April 17, 2025 |

ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്ന് പിതാവ്

പരീക്ഷ എഴുതിക്കുന്നതിലൂടെ നീതിപീഠത്തിന് വിലയില്ലാത്ത സ്ഥിതി വരും

മകൻ്റെ മരണത്തിൽ കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കാൻ പാടില്ലായിരുന്നുവെന്ന് താമരശ്ശേരിയിൽ മർദ്ദനമേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. പരീക്ഷ എഴുതാൻ അവസരം നൽകിയത് കുടുംബത്തിന് വലിയ വേദനയും മുറിവുമാണുണ്ടാക്കിയതെന്നും ഇഖ്ബാൽ പറഞ്ഞു. അവർ പരീക്ഷ എഴുതുന്നത് അംഗീകരിക്കാൻ ആകില്ല. പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.

അവരെ വേണമെങ്കിൽ അടുത്തവർഷം പരീക്ഷ എഴുതിക്കാമായിരുന്നു. നീതിപീഠത്തിനും സംവിധാനങ്ങൾക്കും വിലയില്ലാത്ത സ്ഥിതി വരും. കുറ്റാരോപിതന്റെ പിതാവിന് കൊട്ടേഷൻ രാഷ്ട്രീയ ബന്ധമുണ്ട്. സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടരുത്. ഞങ്ങൾക്ക് മകൻ പോയി. ഇനി ഒരു രക്ഷിതാവിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഇഖ്ബാൽ കൂട്ടിച്ചേർത്തു.

ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നതായി ജില്ലാ പോലിസ് മേധാവി കെ ഇ ബൈജു. കുട്ടികൾ എന്ന നിലയിലായിരുന്നില്ല മർദിച്ചവരുടെ ഗൂഡാലോചന. കൊലപാതകത്തിൽ ഉൾപ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ടെന്നും ഗൂഡാലോചനയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും ബൈജു വ്യക്തമാക്കി.

കുറ്റക്കാരായ വിദ്യാർഥികളെ പരീക്ഷയെഴുതാൻ സമ്മതിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇവരെ ജുവനൈൽ ഹോമിൽ വച്ച് തന്നെയാണ് പരീക്ഷ എഴുതിക്കുക. ജുവനൈൽ ഹോമിന് സമീപമുള്ള സ്കൂളിൽ വച്ച് പരീക്ഷ എഴുതിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, പ്രതിഷേധം ശക്തമായതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.

പ്രതിഷേധിച്ചെത്തിയ കെഎസ്‍യു-എംഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ കയ്യാങ്കളി നടന്നതിനെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ. നവാസ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജുവനൈൽ ഹോമിലേക്ക് മാർച്ച് ചെയ്ത് എത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ മതിൽ ചാടി കടന്ന് ജുവനൈൽ ഹോമിനകത്ത് കടന്നു. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റക്കാരായ വിദ്യാർഥികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രതിഷേധം. കുറ്റക്കാരായ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ ഭവൻ സെക്രട്ടറിക്ക് പൊലീസ് കത്തയച്ചിരുന്നു. ഇതുപ്രകാരമാണ് പരീക്ഷ കേന്ദ്രം മാറ്റിയത്.

ഇന്ന് ആരംഭിക്കുന്ന 10-ാം ക്ലാസ്‌ പൊതുപരീക്ഷ എഴുതാൻ അ‍ഞ്ച് പ്രതികളെയും അനുവദിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. താമരശ്ശേരി സ്കൂളിൽ മറ്റ് വിദ്യാർഥികൾക്കൊപ്പം പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിവിധ യുവജന വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വെള്ളിമാട്കുന്ന് എൻജിഒ ക്വാട്ടേർസിൽ പ്രത്യേകം സജ്ജമാക്കിയ ഇടത്താണ് പ്രതികളായ അഞ്ച് വിദ്യാർഥികൾ പരീക്ഷ എഴുതുക. ഈ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിനെതിരെ ഷഹബാസിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

അതേസമയം, ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം പുറത്തുവന്നു. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാൾ സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്. ആക്രമണ സമയം ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിൻറെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടിൽ നിന്നാണ്.

content summary; shahabas murder; political parties protests in front of vellimadkunnu observation home

Leave a Reply

Your email address will not be published. Required fields are marked *

×