June 04, 2026 |
Share on

എന്റെ പിതാവ് എനിക്കൊപ്പം ഇല്ലാതെ പോയി; റയീസ്-കാബില്‍ പോരില്‍ രാകേഷ് റോഷനു ഷാരുഖിന്റെ മറുപടി

കാബിലിനെ തകര്‍ക്കാന്‍ ഷാരുഖ് ഖാന്‍ ശ്രമിക്കുന്നൂവെന്നാണ് രാകേഷ് റോഷന്‍ ആരോപിക്കുന്നത്‌

ഷാരുഖ് ഖാന്‍ ചിത്രം റയീസും ഹൃതിക് റോഷന്‍ ചിത്രം കാബിലും ബോളിവുഡ് ബോക്‌സ്ഓഫിസില്‍ ഒന്നിച്ചു മുന്നേറുകയാണെങ്കിലും റയീസിനു വേണ്ടി കാബിലിനെ ഒതുക്കാന്‍ ശ്രമിക്കുന്നൂ എന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ഹൃതികിന്റെ പിതാവ് രാകേഷ് റോഷന്‍ രംഗത്തു വന്നിരുന്നു. റയീസിനു വേണ്ടി വിതരണക്കാര്‍ കളിക്കുന്നൂവെന്നായിരുന്നു റോഷന്റെ ആക്ഷേപം. ഷാരുഖ് ചിത്രത്തിനു 60 ശതമാനം സ്‌ക്രീനിംഗ് അനുവദിച്ചുകൊണ്ട് കാബിലിനെ ഒതുക്കാനാണു വിതരണക്കാര്‍ ശ്രമിക്കുന്നതെന്നും രണ്ടു ചിത്രങ്ങള്‍ക്കും തുല്യമായി സ്‌ക്രീനിംഗ് അനുവദിക്കുമെന്നായിരുന്നു തനിക്ക് കിട്ടിയ ഉറപ്പ്. അതു ലംഘിക്കപ്പെട്ടിരിക്കുന്നു. ഇതിനു കാരണക്കാരായവരില്‍ ഷാരുഖ് ഖാന്‍ ഉള്‍പ്പെടെയുള്ള റയീസിന്റെ നിര്‍മാതാക്കളുടെ കൈയുണ്ടെന്നും റോഷന്‍ പറഞ്ഞു. ഈ ട്രെന്‍ഡ് ആണു ബോളിവുഡില്‍ തുടരുന്നതെങ്കില്‍ താന്‍ സിനിമ അവസാനിപ്പിക്കുമെന്ന ഭീഷണിയും റോഷന്‍ മുഴക്കി.

എന്നാല്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരേയുള്ള രാക്ഷേ് റോഷന്റെ ആരോപണങ്ങള്‍ക്ക് ഷാരുഖ് മറുപടി പറഞ്ഞു.

സൗഹൃദവും ബിസിനസും എന്നും വേറെ വേറെയാണ് എന്നെ സംബന്ധിച്ച്. രാകേഷ് റോഷനും ഹൃതിക്കും എന്നും എന്റെ നല്ല സുഹൃത്തുക്കളാണ്. ഹൃതിക്കിന്റെ കാബിലിന് ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു. ആ സിനിമ വലിയ വിജയമാകട്ടെ എന്നും പ്രതീക്ഷിക്കുന്നു; ഷാരുഖ് പറഞ്ഞു.

ഇതിനുശേഷമാണ് രാകേഷ് റോഷനുള്ള മറുപടിയായി ഷാരുഖ് ഈ കാര്യങ്ങള്‍ പറഞ്ഞത്- എന്റെ പിതാവ് ജീവിച്ചിരിക്കുന്നുണ്ടായിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും രാകേഷ്  ജീ യുമായി സംസാരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുമായിരുന്നു. പക്ഷേ എന്റെ പിതാവ് ഇന്ന് എനിക്കൊപ്പം ഇല്ല’. ഷാരുഖിന്റെ ഈ മറുപടി പക്ഷേ കേള്‍ക്കുന്ന അത്ര ശുദ്ധഗതിയില്‍ ഉള്ളതല്ലെന്നും മകനുവേണ്ടി മറ്റുള്ളവര്‍ക്കെതിരേ ആരോപണങ്ങളുമായി രംഗത്തിറങ്ങുന്ന ഒരച്ഛനിട്ടുള്ള കൊട്ട് ആണെന്നുമാണ് ബോളിവുഡിലെ സംസാരം.

Leave a Reply

Your email address will not be published. Required fields are marked *

×