ഒരുകാലത്ത് സമാധാനമായി ജീവിച്ചിരുന്ന രാജസ്ഥാനിലെ ഒരു പട്ടണം ഇപ്പോൾ വർഗീയ സംഘർഷങ്ങളുടെ നടുവിലാണ്. ഹിന്ദു പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണത്തെ തുടർന്ന് മുസ്ലീം സമുദായത്തിൽപ്പെട്ട പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതു മുതലാണ് രാജസ്ഥാനിലെ പട്ടണത്തിൽ അക്രമങ്ങൾ ആരംഭിച്ചത്
ജയ്പൂരിൽ നിന്ന് മൂന്ന് മണിക്കൂർ അകലെയുള്ള ഈ പട്ടണം ഒരു ബിസിനസ് കേന്ദ്രമാണ്. മിക്ക ബിസിനസുകളും ഹിന്ദുക്കളുടെ ഉടമസ്ഥതയിലാണെങ്കിലും ജീവനക്കാരിൽ അധികവും മുസ്ലീങ്ങളാണ്.
ചൂഷണം ചെയ്തുവെന്നാരോപിക്കുന്ന പെൺകുട്ടിയുടെ ബാഗിൽ നിന്ന് മാതാപിതാക്കൾക്ക് ഫോൺ ലഭിക്കുകയും തുടർന്ന് പെൺകുട്ടി ഒരു മുസ്ലിം യുവാവുമായി സംസാരിക്കാറുണ്ടെന്ന് മനസിലാവുകയും ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടികളോട് കാര്യം തിരക്കിയപ്പോൾ മുസ്ലീം യുവാക്കൾ അവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പകർത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി പറഞ്ഞു.
ഫെബ്രുവരി 16 ന് രണ്ട് പെൺകുട്ടികളുടെ കുടുംബങ്ങൾ മുസ്ലീം യുവാക്കൾ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയും മതം മാറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് എഫ്‌ഐആർ ഫയൽ ചെയ്തു. തുടർന്ന് പ്രദേശത്തെ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കുടുംബങ്ങളും മൂന്ന് യുവാക്കൾക്കെതിരെ സമാനമായ പരാതികൾ നൽകി.
പരാതിയെ തുടർന്ന് 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. എന്നാൽ യുവാക്കളുടെ ഫോണുകളിൽ നിന്ന് കുറ്റകരമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ആരോപണ വിധേയരായ മുസ്ലീങ്ങൾ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങൾക്കും ജുമാ മസ്ജിദിനും പ്രാദേശിക ശ്മശാനത്തിനും മുനിസിപ്പാലിറ്റി നോട്ടീസുകൾ നൽകി. തുടർന്ന് ഫെബ്രുവരി 24 ന് പ്രതികളിൽ ഒരാളുടെ വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റുകയും ചെയ്തു. കുടുംബങ്ങൾ നിയമസഹായം തേടിയപ്പോൾ പൊളിക്കൽ നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. എന്നാൽ മുസ്ലീങ്ങളുടെ വീടുകൾ നിർമിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും അതനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും ബിജെപി പ്രവർത്തകയായ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ അനിത മേവാര പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
നിയമനടപടികൾക്ക് പുറമേ മുസ്ലീം കുടുംബങ്ങൾക്ക് നേരെ ബിജെപി പ്രവർത്തകർ പ്രതികളുടെ വീടുകൾ ആക്രമിക്കുകയും ചെയ്തതായി പ്രതികളുടെ കുടുംബം അറിയിച്ചു. മുസ്ലീം യുവാക്കളെയും അവരുടെ കുടുംബങ്ങളെയും പല തരത്തിൽ ഉപദ്രവിക്കാനാണ് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ശ്രമിച്ചത്. തങ്ങളുടെ മകനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ചില കുടുംബങ്ങൾ ആരോപിച്ചു.
ആരോപണവിധേയനായ മുൻ മുനിസിപ്പൽ കൗൺസിലർ ഹക്കീം ഖുറേഷിയുടെ സഹോദരൻ, ആരോപണങ്ങൾ രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സഹോദരനെ തടയുക എന്നതായിരുന്നു അവരുടെ ലക്ഷ്യം എന്നും ഹക്കീം ഖുറേഷിയുടെ സഹോദരൻ പറഞ്ഞു.
സംഭവത്തിൽ ഗവർണർ ഹരിഭാവു ബാഗ്‌ഡെയുടെ വിവാദ പരാമർശവും വിമർശനത്തിനിടയാക്കി. ഹിന്ദു പെൺകുട്ടികളെ ലക്ഷ്യം വച്ചുള്ള ഈ നീക്കത്തിന് തക്കതായ മറുപടി നൽകണമെന്നും ഹരിഭാവു ബാഗ്‌ഡെ പറഞ്ഞു. ഭയപ്പെട്ടവർ മതം മാറിയെന്നും അങ്ങനെ ചെയ്യാത്തവരാണ് ഹിന്ദുക്കളെന്നും ബാഗ്‌ഡെ പറഞ്ഞു.
പട്ടണത്തിൽ ഇപ്പോഴും സംഘർഷം രൂക്ഷമാണ്. എഫ്‌ഐആർ ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെ ജുമാ മസ്ജിദിന് പുറത്ത് ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളുടെ ഒരു വലിയ റാലി നടന്നിരുന്നു. മുസ്ലീങ്ങൾക്കെതിരെ മുദ്രാവാക്യങ്ങളുമായാണ് ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ അണിനിരന്നത്.
Content Summary: sexual exploitation of Hindu girls in rajastan , the mosque and crematorium were encroached upon and houses were demolished
sexual exploitation of Hindu girls rajastan