June 04, 2026 |

ഷൈൻ ടോമിന്റെ അറസ്റ്റ്; ഡാൻസാഫ് സിനിമ മേഖലയിൽ പിടിമുറുക്കുന്നുവോ

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2024ല്‍ മലയാള സിനിമയിലെ പ്രശ്‌നങ്ങളന്വേഷിച്ച ഹേമ കമ്മിറ്റി സിനിമ മേഖലയില്‍ നടക്കുന്ന വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചും പ്രതിപാദിച്ചിരുന്നു

2000 കാലഘട്ടത്തില്‍ സംവിധായകന്‍ കമലിന്റെ ചിത്രത്തില്‍ സഹസംവിധായകനായി മലയാള സിനിമയിലേക്ക് എത്തിയ ആളാണ് ഷൈന്‍ ടോം ചാക്കോ. സംവിധായകന്‍ കമലിനോടൊപ്പം പത്ത് വര്‍ഷം അസിസ്റ്റന്റ് ഡയറക്ടറായി ഷൈന്‍ പ്രവര്‍ത്തിച്ചു. 2002ല്‍ കമല്‍ തന്നെ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ ഒരു വഴി പോക്കനായി അഭിനയിച്ചുകൊണ്ടായിരുന്നു ഷൈനിന്റെ അഭിനയത്തിലേക്കുള്ള കാലെടുത്തുവയ്പ്പ്. പിന്നീട് 2011ല്‍ ഗദ്ദാമ എന്ന ചിത്രത്തില്‍ അറിയപ്പെടുന്ന വേഷം ചെയ്തു.Shine Tom Arrest: Is Dansaf Rising 

തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ച് വളര്‍ന്ന ഷൈന്‍ മലയാള സിനിമയിലെ നായകനായി എത്തുന്നത് 2014ല്‍ പുറത്തിറങ്ങിയ ഇതിഹാസ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മലയാള സിനിമയില്‍ വില്ലനായും നായകനായും സഹനടനായുമെല്ലാം ഷൈന്‍ നിറ സാന്നിധ്യമായിരുന്നു. വ്യത്യസ്തമായ സംസാര രീതിയും, അഭിനയത്തിലെ മികവും ഷൈന്‍ ടോമിന് കൂടുതല്‍ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി ചിത്രങ്ങളിലാണ് ഷൈന്‍ അഭിനയിച്ചിരിക്കുന്നത്.

എന്നാല്‍ സിനിമയില്‍ നിറസാന്നിധ്യമായത് മുതല്‍ നിരവധി ആരോപണങ്ങളും, കേസുകളുമാണ് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഉണ്ടായിട്ടുള്ളത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസില്‍ പ്രതിപ്പട്ടികയിലുള്ള അഞ്ച് പേരില്‍ ഒരാള്‍ ഷൈന്‍ ആയിരുന്നു. ഷൈനും കൂട്ടരും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന പരിശോധന നടത്താത്തതിനാലും, ഫ്‌ലാറ്റിലെ പരിശോധനയില്‍ പോലീസ് കണ്ടെടുത്ത പല വസ്തുക്കളും സെര്‍ച്ച് മെമോയില്‍ ഉള്‍പ്പെടുത്തിയില്ല എന്നീ കാരണങ്ങളാല്‍ പ്രതികളെ വിചാരണ കോടതി വെറുതെവിടുകയായിരുന്നു.

കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ ഷൈൻ 60 ദിവസം റിമാൻഡിൽ ആയിരുന്നു. ആ ദിവസങ്ങളിലെ ജയില്‍ വാസത്തിന്റെ അനുഭവവുമായി അന്ന് ഷൈന്‍ കേരള കൗമുദിയില്‍ അഭിമുഖം നല്‍കിയിരുന്നു. ജീവിതത്തില്‍ ആദ്യമായി താനൊരു പുസ്തകം വായിക്കുന്നത് അന്നാണെന്ന് ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്നെ കുടുക്കാന്‍ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണ് എന്നായിരുന്നു ഷൈനിന്റെ പ്രതികരണം. മറ്റാരെയോ കുടുക്കാന്‍ എറിഞ്ഞ വലയില്‍ താന്‍ ചെന്ന് വീണതാകാനും സാധ്യതയുണ്ടെന്നും ഷൈന്‍ പറഞ്ഞു.

2015 ജനുവരി മാസത്തിലായിരുന്നു ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റ് നാല് പേരെയും കൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഷൈൻ ടോം ചാക്കോയും ഒരു അസിസ്റ്റൻറ് ഡയറക്ടറും, മൂന്ന് മോഡലുകളുമാണ് കൊക്കെയ്നുമായി കൊച്ചി കടവന്ത്ര ഫ്ലാറ്റിൽ നിന്ന് അറസ്റ്റിലായിരുന്നത്. ഏകദേശം പത്ത് ലക്ഷത്തോളം രൂപ വില വരുന്ന കൊക്കെയ്നും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതിന് മുന്‍പ് ആലപ്പുഴയില്‍ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ കേസിലും ഷൈനിന്റെ പേര് ഉയര്‍ന്നിരുന്നു.

അഭിമുഖങ്ങളിലും മറ്റുമായി ഷൈനിന്റെ പലവിധത്തിലുള്ള പ്രതികരണങ്ങളും മലയാളികള്‍ കണ്ടിട്ടുള്ളതാണ്. ദേഷ്യപ്പെട്ടും, സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തുകയുമെല്ലാം ചെയ്തിട്ടുള്ള നടനാണ് ഷൈന്‍.

കഴിഞ്ഞ ദിവസം സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ച് ഒരു നടന്‍ മോശമായി പെരുമാറിയെന്ന് നടി വിന്‍ സി അലോഷ്യസ് പരാതി നല്‍കിയിരുന്നു. ആരോണങ്ങള്‍ക്ക് ശേഷം ഈ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന വിവരവും പുറത്തുവന്നിരുന്നു.

മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിന്റെ ഒരു മുഖം മാത്രമാണ് ഷൈന്‍ ടോം. 2018ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ സംവിധായകന്‍ ഹാഷിര്‍ മുഹമ്മദിനെതിരെ സിന്തറ്റിക് ലഹരി ഉപയോഗിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ആ കാലഘട്ടത്തില്‍ സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരവധി നടന്മാരെ അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2024ല്‍ മലയാള സിനിമയിലെ പ്രശ്‌നങ്ങളന്വേഷിച്ച ഹേമ കമ്മിറ്റി സിനിമ മേഖലയില്‍ നടക്കുന്ന വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചും പ്രതിപാദിച്ചിരുന്നു.

സിനിമ മേഖലയില്‍ നിന്നുള്ളവരെയും പോലീസ് പിടിക്കുന്നുണ്ടെന്നും, ശക്ഷിക്കപ്പെടുമെന്നും ഷൈനിലൂടെ മനസിലാക്കാന്‍ കഴിഞ്ഞാല്‍, ലഹരി ഉപയോഗിക്കുന്നവര്‍ക്ക് താക്കീതാവും

ഇപ്പോള്‍ ലഹരി കേസില്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് കൊച്ചി പോലീസ്. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കുമാണ് ഷൈനിനെതിരെ കേസ്. എന്‍ഡിപിഎസ് ആക്ട് 27, 29 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷന്‍ ജാമ്യം അനുവദിക്കാവുന്ന തരത്തിലുള്ള വകുപ്പുകളാണ് ഷൈനിനെതിരെ ചുമത്തിയിട്ടുള്ളത്. നഖവും മുടിയുമടക്കമുള്ള സാംപിളുകള്‍ പരിശോധിക്കും. ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്നും ഷൈനിന് ചോദ്യം ചെയ്യലില്‍ സമ്മതിക്കേണ്ടതായി വന്നു. സജീറിനെ തേടി ഹോട്ടലില്‍ പോലീസ് എത്തിയപ്പോഴാണ് ഷൈന്‍ ജനല്‍ വഴി ചാടി രക്ഷപ്പെട്ടത്.

ലഹരി ഇടപാടുകാരൻ സജീറുമായി ഷൈനിന് സാമ്പത്തിക ഇടപാടും കണ്ടെത്തി. ഇറങ്ങിയോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാട് നടത്തി. ആ ദിവസം ലഹരി ഉപയോഗിച്ചില്ലെന്ന് ഷൈൻ മൊഴി നൽകി. അന്ന് ലഹരി കൈവശം വച്ചിട്ടില്ലെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈനിന് ലഹരി പരിശോധന നടത്തുന്നത്.

ഡാൻസാഫ് സംഘം ഗുണ്ടകളാണെന്ന് തെറ്റിധരിച്ച് ഇറങ്ങിയോടുകയായിരുന്നെന്നാണ് ഷൈൻ പൊലീസിനു നൽകിയ മൊഴി . എന്നാൽ നിരന്തരമായ ചോദ്യങ്ങൾക്കുമുന്നിൽ ഷൈൻ പതറി . ഒടുവിൽ സജീറുമായുള്ള ബന്ധം സമ്മതിക്കേണ്ടിയും വന്നു. ഷൈനിന്റെ വാട്സാപ് ചാറ്റും കോളുകളും ഗൂഗിൾപേ അക്കൗണ്ടും പരിശോധിച്ചാണ് പൊലീസ് വഴിവിട്ട ഇടപെടലുകൾ ഉറപ്പിച്ചത്.

ഇതിനെ അടിസ്ഥഥാനപ്പെടുത്തിയുള്ള ചോദ്യം ചെയ്യലിനു മുന്നിൽ നടന് പിടിച്ചു നിൽക്കാനായില്ല. ഇതേ തുടർന്നാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.Shine Tom Arrest: Is Dansaf Rising 

content summary; Shine Tom’s arrest; Is Dansaf gaining a foothold in the film industry?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×