ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ട്. വിനോദ് കാംബ്ലി ഉപയോഗിച്ചുകൊണ്ടിരുന്ന ഐ ഫോൺ, റിപ്പയർ ഫീസ് ആയ 15,000 രൂപ നൽകാത്തതിനെ തുടർന്ന് കടയുടമ ഫോൺ തിരികെ വാങ്ങിച്ചുവെന്നാണ് ന്യൂസ് 18 നൽകുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. Vinod Kambli
ബിസിസിഐയിൽ നിന്ന് പ്രതിമാസം 30,000 രൂപ പെൻഷൻ തുകയായി വിനോദ് കാംബ്ലിക്ക് ലഭിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ പാർട്ടി വിനോദ് കാംബ്ലിക്ക് സഹായമായി അഞ്ച് ലക്ഷം രൂപയും നൽകിയിരുന്നു. എന്നാൽ തങ്ങളുടെ ഹൗസിങ്ങ് സൊസൈറ്റി മെയിന്റനൻസ് തുകയായ 18 ലക്ഷം രൂപ ഇനിയും അടച്ചുതീർക്കാനുണ്ടെന്നും തുക നൽകിയില്ലെങ്കിൽ വീട് നഷ്ടപ്പെടുമെന്നും വിനോദ് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് പറഞ്ഞു.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മുംബൈ താനെ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു കാംബ്ലി ചികിത്സ തേടിയിരുന്നത്. മൂത്രാശയ അണുബാധയും പേശിവലിവും അനുഭവപ്പെട്ടതോടെയാണ് വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി പരിശോധനകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി മെഡിക്കൽ സംഘം കണ്ടെത്തിയത്. നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
മുൻ ക്രിക്കറ്റ് താരങ്ങളുൾപ്പെടെ നിരവധി പേർ വിനോദ് കാംബ്ലിക്ക് വൈദ്യസഹായത്തിനായി പണം നൽകിയിരുന്നു. രണ്ടാഴ്ചയോളം താനെ ജില്ലയിലെ ഭിവണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദ് കാംബ്ലി ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്. 52 കാരനായ കാംബ്ലിയെ താനെ ജില്ലയിലെ അകൃതി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്.
2013ല്‍ വിനോദ് കാംബ്ലി രണ്ടു തവണ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അടുത്തിടെ ബാല്യകാല കോച്ച് രമാകന്ത് അച്ചരേക്കറുടെ അനുസ്മരണ ചടങ്ങില്‍ കാംബ്ലിയുടെ രൂപവും സംസാരവും കണ്ട് എല്ലാവരും അമ്പരന്നിരുന്നു. ലഹരിക്ക് കാംബ്ലിയെ സഹായിക്കാന്‍ തയ്യാറാണെന്ന് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള പഴയകാല താരങ്ങള്‍ അറിയിച്ചിരുന്നു.
പുതുവത്സരദിന സന്ദേശമായി മദ്യവും മയക്കുമരുന്നും ഒഴിവാക്കണമെന്ന് കാംബ്ലി സോഷ്യൽ മീഡിയ വഴി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ലഹരി ഉപയോഗം ജീവിതം നശിപ്പിക്കുമെന്നും താൻ ഉടൻ ഫീൽഡിൽ തിരിച്ചെത്തുമെന്നും മുൻ ക്രിക്കറ്റ് താരം അറിയിച്ചിരുന്നു. മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെങ്കിലും ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോ. വിവേക് ത്രിവേദി പറഞ്ഞു. ടീം ഇന്ത്യയുടെ ജഴ്‌സിയിൽ ബാറ്റുമായി ആശുപത്രി വിട്ട കാംബ്ലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. Vinod Kambli
Content summary: Shopkeeper seizes phone, loses house too, Vinod Kambli has been struggling financially
Vinod Kambli BCCI Indian cricket team cricket