UPDATES

റിപ്പറുടെ കഥ: ഏഴു കൊലപാതകങ്ങളും, ഒരു കുറ്റസമ്മതവും, കാണാതായ തെളിവുകളും

ഏഴു കൊലപാതകങ്ങളുടെ പേരില്‍ രണ്ടു ദശാബ്ദങ്ങളായി ജയിലില്‍ കഴിയുന്ന മലയാളിയായ ഈ മത്സ്യത്തൊഴിലാളി ഇന്ത്യയിലെ കുപ്രസിദ്ധരായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളാണ്. വധശിക്ഷയ്ക്ക് തൊട്ടടുത്ത് വരെ എത്തിപ്പെട്ട ഒരാള്‍. എന്നാല്‍ ഈ കൊലപാതകങ്ങളെല്ലാം അയാള്‍ തന്നെയാണോ ചെയ്തത്?

                       

എറണാകുളത്തോട് ചേര്‍ന്ന പുത്തന്‍വേലിക്കരയെന്ന ഗ്രാമത്തിലെ തന്റെ വീട്ടില്‍ ദേവകി അന്നും പതിവുപോലെ ഉറങ്ങാന്‍ കിടന്നു. ആക്രമിക്കാന്‍ തയ്യാറായി ഒരു മോഷ്ടാവ് തനിക്കരികിലുണ്ടെന്ന് അറിയാതെയായിരുന്നു ആ ഉറക്കം. 2006 ഒക്ടോബര്‍ രണ്ട് അര്‍ദ്ധരാത്രി ഒരു മണിയ്ക്കുണ്ടായ ആ സംഭവം പേടിപ്പെടുത്തുന്ന പല റിപ്പര്‍ കഥകള്‍ക്കും പിന്നീട് വഴിവെച്ചു. എന്നാല്‍ എനിക്ക് ഈയിടെ കണ്ടെത്താനായ ചില വിവരങ്ങള്‍ ഈ കേസിനെക്കുറിച്ച് ഇതുവരെ അറിഞ്ഞതെല്ലാം ശരിയാണോ എന്ന കാര്യത്തില്‍ ചോദ്യമുയര്‍ത്തുന്നതാണ്.

പോലീസ് ലഭിച്ച വിവരപ്രകാരം അഞ്ചടി ഉയരവും, ചെറിയ കഷണ്ടിയും, കട്ടി മീശയും, ചെറു താടിയുമുള്ള ഒരാളായിരുന്നു കുറ്റവാളി. മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന ദേവകിയുടെ ഭര്‍ത്താവ് രാമകൃഷ്ണനെ ഇരുമ്പ് ദണ്ഡ് കൊണ്ട് രണ്ട് തവണ തലയ്ക്കടിച്ച ശേഷമാണ് അയാള്‍ ദേവകിയുടെ മുറിയിലെത്തിയത്. അതേ ദണ്ഡ് കൊണ്ട് അയാള്‍ ദേവകിയുടെ തലയ്ക്കും മുഖത്തുമടിച്ചു. അയാളുടെ പച്ച ഷര്‍ട്ടിലും, കാവി മുണ്ടിലും ചോര തെറിച്ചു.

എന്തിനാണെന്ന് അറിയില്ല, അയാള്‍ ദേവകിയുടെ വസ്ത്രങ്ങള്‍ ഊരി മാറ്റുകയും, കാല്‍ മുട്ടുകള്‍ മുകളിലേക്ക് ഉയര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. വലിയൊരു കത്തി ഉപയോഗിച്ച് അവരുടെ ഇടം കൈപ്പത്തി അറുത്തു മാറ്റിയ ശേഷം ആറു സ്വര്‍ണ വളകള്‍ അയാള്‍ കൈക്കലാക്കി. 50 കാരിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ അയാള്‍ വിരമിച്ച സൈനികന്‍ കൂടിയായ 60 വയസ്സുള്ള ഗൃഹനാഥന്റെ തലച്ചോറിന് ഗുരുതരമായ ക്ഷതമേല്‍പ്പിക്കുകയും ചെയ്തു. ഇറങ്ങും മുന്‍പ് ആ വീടിന്റെ മറ്റു മുറികളിലും അയാള്‍ തെരച്ചില്‍ നടത്തി. 96 ഗ്രാം തൂക്കം വരുന്ന ആറ് സ്വര്‍ണ്ണ വളകളും, ഒരു മാലയും, പണക്കുടുക്കയില്‍ സൂക്ഷിച്ചിരുന്ന 1300 രൂപയും കവര്‍ന്നു.

രണ്ട് ദിവസമായി കാണാതിരുന്ന രാമകൃഷ്ണനെ തേടി 2006 ഒക്ടോബര്‍ മൂന്നിന് രാവിലെ സുഹൃത്തുക്കളും ബന്ധുക്കളും എത്തുമ്പോള്‍, വീട്ടില്‍ നിന്നും മണ്ണെണ്ണയുടെയും പാചക വാതകത്തിന്റെയും രൂക്ഷമായ മണം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ദേവകിയുടെ സുഹൃത്ത് ശ്യാമള വീടിന്റെ ജനല്‍ തുറന്നതോടെ ഭീകരമായ ആ ദൃശ്യത്തിന്റെ ആദ്യ സാക്ഷിയായി മാറി.

ഇത്തരം അതിക്രൂരമായ കൊലപാതകങ്ങള്‍ കേരളത്തിന് ഒരു അപൂര്‍വത ആയതിനാല്‍ ഈ കൊലപാതകം അന്ന് വളരെ ശ്രദ്ധ നേടി. പുതിയതായി വന്ന 24ത7 വാര്‍ത്താ ചാനലുകളോട് മത്സരിക്കുകയായിരുന്ന മലയാളം ദിനപത്രങ്ങള്‍ കൊലപാതകത്തെക്കുറിച്ചുള്ള വളരെയേറേ വിവരങ്ങള്‍ വായനക്കാരിലേക്കെത്തിച്ചു. സംഭവത്തിന്റെ തലേദിവസം അയല്‍പക്കത്തെ മറ്റൊരു വീട്ടില്‍ മോഷണത്തിനായി കയറിയ ഒരാളെക്കുറിച്ചുള്ള അയല്‍വാസിയായ സ്ത്രീയുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെക്കുറിച്ചുള്ള നിഗമനത്തിലെത്തി. ആ വീട്ടില്‍ നിന്നും മോഷണം പോയ ഒരു പെന്‍ടോര്‍ച്ച് ദേവകിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. അതിനാല്‍ രണ്ടു വീടുകളിലും കയറിയത് ഒരാള്‍ ആണെന്ന് പോലീസ് ഉറപ്പിച്ചു.

അയല്‍പക്കത്തുള്ള മറ്റു ചിലരും അവരുടെ ചില സാധനങ്ങള്‍ കാണാതായതായി അറിയിച്ചു. ഇരുമ്പ് ദണ്ഡ്, വലിയ കത്തി, പച്ച ഷര്‍ട്ട്, കാവി മുണ്ട് എന്നിവയായിരുന്നു കാണാതെപോയ വസ്തുക്കളില്‍ പ്രധാനപ്പെട്ടവ. ഈ വിവരങ്ങള്‍ പിന്നീട് അന്വേഷണത്തില്‍ നിര്‍ണായകമായി. അവയില്‍ ഇരുമ്പ് ദണ്ഡും കത്തിയും ദേവകിയുടെ വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെത്തി. പോലീസ് നായയെ സ്ഥലത്ത് എത്തിച്ചെങ്കിലും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും സാന്നിധ്യം മൂലം മണം പിടിക്കാനായില്ല.

ഈ കൊലപാതകം മറഞ്ഞിരുന്ന് തലയ്ക്കടിച്ചു കൊല്ലുന്ന ഒരു കുറ്റവാളിയെ കുറിച്ചുള്ള ഭീകര സ്വപ്നങ്ങള്‍ നാട്ടിലെ ജനങ്ങളില്‍ സൃഷ്ടിച്ചു. ജനവികാരം ശക്തമായതോടെ നാട്ടുകാര്‍ ചേര്‍ന്ന് കാവല്‍ സംഘങ്ങളുണ്ടാക്കി. കൊലപാതകിയെ പിടിക്കാന്‍ പോലീസിന് മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചു.

അവസാനം ദേവകി വധക്കേസില്‍ രണ്ടു മാസങ്ങള്‍ക്ക് ശേഷം പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ചെറുകിട കുറ്റവാളിയായ ഒരാളില്‍ നിന്നും കിട്ടിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പോലീസിന് അതുവരെ തെളിയിക്കാന്‍ കഴിയാതിരുന്ന മറ്റുചില ദാരുണ കൊലപാതകങ്ങളൂം ചെയ്തത് താനാണെന്നും അയാള്‍ കുറ്റസമ്മതം നടത്തി. മാധ്യമങ്ങള്‍ അയാള്‍ക്ക് ഒരു വിളിപേര് സമ്മാനിച്ചു, അന്ന് മുതല്‍ ഇന്ന് വരെ അയാളുടെ പേരിനോട് ഒട്ടിനില്‍ക്കുന്ന ഒരു വിളിപേര്, ‘റിപ്പര്‍ ജയാനന്ദന്‍’.

2003 നും 2006 നും ഇടയില്‍ നടന്ന തെളിയിക്കപ്പെടാത്ത 5 കൊലപാതകങ്ങള്‍ താന്‍ ചെയ്തതായി ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയെന്നാണ് പോലീസിന്റെ വിവരം. പുത്തന്‍വേലിക്കര കേസ് എന്നറിയപ്പെടുന്ന ദേവകി വധക്കേസും, രണ്ട് ഇരട്ടക്കൊലപാതക കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. മൊത്തം 7 പേരെ ജയാനന്ദന്‍ കൊലപ്പെടുത്തിയതായി പോലീസ് പിന്നീട് അറിയിച്ചു. പ്രായമായ ആളുകളെ ഉറങ്ങുന്നതിനിടെ തലയ്ക്കടിച്ച ശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയാണ് ഇയാളുടെ കുറ്റകൃത്യരീതിയെന്നും പോലീസ് പറഞ്ഞു.

ജയാനന്ദനെ കുറിച്ചുള്ള ഒരുവിധം കഥകളൊക്കെ അവസാനിക്കുന്നത് ഇവിടെയാണ്.

ജയാനന്ദനെക്കുറിച്ച് ഇത്തരത്തില്‍ പുറത്തുവന്ന കഥകളൊക്കെത്തന്നെ പോലീസിന് അയാള്‍ നല്‍കിയതായി പറയുന്ന കുറ്റസമ്മതത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. എന്നാല്‍ വളരെ കുറച്ചുപേരേ അറിഞ്ഞുകാണൂ, മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ ഉടന്‍ തന്നെ ഇവയെല്ലാം അയാള്‍ നിഷേധിച്ചിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിലൂടെയാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നാണ് അന്ന് മുതല്‍ ഇന്നേക്ക് 17 വര്‍ഷങ്ങളായി ജയാനന്ദന്‍ ആവര്‍ത്തിക്കുന്നത്.

ഒരല്പം കൂടി ചികഞ്ഞപ്പോള്‍, മറ്റു ചില കാര്യങ്ങള്‍ കൂടി എനിക്ക് ഇതോടൊപ്പം അന്വേഷിച്ചറിയാന്‍ സാധിച്ചു. ജയാനന്ദനെതിരേ ചുമത്തിയ അഞ്ചു കൊലപാതകങ്ങളില്‍ മൂന്നിലും കോടതി അയാളെ വെറുതെ വിട്ടിരുന്നു. എന്നാല്‍ അയാളുടെ അറസ്റ്റില്‍ കാണിച്ചതരം ഉത്സാഹത്തോടെ ഒരു മാധ്യമവും അതേക്കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നില്ല. ജയാനന്ദന്റെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ പോലും മൂന്ന് കേസുകളില്‍ അയാളെ കോടതി വെറുതെവിട്ട കാര്യം പറയുന്നില്ല.

ആരാണ് ശരിക്കും ജയാനന്ദന്‍?
അയാളുടെ കുടുംബം പറയുന്നത് പ്രകാരം, റിപ്പര്‍ ജയാനന്ദന്‍ എന്നറിയപ്പെടുന്ന കെ. പി ജയാനന്ദന്‍ പുത്തന്‍വേലിക്കരയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ തൃശ്ശൂര്‍ ജില്ലയിലെ പൊയ്യ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. എട്ടാം ക്ലാസ് വരെയായിരുന്നു വിദ്യാഭ്യാസം. കായലും ചെമ്മീന്‍ കെട്ടും നിറഞ്ഞ ഒരു ഗ്രാമമാണ് പൊയ്യ. പോലീസ് പിടിയിലാവുമ്പോള്‍ ജയാനന്ദന് 38 വയസ്സായിരുന്നു. ഭാര്യക്കും സ്‌കൂളില്‍ പഠിക്കുന്ന രണ്ട് പെണ്‍മക്കള്‍ക്കും വയസ്സായ മാതാപിതാക്കള്‍ക്കും ഒപ്പം ഒരു സാധാരണ വീട്ടിലായിരുന്നു താമസം. കടബാധ്യതകളും അയാള്‍ക്കുണ്ടായിരുന്നു. ചായക്കടക്കാര്‍, മെക്കാനിക്കുകള്‍ തുടങ്ങിയ തൊഴിലാളികള്‍ നിറഞ്ഞതായിരുന്നു അയല്‍പക്കം.

മീന്‍പിടുത്തമായിരുന്നു കുട്ടിക്കാലം മുതല്‍ അയാള്‍ ചെയ്തിരുന്ന ജോലി. ചീന വലകള്‍ ഉപയോഗിച്ചുള്ള മീന്‍പിടുത്തത്തില്‍ അയാള്‍ക്ക് വൈദഗ്ധ്യമുണ്ടായിരുന്നു. കുഡുംബി സമുദായത്തില്‍പ്പെട്ട മറ്റുള്ളവരെയെല്ലാം പോലെ അയാളും ജീവിച്ചുവന്നു. പോര്‍ച്ചുഗീസ് അധിനിവേശകാലത്ത് ഗോവയില്‍ നിന്നും പലായനം ചെയ്ത കൊങ്കണി സംസാരിക്കുന്ന പാര്‍ശ്വവല്‍കൃത സമൂഹമാണ് കുഡുംബി അഥവാ കുഡുബി വിഭാഗം. കേരളത്തിലെ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ താമസിച്ച് ചെമ്മീന്‍ കൃഷി ചെയ്യുകയാണ് നൂറ്റാണ്ടുകളായി അവര്‍ ചെയ്തു പോരുന്നത്.

എന്നാല്‍ ജയാനന്ദന്റെ ജീവിതത്തില്‍ മീന്‍പിടുത്തത്തിന് പുറമേ മറ്റു ചിലത് കൂടി ഉണ്ടായിരുന്നെന്നാണ് ആരോപിക്കപ്പെട്ടത്. അതിക്രൂരനായ കൊലപാതകിയെന്ന നിലയില്‍ മറ്റൊരു ജീവിതം കൂടി അയാള്‍ നയിച്ചിരുന്നുവെന്നാണ് ജയാനന്ദന്റെ കേസ് വിചാരണ ചെയ്ത ഒരു ജഡ്ജി ഒരിക്കല്‍ അഭിപ്രായപ്പെട്ടത്.

രക്തദാഹിയും, മാറ്റിയെടുക്കാന്‍ കഴിയാത്ത പ്രകൃതക്കാരനുമായ ഈ കൊടുംകുറ്റവാളിയെ കഴുമരത്തിലേറ്റാതെ വിട്ടയക്കുന്നത് നീതിക്കുനേരെയുള്ള പരിഹാസമായിരിക്കുമെന്നും ആ ജഡ്ജിയുടെ ജയാനന്ദനെതിരെയുള്ള 2008 ലെ വിധി ന്യായത്തില്‍ പറയുന്നു.

മൊത്തം അഞ്ചു കൊലപാതക കേസുകളില്‍ രണ്ടെണ്ണത്തില്‍ ജയാനന്ദന്‍ ശിക്ഷിക്കപ്പെട്ടു. ഒന്നില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് പിന്നീട് ജീവപര്യന്തമായി കുറച്ചു നല്‍കി. ദേവകി വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷമുള്ള ഈ 17 വര്‍ഷക്കാലവും ജയാനന്ദന്‍ ജയിലില്‍ തന്നെയായിരുന്നു. എന്നാല്‍ രണ്ട് ജയില്‍ചാട്ടങ്ങളുടെ പേരില്‍ അയാള്‍ ഇടയ്ക്ക് വീണ്ടും വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. ജനങ്ങളുടെ ഓര്‍മ്മയില്‍ നിന്ന് ജയനന്ദന്‍ ഏതാണ്ട് മറഞ്ഞു തുടങ്ങുമ്പോഴാണ് 2021 ഡിസംബറില്‍ മറ്റൊരു വധക്കേസില്‍ കൂടി പോലീസ് അയാളെ പ്രതി ചേര്‍ക്കുന്നത്. 2004 ല്‍ നടന്ന ഈ കൊലപാതകത്തെക്കുറിച്ച് ജയാനന്ദന്‍ സഹതടവുകാരനോട് വെളിപ്പെടുത്തല്‍ നടത്തിയതായി പോലീസ് പറയുന്നു.

ഇതോടെ ജയാനന്ദന്‍ ചെയ്ത അതിക്രൂരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വീണ്ടും ക്രൈം ഷോകളില്‍ ഇടം നേടി. ശവരതി ഉള്‍പ്പെടെയുള്ള വിചിത്ര വിവരങ്ങള്‍ ഓരോ തവണയും അതുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു.

ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള നിയമ സഹായ, ഗവേഷണ സ്ഥാപനമായ പ്രൊജക്റ്റ് 39എ ഈ കേസിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് എന്നെ സമീപിച്ചത്. ജയാനന്ദന്‍ പല കേസുകളിലും കുറ്റവിമുക്തനായതിനെക്കുറിച്ച് ഒരു മാധ്യമവും പരിശോധന നടത്താത്തതും, ജയാനന്ദനെ ആരും നേരില്‍ സമീപിക്കാത്തതും എനിക്ക് അസാധാരണമായി തോന്നി. ഒരാളെപറ്റി വാര്‍ത്ത ചെയ്യുമ്പോള്‍ പാലിക്കേണ്ട മാധ്യമ ധര്‍മമായും, ഇത്തരം ഒരാളെപറ്റി കൂടുതല്‍ അറിയാനുള്ള കൗതുകമായും കാണാം: ജയാനന്ദന് എന്തായിരിക്കും ഇതില്‍ പറയാനുള്ളതെന്ന് അറിയാനും എനിക്ക് താത്പര്യമുണ്ടായി.

തൃശ്ശൂരിലെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ വച്ച് 2022 ജൂലൈയിലാണ് എനിക്ക് അയാളെ നേരില്‍ കാണാനായത്. ജയാനന്ദനുമായി തനിച്ച് അഭിമുഖം നടത്താന്‍ ജയില്‍ അധികൃതര്‍ അനുമതി തന്നില്ല. ജയിലില്‍ സന്ദര്‍ശകരെ അനുവദിക്കാറുള്ള നിശ്ചിത സമയം വരെ കാത്തിരുന്നാണ് ഞാന്‍ അയാളെ കണ്ടത്. മറ്റ് ജയില്‍ അന്തേവാസികളുടെയും, സന്ദര്‍ശകരുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍, ജയിലധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ആ കൂടിക്കാഴ്ച.

ജയില്‍ വേഷമായ വെള്ള വസ്ത്രത്തില്‍ ജയാനന്ദന്‍ വന്നപ്പോള്‍ മുന്‍പ് കണ്ട ഫോട്ടോഗ്രാഫുകളില്‍ നിന്നും വളരെയധികം മാറ്റം വന്നിരുന്നു. മുഷിഞ്ഞ താടിയും വിടര്‍ന്നിരുണ്ട കണ്ണുകളും ഉള്ള മെലിഞ്ഞ ചെറുപ്പക്കാരനില്‍ നിന്നും 54 കാരനായ ഒരു മുതിര്‍ന്ന മനുഷ്യനായി അയാള്‍ മാറിക്കഴിഞ്ഞു. കട്ടിയുള്ള കണ്ണട ധരിച്ച ജയാനന്ദന്‍ മുന്‍പത്തേക്കാള്‍ തടിച്ചും, നര കയറിയും, താടി വടിച്ച കട്ടി മീശയുള്ള ഒരാളായി മാറിയിരുന്നു.

‘ ഞാനതില്‍ ഒന്നുപോലും ചെയ്തിട്ടില്ല ‘, അയാള്‍ പറഞ്ഞു. ‘തെളിയിക്കാതെ കിടന്ന കേസുകളില്‍ പോലീസ് എന്നെ പെടുത്തുകയായിരുന്നു. തെളിവുകള്‍ പോലീസ് കൃത്രിമമായി ഉണ്ടാക്കി. എന്നെ കുടുക്കാന്‍ എളുപ്പമായിരുന്നു. എനിക്ക് പണമില്ല, നേതാക്കളോ രാഷ്ട്രീയപാര്‍ട്ടികളോ എന്റെ സഹായത്തിന് ഇല്ല’, അയാള്‍ പറഞ്ഞു.

ജയില്‍ അധികൃതര്‍ ചുറ്റും നിന്നതിനാല്‍ കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ അയാള്‍ തയ്യാറായില്ല. അത് ജയിലിലെ തന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുമെന്ന് ജയാനന്ദന്‍ പറഞ്ഞു.

ജയാനന്ദന് മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍
ജയാനന്ദനെതിരെ 2021 ല്‍ ഫയല്‍ ചെയ്ത കേസില്‍ വിചാരണ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. അതൊഴികെയുള്ള അഞ്ചു കൊലപാതക കേസുകളില്‍ മൂന്നിലും ജയാനന്ദന്‍ കുറ്റവിമുക്തനായി. പ്രതിക്കെതിരേ വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. 2014 ല്‍ പോലീസ് കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും ഇത് ശരിവെക്കുന്നു.

ഒരു ഉദാഹരണം പറഞ്ഞാല്‍ 2004 ല്‍ തൃശ്ശൂരില്‍ മുതിര്‍ന്ന ദമ്പതികളായ നിര്‍മലയും, സഹദേവനും കൊല്ലപ്പെട്ട കേസില്‍ വിചാരണ കോടതി 2008 ല്‍ നല്‍കിയ വധശിക്ഷ കേരള ഹൈക്കോടതി അംഗീകരിച്ചില്ല.

അന്ന് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജഡ്ജ് ആയിരുന്ന ബി കെമാല്‍ പാഷ പറഞ്ഞത് ‘കുറ്റാരോപിതന്‍ നിരപരാധി ആണെന്ന തരം അനുമാനത്തിന് വകയില്ല ‘ എന്നായിരുന്നു. ജയാനന്ദന്‍ സീരിയല്‍ കില്ലര്‍ ആണെന്ന പോലീസ് നിഗമനത്തെ ശരിവക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള വാക്കുകള്‍. അതിക്രൂരവും, മനുഷ്യത്വരഹിതവും, അതിദാരുണവുമായ രീതിയില്‍ നടന്ന ഈ കൊലപാതകങ്ങള്‍ അപൂര്‍വത്തില്‍ അപൂര്‍വ്വം ആയി കണക്കാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ 2010 ല്‍ ഹൈക്കോടതി ജയാനന്ദനെ കുറ്റവിമുക്തനാക്കി. കേസിലെ തെളിവുകള്‍ വ്യാജമാണെന്നും, അവ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും ഹൈക്കോടതി കണ്ടെത്തി. കേസിനാധാരമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്ന സാഹചര്യങ്ങള്‍ നിയമം അനുശാസിക്കുന്ന കര്‍ശന പരിശോധനകള്‍ക്ക് ശേഷവും നിലനില്‍ക്കുന്നതായി കരുതുന്നില്ലെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ശിക്ഷ റദ്ദാക്കുന്നതായും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ജയാനന്ദനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ ചെയ്തു, പക്ഷെ ഹൈക്കോടതി തീരുമാനം 2015 ല്‍ സുപ്രീം കോടതിയും ശരിവെച്ചു.

മറ്റു രണ്ടു കേസുകളിലും ജയാനന്ദനെ കോടതി കുറ്റവിമുക്തനാക്കിയത് പോലീസ് സമര്‍പ്പിച്ച കുറ്റപത്രം വിചാരണ ഘട്ടത്തില്‍ തന്നെ കോടതികള്‍ തള്ളിക്കളഞ്ഞു കൊണ്ടാണ്.

അവയിലൊന്ന് 2004 ല്‍ നടന്ന മാള ഇരട്ടക്കൊലപാതകക്കേസ് ആയിരുന്നു. 52 വയസ്സുള്ള നബീസയെയും, 23 കാരിയായ മകള്‍ ഫൗസിയയെയും കവര്‍ച്ചയ്ക്ക് വേണ്ടി കൊലപ്പെടുത്തിയതാണ് ജയാനന്ദനെതിരേ ആരോപിക്കപ്പെട്ട കുറ്റം. വീട്ടിലുണ്ടായിരുന്ന രണ്ടു കുട്ടികളെയും, മറ്റൊരു യുവതിയെയും പ്രതി ഗുരുതരമായി പരിക്കേല്‍പ്പിച്ചതായും കുറ്റം ആരോപിച്ചിരുന്നു.

പക്ഷെ ഈ കേസില്‍ 2008 ഏപ്രിലില്‍ സിബിഐ പ്രത്യേക കോടതി ജയാനന്ദനെ വെറുതെ വിട്ടു. കുറ്റാരോപിതനെ കേസുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയമായ തെളിവുകള്‍ കേസിലില്ലെന്ന് ജഡ്ജി ചന്ദ്രശേഖരന്‍ നായര്‍ നിരീക്ഷിച്ചതായി വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2005 ല്‍ എറണാകുളത്തെ മദ്യ വില്പനശാലയിലെ സെക്യൂരിറ്റി ജീവനക്കാരനായ സുഭാഷകനെ കൊലപ്പെടുത്തിയതായിരുന്നു മറ്റൊരു കേസ്. ഒരു രാഷ്ട്രീയ കൊലപാതക കേസിലെ നിര്‍ണായക സാക്ഷിയായതിനാലാണ് സുഭാഷകന്‍ കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ 2006 ല്‍ പുത്തന്‍വേലിക്കര ദേവകിയുടെ കൊലപാതകത്തിന്റെ ചോദ്യം ചെയ്യലിനിടെ ഈ കൊലപാതകം താനാണ് ചെയ്തതെന്ന് ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കേസില്‍ കുറ്റവിമുക്തനാക്കുകയാണ് ഉണ്ടായത്.

ആകെ അഞ്ചില്‍ രണ്ടു കേസുകളില്‍ ജയാനന്ദന്‍ കുറ്റക്കാരനാണെന്നും കോടതികള്‍ കണ്ടെത്തി. തൃശ്ശൂരിലെ ഏലിക്കുട്ടി വധക്കേസിലും, പുത്തന്‍വേലിക്കരയിലെ ദേവകി വധക്കേസിലുമാണ് ജയാനന്ദനെ കോടതി ശിക്ഷിച്ചത്. ഈ രണ്ട് കേസുകളെ കേന്ദ്രീകരിച്ച് ഒരു വര്‍ഷത്തോളം ഞാന്‍ ഗവേഷണം നടത്തി. പ്രോജക്ട് 39എ യില്‍ നിന്ന് ലഭിച്ച ഫെലോഷിപ്പിന്റെ സഹായത്തോടെ തൃശ്ശൂര്‍ എറണാകുളം ജില്ലകളില്‍ കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ഞാന്‍ സഞ്ചരിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരെയും, കേസിലെ സാക്ഷികളെയും, ജയാനന്ദനെയും, അയാളുടെ കുടുംബത്തെയും ഞാന്‍ നേരില്‍ കണ്ടു. കുറ്റകൃത്യത്തില്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും, പഴയ മാധ്യമ വാര്‍ത്തകളും, നിരവധി കോടതി രേഖകളും പരിശോധിക്കുകയും ചെയ്തു.

തെളിവുകള്‍ വ്യാജമായി സൃഷ്ടിക്കുന്നതിനെക്കുറിച്ചും, മൂന്നാം മുറയിലൂടെ കേസ് തെളിയിക്കുന്നതിനെക്കുറിച്ചും പോലീസ് ഉദ്യോഗസ്ഥര്‍ തുറന്ന് പറയുന്നത് ഞാന്‍ കേട്ടു. തെളിവുകള്‍ വ്യാജമായി നിര്‍മിച്ചതിനെക്കുറിച്ച് പരസ്യമായി സമ്മതിക്കുന്ന സാക്ഷികളെയും ഞാന്‍ കണ്ടു. പോലീസ് നിഗമനങ്ങളെ സാധൂകരിക്കാത്ത നിര്‍ണായക തെളിവുകള്‍ പ്രോസിക്യൂട്ടര്‍മാര്‍ നിസ്സാരമായി അവഗണിച്ചതിനെക്കുറിച്ചും ഞാന്‍ മനസ്സിലാക്കി.

ഞാന്‍ കണ്ടെത്തിയത്
ഞാന്‍ കണ്ടെത്തിയ വിശദാംശങ്ങള്‍ ജയാനന്ദന്റെ കേസുകളെ കുറിച്ച് കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവയാണ്. ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്തുകയെന്നത് ഒരു മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണങ്ങള്‍ക്ക് അപ്പുറമാണ്. പക്ഷെ ഈ ചോദ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ന്യായമായും തുറന്ന് ചോദിക്കപ്പെടേണ്ടവയാണ്.

എങ്ങനെയാണ് ജയാനന്ദന്‍ രണ്ട് കൊലപാതകങ്ങളില്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയത്?

2005-ല്‍ ഏലിക്കുട്ടിയെ വധിക്കുകയും മോഷണം നടത്തുകയും ചെയ്തതിന് 2011-ല്‍ വിചാരണക്കോടതി ജയാനന്ദന് ജീവപര്യന്തം കഠിന തടവ് ശിക്ഷയായി വിധിച്ചു. ഈ കേസ് രണ്ട് കാരണങ്ങളാല്‍ സവിശേഷ പ്രധാന്യമര്‍ഹിക്കുന്നു.

ഒന്നാമതായി ജയാനന്ദന്റെ വിരലടയാളം ക്രൈം സീനിലെ പൊട്ടിയ കണ്ണാടിയില്‍ കണ്ടെത്തിയിരുന്നു. ഇത് അയാള്‍ക്കെതിരെ ചുമത്തപ്പെട്ട മറ്റെല്ലാ വധക്കേസിലേയും കുറ്റാരോപണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. അവയെല്ലാം സാഹചര്യ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. ഇവിടേയും മറ്റൊരു ഫോറന്‍സിക് തെളിവും ക്രൈം സീനില്‍ അയാളുടെ സാന്നിധ്യം തെളിയിക്കുന്ന മറ്റേതെങ്കിലും, വിരലടയാളമോ ഡി.എന്‍.എ സാന്നിധ്യമോ, ഒന്നും ഇല്ല.

എന്നാല്‍ കുറ്റകൃത്യവുമായി ജയാനന്ദനെ ബന്ധിപ്പിക്കുന്ന ഒരേയൊരു വ്യക്തമായ തെളിവായ ഈ കണ്ണാടി വിചാരണയ്ക്കിടെ കാണാതെയായി. വ്യാജമായി തെളിവുണ്ടാക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെക്കൊണ്ട് ഒരു കണ്ണാടി പിടിപ്പിച്ചുവെന്ന് ജയാനന്ദന്‍ ആരോപണം ഉന്നയിച്ചിരുന്നു. കോടതി അത് സത്യമായി അംഗീകരിച്ചില്ല.

രണ്ടാമതായി, പോലീസ് അവകാശപ്പെട്ടത് മോഷ്ടിക്കപ്പെട്ട സ്വര്‍ണം അവര്‍ കണ്ടെത്തുമ്പോഴേയ്ക്കും ഉരുക്കി സ്വര്‍ണക്കട്ടിയാക്കി എന്നാണ്. കോടതി ഉരുക്കിയ സ്വര്‍ണം മതിയായ തെളിവായി സ്വീകരിച്ചു. എന്തായാലും ഇതേ സാഹചര്യം നിര്‍മ്മല, സഹദേവന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് വന്ന സാഹചര്യത്തില്‍ കേരള ഹൈക്കോടതി പറഞ്ഞത് സ്വര്‍ണക്കട്ടികള്‍ തെളിവായി സ്വീകരിക്കാന്‍ പറ്റില്ല, കാരണം അത് ശരിക്കും നഷ്ടപെട്ട ആഭരണമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ യാതൊരു വഴിയുമില്ല. ഏലിക്കുട്ടി കേസില്‍ അപ്പീല്‍ നല്‍കണമെന്ന് ജയാനന്ദന്നും കുടുംബത്തിനും ആഗ്രഹമുണ്ട്, പക്ഷേ പണമില്ലാത്തത് കൊണ്ട് അത് ഇതുവരെ നടന്നില്ലെന്നാണ് പറയുന്നത്.

ഇതോടെ പുത്തന്‍വേലിക്കരയിലെ ദേവകിയുടെ കൊലപാതകം മാത്രമാണ് സംശയങ്ങള്‍ക്കതീതമായി ജയാനന്ദന്റെ കുറ്റം തെളിഞ്ഞുവെന്ന് സുപ്രീം കോടതിക്ക് പോലും ബോധ്യമുള്ള ഒരേയൊരു കേസ്. ഇതില്‍ ജയാനന്ദനെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇത് കേരള ഹൈക്കോടതി മോചനത്തിന് യാതൊരു സാധ്യതയുമില്ലാത്ത ജീവപര്യന്ത ശിക്ഷയായി മാറ്റിയിരുന്നു. സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി അംഗീകരിച്ചുവെങ്കിലും ശിക്ഷ 20 വര്‍ഷത്തെ തടവാക്കി നിജപ്പെടുത്തി.

ദേവകി കൊലക്കേസിലാണ് ജയാനന്ദന്‍ ആദ്യം പോലീസ് വലയില്‍ ആകുന്നത്. ഈ കേസില്‍ ജയാനന്ദന്‍ നടത്തിയെന്ന് പറയപ്പെടുന്ന കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് കൊലക്കേസുകളില്‍ അയാളെ പ്രതിചേര്‍ക്കുന്നത്. ഇരുമ്പ് ദണ്ഡ്, വലിയ കത്തി, രക്തത്തില്‍ മുങ്ങിയ ജയാനന്ദന്റെ പച്ച ഷര്‍ട്ടും കാവി മുണ്ടും എന്നിങ്ങനെയുള്ള അസംഖ്യം കഥകള്‍ക്ക് ജന്മം നല്‍കിയും ഈ കേസാണ്.

വെറും ഒരു മാസത്തോളം ഇതുമായി ബന്ധപ്പെട്ട പഴയ കേസ് ഫയലുകളുടെ ആയിരക്കണക്കിന് പേജുകളിലുടെ സഞ്ചരിച്ചതിന് ശേഷം ഞാന്‍ അതിശയകരമായ ഒരു കാര്യം കണ്ടെത്തി..

പോലീസ് ഫയലുകള്‍ക്കിടയില്‍ ഒരു കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു, അത് ജയാനന്ദന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്ന് പറയപ്പെടുന്ന രക്തത്തില്‍ മുങ്ങിയ മുണ്ടിന്റെയും ഷര്‍ട്ടിന്റേയുമായിരുന്നു. ഈ റിപ്പോര്‍ട്ട് പറയുന്നത് ഈ വസ്ത്രങ്ങളില്‍ രക്തത്തിന്റെ ഒരംശവും ഇല്ല എന്നാണ്. ഈ കേസില്‍ സുപ്രധാനമാകാമായിരുന്ന ഈ റിപ്പോര്‍ട്ട് വിചാരണയില്‍ കൊണ്ടുവന്നതേ ഇല്ല.

 

 

വിചാരണ വേളയില്‍ പൊലീസ് ഹാജരാക്കാതിരുന്ന കെമിക്കല്‍ പരിശോധന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌

കൊലപാതകി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന ഇരുമ്പ് വടിയിലും രക്തത്തിന്റെ അംശമില്ലെന്നാണ് കെമിക്കല്‍ അനാലിസിസ് പറയുന്നത്. വിചാരണയില്‍ പോലീസ് അവകാശപ്പെട്ടത് ഈ ഇരുമ്പ് ദണ്ഡ് വീട്ടിലെ കിണറ്റില്‍ അത് കണ്ടെത്തുന്നതിന് മുമ്പ് ഒരു ദിവസം മുഴുവനും കിടന്നിരുന്നുവെന്നും അതിനാലാണ് രക്തത്തിന്റെ അംശം ഇല്ലാതായത് എന്നുമാണ്. ഇത് ജയാനന്ദന്റെ അഭിഭാഷകന്‍ എതിര്‍ത്തുവെങ്കിലും കോടതി പോലീസിന്റെ ഭാഷ്യം വിശ്വസിച്ചു.

അതിനിടയില്‍ മറ്റൊരു കടംകഥ കൂടി അതിശയിപ്പിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് വിശ്വനാഥന്‍ എന്‍.വി എന്ന കെട്ടിട നിര്‍മ്മാണ കരാറുകാരനില്‍ നിന്ന് മോഷ്ടിച്ചുവെന്നാണ് പോലീസ് ഭാഷ്യം; പക്ഷേ അയാള്‍ക്ക് ആ ഇരുമ്പ് വടി തിരിച്ചറിയാന്‍ പറ്റിയില്ല. തന്റടുത്ത് നിന്ന് നഷ്ടപ്പെട്ട ഇരുമ്പ് വടിയല്ല പോലിസ് കോടതിയില്‍ ഹാജരാക്കിയത് എന്ന് അയാള്‍ കോടതിയില്‍ മൊഴി നല്‍കി. അയാള്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു.

പ്രധാനപെട്ട മറ്റൊരു കാര്യം കുറ്റകൃത്യം നടന്നതായ് പോലീസ് പറയുന്ന സമയവും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ചേര്‍ന്ന് പോകുന്നില്ലന്നെന്നതാണ്. ഇത് വളരെ പ്രധാനപ്പെട്ടതാണ്, ജയാനന്ദനെ കുറ്റക്കാരനായി വിധിച്ചിരിക്കുന്നതിന് ഭാഗികമായി അടിസ്ഥാനമാക്കിയിരിക്കുന്നത് ഈ സമയക്രമമാണ്.

രാമകൃഷ്ണന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട്‌

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പോലീസ് കോടതിയില്‍ പറഞ്ഞത് ഒക്ടോബര്‍ രണ്ടിന് വെളുപ്പിന് ഏതാണ്ട് ഒരു മണിക്കാണ് ദേവകി കൊല്ലപ്പെട്ടത് എന്നാണ്. എന്നാല്‍ ഭര്‍ത്താവിന്റെ നേരെയുണ്ടായ ആക്രമണം മറ്റൊരു സമയത്താണ് നടന്നതെന്നാണ് അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത്. ഒക്ടോബര്‍ മൂന്നിന് രാവിലെ രാമകൃഷ്ണനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ഏതാണ്ട് 12 മണിക്കൂര്‍ മുമ്പാണ് അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം നടന്നതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു.

അതായത് ഒക്ടോബര്‍ രണ്ടിന് വൈകീട്ടാകണം അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ദേവകിയുടെ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് ശേഷം. രാമകൃഷ്ണനാണ് ആദ്യം ആക്രമിക്കപ്പെട്ടത് എന്ന പോലീസിന്റെ ആഖ്യാനത്തോട് തീര്‍ച്ചയായും ചേര്‍ന്ന് പോകുന്നതല്ല ഇത്.

ഈ സുപ്രധാനമായ വൈരുദ്ധ്യം പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അവര്‍ അവഗണിച്ചു. പോലീസ് കോടതില്‍ സമര്‍പ്പിച്ച സ്വര്‍ണ പണയ രശീതിയനുസരിച്ച ഒക്ടോബര്‍ രണ്ടിന് ദേവകി കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജയാനന്ദന്‍ പണയം വയ്ക്കാന്‍ ഈ സ്ഥാപനത്തിലെത്തിയത്. ഇതാകട്ടെ രാമകൃഷ്ണന്‍ ആക്രമിക്കപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ്.

ജയാനന്ദനെതിരായ തെളിവുകള്‍
ജയാനന്ദന്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഭാര്യ ഇന്ദിരയ്ക്ക് 36 വയസായിരുന്നു. ചീനവലയുപയോഗിച്ചുള്ള മീന്‍ പിടുത്തത്തിന് സഹായിക്കാന്‍ എപ്പോഴും അവളുമുണ്ടാകും. പണത്തിന് ക്ഷാമമായിരുന്നു, ആക്കാലത്ത്, ഇന്ദിര പറഞ്ഞു. പ്രശസ്തമായ ഒരു സ്വര്‍ണ്ണ പലിശ സ്ഥാപനത്തിന്റെ പ്രദേശിക ശാഖയില്‍ അവരുടെ താലിമാലയും മകള്‍ കീര്‍ത്തിയുടെ കമ്മലും പണയം വച്ചാണ് ഒരു വാന്‍ വാങ്ങിയത്. നാഷണല്‍ ഹൈവേയുടെ ഓരത്ത് പച്ചക്കറിയും മറ്റും വില്‍ക്കാനായിരുന്നു വാന്‍.

പക്ഷേ സ്വര്‍ണ്ണ പണയം കൊണ്ട് പണം തികഞ്ഞില്ല. അങ്ങനെ അവരൊരു പ്രദേശിക വട്ടിപ്പലിശക്കാരന്റെ കയ്യില്‍ നിന്ന് കടം വാങ്ങിച്ചു. പോലീസുകാര്‍ വാന്‍ വാങ്ങാന്‍ പണമെവിടെ നിന്ന് ലഭിച്ചുവെന്ന് ചോദിച്ചപ്പോള്‍ സ്വര്‍ണം പണയം വച്ചതിന്റെ രശീതിയും വട്ടിപ്പണക്കാരുടെ കയ്യില്‍ നിന്ന് കടം വാങ്ങിയതിന്റെ രേഖയും അവരുടെ ഭാഗം ന്യായീകരിക്കാനായി പോലീസിന് നല്‍കി.

ജയനാന്ദന്‍ സ്വര്‍ണം പണയം വച്ചിരുന്നുവെന്നതിന്റെ തെളിവാക്കി കാണിക്കുന്ന രേഖ

ഇതാകട്ടെ, ദേവകിയുടെ കൊലപാതകത്തിന്റെ ലക്ഷ്യമെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്ന നിഗമനത്തിന് എതിരാണ് താനും. ദേവകിയുടെ ആഭരണം പണയം വച്ചാണ് ജയാനന്ദന്‍ വാന്‍ വാങ്ങിയത് എന്നാണ് പോലീസിന്റെ ആരോപണം. അതിന് തെളിവായി മറ്റൊരു സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ നിന്നുള്ള, കംപ്യൂട്ടറൈസ്ഡ് രശീതിയും പോലീസ് ഹാജരാക്കിയിരുന്നു.

എനിക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല- ഇന്ദിര പറയുന്നു. 2006 നവംബര്‍ 21ന് രാവിലെ ജോലിക്ക് പോകുന്ന വഴി അങ്ങേരെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പിടിച്ചൊരു ജീപ്പില്‍ കേറ്റി കൊണ്ടുപോയി എന്നാണ് ഞാന്‍ കേട്ടത്. ഞാന്‍ പറഞ്ഞതനുസരിച്ചാണ് ബന്ധുക്കള്‍ പോലീസിനേയും മാധ്യമങ്ങളേയും അറിയിച്ചത്. രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളില്‍ നിന്നാണ് അതിക്രൂരമായിട്ടുള്ള കൊലപാതകത്തിന് അങ്ങേരെ അറസ്റ്റ് ചെയ്തുവെന്ന് ഞാനറിഞ്ഞത്. ”- ഇന്ദിര പറഞ്ഞു.

പോലീസിന്റെ ഭാഷ്യമനുസരിച്ച് ജയാനന്ദന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 2006 നവംബര്‍ 23നാണ്. ആ അറസ്റ്റിനെ കുറിച്ച് അടുത്ത കുടുംബാംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നതെങ്കിലും അതിന് തെളിവായി രേഖയൊന്നുമില്ല.

ആ ദിവസങ്ങള്‍ വളരെ പ്രധാനമാണ്. കാരണം ആ രണ്ട് ദിവസങ്ങളാണ് തന്റെ തുടര്‍ ജീവിതം മുഴുവന്‍ മാറ്റി മറിച്ചെതെന്നാണ് ജയാനന്ദന്‍ പറയുന്നത്.

ഈ രണ്ട് ദിവസങ്ങളില്‍, ഏതോ രഹസ്യ അറയില്‍ താന്‍ പീഡിക്കപ്പെട്ടുവെന്നാണ് ജയാനന്ദന്റെ ഭാഷ്യം. അതിഭീകരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ പോലീസ് ചൂണ്ടിക്കാണിച്ച എല്ലാ തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങളും താനാണ് ചെയ്തതെന്ന് കുറ്റസമ്മതം നടത്തിയെന്നാണ് പിന്നീട് ജയാനന്ദന്‍ പറഞ്ഞത്.

ചാലക്കുടിയിലുള്ള ഒരു തോംസണ്‍ എന്റര്‍പ്രൈസ് എന്ന സ്വര്‍ണ പണയ സ്ഥാപനത്തില്‍ ദേവകിയുടെ വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന സ്വര്‍ണ ഉരുപ്പടികള്‍ പണയം വച്ചതിന്റെ രേഖയായി ഒരു ലെഡ്ജറിലും ഒരു കംപ്യൂട്ടര്‍ രശീതിയിലും നിര്‍ബന്ധപൂര്‍വ്വം അവര്‍ ഒപ്പിടിവിച്ചുവെന്നും പിന്നീട് ജയാനന്ദന്‍ മൊഴി നല്‍കി. ഈ പണമിടപാട് ജയാനന്ദന് വേണ്ടി നടത്തിയത് അയാളുടെ അളിയന്‍ പി.ജി ബാബുവാണെന്നും ഈ രേഖയില്‍ പറയുന്നു.

‘എന്റെ അളിയന്റെ പേരില്‍ വ്യാജമായിട്ട് ഒരു കംപ്യൂട്ടര്‍ രശീതി പോലീസുകാര്‍ തോംസണ്‍ എന്റര്‍പ്രൈസുമായി ചേര്‍ന്ന് എങ്ങനെയോ ഉണ്ടാക്കിയതാണ്. എന്നിട്ട് എന്നെ കൊണ്ട് ബലമായിട്ട് അതില്‍ ഒപ്പുമിടുവിച്ചു. എന്റെ കണ്‍മുമ്പില്‍ വച്ചാണ് ആ ലെഡ്ജര്‍ ഉണ്ടാക്കിയത് തന്നെ.’- ജയാനന്ദന്‍ അവകാശപ്പെടുന്നു. ഒര്‍ജിനല്‍ ലെഡ്ജറിന്റെ ഒരു പകര്‍പ്പ് പോലും കോടതിയില്‍ ഒരിക്കലും ഹാജരാക്കിയിട്ടില്ല. അത് നികുതി വകുപ്പുദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി കമ്പനി നല്‍കിയെന്നാണ് പോലീസ് പറഞ്ഞത്.

അറസ്റ്റിന്റെ വിവരമറിഞ്ഞ് നവംബര്‍ 23ന് ഇന്ദിര പോലീസ് സ്റ്റേഷനിലേയ്ക്ക് പാഞ്ഞു. 2003-നും 2006-ഉം ഇടയിലുള്ള ചില പ്രത്യേക തീയതികളില്‍ കുടുംബാംഗങ്ങള്‍ എന്തുചെയ്യുകയായിരുന്നുവെന്ന് പോലീസ് അവരോട് ചോദിച്ചു. അത് ഓര്‍ത്തിരിക്കാത്തത് സംശയാസ്പദമാണെന്ന് പോലിസ് തീരുമാനിച്ചു. സാധാരണ ചീനവലയിലെ പണിക്ക് ജയാന്ദന്‍ രാത്രിയാണ് പോകാറ്. രണ്ട് പേരുടെ പണിയുണ്ടത്. ചില ദിവസങ്ങളില്‍ അതുകൊണ്ട് തന്നെ ജയാനന്ദന്‍ പകല്‍ നേരങ്ങളില്‍ ഉറങ്ങി പോകാറുമുണ്ട്- അതും സംശയാസ്പദമാണെന്നാണ് പോലീസ് പറയുന്നത്.

ജയാനന്ദനെ അറസ്റ്റ് ചെയ്ത ദിവസം വ്യക്തമാക്കുന്ന പൊലീസ് രേഖ.


കോടതിയില്‍ ജയാനന്ദന്റെ വാദത്തിന് എന്ത് സംഭവിച്ചു?
ഇന്ദിര പറയുന്നത്, അവര്‍ക്ക് നിയമത്തിന്റെ നൂലാമാലകളൊന്നും മനസിലായില്ല എന്നാണ്, സ്വഭാവികമായും അത് ജയാനന്ദന്റെ ഭാഗം കോടതിയില്‍ കൃത്യമായി വാദിക്കപ്പെടുന്നതിന് തടസമായിട്ടുണ്ടാകണം. മാത്രമല്ല, നിയമസംവിധാനത്തില്‍ അവരുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഒരു സംഭവം ഉണ്ടായി. അതാണ് ആ കേസ് തുടര്‍ന്ന് കൊണ്ടുപോകുന്നതിന് അവര്‍ക്ക് തടസമായതെന്നും ഇന്ദിര പറയുന്നു.

ഒരു അഭിഭാഷകന്‍ ഒരിക്കന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഇന്ദിര വെളിപ്പെടുത്തുന്നു. ”ഒരു ദിവസം ഞാന്‍ കോടതിയില്‍ നിന്ന് തിരിച്ച് പോരുകയായിരുന്നു. അയാള്‍ എന്നെ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞു. കാറില്‍ വച്ചാണ് ഉപദ്രവിച്ചത്.” – അവര്‍ പറഞ്ഞു.

അത് ഇന്ദിരയ്ക്ക് ആഘാതമായി. -‘പിന്നീടൊരിക്കലും ഞാന്‍ കോടതിയില്‍ പോയിട്ടില്ല. എനിക്ക് ഭയമായിരുന്നു.’- അവര്‍ പറഞ്ഞു. അതേ കുറിച്ചറിഞ്ഞ ശേഷം ജയാനന്ദനും കോടതിയില്‍ നിന്നും വക്കീലന്മാരില്‍ നിന്നും അകന്ന് നില്‍ക്കാനാണ് നിര്‍ദ്ദേശിച്ചതെന്നും ഇന്ദിര പറയുന്നു.

കൊടും ക്രൂരനായ ഒരു തുടര്‍ കൊലയാളിയായി ജയാനന്ദന്‍ ആഘോഷിക്കപ്പെടുന്നത് അവര്‍ നിസഹായരായി നോക്കി നിന്നു. അവര്‍ക്കൊരിക്കലും അയാളെ ശരിയാം വിധം സഹായിക്കാനായില്ല. ജീവിതം തുടര്‍ന്നും മുന്നോട്ട് പോയി. ജയാനന്ദന്റെ ഭാര്യയും രണ്ട് മക്കളും ഇപ്പോഴും അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒഴികെ, അധികമാരുടെയും ശ്രദ്ധയില്‍ പെടാതെ, തൃശൂര്‍ ജില്ലയുടെ ഒരു ഗ്രാമീണ മൂലയില്‍ ഒതുങ്ങി ജീവിക്കുന്നു.

അവസരങ്ങളും സാധ്യതകളുമെല്ലാം പ്രതികൂലമായിരുന്നുവെങ്കിലും ജയാനന്ദന്റെ പെണ്‍മക്കള്‍ രണ്ടുപേരും, 28 വയസുള്ള കീര്‍ത്തിയും 24 വയസുള്ള കശ്മീരയും, അവരുടേതായ ജീവിതം പടുത്തുയര്‍ത്തി. അച്ഛന് വേണ്ടി ഒരു പ്രതിഭാഗവാദം പോലും ഉണ്ടായില്ല എന്നതിന്റെ രോഷത്തില്‍ വളര്‍ന്ന കീര്‍ത്തി ഒരു അഭിഭാഷകയായി. കശ്മീരയാകട്ടെ അച്ഛന്റെ ആഗ്രഹം പോലെ തന്നെ ഡോക്ടറാകാനുള്ള പഠനത്തിലാണ്. 2006-ല്‍ ജയാനന്ദന്‍ അറസ്റ്റിലാകുമ്പോള്‍ കീര്‍ത്തിക്ക് 11-നും അനുജത്തിക്ക് ഏഴും വയസായിരുന്നു പ്രായം. അയാളുടെ അറസ്റ്റിനെ കുറിച്ചും അതിന് മുമ്പുള്ള ജീവിതത്തെ കുറിച്ചുമെല്ലാം അവര്‍ക്ക് അവ്യക്തമായ ഓര്‍മ്മകളേ ഉള്ളൂ.

അവരിപ്പോഴും ചെറിയ, പണിപൂര്‍ത്തിയാവാത്ത, വേണ്ടത്ര വീട്ടുപകരണങ്ങളോ സൗകര്യങ്ങളോ ഇല്ലാത്ത, വീട്ടിലാണ് താമസിക്കുന്നത്. മാര്‍ച്ച് ഇരുപത്തിരണ്ടിന് കീര്‍ത്തിയുടെ വിവാഹമായിരുന്നു. അതിനായുള്ള പണം സ്വരൂക്കൂട്ടുന്നതിനുള്ള ബദ്ധപ്പാടിലായിരുന്നു അവര്‍. വിധിയുടെ വൈചിത്രമാകാം- പക്ഷേ കീര്‍ത്തിയുടെ വരന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ്. അവര്‍ കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണ്.

തെളിവെടുപ്പ് വിചാരണ
പുത്തന്‍വേലിക്കരയിലെ ദേവകിയുടെ കൊലപാതകം നടന്ന ഇടവുമായി ജയാനന്ദനെ ബന്ധപ്പെടുത്തുന്ന യാതൊരു സുപ്രധാന തെളിവുകളും ഇല്ലെന്നിരിക്കേ എങ്ങനെയാണ് പോലീസ് അയാളെ കണ്ടെത്തിയത്? അയാളെ കൊലപാതകവുമായി ബന്ധപ്പെടുത്തിയ സുപ്രധാനമായ തെളിവുകള്‍ എന്തെല്ലാമായിരുന്നു? എന്തുകൊണ്ടാണ് ആദ്യം അയാള്‍ കൊലക്കുറ്റം സമ്മതിച്ചത്?

രണ്ട് പുഴകള്‍ കൂടിച്ചേരുന്ന അതിമനോഹരമായ ഭൂഭാഗമായ പുത്തന്‍വേലിക്കര എന്ന ഗ്രാമത്തിലേയ്ക്ക് യാത്ര തിരിക്കുമ്പോള്‍ എന്റെ മനസിലുണ്ടായിരുന്ന ചോദ്യങ്ങള്‍ ഇവയായിരുന്നു. ഞാന്‍ ആ വീട്ടിലെത്തുന്നതിന് രണ്ട് വര്‍ഷം മുമ്പ് തന്നെ, ആ ആക്രമണത്തില്‍ തലച്ചോറിന് കാര്യമായ ക്ഷതമേറ്റിരുന്ന രാമകൃഷ്ണന്‍ മരണമടഞ്ഞിരുന്നു.

രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന കൊലപാതകങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളുമായി ഒരു റിപ്പോര്‍ട്ടര്‍ തിരികെയെത്തിയത് ഗ്രാമീണര്‍ക്ക് കൗതുകമുണര്‍ത്തിയിരുന്നു. അവര്‍ ആവേശത്തോടെ ‘റിപ്പര്‍ ജയാനന്ദനെ’ കുറിച്ച് ചര്‍ച്ച നടത്തി. പലരും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്വയമേവ തയ്യാറായി. അതിലൊരാള്‍ ഒരു ചെറിയ ഹോട്ടല്‍ നടത്തിയിരുന്നു വയോധികനായിരുന്നു.

അന്വേഷണത്തിന്റെ സമയത്ത് പോലീസ് നിര്‍ബന്ധപൂര്‍വ്വം ഒരു വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതൊപ്പിട്ട് കൊടുത്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കോടതിയില്‍ സാക്ഷിയായി വിളിച്ചു. പക്ഷേ അദ്ദേഹം ഒന്നിനും സാക്ഷിയായിരുന്നില്ല. പരിഭ്രമത്തോടെ കോടതിയിലെത്തിയപ്പോള്‍ അവിടെ അതേ സ്ഥിതിയില്‍ നില്‍ക്കുന്ന നാട്ടുകാര്‍ പലരേയും കണ്ടു. പ്രോസിക്യൂട്ടര്‍ പോലീനോട് ദേഷ്യപ്പെടുകയും അവരെയെല്ലാം സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ മജിസ്ട്രേറ്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറയുന്നത്.

എത്ര ലാഘവത്തോടെയാണ് കള്ള സാക്ഷി പറയാന്‍ പോലീസ് നിര്‍ന്ധിച്ച കാര്യം ആ ഹോട്ടലുടമ പറയുന്നതെന്നുള്ള കാര്യം എന്നെ അത്ഭുതപ്പെടുത്തി. അതൊരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് ആദ്യം കരുതിയത്. പക്ഷേ കൂടുതല്‍ ആളുകളെ കണ്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.

വിചാരണകോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത് 48 സാക്ഷികളെയാണ്. എന്നാല്‍ പ്രതിഭാഗത്തിന് സാക്ഷിയായി ഒരാളുപോലുമുണ്ടായില്ല. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ മിക്കവാറും പേര്‍ ദേവകിയേയും രാമകൃഷ്ണനേയും ആദ്യം കണ്ടവരും കേസന്വേഷണവുമായി ബന്ധപ്പെട്ട പോലീസുകാരുമായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറടക്കം ചില വിദഗ്ദ്ധരുമുണ്ടായിരുന്നു സാക്ഷിപ്പട്ടികയില്‍. ചുരുങ്ങിയത് ആറുപേരെങ്കിലും ജയാനന്ദനെ കുറ്റകൃത്യവുമായി നേരിട്ട് ബന്ധപ്പെടുത്തി.

ഈ ആറു സുപ്രധാന സാക്ഷികളുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കേ, കൊല്ലപ്പെട്ട ഈ ദമ്പതികളുടെ ഒരു ബന്ധുവിന്നെ ഞാന്‍ കണ്ടെത്തി. പേര് പുറത്ത് പറയരുത് എന്ന നിബന്ധനയോടെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ഇദ്ദേഹം പറയുന്നത് അനുസരിച്ച് പോലീസ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കുണ്ടാക്കിയ ധാരണ ജയാനന്ദന്‍ തന്നെയാണ് ഉറപ്പായും കുറ്റവാളിയെന്നും വ്യക്തമായ തെളിവുകള്‍ ഇല്ലാത്തത് കൊണ്ട് അയാള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട് എന്നുമാണ്. അതുകൊണ്ട് കോടതിയില്‍ നല്‍കിയ മൊഴികളില്‍ ചില നിര്‍ണായകമായ കളവുകള്‍ വേണമെന്ന് പോലീസ് പറഞ്ഞതായ് ആ ബന്ധു പറഞ്ഞു. ജയാനന്ദന് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നുമാത്രമായിരുന്നു അവരുടെ ലക്ഷ്യം.

ഏതോ സ്വര്‍ണാഭരണങ്ങളുടെ ഭാഗങ്ങള്‍ കാണിക്കുമ്പോള്‍ അത് ദേവകിയുടെ പക്കല്‍ നിന്ന് മോഷണം പോയ സ്വര്‍ണമാണ് എന്ന് തിരിച്ചറിയണമെന്ന് പോലീസ് കുടുംബാംഗങ്ങളെ ധരിപ്പിച്ചു. കാരണം ശരിക്കും സ്വര്‍ണം പണയം വച്ച സ്ഥാപനത്തില്‍ ഉരുക്കിയെന്നായിരുന്നു പോലീസ് അവരോട് പറഞ്ഞത്. ശരിക്കമുള്ള ആഭരണത്തിന്റെ ഭാഗങ്ങള്‍ ഹാജരാക്കിയില്ലെങ്കില്‍ കേസ് കോടതിയില്‍ ദുര്‍ബലപ്പെടും എന്നുള്ളത് കൊണ്ട് പോലീസ് ഹാജരാക്കുന്ന സ്വര്‍ണം തിരിച്ചറിഞ്ഞതായി കളവ് പറയണം എന്നുള്ള നിര്‍ദ്ദേശം കുടുംബാംഗങ്ങള്‍ അംഗീകരിച്ചുവെന്നാണ് ഇയാള്‍ പറഞ്ഞത്.

” 22 ഗ്രാം സ്വര്‍ണമാണ് മോഷണം പോയതെങ്കിലും തെളിവായി കോടതിയില്‍ കൊണ്ടുവന്നത് 18 ഗ്രം സ്വര്‍ണമായിരുന്നു.’- ആ ബന്ധു പറഞ്ഞു. ‘പോലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും സാക്ഷികള്‍ക്കും എല്ലാവര്‍ക്കും അറിയാമായിരുന്നു ആ ഹാജരാക്കിയിരിക്കുന്നത് മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങളല്ല എന്ന്”.

രാമകൃഷ്ണന്റെ കുടുംബാംഗങ്ങളല്ലാതെ സ്വര്‍ണാഭരണം തിരിച്ചറിയാന്‍ കോടതില്‍ ഹാജരാക്കപ്പെട്ടയാള്‍ ദേവകിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ ശ്യാമള രഘുനന്ദന്‍ ആയിരുന്നു. കോടതിയില്‍ തെളിവായി ഹാജരാക്കിയ സ്വര്‍ണം ദേവകിയുടേതല്ല എന്ന് അവര്‍ മൊഴിനല്‍കി. സാക്ഷി കൂറുമാറിയതായി പോലീസ് പ്രഖ്യാപിച്ചു.

ശ്യാമള കോടതിയില്‍ നല്‍കിയ മൊഴി

ഞാന്‍ സംസാരിച്ചപ്പോഴും ശ്യാമള കോടതിയില്‍ കൊടുത്ത മൊഴിയില്‍ ഉറച്ച് നിന്നു. രാമകൃഷ്ണന്റെ കുടുംബാംഗങ്ങള്‍ അത് ദേവകിയുടെ സ്വര്‍ണമാണെന്ന് തിരിച്ചറിയണം എന്നാവശ്യപ്പെട്ടിരുവെങ്കിലും അറിയാതെ സത്യം പറഞ്ഞ് പോയതാണെന്ന് ശ്യാമള പറഞ്ഞു. ‘കോടതിയില്‍ ഞാന്‍ ആകെ പരിഭ്രമിച്ച് പോയി’- ശ്യാമള പറഞ്ഞു. ‘അത് ശരിക്കുമുള്ള സ്വര്‍ണം അല്ല എന്ന് പറഞ്ഞതിന്റെ പേരില്‍ എന്നെ എല്ലാവരും പഴിച്ചു.’

‘ശ്യാമള സത്യമാണ് പറഞ്ഞത്’- ആ ബന്ധുവെന്നോട് പറഞ്ഞു. ‘പുതിയ സ്വര്‍ണം അവര് കണ്ടിട്ടുണ്ടായിരുന്നില്ല. അത് തിരിച്ചറിയാന്‍ പറഞ്ഞപ്പോള്‍ അവര്‍ ആകെ പരിഭ്രമിക്കുകയും സത്യം പറഞ്ഞുപോവുകയുമാണ് ചെയ്തത്. അവര്‍ക്ക് കേസ് കുഴപ്പത്തിലാക്കണം എന്നൊന്നും ഉണ്ടായില്ല’.

ഈ വിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉയരുന്നത് മറ്റൊരു ചോദ്യമാണ്. ഈ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയ പണയമിടപാട് സ്ഥാപനമായ ചാലക്കുടിയിലെ തോംസണ്‍ എന്റര്‍പ്രൈസെസിന് എന്താണ് പറയാനുണ്ടാവുക? സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കുകയും വില്‍ക്കുകയും ചെയ്ത ജയാനന്ദനെ അവര്‍ തിരിച്ചറിഞ്ഞുവെന്നാണ് കോടതി രേഖകള്‍ പറയുന്നത്.

സാക്ഷിക്കായുള്ള തിരച്ചില്‍
അന്വേഷണങ്ങള്‍ക്കൊടുവില്‍ തോംസണ്‍ എന്റര്‍പ്രെസ് എന്ന പണമിടപാട് സ്ഥാപനം കണ്ടെത്തിയപ്പോള്‍, കാര്യം അത് അപ്പോഴേയ്ക്കും പൂര്‍ണമായും അടച്ച് പോയിരുന്നുവെങ്കിലും, ഞാന്‍ ഞെട്ടിപ്പോയി. കാരണം ചാലക്കുടി പോലീസ് സ്റ്റേഷന്റെ നേരെ എതിര്‍ഭാഗത്ത് റോഡിന് കുറുകെയാണ് ഈ പണയമിടപാട് സ്ഥാപനം നിലനിന്നിരുന്നത്. പട്ടണത്തില്‍ മറ്റനേകം പണയമിടപാട് കടകളുണ്ടായിട്ടും കൊലപാതകി പോലീസ് സ്റ്റേഷന് നേരെ എതിരെയുള്ള സ്ഥാപനത്തില്‍ തന്നെയാണത്രേ കൊള്ളയടിച്ച ആഭരണങ്ങള്‍ പണയം വയ്ക്കാന്‍ കൊണ്ടുവന്നത്.

തോംസണ്‍ എന്റര്‍പ്രൈസിന്റെ മുതലാളി മരിച്ചത് കൊണ്ട് ആ വഴിക്ക് വിവരങ്ങള്‍ ലഭിക്കില്ല. അതുകൊണ്ട് ആ സ്ഥാപനത്തിലെ മുന്‍ മാനേജര്‍ ആയിരുന്ന ബാബു പി.എ എന്നയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. അയാളായിരുന്നു മോഷ്ടിച്ച സ്വര്‍ണവുമായി ജയാനന്ദന്‍ പണയമിടപാട് സ്ഥാപനത്തില്‍ എത്തിയത് കണ്ടതായി കോടതിയില്‍ മൊഴിനല്‍കിയത്.

2006 ഒക്ടോബര്‍ രണ്ടിന് ആഭരണം പണയം വയ്ക്കാനായി ജയാനന്ദന്‍ എത്തിയപ്പോഴാണ് ആദ്യം കണ്ടതെന്നും പിന്നീട് ഒക്ടോബര്‍ ആറിന് ആ സ്വര്‍ണം വില്‍ക്കാന്‍ തീരുമാനിച്ച് എത്തിയപ്പോഴും നവംബര്‍ 11ന് തെളിവായി ആഭരണം കണ്ടുകെട്ടുന്നതിന്റെ ഭാഗമായി പോലിസ് പ്രതിയേയും കൊണ്ട് കടയില്‍ എത്തിയപ്പോഴും വീണ്ടും കണ്ടുവെന്നും ബാബു കോടതിയില്‍ മൊഴി നല്‍കി.

തോംസണ്‍ എന്റര്‍പ്രൈസസും ജയാനന്ദനും തമ്മിലുള്ള സ്വര്‍ണ ഇടപാടിന്റെ ഔദ്യോഗിക തെളിവായി ഹാജരാക്കപ്പെട്ട രശീതിയും ലെഡ്ജറും കണ്ടിട്ടുണ്ടെന്നും ബാബു കോടതിയില്‍ മൊഴി കൊടുത്തു. പോലീസ് പണയമിടപാട് സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണം തെളിവായി കണ്ട് കെട്ടിയതില്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നതും ബാബുവാണ്.

മാസങ്ങളോളം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ബാബുവിനെ ഞാന്‍ കണ്ടെത്തി. ചാലക്കുടിക്കടുത്ത് അങ്കമാലിയില്‍ ഒരു തുണിക്കടയില്‍ മാനേജറായി ജോലി ചെയ്യുകയാണ് ബാബു. ബാബുവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. കോടതിയില്‍ വച്ചാണ് ജയാനന്ദനെ ആദ്യമായി കാണുന്നത് എന്നായിരുന്നു ബാബു പറഞ്ഞത്.

‘ജയാനന്ദന്‍ സ്വര്‍ണം പണയം വയ്ക്കാന്‍ വന്നുവെന്ന് പോലീസ് പറയുന്ന ദിവസം ഞാന്‍ കടയില്‍ ഇല്ലായിരുന്നു. പോലീസ് വന്നപ്പോഴും ഞാന്‍ മറ്റെന്തോ ജോലിക്കായി പുറത്തായിരുന്നു. അയാള്‍ വരുന്നതോ സ്വര്‍ണം പണയം വയ്ക്കുന്നതോ വില്‍ക്കുന്നതോ ഒന്നും ഞാന്‍ കണ്ടിട്ടില്ല.’ -ബാബു പറഞ്ഞു.

പിന്നെന്തിനാണ് കോടതിയില്‍ അയാള്‍ കളവ് പറഞ്ഞത്? തന്റെ മുതലാളി പറഞ്ഞത് അനുസരിക്കുക മാത്രമായിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. തോംസണ്‍ മുതലാളി -അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല- ജോലിക്കാരോട് കോടതിയില്‍ മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ബാബു പറയുന്നത്. ഒരു കുറ്റവാളിയെ ശിക്ഷിക്കാന്‍ പോലീസിനെ സഹായിക്കുകയാണെന്നാണ് ബാബു കരുതിയിരുന്നത്. അപ്പോഴേയ്ക്കും ജയാനന്ദന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. തുടര്‍ കൊലപാതകിയായി അയാളെ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് പ്രഖ്യാപിക്കുകയും ചെയ്തു.

‘നമ്മുടെ സ്ഥാപനത്തിനെ പ്രതിനിധീകരിക്കാന്‍ ഒരു സാക്ഷിയെ വേണമായിരുന്നു മുതലാളിക്ക് എന്നത് കൊണ്ടാണ് ഞാന്‍ തയ്യാറായത്. അതല്ലാതെ വേറെന്ത് ചെയ്യാനാ?’- ബാബു ചോദിച്ചു. കോടതിയില്‍ മാനേജര്‍ എന്നാണ് തന്നെ വിശേഷിപ്പിച്ചിരുന്നതെന്നും ശരിക്കും ജോലിക്കാരന്‍ മാത്രമായിരുന്നുവെന്നും ബാബു വിശദീകരിച്ചു. ‘എന്താണ് ശരിക്കും സംഭവിച്ചത് എന്നതിനെ കുറിച്ച് എനിക്കൊരു പിടിയുമില്ല. മുതലാളി തന്നെയാണ് എല്ലാം നേരിട്ട് കൈകാര്യം ചെയ്തത്. ”-ബാബു പറയുന്നു.

ദേവകിയുടെ സ്വര്‍ണാഭരണങ്ങളാകട്ടെ ഒരിക്കലും രക്തമോ മറ്റെന്തെങ്കിലും ഫോറെന്‍സിക് തെളിവുകളോ ലഭ്യമാകുന്ന തരത്തില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തിയില്ല.

വടക്കേക്കര പോലീസ് കോണ്‍സ്റ്റബ്ള്‍ ആയിരുന്ന എം.കെ കലേശന്‍ 2007-ല്‍ റിട്ടയര്‍ ആയെങ്കിലും ഇപ്പോഴും കേസ് ഫയലുകളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സമീപിക്കാറുണ്ട്. ദേവകി കൊലക്കേസിന്റെ കേസ് ഫയലുകള്‍ താനാണെഴുതിയത് എന്നുള്ള കാര്യത്തില്‍ അദ്ദേഹത്തിന് ഇപ്പോഴും അഭിമാനമുണ്ട്. ജയാനന്ദന്‍ ശിക്ഷിക്കപ്പെട്ടതില്‍ ചാരിതാര്‍ത്ഥ്യമുള്ള ആളുകളിലൊരാളാണ് കലേശന്‍. ഡി.എന്‍.എ ടെസ്റ്റ് അനാവശ്യമായ സങ്കീര്‍ണതകളിലേയ്ക്ക് വലിച്ചിഴക്കുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ‘കടക്കാര് നമുക്ക് തന്നത് വേറെ സ്വര്‍ണമായിരുന്നുവെങ്കില്‍ എന്ത് ചെയ്യും?’- അദ്ദേഹം ചോദിക്കുന്നു.

തോംസണ്‍ എന്റര്‍പ്രൈസിന്റെ പേര് ചോദ്യം ചെയ്യലില്‍ ജയാനന്ദന്‍ വെളിപ്പെടുത്തിയതാണ് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കുറ്റസമ്മതമൊഴിയുടെ മുഴുവന്‍ ലിഖിത രൂപം കോടതിയില്‍ ഹാജരാക്കിയിട്ടേ ഇല്ല. ഹാജരാക്കിയ ഭാഗത്ത് ഈ കടയുടെ പേര് പറയുന്നതില്ല. ‘നിങ്ങളെന്നെ കൂട്ടിക്കൊണ്ട് പോവുകയാണെങ്കില്‍ ആദ്യം സ്വര്‍ണം പണയം വയ്ക്കുകയും പിന്നെ വില്‍ക്കുകയും ചെയ്ത പണയമിടപാട് സ്ഥാപനത്തില്‍ ഞാന്‍ കൊണ്ടുപോകാം.”- എന്നാണ് മൊഴിയില്‍ പറയുന്നത്.

പക്ഷേ സ്വര്‍ണം അല്ലാതെ മറ്റൊരു തെളിവ് കൂടെ ജയാനന്ദനെതിരെ പോലീസ് ഹാജരാക്കിയിരുന്നു- കുറ്റസമ്മത മൊഴിയെ ആധാരമാക്കി വീണ്ടെടുത്ത മണ്ണുകൊണ്ടുള്ള ഒരു പണ കുടുക്ക. എന്തായാലും അത് വീണ്ടെടുക്കാനായി കരുതി കൂട്ടി പോലീസ് തന്നെ കൊണ്ടുവന്ന് വച്ചതാണെന്നാണ് 2006-ല്‍ പുത്തന്‍വേലിക്കര പോലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബ്ള്‍ ആയിരുന്ന ഷിബു കെ.ആര്‍ പറയുന്നത്.

കേസിന്റെ അന്വേഷണഘട്ടത്തില്‍ ഭയങ്കര ആധിയായിരുന്നുവെന്നാണ് ഷിബു പറയുന്നത്. രണ്ട് മാസത്തോളം ഒരു അറസ്റ്റ് പോലും രേഖപ്പെടുത്താന്‍ പോലീസിനായില്ല. അതാകട്ടെ പുത്തന്‍ വേലിക്കരയില്‍ വലിയ പൊതുജനരോഷത്തിനും സംഘര്‍ഷത്തിനും കാരണമായി. വടിയും കത്തിയുമായി ഗ്രാമത്തിലെ പുരുഷന്മാര്‍ പള്ളികള്‍ക്ക് മുന്നിലും കവലയിലുമൊക്കെ കൊലപാതകിയെ പിടിക്കാന്‍ കാവല്‍ നില്‍ക്കാന്‍ തുടങ്ങി.

കുട്ടികളെ അമ്മമാര്‍ വെളിയില്‍ കളിക്കാന്‍ വിടാതെയായി. രാത്രി പുറത്തിറങ്ങുന്ന സര്‍വ്വരേയും സംശയദൃഷ്ടിയോടെ നോക്കാന്‍ തുടങ്ങി. ഒരിക്കല്‍ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ഒരു മധ്യവയസ്‌കനെ ജനക്കൂട്ടം ആക്രമിച്ചു. മൂത്രമൊഴിക്കാന്‍ വീടിന് പുറത്തിറങ്ങിയതായിരുന്നു അയാള്‍.

എന്ത് ചെയ്യണമെന്നറിയാതെ ഷിബു ഒരു ജ്യോത്സ്യനെ കാണാന്‍ പോയി. ‘അദ്ദേഹമാണ് കനാല്‍ പരിശോധിക്കാന്‍ പറഞ്ഞത്. അങ്ങനെ ഞങ്ങളവിടെ തപ്പി. അങ്ങനെയാണ് ഈ പണക്കുടുക്ക കിട്ടിയത്.’-ഷിബു ചിരിച്ചു. പക്ഷേ കോടതിയില്‍ പോലീസ് പറഞ്ഞത് തികച്ചും വ്യത്യസ്തമായ കാര്യമായിരുന്നു.

കുറ്റപത്രം അനുസരിച്ച്, ഒരു കനാലില്‍ വച്ച് കുടുക്കയില്‍ നിന്ന് പണമെടുക്കാനായി അത് അയാള്‍ പൊട്ടിച്ചുവെന്നും ആ പ്രദേശം ജയാനന്ദന്‍ തന്നെയാണ് പോലീസിന് കാണിച്ച് കൊടുത്തത് എന്നുമാണ്. 35 വയസുള്ള  , മത്സ്യത്തൊഴിലാളിയായ അനില്‍ കുമാര്‍, പോലീസ് സാക്ഷിയായി ഹാജരാക്കി. ജയാനന്ദന്‍ പോലീസിനേയും കൊണ്ട് കനാലിന്റെ ഭാഗത്തേയ്ക്ക് പോകുന്നത് കണ്ടുവെന്ന് അയാള്‍ മൊഴി നല്‍കി. അവിടെ നിന്നായിരുന്നു പണക്കുടുക്കയുടെ ഭാഗങ്ങള്‍ കണ്ടെടുത്തത്.

‘ആ കനാലില്‍ നിറയെ ചെളിയും കളയുമാണ്. ഞാന്‍ അവിടെ നില്‍ക്കുമ്പോള്‍ ജയാനന്ദന്‍ എന്നയാളെയും കൊണ്ട് പോലീസ് വരുന്നുണ്ടെന്ന് കേട്ടു. അപ്പോള്‍ കാണാന്‍ ഞാനും പോയി. അയാള്‍ പറഞ്ഞു, ആ ചെളിക്കകത്ത് മണ്‍കുടുക്കയുണ്ടെന്ന്. ഡി.വൈ.എസ്.പി എന്നോടാണ് പരിശോധിക്കാന്‍ പറഞ്ഞത്. ഞാന്‍ അവിടെ നോക്കാന്‍ തുടങ്ങി. അവിടെ നിന്ന് മണ്‍ കുടുക്കയുടെ രണ്ട് കഷണം കിട്ടി. ”-അനില്‍ കുമാറിന്റെ സാക്ഷിമൊഴിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ജയാനന്ദനെ വീട്ടില്‍ തെളിവിടുപ്പിന് കൊണ്ടുവന്നപ്പോള്‍ അവിടെ ഹാജരായിരുന്ന പ്രദേശിക സാമുദായിക നേതാവ് പറയുന്നത് ജയാനന്ദനെ കനാലിന്റെ അരികിലേയ്ക്ക് പോലീസ് കൊണ്ടുപോയില്ല എന്നാണ്. ‘അത് മൊത്തം ഒരു നാടകമായിരുന്നില്ലേ, അഞ്ച് മിനുട്ടുപോലും എടുത്തില്ല.’- ആ നേതാവ് പറഞ്ഞു. അദ്ദേഹവും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ‘ജയചന്ദ്രന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. പോലീസുകാര്‍ക്ക് അവനെ തോളില്‍ കൈയ്യിട്ടാണ് നടത്തിച്ചിരുന്നത്.”

 

അറസ്റ്റിലായ ജയാനന്ദനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവന്നപ്പോള്‍

മറ്റൊരു പ്രധാന സാക്ഷിയായ ജിനി വി. അനിലാകട്ടെ നേരത്തേ പത്രങ്ങളില്‍ ഫോട്ടോ കണ്ടത് കൊണ്ടാണ് പോലിസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ജയാനന്ദനെ തിരിച്ചറിഞ്ഞതെന്ന് പെട്ടന്ന് തന്നെ സമ്മതിച്ചു. അറസ്റ്റ് കഴിഞ്ഞ ഉടനെ തന്നെ പത്രങ്ങളും മറ്റ് മാധ്യമങ്ങളും ജയാനന്ദന്റെ ചിത്രം വിപുലമായി തന്നെ പ്രചരിപ്പിച്ചിരുന്നു. പ്രതിയെ തിരിച്ചറിയാന്‍ ജിനിയെ വിളിക്കുന്നത് കൊലപാതകത്തിന് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞാണ്. അപ്പോഴേയ്ക്കും ജയാനന്ദനെ എളുപ്പം തിരിച്ചറിയാന്‍ പറ്റുമായിരുന്നു.

മറ്റൊരു സുപ്രധാന ദൃക്‌സാക്ഷിയായ കെ.കെ.ബാബു (സ്വര്‍ണപണയ സ്ഥാപനത്തിലെ ബാബുവല്ല) വിന് പറയാനുള്ളത് മറ്റൊരു പ്രധാന കാര്യമായിരുന്നു. പോലീസ് ഭാഷ്യമനുസരിച്ച് കൊലപാതകത്തിന് മുമ്പായി ബാബുവിന്റെ അപ്ഹോള്‍സ്റ്ററി കടയില്‍ സുഹൃത്തായിരുന്ന ജയാനന്ദന്‍ ഇടയ്ക്കിടെ വരാറുണ്ട്. ജയാനന്ദന്റെ ഗ്രാമമായ പൊയ്യക്കാരന്‍ തന്നെയാണ് ബാബുവും..

എന്നാല്‍ പുത്തന്‍വേലിക്കരയിലേയ്ക്ക് താമസം മാറ്റിയതിന് ശേഷം ജയാനന്ദനെ ഇടയ്ക്കിടെ മാത്രമേ കാണാറുള്ളൂവെന്നാണ് ബാബു പറയുന്നത്. ഒരിക്കല്‍ കടയുടെ പുറത്ത് വച്ചാണ് അവസാനം ജയാനന്ദനെ കണ്ടെതെന്നാണ് ബാബുവിന്റെ ഓര്‍മ്മ. എന്താണ് അവിടെ എന്ന് ചോദിച്ചപ്പോള്‍ വൈദ്യുതി ബില്ലടക്കാന്‍ പോകുന്ന വഴിയാണെന്നാണ് ജയാനന്ദന്‍ പറഞ്ഞത്. ആ കൂടിക്കാഴ്ച പോലും 2006-ലെ കൊലപാതകങ്ങള്‍ക്ക് രണ്ട് മുതല്‍ അഞ്ച് കൊല്ലം വരെ മുന്നേ ആയിരിക്കുമെന്ന് ബാബു പറഞ്ഞു.

കൊലപാതകത്തിന് ‘മൂന്ന്-നാല്-അഞ്ച്-കൊല്ലം മുമ്പായിരിക്കും ജയാനന്ദനെ അവസാനം കണ്ടത് എന്നായിരുന്നു ബാബുവിന്റെ മൊഴി. എന്നാല്‍ ജയാനന്ദന് പുത്തന്‍ വേലിക്കരയിലെ വഴികള്‍ സുപരിചതമായിരുന്നുവെന്നതിനുള്ള സൂചനയായാണ് ആ മൊഴിയെ പ്രോസിക്യൂഷന്‍ ഉപയോഗിച്ചത്. വളരെ പ്രചുര പ്രചാരമാര്‍ജ്ജിച്ച കഥയുടെ തിക്തഫലം അനുഭവിക്കേണ്ടി വന്നത് ബാബുവാണ്. ജയാനന്ദന്‍ ബാബുവിന്റെ കടയില്‍ ഇരുന്നാണ് ഗ്രാമം മുഴുവന്‍ പഠിച്ചതും അറിഞ്ഞതും എന്നായിരുന്നു കഥ. അതാകട്ടെ ബാബുവിന്റെ ബിസിനസിന് ദോഷകരമായും ഭവിച്ചു.

ഈ കൂടിക്കാഴ്ചകളും മൊഴികളും ദേവകി കൊലക്കേസിന് പുതിയ ഉള്‍ക്കാഴ്ചകള്‍ പലതും നല്‍കുന്നതാണ്. ഇതാകട്ടെ കോടതിയിലുള്ള ഔദ്യോഗിക രേഖകളില്‍ നിന്ന് തികച്ചും വ്യത്യസ്തവുമാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതല്ല എന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പറയുന്നു. ജയാനന്ദനെ കണ്ടുവെന്ന് കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞ കൂടിക്കാഴ്ച ശരിക്കും നടന്നതേ ഇല്ല എന്ന് പണയമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ പറയുന്നു. ജയാനന്ദനെ കൊലപാതക സ്ഥലത്തിന് അടുത്ത് കണ്ടുവെന്ന രണ്ട് ദൃക്‌സാക്ഷികളുടെ മൊഴികള്‍ തികച്ചും അവിശ്വസനീയമാണ്.

പൂര്‍ണമായും ഉറപ്പില്ലാതെ കണ്ടുവെന്ന് അവകാശപ്പെടുകയോ, നുണപറയുകയോ ചെയ്തത് എന്തിന് എന്ന് ചോദിച്ചപ്പോള്‍ ഇരുവരും നല്‍കിയത് ഒരേ ഉത്തരമാണ്. ജയാനന്ദന്‍ തന്നെയാണ് ഈ കൊലപാതകം നടത്തിയത് എന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു, കാരണം എല്ലാ പത്രങ്ങളും അങ്ങനെയാണ് പറയുന്നത്. ടെലിവിഷന്‍ വാര്‍ത്തയിലും അതു തന്നെ പറയുന്നു. പോലീസും പ്രാദേശിക ഭരണാധികാരികളും അയല്‍ക്കാരും സുഹൃത്തുക്കളും എല്ലാം അങ്ങനെ തന്നെ പറയുന്നു. അങ്ങനെയല്ല എന്ന് സംശയിക്കാന്‍ കാരണമൊന്നുമില്ല. ജയാനന്ദന്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ അവര്‍ക്കും വിജയഭാവം തോന്നി.

ജയാനന്ദനെ എങ്ങനെയാണ് പോലീസ് പ്രതിയായി കണ്ടെത്തിയത് എന്നുള്ളതിനുള്ള ഉത്തരം ഇതില്‍ നിന്നൊന്നും ലഭിക്കുന്നില്ല. ദേവകി കൊലക്കേസില്‍ ജയാനന്ദനെ ആദ്യമായി സംശയിച്ച ഓഫീസര്‍ ആ രഹസ്യം വെളിവാക്കി തന്നു. അവര്‍ ജയാനന്ദനെ കണ്ടെത്തിയതല്ല. അപ്രതീക്ഷിതമായി അയാളില്‍ എത്തിച്ചേര്‍ന്നതാണ്.

ഒരു കൊലപാതകിയെ കണ്ടെത്തുന്നു
ദേവകി കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലുണ്ടായിരുന്ന, അന്ന് സബ് ഇന്‍സ്പെക്ടറായ ആര്‍.കെ. കൃഷ്ണകുമാറിന് കീഴിലുള്ള ഒരു കോണ്‍സ്റ്റബിള്‍ ആയിരുന്നു വിനയന്‍. കൊലക്കേസ് നടന്ന വീടിനടുത്ത വീട്ടില്‍ നിന്ന് ഒരു പെന്‍ടോര്‍ച്ച് നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ വീട്ടിലെ ജിനിയുടെ വിവരണ പ്രകാരം ഉയരം കുറഞ്ഞ കഷണ്ടിയുള്ള, മുന്‍പ് ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടുള്ള, ഒരാളെയാണ് അന്വേഷണ സംഘം തേടിയിരുന്നത്. എറണാകുളത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത ചരിത്രമുള്ള, മത്സ്യത്തൊഴിലാളി കൂടിയായ തമ്പിയെ ആണ് പോലീസ് ആദ്യം സംശയിച്ചത്- വിനയന്‍ പറഞ്ഞു.

പക്ഷേ ഇതുമായി ബന്ധപ്പെടാത്ത മറ്റൊരു കേസില്‍, നാട്ടിലെ ചന്തയിലുണ്ടായ ഒരു കശപിശയില്‍, തമ്പിക്ക് ഒരു വാറണ്ട് ലഭിച്ചു- വിനയന്‍ വിശദീകരിച്ചു. അതോടെ തമ്പി മുങ്ങി. ആര്‍ക്കും അയാളെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. എന്തായാലും വിനയന്‍ ഒരു പൊതുസുഹൃത്ത് വഴി തമ്പിയോട് ഒരു ‘കൂടിക്കാഴച്’ക്ക് വരാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ വാറണ്ട് നടപ്പിലാക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിച്ചു.

അവര്‍ കണ്ടപ്പോ, തമ്പി ആകെ പരിഭ്രാന്തനായിരുന്നുവെന്നാണ് വിനയന്‍ ഓര്‍ക്കുന്നത്. തമ്പി ഒരു കൊലപാതകം നടത്താന്‍ പറ്റിയ ആളായി വിനയന് തോന്നിയില്ല. തമ്പിയെ ഭയങ്കരമായി പേടിപ്പിച്ചുവെന്നാണ് വിനയന്‍ പറയുന്നത്. ചാരായം കൊടുത്ത് ഫിറ്റാക്കിയതിന് ശേഷം ഇങ്ങനെയൊരു കൊലപാതകം നടത്താന്‍ സാധ്യതയുള്ള ആളാരാണ് എന്ന് തമ്പിയോട് വിനയന്‍ ചോദിച്ചു. ആളെ കിട്ടിയില്ലെങ്കില്‍ തമ്പിക്ക് മേല്‍ കൊലക്കുറ്റമിരിക്കുമെന്നും ഭീഷണിപ്പെടുത്തി. ‘ഞങ്ങള് നിന്നെ പിടിച്ചില്ലേലും ക്രൈം ബ്രാഞ്ചോ സി.ബി.ഐയോ പൊക്കും’-തമ്പിയോട് പറഞ്ഞത് വിനയന്‍ ഓര്‍ക്കുന്നു.

ജയിലിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ തമ്പി ജയാനന്ദന്റെ പേര് പറഞ്ഞു. ‘ഞാനൊന്നും ആരുമല്ല സാര്‍. ഞാനൊക്കെ ചെറിയ തല്ലുകേസുകളിലേ ഉണ്ടായിട്ടുള്ളൂ. ഇത് ഭയങ്കര ക്രൂരന്മാര്‍ ചെയ്യുക. സാറിന് ഒരു ജയനെ അറിയുമോ, ജയാനന്ദന്‍?’ തമ്പി ചോദിച്ചത് ഇപ്പോഴും വിനയന് ഓര്‍മ്മയുണ്ട്.

2004-ല്‍ നബീസയേയും ഫൗസിയയേയും മാളയില്‍ കൊലപ്പെടുത്തിയതും മറ്റൊരിടത്ത് മോഷണം പരാജയപ്പെട്ടപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡായ സുഭാഷകനെ കൊലപ്പെടുത്തിയതും ജയാനന്ദനാണ് എന്ന് തമ്പി ആരോപിച്ചു. ജയാനന്ദന്‍ തമ്പിയോട് മാള കൊലപാതകത്തെ കുറിച്ച് പറഞ്ഞിരുന്നുവത്രേ. 2005-ല്‍ സുഭാഷകന്‍ സെക്യൂരിറ്റിയായുള്ള മദ്യശാലയില്‍ മോഷണം നടത്താന്‍ ഇരുവരും ചേര്‍ന്ന് ശ്രമിച്ചതാണ്- അന്നത് വിജയിച്ചില്ല. അതിനും ഒരു മാസത്തിന് ശേഷമാണ് സുഭാഷകന്‍ കൊല്ലപ്പെട്ടത്. ജയാനന്ദന്‍ ഒറ്റയ്ക്ക് ആ പണി തീര്‍ക്കാന്‍ പോയതാകണമെന്നാണ് തമ്പിയുടെ ഊഹം.

എന്തായാലും തമ്പിയുടെ അവകാശവാദങ്ങളൊന്നും നിയമപരമായി നിലനില്‍ക്കുന്നതായിരുന്നില്ല. രണ്ട് കേസിലും ജയാനന്ദനെ വെറുതെ വിട്ടു. എന്തോ കാരണം കൊണ്ട് തമ്പിയെ ദേവകി കൊലക്കേസില്‍ സാക്ഷിയായി ഹാജരാക്കിയില്ല. അതിന് പകരം രഹസ്യമായി വിവരം നല്‍കിയ ആള്‍ എന്നാണ് കോടതി രേഖകളില്‍ ചേര്‍ത്തിരിക്കുന്നത്- വിനയന്‍ പറയുന്നു.

തമ്പി ഇപ്പോഴും മോഷണങ്ങളുടേയും മറ്റ് പ്രശ്നങ്ങളുടേയും പേരില്‍ പ്രശസ്തനാണ്. അതുകൊണ്ട് തന്നെ അയാളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അയല്‍ക്കാര്‍ ധരിച്ചത് പോലീസില്‍ നിന്നാണ് എന്നാണ്. പല പരിചയക്കാരും പറഞ്ഞത് അയാളെ കാണേണ്ടതില്ല, എപ്പോഴാണ് അക്രമാസക്തനാവുന്നത് എന്ന് പറയാനാവില്ല എന്നാണ്.

തമ്പി തന്റെ ഖ്യാതിക്ക് ചേര്‍ന്ന നിലയില്‍ തന്നെയാണ് ജീവിച്ചത്. ഭാര്യയില്‍ നിന്നും മൂന്ന് മക്കളില്‍ നിന്നും അകന്ന്, തൃശൂര്‍ ജില്ലയിലെ കൃഷ്ണന്‍ കോട്ട ഗ്രാമത്തില്‍ വളരെ മോശമായ ഒരു കോണില്‍, എത്തിച്ചേരാന്‍ ഒരു റോഡുപോലുമില്ലാത്തൊരിടത്ത് ചെറിയൊരു കൂരയിലായിരുന്നു അയാള്‍. സര്‍ക്കാരുദ്യോഗസ്ഥരോ, മകള്‍ക്ക് കല്യാണമുറപ്പിച്ചവരുടെ ബന്ധുക്കളോ മറ്റോ ആണെന്ന് കരുതി തമ്പി ഞങ്ങളെ ഊഷ്മളമായാണ് സ്വീകരിച്ചത്. ജയാനന്ദനെ കുറിച്ച് ചോദിക്കാനാണ് എന്ന് മനസിലാക്കിയപ്പോള്‍ ചാടിയെഴുന്നേറ്റ് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.

അയാളെ സംഭാഷണത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരാന്‍ ഞാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും മനസ് തുറന്ന് സംസാരിക്കാന്‍ അയാള്‍ ഭയപ്പെടുന്നത് പോലെ തോന്നി. ‘നിങ്ങള്‍ ജയാനന്ദന്റെ പഴയ ഫോട്ടോ കണ്ടിട്ടുണ്ടോ?’ അയാള്‍ ചോദിച്ചു. എന്നിട്ട് ചുമരിലുള്ള തന്റെ തന്നെ ഫോട്ടോ ചൂണ്ടിക്കാണിച്ചു. ‘നിങ്ങക്ക് എന്തേലും സാമ്യം തോന്നുന്നുണ്ടോ? അതാണ് എല്ലാത്തിനും കാരണം.’

ജയാനന്ദനെ പിടികൂടിയതിന് യാതൊരു പ്രതിഫലവും ലഭിച്ചില്ല എന്നതിന്റെ രോഷം തമ്പിക്കിപ്പോഴും ഉണ്ട്. അയാള്‍ സഹായിച്ച പോലീസുകാര്‍ക്ക് എല്ലാം അത് കൊണ്ട് പ്രയോജനമുണ്ടായി. ‘എനിക്കോ?’-അയാള്‍ ചോദിച്ചു. ജയാനന്ദനുമായി അടുപ്പമുണ്ട് എന്ന ആരോപണത്തിന്റെ പേരില്‍ കുറ്റവാളിയായി തന്നെ മുദ്രകുത്തിയിരിക്കുകയാണ് എന്ന് തമ്പി പരാതിപ്പെടുന്നു.

തന്റെ അഭിമുഖം ലൈവായി ഏതെങ്കിലും മലയാളം ടി.വി ചാനലുകാര്‍ സംപ്രേക്ഷണം ചെയ്യാന്‍ സഹായിച്ചാല്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് അയാള്‍ ഇടയ്ക്ക് പറഞ്ഞു. പക്ഷേ ചിലപ്പോ ഈ വിഷയം വീണ്ടും പൊന്തി വരുന്നത് കുടുംബത്തിന് താത്പര്യമുള്ള കാര്യമായിരിക്കില്ല എന്നും അപ്പോള്‍ തന്നെ സൂചിപ്പിച്ചു. പ്രത്യേകിച്ചും മൂത്തമകള്‍ക്ക് കല്യാണമായിരിക്കുന്ന സമയമാണ്.

ഏതെങ്കിലും തരത്തിലുള്ള പോലീസ് ഇടപെടുകള്‍ തന്നെ മൊഴിക്ക് പിന്നിലുണ്ടായിട്ടില്ല എന്ന് തമ്പി പറഞ്ഞു. തന്റെ മൊഴികളൊക്കെ സത്യസന്ധമായിരുന്നു. പക്ഷേ എന്തായിരുന്നു ആ മൊഴികളെന്ന് വെളിപ്പെടുത്താന്‍ തമ്പി തയ്യാറായില്ല. ഇടയ്ക്ക് വച്ച് മാളയിലെ നബീസ, ഫൗസിയ ഇരട്ടക്കൊലക്കേസില്‍ ജയാനന്ദന് അനുകൂലമായാണ് മൊഴി നല്‍കിയതെന്ന് അബദ്ധവാശാല്‍ തമ്പി പറഞ്ഞുപോയി. ”മജിസ്ട്രേറ്റിന്റെ മുറിയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. പോലീസുകാരുണ്ടായിരുന്നില്ല. ഞാനെന്താണ് പറഞ്ഞത് എന്ന് പോലീസുകാര്‍ക്ക് അറിയാനും പാടില്ല. ഞാന്‍ എനിക്കറിയാവുന്ന കാര്യം പറഞ്ഞു. ജയാനന്ദന് ആ കേസില്‍ ശിക്ഷ കിട്ടിയില്ലല്ലോ അല്ലേ?”- അയാള്‍ പറഞ്ഞു.

ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം തമ്പിയെ കണ്ട് കിട്ടിയതേ ഇല്ല. നാട്ടിലെ ഒരു കള്ള് ഷാപ്പില്‍ മീന്‍ വിറ്റ ശേഷം കുറച്ച് പൈസ് കടം കൂടി വാങ്ങി പോയതാണ് എന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. കള്ള് ഷാപ്പിലെ സുഹൃത്തുക്കളോട് പറഞ്ഞത്, ദേവകി കൊലക്കേസ് വീണ്ടും ഉയര്‍ന്ന് വന്നിട്ടുണ്ട്, പോലീസ് അയാളുടെ പുറകെ കൂടിയതിനാല്‍ കുറച്ച് ദിവസത്തേയ്ക്ക് വിട്ട് നില്‍ക്കുന്നുവെന്നാണ്. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു താനും. അടുത്ത ഏതാനും ആഴ്ചകള്‍ തുടര്‍ച്ചയായി ശ്രമിച്ചതിന് ശേഷം ഒടുവില്‍ തമ്പിയെ ഫോണില്‍ കിട്ടി. പരിഭ്രാന്തനായിരുന്ന അയാള്‍ ഫോണ്‍ വയ്ക്കാന്‍ ധൃതിപ്പെടുകയായിരുന്നു. ഞാന്‍ എനിക്കൊരു ചോദ്യമേ ഉള്ളൂവെന്ന് പറഞ്ഞു: പോലീസിനോട് ജയാനന്ദനെ കുറിച്ച് തമ്പി പറഞ്ഞത് നുണയാണോ?

”അതേടോ, ഞാന്‍ നുണ പറഞ്ഞു. നിനക്ക് എന്താ ചെയ്യാന്‍ പറ്റുന്നത് എന്ന് വച്ചാ ചെയ്തോ”- ഇത് പറഞ്ഞ് അയാള്‍ ഫോണ്‍വച്ചു.

അപ്പോള്‍ ജയാനന്ദന്റെ പേര് എന്തിനാകും തമ്പി പറഞ്ഞത്? നമുക്കറിയില്ല.

കുറ്റസമ്മതത്തിന്റെ നിജസ്ഥിതി
ജയിലിലേയ്ക്ക് മാറ്റപ്പെട്ടതിന് ശേഷം തന്റെ കുറ്റസമ്മതമൊഴി ജയാനന്ദന്‍ നിഷേധിച്ചിരുന്നു. പോലീസ് തന്നെ ഭീകരമായി മര്‍ദ്ദിച്ച് രേഖപ്പെടുത്തിയതാണ് അതെന്ന് അയാള്‍ പറഞ്ഞു. കോടതിയിലും ജയാനന്ദന്‍ അതാവര്‍ത്തിച്ചു. ജയാനന്ദനെ ആദ്യം കസ്റ്റഡിയിലെടുക്കുകയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും ചെയ്ത ആര്‍.കെ.കൃഷ്ണകുമാര്‍ ഡി.വൈ.എസ്.പിയായാണ് പെന്‍ഷന്‍ പറ്റിയത്. ഈ കേസിന്റെ കുറ്റസമ്മതമൊഴി എങ്ങനെയാണ് രേഖപ്പെടുത്തിയത് എന്ന് പറയാന്‍ അദ്ദേഹത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

കൃഷ്ണകുമാറിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു ഈ കേസ്. ജയാനന്ദന്റെ അറസ്റ്റിന് ശേഷം അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഈ കേസ് തെളിയിച്ചതില്‍ പോലീസിനെ നിയമസഭയില്‍ പ്രശംസിച്ചത് കൃഷ്ണകുമാര്‍ അഭിമാനത്തോടെ ഓര്‍ക്കുന്ന മുഹൂര്‍ത്തമാണ്. ഒരു അയല്‍ പക്ക കൂട്ടായ്മ കൃഷ്ണകുമാറിന് സ്വീകരണം പോലുമൊരുക്കി. എം.പിയും എം.എല്‍.എയും അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങായിരുന്നു അത്.

രണ്ട് മണിക്കൂറോളം അദ്ദേഹത്തിന്റെ വീട്ടില്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. ‘എല്ലാവര്‍ക്കും നിയമവിരുദ്ധ തടങ്കലിനെ കുറിച്ച് അഭിപ്രായങ്ങളുണ്ട്. പൊതുവേ മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നവര്‍, പോലീസ് എടുക്കുന്ന റിസ്‌കിനെ അംഗീകരിക്കാറില്ല.’- സംഭാഷണമധ്യേ അദ്ദേഹം പ്രഖ്യാപിച്ചു.

ദേവകി കൊലക്കേസിനെ കുറിച്ചറിഞ്ഞപ്പോള്‍ ആദ്യം മനസിലോടിയെത്തിയത് താന്‍ പിടികൂടിയ ഒരു പോക്കറ്റടിക്കാരന്റെ കഥയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആ പോക്കറ്റടിക്കാരന്‍ മദ്യപാനികളായ യാത്രക്കാരെയായിരുന്നു ഉന്നം വച്ചിരുന്നത്. ജയാനന്ദനെ പോലെ തന്നെ മുന്‍പ് അക്രമം ഉള്‍പ്പെടുന്ന കുറ്റം ചെയ്തതിന്റെ ചരിത്രമൊന്നും അയാള്‍ക്കെതിരെയും ഉണ്ടായിരുന്നില്ല. എന്തായാലും ആ ചെറുകിട കുറ്റവാളി പുറമേ കാണുന്നതിലും സങ്കീര്‍ണമായ ഒരുവനാണ് എന്ന് കൃഷ്ണകുമാറിന് തോന്നി. അയാളുടെ കയ്യിലാകട്ടെ 700 രൂപയും ഒരു സ്വര്‍ണമാലയും ഉണ്ടായിരുന്നു.

അതുകൊണ്ട് ‘അടിയന്തിര നടപടി’ കൃഷ്ണകുമാര്‍ കൈക്കൊണ്ടു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും പോക്കറ്റടിക്കാരന്‍ നിശബ്ദത തുടര്‍ന്നു. അപ്പോള്‍ അയാള്‍ക്ക് ‘ഒരു പ്രത്യേക ചികിത്സ’ നല്‍കിയെന്ന് കൃഷ്ണകുമാര്‍ അവകാശപ്പെട്ടു. എന്നിട്ട് അതിക്രൂരമായ കസ്റ്റഡി പീഡനങ്ങള്‍ വിശദീകരിക്കാന്‍ ആരംഭിച്ചു. ‘സംഗതി ഉള്ളതാണെന്ന് തോന്നിയാല്‍ അത് തെളിയാക്കാന്‍ ഞാന്‍ ഏതറ്റം വരേയും പോകും’- കൃഷ്ണകുമാര്‍ റിക്കോര്‍ഡ് ചെയ്യുന്ന അഭിമുഖത്തിനിടെ പറഞ്ഞു.

എന്തുകൊണ്ടാണ് അത് ആവശ്യമായി വരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സത്യം പറയുന്നതിന് മുമ്പ് കുറ്റവാളികള്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകുമെന്നാണ് കൃഷ്ണകുമാറിന്റെ നിരീക്ഷണം. ആദ്യം കുടുംബത്തേയും കുട്ടികളേയും ചൂണ്ടിക്കാണിച്ച് പോലീസിന്റെ ദയ ആവശ്യപ്പെടും. പിന്നെ നിഷ്‌കളങ്കനായ ഇരയുടെ ഭാവം അഭിനയിച്ച് എല്ലാം കുറ്റവും ഏല്‍ക്കും. അവസാനം സ്വയരക്ഷയ്ക്ക് വേണ്ടത് ചെയ്യുകയും സഹായത്തിനായി കേഴുകയും ചെയ്യും.

‘അപ്പോള്‍ നമ്മള്‍ എല്ലാ ജാലകങ്ങളും തുറന്ന്, അവരവിടെ കിടന്ന് മരിച്ചാലും ഒരു മനുഷ്യനും സഹായിക്കാന്‍ വരില്ല എന്ന് അറിയിക്കും. അങ്ങനെ പതുക്കെ പതുക്കെ ആത്മവിശ്വാസം തകര്‍ക്കും.’-അദ്ദേഹം പറഞ്ഞു. ഇത്തരം ചോദ്യം ചെയ്യലുകള്‍ എല്ലാ കുറ്റവാളികളും അവരുടെ തെറ്റുകള്‍ ആത്യന്തികമായി ഏറ്റ് പറയുന്ന അവസ്ഥയിലേയ്ക്ക് നയിക്കും. അതാകട്ടെ പുറമേ മുറിവുകള്‍ ഉണ്ടാക്കാതെയും ആന്തരികാവയവങ്ങള്‍ക്ക് വലിയ പരിക്ക് പറ്റാതെയും ചെയ്യാനാകും- അദ്ദേഹം അവകാശപ്പെട്ടു. ആ പോക്കറ്റടിക്കാരന്‍ അവസാനം അതുവരെ തെളിയാതിരുന്ന പല കൊലപാതകങ്ങളും മോഷണങ്ങളും ഏറ്റു പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘ഇയാളുടെ കേസിലും (ജയാനന്ദന്‍) ഞങ്ങള്‍ക്ക് ആ അറ്റം വരെ പോകേണ്ടി വന്നു’-കൃഷ്ണകുമാര്‍ പറഞ്ഞു.

ജയാനന്ദന്‍ കേസില്‍ അദ്ദേഹത്തിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരംഗം ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കണമോ എന്ന് ലേശം നേരം ശങ്കിച്ചുപോയി എന്നും അദ്ദേഹം പറഞ്ഞു. ഇത് തുടര്‍ന്നാല്‍ ചോദ്യം ചെയ്യപ്പെടുന്ന ആളുടെ ജീവന്‍ ബാക്കിയുണ്ടാകില്ല എന്ന ആശങ്കയായിരുന്നു. എന്നാല്‍ എല്ലാത്തിന്റേയും ഉത്തരവാദിത്തം തനിക്കാണെന്ന് കൃഷ്ണകുമാര്‍ ആ ഉദ്യോഗസ്ഥന് ഉറപ്പ് നല്‍കി. എന്തായാലും കസ്റ്റഡി പീഡനം സംബന്ധിച്ച നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ അദ്ദേഹം ഒഴിഞ്ഞ് മാറി. എങ്കിലും ചോദ്യം ചെയ്യല്‍ മുറിയില്‍ നടന്ന സംഭവങ്ങളുടെ ചില ലഘുവിവരണങ്ങള്‍ അദ്ദേഹം നല്‍കി.

‘ട്രെഡ്മില്ലില്‍ ഞങ്ങളവനെ ആദ്യം ഓടിച്ചു’-കൃഷ്ണകുമാര്‍ പറഞ്ഞു. ‘പിന്നെ ഒരു മുറിയില്‍ അടച്ചു. അവിടെ അവന്‍ അലറിക്കരയുകയും തല ചുമരിലിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുറ്റം സമ്മതിക്കുകല്ലാതെ മറ്റൊരു വഴിയില്ല അവനെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങളും വളരെ രഹസ്യമായാണ് എല്ലാം ചെയ്തത്. കണ്ണുകെട്ടിയാണ് മുറിയിലേയ്ക്ക് അവനെ കൊണ്ടുവന്നത് തന്നെ”

ജയാനന്ദന്‍ അനുഭവിച്ച പോലീസ് മര്‍ദ്ദനമൊന്നും ദേഹപരിശോധനയിലോ അത് സംബന്ധിച്ച മെഡിക്കല്‍ റിക്കോര്‍ഡുകളിലോ രേഖപ്പെടുത്തിയില്ല. അറസ്റ്റിന് ശേഷമുള്ള മെഡിക്കല്‍ പരിശോധനയില്‍ അയാള്‍ക്ക് പുറത്ത് കാണത്തക്ക മുറിവുകളൊന്നും ഇല്ലായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ദേവകി കൊലക്കേസിന്റെ തെളിവെടുപ്പിന് ജയാനന്ദനെ കൊണ്ടുപോയപ്പോള്‍ അയാള്‍ക്ക് നടക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല എന്നും പോലീസുകാരുടെ സഹായത്തോടെയാണ് സഞ്ചരിച്ചിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഈ സമയത്ത് ജയാനന്ദനെ സന്ദര്‍ശിക്കുമ്പോള്‍ ഭീകരമായ മര്‍ദ്ദനം അയാള്‍ക്ക് ഏറ്റതായാണ് തോന്നിയിരുന്നത് എന്ന് ഭാര്യ ഇന്ദിരയും പറഞ്ഞു. ചോദ്യം ചെയ്യലിനിടയില്‍ നഗ്നനാക്കുകയും ഒരു രഹസ്യ അറയില്‍ പൂട്ടിയിടുകയും ചെയ്തുവെന്ന് പിന്നീട് അയാള്‍ കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. ആപാദചൂഢം പഞ്ചസാര ലായനി പുരട്ടി ഉറുമ്പുകള്‍ക്കിടയില്‍ നിര്‍ത്തിയെന്ന് ജയാനന്ദന്‍ ആരോപിച്ചിരുന്നു. ചെണ്ടക്കോല്‍ ഉപയോഗിച്ച് പോലീസ് മര്‍ദ്ദിച്ചുവെന്നും അതിന്റെ പാട് ഇപ്പോഴും തലയിലുണ്ടെന്നും അയാള്‍ പറഞ്ഞു.

ജയാനന്ദന്‍ ഒരു സ്ഥിരം കുറ്റവാളിയാണെന്ന ധാരണ കൃഷ്ണകുമാറിന് ഉണ്ടായത് എങ്ങനെ?

‘അയാള്‍ (തമ്പി) തന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് ഒരു ധാരണ ലഭിച്ചു, ശരിയല്ലേ? ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടുന്നത്. അവരുടെ നോട്ടവും ഭാവവും മറ്റ് പെരുമാറ്റങ്ങളും നിരീക്ഷിച്ചാല്‍ എനിക്കൊരു കുറ്റവാളിയെ മനസിലാക്കാനാകും. നമ്മുടെ മനസിന് വ്യക്തതയുണ്ടെങ്കില്‍, നമുക്കീ കാര്യത്തില്‍ വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ലെങ്കില്‍, ഒരാളെ നമുക്ക് വളരെ കൃത്യമായും മനസിലാക്കാന്‍ പറ്റും.’- കൃഷ്ണകുമാര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ ഇല്ലാതിരിക്കുക എന്ന വസ്തുതയില്‍ കൃഷ്ണകുമാര്‍ ഊന്നല്‍ കൊടുത്തല്‍ വളരെ കൗതുകകരമാണ്. പുത്തന്‍വേലിക്കര ഗ്രാമത്തിലെ സന്ദര്‍ശനത്തില്‍ നിന്ന് എനിക്ക് മനസിലായത് കൃഷ്ണകുമാര്‍ ദേവകിയുടെ ഒരു അകന്ന ബന്ധുവാണ് എന്നാണ്. വാസ്തവത്തില്‍ ഇക്കാര്യം ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ദേവകിയുടെ ബന്ധുവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

എങ്ങനെയാണ് ജയാനന്ദന്‍ മാളയിലെ നബീസ, ഫൗസിയ ഇരട്ടക്കൊല കേസിലും ജയാനന്ദനെ പ്രതിയാക്കാത്ത മറ്റൊരു കൊലക്കേസിലും കുറ്റസമ്മതം നടത്തിയത് എന്നും കൃഷ്ണകുമാര്‍ വിവരിച്ചു. എങ്ങനെയാണ് കുറ്റകൃത്യത്തെ കുറിച്ചുള്ള വിശദമായ ചോദ്യങ്ങള്‍, ആ വീട് ഏത് ദിശയിലേയ്ക്കാണ് അഭിമുഖമായിരിക്കുന്നത്, കുറ്റകൃത്യം നടന്നിടത്ത് ഒരു മേശയുണ്ടായിരുന്നോ, എന്നിങ്ങനെയുള്ളവ, ചോദിച്ച് പ്രതിയാണെന്ന് സംശയിക്കുന്നായാളില്‍ നിന്ന് സകലവിശദാംശങ്ങളും ശേഖരിക്കുന്ന രീതിയായിരുന്നു അത്.

ജയാനന്ദന്‍ മാള ഇരട്ടക്കൊലക്കേസില്‍ തെളിവുകളുടെ അഭാവത്തിലാണ് വിട്ടയ്ക്കപ്പെട്ടത്. മറ്റ് ഓഫീസര്‍മാരിലേയ്ക്ക് മാറ്റപ്പെട്ടതോടെ കേസുകള്‍ നശിച്ച് പോയതായി കൃഷ്ണകുമാര്‍ വാദിച്ചു. തെളിവുകള്‍ കണ്ടെത്തുന്ന പോലീസ് ഓഫീസര്‍ തന്നെ വേണം കുറ്റസമ്മത മൊഴിയും രേഖപ്പെടുത്താനെന്ന് അദ്ദേഹം വാദിച്ചു.

ജയാനന്ദന്റെ വ്യക്തിത്വത്തെ കുറിച്ച് എന്താണ് തോന്നിയത് എന്ന് ഞാന്‍ കൃഷ്ണകുമാറിനോട് ചോദിച്ചു. അതിന് മറുപടി പറയുന്നതിന് പകരം അയാള്‍ ഭയങ്കരനായ ഒരു കുറ്റവാളിയാണ് എന്നുള്ള തന്റെ ഉള്‍പ്രേരണയെ ന്യായീകരിക്കുന്നതിന് ജയാനന്ദന്റെ വീടിനെ കുറിച്ച് പറയുകയാണ് കൃഷ്ണകുമാര്‍ ചെയ്തത്. ‘അയാളുടെ വീടിന്റെ വാതിലും ജനലുമെല്ലാം രാവിലെ മൊത്തം അടഞ്ഞ് കിടക്കും’- ഇതൊരു കുറ്റവാളിയുടെ സ്വഭാവമാണെന്ന് കൃഷ്ണകുമാര്‍ വാദിച്ചു. എന്തായാലും നേരത്തേ പറഞ്ഞത് പോലെ ജയാനന്ദന്റെ കുടുംബാംഗങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചത്തോളം രാത്രി തൊഴിലെടുക്കുകയും രാവിലെ ഉറങ്ങുകയും ചെയ്യുക എന്നത് സ്വഭാവികമായ കാര്യമാണ്.

എന്നാല്‍ കുറ്റസമ്മത മൊഴിയുടെ മാത്രം അടിസ്ഥാനത്തിലല്ല, ജയാനന്ദന്റെ ക്രിമിനല്‍ സ്വഭാവങ്ങളുടെ ‘മറ്റ് തെളിവുകള്‍’ കൂടി കണക്കിലെടുത്താണ് അയാള്‍ ശിക്ഷിക്കപ്പെട്ടത് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. ആ തെളിവുകളാണ് ഈ അന്വേഷണത്തില്‍ സംശയം ജനിപ്പിക്കുന്നത്.

ഒരു കൊലപാതകിയെ സൃഷ്ടിക്കുന്ന വിധം
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള പ്രൊജക്ട് 39 എ നിയമസഹായ പദ്ധതിയുടെ ഭാഗമായി ജയാനന്ദനെതിരായ കേസുകള്‍ പരിശോധിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് മാരാരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം ആദ്യം ചൂണ്ടിക്കാണിച്ചത് ‘ജയാനന്ദന് ലഭിച്ച നിയമസഹായം അതീവ ദുര്‍ബലമായിരുന്നു’ എന്നാണ്.

‘ഞാന്‍ കേരള ഹൈക്കോടതിയില്‍ എത്തി അക്കാലത്ത് ഈ കേസ് നോക്കിയിരുന്ന അഭിഭാഷകനോട് വേണ്ട രേഖകള്‍ ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഈ കേസിനെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. ആലോചിച്ച് നോക്കൂ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കേസില്‍ പ്രതിക്ക് വേണ്ടി ഹാജരാകുന്ന ആളാണ്!’ -അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ദേവകി കൊലക്കേസില്‍ കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും രഞ്ജിത് മാരാര്‍ ഹാജരായ സമയത്ത് മാത്രമാണ് പ്രതിയ്ക്ക് വേണ്ടിയുള്ള ഏതെങ്കിലും തരത്തിലുള്ള എതിര്‍വാദം ഉണ്ടായത്. ജയാനന്ദന്റെ വധശിക്ഷ അങ്ങനെ ജീവപര്യന്തമായി കുറയ്ക്കപ്പെട്ടു. ജയാനന്ദന്‍ കൊലക്കേസില്‍ നിരപരാധിയാണെന്നാണ് രഞ്ജിത് മാരാര്‍ വിശ്വസിക്കുന്നത്. പക്ഷേ ഒരിക്കല്‍ കുറ്റവാളിയാണെന്ന് വിധിക്കപ്പെട്ടാല്‍ ഒരാളുടെ കേസ് തിരികെ വാദമുഖങ്ങളുയര്‍ത്തി രക്ഷിച്ചെടുക്കാന്‍ എത്ര വിഷമകരമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രതി കുറ്റവാളിയല്ല എന്ന് പ്രഖ്യാപിച്ച് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് വാദിക്കാന്‍ പറ്റുന്ന ഘട്ടമെല്ലാം അപ്പോഴേയ്ക്കും കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. ”ജയാനന്ദന്‍ അപ്പോഴേയ്ക്കും നിയമത്തിന്റേയും ജഡ്ജിമാരുടെയും ദൃഷ്ടിയില്‍ ഒട്ടേറെ കൊലപാതകങ്ങളില്‍ ആരോപിതനായ കഠോര കുറ്റവാളിയായി മാറിക്കഴിഞ്ഞിരുന്നു.”

ജയാനന്ദന്റെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥാകുറിപ്പുകള്‍ അയാളുടെ സങ്കീര്‍ണമായ മനസിന്റെ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഒരിടത്ത് തനിക്കു ജയിലില്‍ നേരിടേണ്ടി വന്നിട്ടുള്ള മനുഷ്യത്വരഹിതമായ അനുഭവങ്ങളെ കുറിച്ച് ലേശം നര്‍മ്മം കലര്‍ത്തി അദ്ദേഹം എഴുതുമ്പോള്‍ മറ്റുവശത്ത് തന്നെ ചതിച്ച സഹതടവുകാരന്റെ വയറ്റില്‍ കത്തികൊണ്ട് ഒരു ‘ശസ്ത്രക്രിയ’ നടത്താനുള്ള ആഗ്രഹത്തെ കുറിച്ച് വളരെ സ്വഭാവികമെന്നോണം പറയുന്നു.

അതേസമയം രണ്ട് തവണ ജയില്‍ ഭേദനം നടത്തിയ തന്റെ ചാതുര്യത്തെ കുറിച്ച് നിശബ്ദത പാലിക്കുകയും ചെയ്യുന്നുണ്ട്.

2013-ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പൂട്ട് ഇരുമ്പ് കട്ടര്‍ ഉപയോഗിച്ച് തുറന്ന് മറ്റൊരു തടവ് പുള്ളിക്കൊപ്പം ജയാനന്ദന്‍ രക്ഷപ്പെട്ടിട്ടുണ്ട്. മുള കൊണ്ടും തുണികൊണ്ടും ഉണ്ടാക്കിയ കയറുപയോഗിച്ചാണ് പുറം മതില്‍ ചാടിക്കടന്നത്. 2010-ല്‍ ജയില്‍ സെല്ലിന്റെ ഇരുമ്പഴികള്‍ വളച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയാനന്ദന്‍ പുറത്ത് ചാടി. ഒരിക്കല്‍ തൃശൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തുരങ്കം വഴി രക്ഷപ്പെടാന്‍ ശ്രമം നടത്തി പരാജയപ്പെടുകയും ചെയ്തു.

ഇതേ കുറിച്ച് ചോദിക്കുമ്പോള്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളായിരുന്നു തന്റെ ഏറ്റവും വലിയ തെറ്റ് എന്ന് ജയാനന്ദന്‍ പറയും. അത് കേസുകള്‍ക്ക് ദോഷമാവുകയും പോലീസുകാര്‍ ആജ•ശത്രുക്കളായി മാറാനിടയാക്കുകയും ചെയ്തു. ഈ ജയില്‍ ചാട്ടത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഒരു ഓഫീസറാണ് 2004-ലെ തെളിക്കപ്പെടാത്ത ഒരു കേസില്‍ അയാളെ പ്രതിയാക്കിയത് എന്നാണ് ജയാനന്ദന്‍ പറയുന്നത്. 2021 ഡിസംബറില്‍ അതിന്റെ പേരില്‍ ജയാനന്ദന്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 75-ാം വാര്‍ഷികം പ്രമാണിച്ച് 2022-ലെ സ്വാതന്ത്ര്യദിനത്തില്‍ മോചിക്കപ്പെടാനുള്ള മാപ്പപേക്ഷ നല്‍കാനിരിക്കെയായിരുന്നു ഈ അറസ്റ്റ്.

ആ കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഞാന്‍ വായിച്ചിരുന്നു. തന്നോട് ജയാനന്ദന്‍ ഒരു കുറ്റകൃത്യം തുറന്നുപറഞ്ഞുവെന്ന മുന്‍ സഹതടവുകാരന്റെ മൊഴിയെ ഏതാണ്ട് പൂര്‍ണമായും ആശ്രമിച്ചാണ് ആ കേസ് നിലനില്‍ക്കുന്നത്. ഇത് പ്രധാനമായും 2021 ഡിസംബറില്‍ രണ്ട് ദിവസം തുടര്‍ച്ചയായി മര്‍ദ്ദിച്ച് ഈ കൊലക്കേസിലെ കുറ്റസമ്മത മൊഴിയെടുക്കാന്‍ ശ്രമിച്ചുവെന്ന് ജയാനന്ദന്‍ പറയുന്നു. ഇത്രയൊക്കെ സഹിച്ചത് കൊണ്ട് തന്നെ കുറ്റസമ്മതം നടത്തിയില്ല എന്ന് അയാള്‍ പറഞ്ഞു.

ആര് പറയുന്നതാണ് സത്യം? ശരിക്കും ജയാനന്ദന്‍ പോലീസുകാര്‍ ചിത്രീകരിക്കുന്നത് പോലെ അപകടകാരിയായ ഒരു കുറ്റവാളിയാണോ? അതോ അയാള്‍ അവകാശപ്പെടുന്നത് പോലെ പൂര്‍ണമായും നിരപരാധിയോ?

ജയാനന്ദന്റെ വീട്ടുകാരുമായുള്ള അവസാന വട്ട കൂടിക്കാഴ്ചകളില്‍ ഒന്നില്‍ എന്റെ അന്വേഷണത്തിന്റെ ലക്ഷ്യമെന്താണെന്ന് എനിക്ക് തന്നെ സംശയമായി.  ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ ജയാനന്ദന്‍ റിപ്പറല്ല എന്ന് തെളിയിക്കുന്നതാണോ? മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണം ഭരണകൂടം ഉത്തരവിടുന്ന അന്വേഷണത്തിന് തുല്യമല്ല എന്ന് അറിയാമെങ്കിലും, ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഒരു ചോദ്യമുന്നയിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ട്- ഒരാള്‍ നിരപരാധിയായിരിക്കാന്‍ എന്തെങ്കിലും സാധ്യതകളുണ്ടെങ്കില്‍, അതെത്രമാത്രം ചെറുതാണെങ്കില്‍ പോലും, അയാളെ കഴുമരത്തിലേക്കോ ജീവിതകാലം മുഴുവന്‍ കല്‍ത്തുറങ്കലിലേക്കോ തള്ളിവിടാന്‍ പാടുള്ളതാണോ?

ചുരുങ്ങിയ പക്ഷം, കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ സാധ്യതകള്‍ ഒരുമിച്ച് ചേര്‍ത്ത് വച്ച് പൂരിപ്പിക്കുന്ന സമ്പ്രദായം എങ്ങനെയാണ് ഇന്ത്യയില്‍ നടക്കുന്നതെന്നുള്ളത് ചിത്രീകരിക്കാനുള്ള ശ്രമമെങ്കിലുമാണിത്. പ്രൊജക്ട് 39 എയുടെ 2016-ല റിപ്പോര്‍ട്ട് -ഇന്ത്യയിലെ മരണശിക്ഷകളെ കുറിച്ചുള്ള റിപ്പോര്‍ട്ട്-കണ്ടെത്തുന്നത് 2000 മുതല്‍ 2015 വരെ ഇന്ത്യയിലെ മുഴുവന്‍ വിചാരണ കോടതികളും വിധിച്ചിട്ടുള്ള മരണ ശിക്ഷകളില്‍ 29.8 ശതമാനത്തേയും (443 പേര്‍) പിന്നീട് സുപ്രീം കോടതി നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചുവെന്നാണ്. സാമ്പത്തിക പരാധീനതകളും സാമൂഹിക വിവേചനങ്ങളുമാണ് ഇതില്‍ ഭൂരിപക്ഷത്തിനും ആവശ്യമുള്ള നിയമപരിരക്ഷ ലഭിക്കാന്‍ ആദ്യഘടത്തില്‍ തന്നെ തടസമാകുന്നതെന്നും ഈ പഠനം കണ്ടെത്തുന്നു.

ജാമ്യത്തുക കെട്ടിവക്കാന്‍ ഇല്ലാത്തത് കൊണ്ട് ജയാനന്ദന്‍ വിചാരണവരെ ജാമ്യത്തിന് അപേക്ഷിക്കാതെ ജയിലില്‍ കഴിയുകയായിരുന്നു. അയാളുടെ കുടുംബം നിയമ സഹായത്തിന് വേണ്ടി കഷ്ടപ്പെട്ടു. ഒടുവില്‍ അയാളുടെ ഭാര്യ ഒരു അഭിഭാഷകനാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടായപ്പോള്‍ അത് ആ ശ്രമവും അവസാനിച്ചു. ജയാനന്ദന് ശരിയായ ഒരു അഭിഭാഷകന് വേണ്ടിയുള്ള ചെലവ് വഹിക്കാനുള്ള കഴിവുണ്ടായിരുന്നുവെങ്കില്‍ ജയാനന്ദനും കോടതികള്‍ക്കും അത് പ്രയോജനമായേനെ എന്ന് വാദിക്കുന്നതില്‍ തെറ്റില്ല.

ഈ വാര്‍ത്താ സ്റ്റോറിയുടെ ഗവേഷണം പ്രൊജക്ട് 39 എ, എന്‍.എല്‍.യു ഡല്‍ഹി ഫെല്ലോഷിപ്പിന്റെ ഭാഗമായാണ് നടന്നത്. പ്രൊജക്ട് 39 എ കേരള ഹൈക്കോടതിയില്‍ ജയാനന്ദന് വേണ്ടി നിയമസഹായമൊരുക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.

രാഷ്ട്രീയം, ക്രൈം, ബിസിനസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് നിധീഷ് എം കെ

ദി ന്യൂസ് മിനിട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പരിഭാഷയാണ്‌അഴിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിഭാഷ; അനില/ ശ്രീജിത്ത്

Share on

മറ്റുവാര്‍ത്തകള്‍