June 14, 2025 |
Share on

ദക്ഷിണ കൊറിയന്‍ താരത്തിന് നിയമം ചുവപ്പ് കാര്‍ഡ് കാണിക്കുമോ?

ബ്ലാക് മെയ്ല്‍, സെക്‌സ് വീഡിയോ, കുടുംബത്തില്‍ നിന്നുള്ള ചതി

ഈ വാര്‍ത്തയിലെ കേന്ദ്ര കഥാപാത്രം ഒരു ഫുട്‌ബോള്‍ കളിക്കാരാനായതുകൊണ്ട്, ത്രസിപ്പിക്കുന്നൊരു ഫുട്‌ബോള്‍ മത്സരത്തെക്കുറിച്ചാണ് പറയുന്നതെന്ന് കരുതരുത്. കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ക്രൈം സീരീസില്‍ നിന്നുള്ളതാണോ എന്നും തോന്നാം.

ദക്ഷിണ കൊറിയയുടെ അന്താരാഷ്ട്ര താരമായ ഹ്വാങ് ഉയ്-ജോ ആണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം. ആദ്യം ഇരയായും പിന്നീട് കുറ്റാരോപിതനായും മാറിയ ജോയുടെ കഥ ദ അത്‌ലറ്റിക് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്ലാക് മെയ്‌ലിംഗ്, സെക്‌സ് വീഡിയോ, കുടുംബത്തില്‍ നിന്നുള്ള ചതി എന്നിങ്ങനെ പലകാര്യങ്ങളാണ് ഹ്വാങ് ജോയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിറയുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള പ്രീമിയര്‍ ലീഗ് ക്ലബ്ബായ നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ താരമാണ് ഹ്വാങ് ജോ ഇപ്പോള്‍.

നിലവില്‍ ഹ്വാങ് ഉയ്-ജോ സ്‌പെയിനിലാണ്. അടുത്ത സീസണ് മുന്നോടിയായി കോച്ച് നുനോ എസ്പിരിറ്റോയുടെ കീഴില്‍ പരിശീലനത്തിലാണ്. അതേസമയം, രാജ്യത്തിന് വേണ്ടി 62 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരത്തിനെതിരേ ദക്ഷിണ കൊറിയയില്‍ ഗുരുതര പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. തലസ്ഥാനമായ സിയോളില്‍ രജിസ്റ്റര്‍ ചെയ്ത കേസ്, രണ്ട് സ്ത്രീകളുടെ ലൈംഗിക വീഡിയോകള്‍ അവരുടെ അനുമതിയോ അറിവോ കൂടാതെ ചിത്രീകരിച്ചതിനാണ്. 2022 ജൂണിനും സെപ്തംബറിനും ഇടയില്‍ നാല് തവണ ജോ ഇത്തരത്തില്‍ ലൈംഗിക വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പരാതി. കഴിഞ്ഞ നവംബറില്‍ ദേശീയ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ഹ്വാങ് ജോക്കെതിരേയുള്ള കുറ്റം തെളിഞ്ഞാല്‍ പരമാവധി ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

‘ സത്യം പുറത്തു വരുമെന്നും അയാളുടെ പ്രവര്‍ത്തികള്‍ ഉണ്ടാക്കിയ നഷ്ടത്തെക്കുറിച്ച് തിരിച്ചറിയുകയും അതിലൂടെ അയാളൊരു പാഠം പഠിക്കുമെമെന്നാണ് പരാതിക്കാര്‍ വിശ്വസിക്കുന്നത്’. പരാതിക്കാരുടെ അഭിഭാഷകയായ ലീ ഉന്‍-യു ദ അത്‌ലറ്റിക്കിനോട് പറയുന്നു. പരാതിക്കാര്‍ പൂര്‍ണമായി തകര്‍ന്നുപോയെന്നും എന്തു ചെയ്യണമെന്നു പോലും അറിയാത്ത അവസ്ഥയിലാണെന്നും ലീ പറഞ്ഞു. ഈ കേസ് ഹ്വാങ് ഉയ്-ജോയുടെ അന്താരാഷ്ട്ര കരിയറിന് തന്നെ അവസാനം കുറിച്ചേക്കാം. കൂടാതെ, അയാള്‍ നാട്ടിലും വിദേശത്തും ഒരുപോലെ നിരീക്ഷിക്കപ്പെടുകയും ചെയ്യും.

ഹ്വാങ് ജോയുടെ മുന്‍ കാമുകിമാരില്‍ ഒരാളെന്ന് അവകാശപ്പെട്ടൊരു ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ നിന്നാണ് താരത്തിനെതിരായ ആരോപണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഒന്നിലധികം സ്ത്രീകളോടു ഹ്വാങ് ജോ വിശ്വാസ വഞ്ചന കാണിച്ചിട്ടുണ്ടെന്നും, അവരുമായുള്ള ലൈംഗിക ബന്ധങ്ങള്‍ രഹസ്യമായി ചിത്രീകരിച്ചിരുന്നുവെന്നും ഇന്‍സ്റ്റ വഴിയുള്ള വെളിപ്പെടുത്തല്‍ ഉണ്ടായി. ‘ നിരവധി സ്ത്രീകള്‍ക്ക് ഇതേ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നായിരുന്നു ഇന്‍സ്റ്റ പോസ്റ്റില്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് ഹ്വാങ് ജോയുടെ കമ്പനിയായ യുജി സ്‌പോര്‍ട്‌സ് രംഗത്തു വന്നത്. അടിസ്ഥാനമില്ലാത്ത കിവംദന്തികളും ലൈംഗിക അപവാദങ്ങളും എന്നായിരുന്നു കമ്പനി പറഞ്ഞത്. ആരോപണങ്ങള്‍ ഉന്നയിച്ച അജ്ഞാത ഇന്‍സ്റ്റഗ്രാം അകൗണ്ടിനെതിരേ യുജെ സ്‌പോര്‍ട്‌സ് നിയമ നടപടി സ്വീകരിക്കുകയും ചെയ്തു.

hwang ui-jo south korean football player

എന്നാല്‍ പൊലീസ് അന്വേഷണം ചെന്നെത്തിയത് വലിയൊരു ട്വിസ്റ്റിലേക്കായിരുന്നു. പരാതി വന്ന ഇന്‍സ്റ്റഗ്രാം അകൗണ്ടിന്റെ ഐപി അഡ്രസ് പൊലീസ് കണ്ടെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം മനസിലായത്. ഹ്വാങ് ജോയ്‌ക്കെതിരായ പോസ്റ്റുകള്‍ വന്നത് സ്വന്തം വീട്ടില്‍ നിന്ന് തന്നെയായിരുന്നു. ഹ്വാങിന്റെ സഹോദരന്റെ ഭാര്യയായിരുന്നു ആ പോസ്റ്റുകള്‍ക്ക് പിന്നില്‍. പൊലീസിനോട് അവര്‍ കുറ്റമേറ്റു പറഞ്ഞു. ഹ്വാങിന്റെ കരിയറിനു വേണ്ടി താനും ഭര്‍ത്താവും അനുഭവിച്ച കഷ്ടപ്പെടുകള്‍ അവന്‍ മറന്നതോടെയാണ് പ്രതികാരവും ദേഷ്യവും തന്നിലുണ്ടായതെന്നും അതിന്റെ ഭാഗമായാണ് ഹ്വാങിനെ ബ്ലാക്‌മെയ്ല്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും സഹോദര ഭാര്യ പൊലീസിന് മുന്നില്‍ കുമ്പസാരിച്ചു.

‘ അവനെയൊരു പാഠം പഠിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ ഭര്‍ത്താവും ഞാനും അവനുവേണ്ടി ചെയ്ത ത്യാഗങ്ങള്‍ അവന്‍ വിലവച്ചിരുന്നില്ല’ സിയോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക് കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ സഹോദര ഭാര്യ സമ്മതിക്കുന്ന കാര്യമാണിത്. കോടതി ആ സ്ത്രീയെ മൂന്നു വര്‍ഷത്തെ തടവിന് വിധിച്ചു.

തനിക്കെതിരേ പരാതികള്‍ വന്നതിനു പിന്നാലെ നിരപരാധിയെന്നു സ്ഥാപിക്കാനായിരുന്നു ഹ്വാങ് ജോ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. ‘ ഞാന്‍ തെറ്റായ യാതൊന്നും ചെയ്തിട്ടില്ല’ എന്നാണ് അഭിഭാഷകര്‍ മുഖേന ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍, കേസും കോടതിയും ഹ്വാങിന്റെ കരിയറിനെ ബാധിച്ചു. പരാതികളില്‍ ഹ്വാങ് ഉള്‍പ്പെട്ടത് ദേശീയ ടീമില്‍ നിന്നുള്ള പുറത്താക്കലിന് കാരണമായി. ഇപ്പോള്‍ അയാളുടെ ക്ലബ് കരിയറും സംശയത്തിന്റെ നിഴലിലാണ്.

2022 ലാണ് നാല് മില്യണ്‍ പൗണ്ടിന്(43 കോടിയോളം ഇന്ത്യന്‍ രൂപ) നോട്ടിംഗ്ഹാം ഫോറസ്റ്റുമായി ഹ്വാങ് ഉയ്-ജോ കരാറിലെത്തിയത്. പക്ഷേ, ഇതുവരെ ക്ലബ്ബിനു വേണ്ടി കളത്തിലിറങ്ങാന്‍ സാധിച്ചിട്ടില്ല. നോര്‍വിച്ച് സിറ്റി, എഫ് സി സിയോള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കാന്‍ ഹ്വാങിനെ നോട്ടിംഗ്ഹാം ഫോറസ്റ്റ് വിട്ടു കൊടുക്കാറുണ്ട്. നിലവില്‍ നോര്‍വിച്ചിലെ കരാര്‍ വെട്ടിക്കുറച്ച് സീസണിലെ അവസാന ഭാഗത്ത് തുര്‍ക്കിയിലെ അലന്യാസ്‌പോര്‍ ക്ലബ്ബിനു വേണ്ടി ഫോറസ്റ്റ് ഹ്വാങിനെ വിട്ടുകൊടുത്തിരുന്നു.

ഹ്വാങ് ഉയ്-ജോക്കെതിരായ പരാതി ദക്ഷിണ കൊറിയയില്‍ ദേശീയ പ്രശ്‌നമായി മാറി. ‘ മോല്‍ക(Molka) എന്ന പേരിലാണ് ഹ്വാങ് വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ലൈംഗിക ബന്ധങ്ങള്‍ രഹസ്യമായി വീഡിയോയില്‍ ചിത്രീകരിക്കുന്നതിനുള്ള ദക്ഷിണ കൊറിയന്‍ പദമാണ് മോല്‍ക. ഡിജിറ്റല്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ ഉദ്ദാഹാരണമായി മാധ്യമങ്ങള്‍ ഹ്വാങ് കേസ് ചര്‍ച്ചയ്‌ക്കെടുത്തു. രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്നതിന്റെ തെളിവായും ഈ കേസ് ചര്‍ച്ച ചെയ്യപ്പെട്ടു.

താന്‍ ചതിക്കപ്പെട്ട വിവരം, ഇത്തരമൊരു വീഡിയോ പ്രചരിക്കുന്നതുവരെ പരാതിക്കാരിക്ക് അറിയില്ലായിരുന്നുവെന്നാണ്, അഭിഭാഷക ലീ ഉന്‍-ഉയ് പറയുന്നത്. അതുമൂലം ഉണ്ടായ നഷ്ടം വളരെ വലുതാണ്. പരാതിക്കാരി ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു. വലിയ മാനസികാഘാതമാണ് പരാതിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നത്, അതില്‍ നിന്നും പുറത്തു വരികയെന്നത് ദുര്‍ഘടവുമാണ്, ലീ ഉന്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഹ്വാങ് വാദിക്കുന്നത് ഈ വീഡിയോകള്‍ ഉഭയ സമ്മത പ്രകാരം ചിത്രീകരിച്ചതാണെന്നും, ഒരുമിച്ചിരുന്ന് ഈ വീഡിയോ കണ്ടിട്ടുള്ളതാണെന്നുമാണ്. എന്നാല്‍ വാദിഭാഗം ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. വീഡിയോ രഹസ്യമായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

ഹ്വാങിനെതിരായ പരാതികള്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും കുഴപ്പത്തിലാക്കിയാരിക്കുകയാണ്. ഗ്രീക്ക് ശതകോടീശ്വരനായ ഇവാഞ്ചലസ് മരിനാക്കിസിന്റെ ഉടമസ്ഥതയിലുള്ള ഒളിമ്പിയകോസ് ക്ലബ്ബിനു വേണ്ടി ഹ്വാങിനെ വിട്ടുകൊടുക്കാന്‍ ഫോറസ്റ്റ് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഈ തീരുമാനം ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. ഇത് മൂലം ഹ്വാങിനു മാത്രമല്ല, നോട്ടിംഗ്ഹാം ഫോറസ്റ്റിനും തിരച്ചടിയാണുണ്ടായിരിക്കുന്നത്. എന്നാല്‍ ഹ്വാങിനെതിരേ ഉടനടിയുള്ള നടപടികളൊന്നും വേണ്ടെന്ന നിലപാടിലാണ് ക്ലബ്ബ്. പരാതികളിലെ സത്യാവസ്ഥ പുറത്തു വരുംവരെ കാത്തിരിക്കാനാണ് തീരുമാനം. അത് നഷ്ടമുണ്ടാക്കുന്ന തീരുമാനമാണ്. കാരണം, ക്ലബ്ബില്‍ തുടരാന്‍ അനുവദിച്ചാല്‍, ഹ്വാങിന്റെ നിയമനടപടികള്‍ അവസാനിക്കും വരെ അവര്‍ അയാള്‍ക്ക് ശമ്പളം കൊടുത്തുകൊണ്ടിരിക്കണം.

നിയമ വ്യവാഹാരങ്ങളുടെ അവസാനം എന്താകുമെന്ന് അറിയുന്നതുവരെ ഹ്വാങിന്റെ ഭാവിയും തുലാസിലാടും. സിയോളില്‍ നടക്കുന്ന വിചാരണ കരിയറിനെ മാത്രമല്ല, സ്വകാര്യ ജീവിതത്തെയും ബാധിക്കും. തത്കാലം നോട്ടിംഗ്ഹാം ഫോറസ്റ്റിലെ കളിക്കാരനായി തുടരാമെങ്കിലും, ഭാവി അത്രകണ്ട് ശോഭനമല്ല.

ഹ്വാങ് ഉയ്-ജോ ഉള്‍പ്പെട്ട കേസ് ദക്ഷിണ കൊറിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും ആവശ്യങ്ങള്‍ക്കും വഴി വച്ചിട്ടുണ്ട്. ഡിജിറ്റല്‍ ലൈംഗിക കുറ്റങ്ങള്‍ കര്‍ശനമായി തടയാന്‍ സംവിധാനം ഉണ്ടാകണമെന്നാണ് പൊതുവായി ഉയരുന്ന ആവശ്യം. ഇത്തരം വഞ്ചനകളിലൂടെ വ്യക്തിപരമായും സാമൂഹികപരമായും ഉണ്ടാകുന്ന ആഘാതങ്ങള്‍ ഗുരുതരമാണ്. അതുകൊണ്ട് തന്നെ ഇത്തരം കേസുകളില്‍ ജനശ്രദ്ധ വലുതായി പതിഞ്ഞിട്ടുണ്ട്.

”വിജയിക്കാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നറിയാത്തൊരു പോരാട്ടത്തിലാണ് താന്‍ ഉള്ളതെന്നാണ് പരാതിക്കാരി ചിന്തിക്കുന്നത്. എന്നാല്‍ പോലും അവള്‍ പ്രതീക്ഷയിലാണ്. അവള്‍ സത്യത്തില്‍ വിശ്വസിക്കുന്നു, അതുകൊണ്ട് തന്നെ തനിക്ക് നീതി ഉറപ്പാക്കപ്പെടുമെന്നും അവള്‍ വിശ്വസിക്കുന്നു’ ലീ ഉന്‍-യു പറയുന്നു. പരാതിക്കാരെ പോലെ, ഫുട്‌ബോള്‍ ലോകവും ദക്ഷിണ കൊറിയന്‍ പൊതു സമൂഹവും കാത്തിരിക്കുന്നതും ഈ നിയമപോരാട്ടത്തിന്റെ അന്ത്യം എങ്ങനെയാകുമെന്നറിയാനാണ്.  sex vedio charges against south korea and nottingham forest player hwang ui jo

Content Summary; sex vedio charges against south korea and nottingham forest player hwang ui jo

Leave a Reply

Your email address will not be published. Required fields are marked *

×