ന റേച്ചല്‍ കെംപ് എന്ന നടിയായി വരുന്ന Ele Fanning തന്റെ കഥാപാത്രത്തെ, അര്‍പ്പണബോധത്തോടെ മനസിലാക്കി തീരുമാനമെടുക്കുന്നത്, ആ പരിണാമം ഓര്‍ഗാനിക് ആണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപെടുന്ന, അവരെ പിടിച്ചിരുത്തുന്ന അവതരണത്തിലൂടെയാണ് സെന്റിമെന്റല്‍ വാല്യൂ ശ്രദ്ധ നേടുന്നത്. സ്റ്റേജും, സിനിമയും, ജീവിതവും ഇട കലരുന്ന ഒരു ആര്‍ട്ടിസ്റ്റിക് സ്‌റ്റൈല്‍. അത്തരം ചില ഷോട്ടുകള്‍ ഇഷ്ടപ്പെട്ടു. യാഥാസ്ഥിക കുടുംബ ബന്ധങ്ങള്‍ക്കപ്പുറത്തു, ഒരു സംവിധായകനായ അച്ഛനും, ആര്‍ട്ടിസ്റ്റുകളായ മക്കളും പങ്കുവെക്കുന്ന ചില ഊഷ്മളനിമിഷങ്ങള്‍ കൊള്ളാം. അവര്‍ മുഖാമുഖം വരുന്ന മറ്റു സീനുകളില്‍, ചെറിയ ഡോസുകളില്‍ മുറിവുകളെ പുറത്തെടുക്കാനും, പൊരുത്തപ്പെടുത്താനും സംവിധായകന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അത്തരം സീക്വന്‍സുകളിലൂടെ പുരോഗമിച്ചു, ഒടുവില്‍, തീര്‍ത്തും പ്രെഡിക്റ്റബിള്‍ ആയ എന്‍ഡില്‍ എത്തിക്കുന്നു.
ഈ സിനിമയിലെ കഥാപാത്രങ്ങളുടെ അസ്ഥിത്വപ്രശ്‌നങ്ങള്‍ ഒന്നും അത്ര ബാധിച്ചില്ല.
കണ്ടിരുന്നപ്പോള്‍ കെജി ജോര്‍ജിന്റെ ഭാര്യ സല്‍മയെയും, കെ പി എ സി ലളിതയേയും ഒക്കെ ഓര്‍മ വന്നു. മലയാള സിനിമയിലെ സീനിയര്‍ സംവിധായകര്‍ എടുത്തിരുന്നെങ്കില്‍, ഗുസ്തവിന്റെ ഭാര്യ ജീവിച്ചിരുന്നേനെ. എന്നിട്ടു മുഖാമുഖം തീ പാറുന്ന സംഭാഷണങ്ങള്‍ കൊണ്ട് വന്നേനെ. ഇനിയിപ്പോ, ന്യൂ വേവ് സംവിധായകര്‍ എടുത്തിരുന്നെങ്കില്‍, ഒരു ക്യാമറയുമായി അലഞ്ഞു തിരിയുന്ന, ഗുസ്തവിന്റെ ഡിപ്രെസ്സ്ഡ് മക്കളെ കാണിച്ചേനെ. ഈ ശിഥിലമായ സിനിമ-കുടുംബം നോര്‍വീജിയയില്‍ ആയതു നന്നായി. ആ സ്ഥലങ്ങളും സംസ്‌കാരവും ആസ്വദിച്ചു.
വേര്‍സ്‌റ് പേഴ്‌സണ്‍ ഇന്‍ ദി വേള്‍ഡില്‍ അഭിനയിച്ച Renate Reinsve തന്നെയാണ് നോറ ആയി വരുന്നത്. മികച്ച പ്രകടനമാണ്. ഗുസ്തവ് ആയി വരുന്ന Stellan Skarsgård വളരെ സീനിയര്‍ ആയ സ്വീഡിഷ് ആക്ടര്‍ ആണ്. ഇവര്‍ രണ്ടു പേരും മത്സരിച്ചു അഭിനയിച്ചിരിക്കുന്നു. രണ്ടു പേര്‍ക്കും ഓസ്‌കര്‍ നോമിനേഷനുകള്‍ ഉണ്ട്. ഒട്ടും താഴെ അല്ല സഹനടിക്കുള്ള നോമിനേഷന്‍സ് കിട്ടിയ Inga Ibsdotter Lilleaas, Elle Fanning എന്നിവരുടെ പ്രകടനം. Elle Fanning നു കൂടുതല്‍ സാധ്യത കാണുന്നു. യോകിം ട്രിയര്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്ന പഴമയിലെ പുതുമ ഓസ്‌കറിനെ സ്വാധീനിക്കുമോ? ഇത്രയേറെ നോമിനേഷനുകള്‍ ഉള്ളത് കൊണ്ട് രണ്ടോ, മൂന്നോ അവാര്‍ഡുകള്‍ തീര്‍ച്ചയായും കിട്ടുമെന്ന് കരുതുന്നു.
Content Summary: Sentimental value review, Joachim Trier’s new Norwegian movie. Sentimental value get nine oscar nomination for this year.
This post was last modified on February 21, 2026 12:08 pm
Leave a Comment