UPDATES

വിദേശം

9/11 ആക്രമണം; വധശിക്ഷ ഒഴിവാക്കിയുള്ള ഒത്തുതീര്‍പ്പ് വേണ്ടെന്ന് പെന്റഗണ്‍

മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ഉടമ്പടി റദ്ദാക്കി

                       

2001 സെപ്തംബര്‍ 11 ലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും രണ്ടു കൂട്ടാളികളുമായി ഉണ്ടാക്കിയ വിചാരണ പൂര്‍വ ഉടമ്പടി റദ്ദ് ചെയ്ത് പെന്റഗണ്‍. യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ആണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിന് പകരമായി എല്ലാ കുറ്റങ്ങളും മൂന്നു പേരും അംഗീകരിക്കുക എന്നതായിരുന്നു ഉടമ്പടി. ഈ ഉടമ്പടിയില്‍ ഒപ്പ് വച്ച സൂസന്‍ എസ്‌കാലിയറിന് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു പിടിയിലായവരുമായി ഉടമ്പടിയിലെത്തിയത്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് മിലട്ടറി കമ്മീഷന്‍ കണ്‍വീനിംഗ് അതോറിറ്റിയായ സൂസന്‍ എസ്‌കാലിയര്‍ കുറ്റാരോപിതരുമായി ഉടമ്പടിയില്‍ ഒപ്പിട്ടുവെന്ന വിവരം പെന്റഗണ്‍ പുറത്തു വിട്ടത്. 2,976 പേരുടെ ജീവനെടുത്ത വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഖാലിദ് ഷെയ്ഖ് മൊഹമ്മദ്, ഇയാളുടെ കൂട്ടാളികളായ വാലിദ് മുഹമ്മദ് സാലിഹ് മുബാറക്ക് ബിന്‍ അത്താഷ്, മുസ്തഫ അഹമ്മദ് ആദം അല്‍-ഹാവ്‌സ്വായി എന്നിവരാണ് കുറ്റസമ്മതട ഉടമ്പടിക്ക് തയ്യാറായത്. വധ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന നിബന്ധനയിലായിരുന്നു ഇവര്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്. ഗ്വാണ്ടിനാമോ ജയിലിലാണ് മൂവരെയും പാര്‍പ്പിച്ചിരിക്കുന്നത്.

കുറ്റാരോപിതരുമായി വിചാരണ പൂര്‍വ ഉടമ്പടി ഒപ്പിടാനുള്ള അധികാരം തനിക്കാണെന്നാണ് സൂസന് അയച്ച കാരണം കാണിക്കല്‍ നോട്ടീസ് ലോയിഡ് ചൂണ്ടിക്കാണിക്കുന്നത്. സൂസന്‍ എസ്‌കാലിയറിന്റെ ഉടമ്പടി കുറ്റവാളികള്‍ പൂര്‍ണ വിചാരണ നേരിടുന്നത് ഒഴിവാക്കുകയും അവരെ മരണശിക്ഷ ലഭിക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നുമുള്ള പരാതി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളില്‍ നിന്നും ഉയരുകയും ചെയ്തിട്ടുണ്ട്.

സൂസന്‍ എസ്‌കാലിയറിന്റെ ഉടമ്പടി വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂക്ഷമായ വിമര്‍ശനവുമായി രംഗത്തിറങ്ങിയിരുന്നു. അമേരിക്കന്‍ ജനതയെ ബൈഡന്‍-ഹാരീസ് ഭരണകൂടം വഞ്ചിച്ചുവെന്നായിരുന്നു റിപ്പബ്ലിക്കന്‍ എംപിമാരുടെ ആരോപണം.

ഇത്തരമൊരു ഉടമ്പടിയില്‍ യാതൊരു വിധത്തിലുള്ള ശരികേടുകളുമില്ലെന്നാണ് ഗ്വാണ്ടനാമോ ജയിലിലെ തടവുകാരെ പ്രതിനിധീകരിക്കുന്ന സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്‌സിലെ സ്റ്റാഫ് അറ്റോര്‍ണിയായ ജെ വെല്‍സ് ഡിക്‌സണ്‍ അഭിപ്രായപ്പെട്ടത്. നീണ്ടു പോകുന്ന വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രായോഗികമായ മാര്‍ഗമെന്ന നിലയില്‍ ഈ ഉടമ്പടി സ്വീകരിക്കപ്പെടണമെന്നാണ് ഡിക്‌സണ്‍ പറയുന്നത്. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്റെ തീരുമാനത്തെ വിമര്‍ശിച്ച ഡിക്‌സണ്‍ ഉയര്‍ത്തുന്ന ആക്ഷേപം, ഓസ്റ്റിന്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നാണ്. കൂടാതെ സെപ്തംബര്‍ 11 ലെ ഇരകളുടെ കുടുംബങ്ങളെ അയാള്‍ വൈകാരിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിടുകയാണെന്നും ഡിക്‌സണ്‍ കുറ്റപ്പെടുത്തി.

ഇരു ഭാഗങ്ങളിലെയും അഭിഭാഷകര്‍ നീണ്ടു പോകുന്ന കേസിന്റെ വിചാരണ അവസാനിപ്പിക്കാന്‍ ചര്‍ച്ചകളിലൂടെ ഒരു വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് വര്‍ഷങ്ങളായുള്ളത്. പ്രസിഡന്റ് ബൈഡന് മുന്നില്‍ ഇത്തരമൊരു ആവശ്യം ഒരു വര്‍ഷം മുമ്പ് എത്തിയതാണെങ്കിലും അദ്ദേഹമത് നിരാകരിക്കുകയായിരുന്നു. കുറ്റാരോപിതരെ ഏകാന്ത തടവില്‍ നിന്നും മാറ്റണമെന്ന ആവശ്യവും പ്രസിഡന്റ് തള്ളി. അതേസമയം സി ഐ എ കസ്റ്റഡിയിലെ പീഡനങ്ങള്‍ ഏല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്ന് മോചനം നേടാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബൈഡന്‍ അനുമതി നല്‍കിയിരുന്നു.

ഇപ്പോള്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ എടുത്തിരിക്കുന്ന തീരുമാനത്തില്‍ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ യാതൊരു വിധ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നാണ് ഒരു മുതിര്‍ന്ന പെന്റഗണ്‍ വക്താവ് ദ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്.

ലോയിഡ് ഓസ്റ്റിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവില്ലെങ്കില്‍ മൂന്ന് കുറ്റാരോപിതരുമായി നടക്കുന്ന ഉടമ്പടി അടുത്താഴ്ച്ച പ്രാബല്യത്തില്‍ വരുമായിരുന്നു.

2003 മുതല്‍ അമേരിക്കയുടെ കസ്റ്റഡിയിലുള്ളവരാണ് മൂന്നു പ്രതികളും. പിടികൂടിയ ശേഷം ഇവര്‍ മൂന്നു വര്‍ഷം സിഐഎയുടെ രഹസ്യ തടവറയിലായിരുന്നു. ഇവിടെയവര്‍ കൊടിയ പീഡനങ്ങളാണ് നേരിട്ടത്. 2006 ലാണ് മൂന്നു പേരെയും ഗ്വാണ്ടിനാമോ ജയിലിലേക്ക് മാറ്റുന്നത്.

അമേരിക്കയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എഞ്ചിനീയറായിരുന്നു ഖാലിദ് ഷെയ്ഖ് മൊഹമ്മദ്. വിമാനം റാഞ്ചിയുള്ള ആക്രമണം എന്ന ആശയം ഒസാമ ബിന്‍ ലാദന് നല്‍കുന്നത് മൊഹമ്മദ് ആയിരുന്നു. ലാദന്‍ അനുമതി നല്‍കിയതോടെയാണ് നാല് വിമാനങ്ങള്‍ റാഞ്ചിയെടുത്ത് ഭീകരര്‍ ലോകത്തെ നടുക്കിയത്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ രണ്ട് കെട്ടിടങ്ങളിലും പെന്റഗ്ണ്‍ ആസ്ഥാനത്തും മൂന്നു വിമാനങ്ങള്‍ ഇടിച്ചിറക്കി. നാലാമത്തെ വിമാനം വാഷിംഗ്ടണ്‍ എന്ന ലക്ഷ്യത്തില്‍ എത്തിക്കാന്‍ ഭീകരര്‍ക്ക് ആയില്ല. തട്ടിയെടുത്ത വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും ജീവന്‍ നഷ്ടപ്പെടുത്തിയത് തടഞ്ഞു. അവര്‍ കോക്പീറ്റില്‍ നടത്തിയ ബഹളത്തെ തുടര്‍ത്ത് പെന്‍സുല്‍വാനിയായിലെ ഒരു പാടത്ത് വിമാനം ഇടിച്ചിറങ്ങി തകരുകയായിരുന്നു. ഖാലിദ് മൊഹമ്മദാണ് റാഞ്ചികള്‍ക്കു വിമാനം പറപ്പിക്കാനുള്ള പരിശീലനം നല്‍കിയത്. 2003 മാര്‍ച്ചില്‍ പാകിസ്താനില്‍ വച്ചാണ് ഖാലിദ് ഷെയ്ഖ് മൊഹമ്മദിനെയും മുസ്തഫ ആദം അല്‍ ഹാവ്‌സ്വായിയെയും പിടികൂടുന്നത്. വാലിദ് മുഹമ്മദ് സാലിഹ് മുബാറക്ക് ബിന്‍ അത്താഷും റാഞ്ചികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇയാളും ലാദന്റെയും മൊഹമ്മദിന്റെയും നിര്‍ദേശ പ്രകാരം ആക്രമണങ്ങള്‍ക്ക് ആസൂത്രണം ഒരുക്കിയിരുന്നു.  september 11 attack pentagon revoked plea deal for accused

Content Summary; september 11 attack pentagon revoked plea deal for accused

Share on

മറ്റുവാര്‍ത്തകള്‍