വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിരുന്നു. തലേന്ന് ഇതേ സമയം ശക്തമായ മഴയുണ്ടായിരുന്നു. ഇന്ന് ആകാശം തെളിഞ്ഞാണ്. കലാഭവന്‍ മണി പാര്‍ക്കില്‍ സായാഹ്ന വിരുന്നുകാരുടെ തിരക്ക് തുടങ്ങിയിട്ടില്ല. റോഡിന് മറുവശത്ത് ചാലക്കുടി നഗരസഭ കാര്യാലയമാണ്. ഗേറ്റിനു മുന്നിലെ പാര്‍ക്കിംഗ് ഏരിയയില്‍ ബ്ലാക് ഹീറോ പ്ലഷര്‍ ഒതുക്കിവച്ച് ഒരു 52 കാരി പാര്‍ക്കിനുള്ളിലേക്ക് കയറി. ടൂവിലറിന്റെ കീ ഇടത്തെ കൈവിരലിലിട്ട് കറക്കിക്കൊണ്ട് അവര്‍ വലതു കൈയിലിരുന്ന ഫോണ്‍ ഡയല്‍ ചെയ്തു.
…
ഫോണില്‍ ഷീല സണ്ണി എന്ന പേര് തെളിഞ്ഞു വന്നു.
…
വാര്‍ത്തകള്‍ക്കൊപ്പം പല തവണയായി കണ്ട ചിത്രങ്ങളിലൂടെ പരിചിതമായതിനാല്‍, റോസ് ചുരിദാര്‍ ധരിച്ച് നടന്നു വരുന്ന സ്ത്രീയാണ് ഷീല സണ്ണിയെന്ന് ഉറപ്പിച്ചു. 50 പിന്നിട്ടതിന്റെ ലക്ഷണങ്ങളൊന്നുമില്ല. തൊഴില്‍ കൊണ്ട് ബ്യൂട്ടീഷ്യനായിരുന്ന ഒരാള്‍ തീര്‍ത്തും ലളിതമായ രൂപത്തില്‍. അതിനൊക്കെ കാരണങ്ങളുണ്ടെന്ന് കണ്ണുകള്‍ പറഞ്ഞുതരുന്നുണ്ട്.
പാര്‍ക്കിന്റെ ആളൊഴിഞ്ഞ മൂലയിലേക്ക് ഞങ്ങള്‍ നടന്നു.
‘രണ്ട് വര്‍ഷക്കാലമായി മീഡിയയും കേസുമൊക്കെയായി ആകെ വലഞ്ഞ അവസ്ഥയാണ് മോളെ, അതോണ്ടാ വീട്ടിലേക്ക് വരണ്ടെന്ന് പറഞ്ഞത്’ ക്ഷമാപണത്തിന്റെ സ്വരത്തില്‍ സംസാരത്തിന് തുടക്കമിട്ടത് ഷീലയായിരുന്നു.
നടത്തത്തിനിടയില്‍ റോഡിന് അപ്പുറത്തേക്കുള്ള ഒരു കെട്ടിടത്തിലേക്ക് ഷീലയുടെ നോട്ടം പോയി. പഴക്കം തോന്നിപ്പിക്കുന്നൊരു ഒറ്റ നില കോണ്‍ക്രീറ്റ് കെട്ടിടം.
‘ എന്നെ അവര്‍ ആദ്യം അങ്ങോട്ടാണ് കൊണ്ടു പോയത്”
കെട്ടിടത്തിന്റെ മുന്നില്‍ വച്ചിരിക്കുന്ന ബോര്‍ഡ് പാര്‍ക്കില്‍ നിന്ന് വ്യക്തമായി കാണാം; എക്‌സൈസ് റേഞ്ച് ഓഫീസ്.
”മയക്കുമരുന്ന് കൈവശം വച്ചെന്നാരോപിച്ച് എക്‌സൈസുകാര്‍ എന്നെ അറസ്റ്റ് ചെയ്തു കൊണ്ടുവരുന്നത് ഇങ്ങോട്ടാണ്”. കറുത്ത ടൈല്‍സ് പാകിയ ഇരുപ്പ് തറയിലേക്ക് ഇരുന്നുകൊണ്ട് ഷീല പറഞ്ഞു.
മകന്റെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷവും മൂന്ന് മാസവും കഴിയുമ്പോഴാണ് ഷീലയുടെ ജീവിതത്തില്‍ നിന്ന് നിറങ്ങള്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങിയത്. ഷീല തന്നെ പറയുന്നതുപോലെ, അമ്മായിമ്മയും മരുമകള്‍ക്കുമിടയിലെ ചെറിയ ചെറിയ സൗന്ദര്യപിണക്കങ്ങള്‍ക്ക് അപ്പുറത്ത് ജീവിതം ശാന്തമായി പോവുകയായിരുന്നു. പക്ഷേ ആ ഫെബ്രുവരി അപ്രതീക്ഷിതമായി പലതും ഷീലയ്ക്കായി ഒരുക്കിവച്ചിരുന്നു.
‘പീഡാനുഭവത്തിന്റെ ഓര്‍മപ്പെടുത്തലുകളാണ് ഓരോ ഫെബ്രുവരിയുമെനിക്ക്’.
യാതനകളുടെ ഫെബ്രുവരി മാസം
2023 ഫെബ്രുവരി 27, അതൊരു തിങ്കളാഴ്ചയായിരുന്നു. സ്ഥിരമായി 9:30 ഓടെയാണ് ഞാന്‍ പാര്‍ലറിലെത്തുന്നത്. നോമ്പ് കാലമായതിനാല്‍ പാര്‍ലറില്‍ തിരക്ക് കുറവാണെന്നതിനാല്‍, അന്ന് പതിവിലും വൈകി. അതിരപ്പിള്ളിക്ക് പോകുന്ന ഭാഗത്താണ് എന്റെ വീട്. അവിടെനിന്ന് കുറച്ച് മാറിയാണ് മകള്‍ താമസിക്കുന്നത്. എല്ലാദിവസവും മകളുടെ വീട്ടില്‍ കയറാറുണ്ട്. വീട്ടിലെ പണിയെല്ലാം ഒതുക്കിയശേഷം അന്നും മകളുടെ വീട്ടിലേക്ക് പോയി. ടൗണില്‍ നോര്‍ത്ത് ചാലക്കുടി ഭാഗത്തായാണ് പാര്‍ലര്‍. അവിടെയെത്തുമ്പോള്‍ പത്തരയായിട്ടുണ്ട്. ഒരു ത്രെഡ്ഡിംഗ് ആണ് ആകെ വന്നത്. ഒറ്റയൊരു മുറിയാണ് പാര്‍ലറായി ഉപയോഗിക്കുന്നത്. അതിനോട് ചേര്‍ന്ന് ഒരു തയ്യല്‍ക്കടയമുണ്ട്. 11 മണിയോടെ, തയ്ക്കുന്ന ചേച്ചി അന്ന് വരുന്നില്ലെന്ന് വിളിച്ച് പറഞ്ഞു. ബില്‍ഡിങ്ങിലേക്ക് കയറി വരുമ്പോള്‍ ആദ്യം കാണുന്നത് എന്റെ പാര്‍ലര്‍ ആണ്. വാതില്‍ എപ്പോഴും തുറന്നു തന്നെയാവും. വര്‍ക്ക് കുറവായത് കൊണ്ട് പാര്‍ലറില്‍ ഫേഷ്യല്‍ ബെഡില്‍ ഫോണ്‍ നോക്കി കിടന്ന വഴിക്ക് മയങ്ങിപ്പോയി.
ആരുടെയൊക്കെ ഉച്ചയും കാല്‍പ്പെരുമാറ്റവും കേട്ടാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്. നാലോ അഞ്ചോ പേരുണ്ടായിരുന്നു. അതിലൊരാള്‍ സ്ത്രീയായിരുന്നു. എന്നെ ഞെട്ടിച്ചത് അതില്‍ രണ്ടു പേരുടെ വേഷമായിരുന്നു. അവര്‍ കാക്കി യൂണിഫോമിലായിരുന്നു.
‘നിങ്ങളുടെ പാര്‍ലറില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്നും, കച്ചവടം നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്” അവരിലൊരാളുടെ മയമില്ലാത്ത ശബ്ദം.
‘നിങ്ങള്‍ക്ക് ആളു മാറിയതാവും” ഞാനയാള്‍ക്ക് മറുപടി കൊടുത്തു.
‘ഷീ സ്‌റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഇതല്ലേ, ഷീല സണ്ണി എന്നല്ലേ പേര്? നിങ്ങളെ തന്നെയാണ് ഉദ്ദേശിച്ചത്’
എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസിലാകാത്ത വിധം കാര്യങ്ങള്‍ മാറുകയാണ്.
‘നിങ്ങളുടെ ബാഗിലും വണ്ടിയിലുമായി മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്നു എന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം’ വന്നവരുടെ ശബ്ദം കൂടുതല്‍ കനത്തിരുന്നു.
എന്റെ കയ്യില്‍ മയക്കുമരുന്നില്ല എന്ന ധൈര്യത്തില്‍ ഞാന്‍ ബാഗ് അവര്‍ക്ക് നേരെ നീട്ടി. അപ്പോഴേക്കും അവിടെ ആളുകള്‍ നിറഞ്ഞിരുന്നു. ആദ്യ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ബാഗിനകത്ത് ഒരു ഹോള്‍ കണ്ടെത്തി, അതിനകത്ത് നിന്ന് ഓഫീസര്‍ക്ക് ബില്ല് പോലെ തോന്നിക്കുന്ന ഒരു പൊതി ലഭിച്ചു. ഇത് കണ്ടെടുത്ത ഉടനെ എന്നോട് വീട്ടില്‍ ആരെയെങ്കിലും ബന്ധപ്പെട്ട് ഇങ്ങോട്ട് വരാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മകനെ വിളിച്ചുവരുത്തി. മകന്‍ വന്ന ഉടനെ അവനെയും പാര്‍ലറിന്റെ തൊട്ടു മുകളിലുള്ള കമ്പ്യൂട്ടര്‍ സെന്ററിന്റെ ഉടമയെയും ബില്‍ഡിംഗ് ഉടമസ്ഥനെയും വിളിച്ച് വരുത്തി അവരുടെ സാന്നിധ്യത്തില്‍ എന്റെ വണ്ടി പരിശോധിച്ചു. വണ്ടിക്ക് അകത്തിരുന്ന ഇന്‍ഷുറന്‍സ് ബുക്കിന്റെ കവറിനുള്ളില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പ് ലഭിച്ചു.
ആറുമണിയോട് കൂടി എന്നെ അറസ്റ്റ് ചെയ്ത് ചാലക്കുടിയിലെ എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്നു. വിവരം കിട്ടി ചാനലുകളെല്ലാം അവിടയെത്തിയിരുന്നു. ആരൊക്കെയോ എന്റെ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കാകെ മരവിപ്പായിരുന്നു. മുഖം മറക്കണമെന്ന് പോലും തോന്നിയില്ല. കുറച്ചു കഴിയുമ്പോള്‍ എന്നെ വീട്ടിലേക്ക് വിടുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പല തവണയായി പലരും എന്നെ ചോദ്യം ചെയ്തു. എല്‍എസ്ഡി സ്റ്റാമ്പ് എന്താണെന്നും അതിന്റെ ഉപയോഗം എന്താണെന്നും എനിക്ക് അറിവുണ്ടായിരുന്നില്ല. അതെല്ലാം ഏതോ ഉദ്യോഗസ്ഥരോട് ചോദിച്ചറിയുകയായിരുന്നു. ഏകദേശം 1.6 ഗ്രാം എന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തുവെന്നാണ് പറഞ്ഞത്. കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റിയായത് കൊണ്ട് ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് എക്‌സൈസുകാര്‍ പറഞ്ഞു. ഒരു മാസത്തോളമായി ഞാന്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് എന്നെ ചോദ്യം ചെയ്ത കെ സതീശന്‍ എന്ന ഓഫീസര്‍ പറഞ്ഞത്. ഒരുമാസം മുമ്പ് ലഭിച്ച പരാതി എവിടെ നിന്നാണെന്ന് അവര്‍ അപ്പോഴും വ്യക്തമാക്കിയിരുന്നില്ല. ചോദ്യം ചെയ്യലിന് ശേഷം എന്റെ മകനെ വിളിച്ച് രണ്ടുമൂന്നു ജോടി ഡ്രസ്സ് എടുത്തു കൊണ്ടുവരാന്‍ പറഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗതി എനിക്ക് മനസ്സിലാവുന്നത്.
എക്‌സൈസ് ഓഫിസില്‍ നിന്നും എന്നെ വിയ്യൂരിലേക്കാണ് കൊണ്ടുപോയത്. ഒന്നു കരയാന്‍ പോലും എനിക്ക് കഴിഞ്ഞില്ല.
ജയില്‍ ദിനങ്ങള്‍, ജാമ്യം, കേസ്
രാത്രി പത്ത് മണിയോടടുത്താണ് വിയ്യൂരെത്തുന്നത്. ജീവിതത്തിന്റെ അക്കാലമത്രയും പോലീസ് സ്റ്റേഷനില്‍ പോലും കയറിയിട്ടില്ലാത്ത, ഒരു സാധാരണക്കാരിയായ സ്ത്രീ ആദ്യമായി ജയിലിലേക്ക്. കുറെ ആളുകള്‍ നിരന്നു കിടക്കുന്ന ഒരു ഹാളായിരുന്നു എന്നെ കൊണ്ടുചെന്നിട്ട സെല്‍. ഉറങ്ങാനാകാതെ ചുമരില്‍ ചാരിയിരുന്നു ആ രാത്രി വെളുപ്പിച്ചു.
സെല്ലിലെ ഒരു സ്ത്രീയെ ശ്രദ്ധിച്ചു, അവരുടെ കൈയില്‍ ഒരു ചെറിയ കുട്ടിയുമുണ്ടായിരുന്നു. അത്രനേരവും മരവിച്ചിരുന്ന ഞാന്‍ ആ കുട്ടിയെ കണ്ടയുടനെ നിയന്ത്രണം വിട്ടു കരഞ്ഞു.
പിറ്റേദിവസം ഉച്ചയായപ്പോഴേക്കും ഭര്‍ത്താവും മരുമകനും കാണാന്‍ വന്നു. അവരാണ് എന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ പറയുന്നത്. നമ്മള്‍ മനസ്സില്‍ കൂടി ചിന്തിക്കാത്ത കാര്യങ്ങളാണ് വാര്‍ത്തയായി വന്നിരിക്കുന്നതെന്നു പറഞ്ഞു ഭര്‍ത്താവ് സങ്കടപ്പെട്ടു.
എങ്ങനെയെങ്കിലും മരിച്ചു കിട്ടിയിരുന്നുവെങ്കില്‍ എന്നു മാത്രമായിരുന്നു ജയില്‍ കിടന്ന ദിവസങ്ങളിലെ ചിന്ത മുഴുവന്‍. ഞാന്‍ കുറ്റക്കാരിയാണെന്ന് ഉറപ്പിച്ച് കേസ് അവസാനിപ്പിച്ച അവസ്ഥയായിരുന്നു. അങ്ങനെയാണ് ഭര്‍ത്താവ് മരുമകനും കൂടി തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്. ഒന്നര മാസത്തിനുശേഷമാണ് ഒരു എക്‌സൈസ് ഓഫീസര്‍ വന്ന് കൃത്യമായി എന്നെ ചോദ്യം ചെയ്യുന്നത് പോലും. അന്ന് കേസ് അന്വേഷിച്ച മജു എന്ന ഉദ്യോഗസ്ഥന്‍ എനിക്ക് പ്രതീക്ഷ നല്‍കി. ‘ഷീല ഒന്നുകൊണ്ടും ഭയപ്പെടേണ്ട, തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉറപ്പായും രക്ഷപ്പെടും’.
ജയിലിലുള്ളവരെ പ്രാര്‍ത്ഥിപ്പിക്കാനായി സിസ്റ്റര്‍മാര്‍ വരാറുണ്ട്. അവരോട് ഞാന്‍ എന്റെ വിഷമങ്ങളെല്ലാം പങ്കുവെച്ചു. പ്രാര്‍ത്ഥനയിലൂടെ ഞാന്‍ എന്റെ മനസ്സിനെ പാകപ്പെടുത്തി. ആ സമയത്തെല്ലാം ഭര്‍ത്താവും മരുമകനും ഇടയ്ക്കിടയ്ക്ക് കാണാന്‍ വരുമായിരുന്നു. ഒന്ന് രണ്ട് തവണ മകനും മരുമകളും വന്നു. മകനും മരുമകളും വരുന്നത് എന്നെ മാനസികമായി തളര്‍ത്താനാണെന്നു തോന്നിയിട്ടുണ്ട്. ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്നും 10 വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നൊക്കെയായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. ജാമ്യം കിട്ടാനുള്ള വഴി നോക്കുന്നുണ്ടെന്നൊക്കെ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
മരുമകനും ഭര്‍ത്താവും കൂടി തിരുവന്തപുരത്ത് പോയി മുഖ്യമന്ത്രിയ്ക്ക് പരാതി കൊടുത്തതിന് ശേഷമാണ് എനിക്ക് ജാമ്യം കിട്ടുന്നത്. വിയ്യൂരില്‍ നിന്നും നേരെ വരുന്നത് മകളുടെ വീട്ടിലേക്കാണ്. പുറത്തേക്കൊന്നും പോകാതെ കുറേക്കാലം വീടിനകത്ത് തന്നെ കഴിച്ചുകൂട്ടി. ജയിലില്‍ ആയിരുന്ന സമയത്ത് ബില്‍ഡിംഗ് ഓണര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ലര്‍ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. മകളുടെ കുഞ്ഞിന്റെ സ്വര്‍ണം പണയം വച്ചിട്ടാണ് ജാമ്യമെടുത്തത്.
പുറത്തേക്കിറങ്ങാന്‍ തോന്നാതെ, മാനസികമായ ആകെ തളര്‍ന്നിരിക്കുന്ന സമയത്താണ്, എന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്തത് വ്യാജ മയക്കുമരുന്ന് ആണെന്ന ഫലം വരുന്നത്. ഇതിന് പിന്നാലെ ഹൈക്കോടതി എന്നെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി.
ആരാണ് വ്യാജ ആരോപണത്തിന് പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങുന്നത് അതോടെയാണ്. എന്റെ പക്കല്‍ മയക്കുമരുന്ന് ഉണ്ടെന്ന വിവരവുമായി വന്ന ഇന്റര്‍നെറ്റ് കോളിന്റെ ഉറവിടം പരിശോധിച്ചപ്പോഴാണ് നാരായണദാസിലേക്ക് എത്തുന്നത്. ഇതിനു പുറമേ ലിവിയയുടെ അക്കൗണ്ടില്‍ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് തിരിച്ചും പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നതിന്റെയും തെളിവുകള്‍ ലഭിച്ചു. ഫെബ്രുവരിയിൽ എന്നെ അറസ്റ്റ് ചെയ്‌തെങ്കിലും ഡിസംബറിലാണ് നാരായണ ദാസിനെ കണ്ടെത്തുന്നത്. ഈയൊരു സമയം കൊണ്ട് ലിവിയ(മരുമകളുടെ അനിയത്തി) മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സമയത്താണ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നത്. കേസില്‍ കൂടുതലെന്തെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നില്ല. കാരണം അന്വേഷണം മുന്നോട്ടു പോകുന്നുണ്ടായിരുന്നില്ല. ആ സമയത്താണ് നാരായണദാസ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെ നിന്നും ജാമ്യം ലഭിച്ചില്ല. 72 ദിവസം നിരപരാധിയായ ഒരു സ്ത്രീ ജയിലില്‍ കിടന്നു. 72 മണിക്കൂര്‍ പോലും നിങ്ങള്‍ കിടന്നിട്ടില്ല എന്നായിരുന്നു നാരായണ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ഹൈക്കോടതി അയാളോട് പറഞ്ഞത്.
നിലവില്‍ ലിവിയ വിദേശത്താണ്. ഇന്റര്‍പോള്‍ വഴി ലിവിയെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. വരുംദിവസങ്ങളില്‍ ഷീലയുടെ മരുമകളെ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.
ലിവിയയുടെ അജ്ഞാതമായ ബാംഗ്ലൂര്‍ ബന്ധം
ഞങ്ങളെപ്പോലെ തന്നെ ഒരു ഇടത്തരം കുടുംബമായിരുന്നു മരുമകളുടേത്. വിവാഹ സമയത്ത് മകന്‍ ബോംബെയിലെ കല്യാണ്‍ ജ്വല്ലറിയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മകന്റെ കൂട്ടുകാരന്റെ അമ്മ വഴി വന്ന ബന്ധമായിരുന്നു ഇത്. മരുമകളുടെത് വണ്ണമുള്ള ശരീരം പ്രകൃതമായിരുന്നു. അതുകൊണ്ട് എനിക്കാ ബന്ധത്തില്‍ താല്പര്യമില്ലായിരുന്നു. മരുമകള്‍ പഠനത്തിനുശേഷം എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു അപ്പോള്‍. വീടുപണി നടക്കുന്നതുകൊണ്ട് ഞങ്ങള്‍ സാമ്പത്തിക ഞെരുക്കം അനുഭവിച്ചിരുന്നു. ഇക്കാര്യം പെണ്‍വീട്ടുകാരോട് പറഞ്ഞപ്പോള്‍ ഇങ്ങോട്ട് പണം നല്‍കിയാണ് വിവാഹം നടത്തിയത്. മരുമകളുടെ അനിയത്തിയാണ് ലിവിയ. ബോള്‍ഡായ പെണ്‍കുട്ടി. വിവാഹസമയത്തെല്ലാം എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് അവളായിരുന്നു. രണ്ട് പെണ്‍കുട്ടികളെയും അത്ര ബോള്‍ഡാക്കി വളര്‍ത്തിയ മാതാപിതാക്കളോട് അന്ന് ബഹുമാനം തോന്നിയിരുന്നു. ആഴ്ചയില്‍ രണ്ടുമൂന്നു തവണ ലിവിയ ബാംഗ്ലൂരില്‍ പോയിവരുമായിരുന്നു. വിമാനത്തിലാണ് യാത്ര. ആ കുട്ടി ബംഗ്ലൂരിൽ എവിടെ പഠിക്കുന്നു, എവിടെ താമസിക്കുന്നു എന്നുള്ള കാര്യങ്ങള്‍ സ്വന്തം വീട്ടുകാര്‍ക്ക് പോലും അറിയില്ലായിരുന്നു. ആരോ ഒരാള്‍ അവളെ സ്‌പോണ്‍സര്‍ ചെയ്യാനുണ്ടെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു.
വിവാഹത്തിനുശേഷം മൂന്നുമാസം മകന്‍ ബോംബെയില്‍ തന്നെയായിരുന്നു. നാട്ടിലേക്ക് മാറണമെന്ന മകന്റെയും മരുമകളുടെയും ആഗ്രഹപ്രകാരമാണ് ഇവിടെ മൊബൈല്‍ ഷോപ്പ് വാങ്ങുന്നത്. അതിനായുള്ള പണം കണ്ടെത്തിയത് മരുമകള്‍ക്ക് വീട്ടുകാര്‍ നല്‍കിയ സ്വര്‍ണവും സ്വത്തും പണയം വെച്ചാണ്. ഇതെല്ലാം ഇവര്‍ തന്നെയാണ് കൈകാര്യം ചെയ്തത്, ഞാനുമായി യാതൊരു സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ല. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതിനാല്‍ ഇറ്റലിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. എന്റെ ഒരു സുഹൃത്ത് വഴി അതിനുള്ള സംവിധാനങ്ങള്‍ എല്ലാം ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുന്നതിന്റെ അന്നാണ് പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം ശരിയായെന്ന് പറഞ്ഞു മെസ്സേജ് വരുന്നത്. എന്നെ അറസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം മരുകളും അനിയത്തിയും വീട്ടിലുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് ലിവിയ വീട്ടിലെത്തുന്നത്. എന്നെ അറസ്റ്റ് ചെയ്ത് സമയത്ത് മകനാണ് ഭാര്യയുടെ അനിയത്തി ബാംഗ്ലൂരിലാണെന്ന വിവരം പറയുന്നത്. അപ്പോഴും ഞാന്‍ അവനോട് തര്‍ക്കിച്ചു. ജയിലില്‍ കിടക്കുന്ന സമയത്ത് ഓരോന്ന് കണക്ട് ചെയ്ത് ആലോചിക്കുന്ന സമയത്താണ് സംശയം ശക്തിപ്പെടുന്നത്. അറസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം എന്റെ വണ്ടി മരുമകളും അനിയത്തിയും ചേര്‍ന്ന് കൊണ്ട് പോയതെല്ലാം എനിക്ക് ഓര്‍മ്മ വന്നു.
അതിജീവനം, ഉയിര്‍പ്പ്
എന്റെ ഏക വരുമാനമായ പാര്‍ലര്‍ അടച്ചുപൂട്ടിയിരുന്നു. നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ മലപ്പുറത്ത് കല്‍പകഞ്ചേരിയിലുള്ള തണല്‍ എന്ന സംഘടന എനിക്ക് ഒരു പാര്‍ലര്‍ ഇട്ടു തന്നു. കേസിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് വളരെ കുറവായിരുന്നു. ഒരു വര്‍ഷത്തോളം എങ്ങനെയൊക്കെയോ പിടിച്ചുനിന്നു. ഒട്ടും കഴിയാതെ വന്നപ്പോള്‍ അവരെ വിളിച്ച് അറിയിച്ചതിനു ശേഷം പാര്‍ലര്‍ മറ്റൊരാള്‍ക്ക് കൈമാറി. ഇതിനുശേഷമാണ് ചെന്നൈയിലേക്ക് ആയ ആയി പോകുന്നത്. നല്ല സ്ഥലമായിരുന്നു, മാനസികമായി നല്ല സന്തോഷം ലഭിച്ചിരുന്നു.
മാനനഷ്ടക്കേസ് കൊടുക്കണമെന്ന് എല്ലാവരും പറയുന്നു. ആര്‍ക്കെതിരേ? എന്തിനുവേണ്ടി? ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് മകനും മരുമകളും ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. മരുമകനും ഭര്‍ത്താവും മകളും കൂടെ നിന്നതാണ് എന്റെ ധൈര്യം. ജയിലില്‍ ആയിരുന്ന സമയത്ത് അവിടെ ഏറ്റവും കൂടുതല്‍ തവണ സന്ദര്‍ശര്‍ എത്തിയിരുന്നത് എന്റെ അടുത്തായിരുന്നു. എന്റെ നിരപരാധിത്വത്തെക്കുറിച്ച ബോധ്യമുള്ളത് കൊണ്ട് ആകുമല്ലോ. ഞാന്‍ അവരുടെ സ്ഥലം തട്ടിയെടുക്കാന്‍ നോക്കിയെന്ന് ലിവിയ പറഞ്ഞതായി നാരായണദാസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ലിവിയയെയും മരുമകളെയും ചോദ്യം ചെയ്താല്‍ മാത്രമേ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാവൂ അതിനുള്ള കാത്തിരുപ്പിലാണ്.
ഷീലയുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ ഞങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ വന്നു. അറുപത് വയസിനോട് അടുത്ത് പ്രായമുള്ളൊരു സ്ത്രീ. പരിചിതയായൊരാളെന്നപോലാണ് അവര്‍ സംസാരിച്ചത്.
‘ ഷീല സണ്ണിയല്ലേ, ഇത്രനാള്‍ എല്ലാം സഹിച്ചു നിന്നു പോരാടിയതിന്, നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു…’
ആ പ്രശംസയ്ക്കു ശേഷമാണ്, സ്വയം പരിചയപ്പെടുത്താനെന്നോണം അവര്‍ പാര്‍ക്കിന്റെ ഒരു കോണിലേക്ക് കൈചൂണ്ടിക്കൊണ്ട് പറഞ്ഞു, ‘അവിടെയുള്ള ഗവണ്‍മെന്റ് ഐടിഐയിലെ പ്രിന്‍സിപ്പാളായിരുന്നു ഞാന്‍…’ Sheela Sunny, a victim of the Chalakudy fake drug case, shares her story
Content Summary; Sheela Sunny, a victim of the Chalakudy fake drug case, shares her story
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.