അതിശൈത്യത്തിൽ വിറച്ച് കുവൈറ്റ്. ആറ് പതിറ്റാണ്ടാനിടയിലെ ഏറ്റവും തണുപ്പേറിയ ദിവസമായിരുന്നു ഫെബ്രുവരി 25ലെ രാത്രിയെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് നിലവിലെ റെക്കോർഡ് താപനില ഭേദിച്ചതായി കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കാലാവസ്ഥാ ഡാറ്റ പ്രകാരം 60 വർഷത്തിനിടയിലെ കുവൈറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ അനുഭവപ്പെട്ട ഏറ്റവും തണുപ്പുള്ള ദിവസമാണ് കഴിഞ്ഞുപോയതെന്ന് ഇസ്സ റമദാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
മേഖലയിൽ സൈബീരിയൻ അതിശൈത്യ തരംഗം വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് താപനില ഗണ്യമായി കുറഞ്ഞതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് കുവൈറ്റിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ തണുത്ത കാലാവസ്ഥയുടെ പ്രതീതി വർദ്ധിപ്പിക്കുകയും മഞ്ഞു വിഴ്ചക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.
മുട്രിബയിലും സാൽമിയിലും താപനില -1 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. കാറ്റിന്റെ ശക്തി കൂടിയത് തണുപ്പ് വീണ്ടും വർദ്ധിക്കാൻ കാരണമായി. തുടർന്ന് മുട്രിബയിൽ -8 ഡിഗ്രി സെൽഷ്യസും സാൽമിയിൽ -6 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. കുവൈറ്റ് സിറ്റിയിൽ നിലവിൽ സ്ഥിതി ആശങ്കപ്പെടുത്തുന്നതല്ലെങ്കിലും ഗൾഫ് മേഖലയെ സംബന്ധിച്ചടുത്തോളം താപനില കുറയുന്നത് ആശങ്കാജനകമാണ്.
വരും ദിവസങ്ങളിൽ പകൽ പരമാവധി താപനില 14 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെടാനാണ് സാധ്യത. അതേസമയം, രാജ്യത്തെ ചില മരുപ്രദേശങ്ങളിൽ താപനില 1 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ഇത്ര ശക്തമായ അതിശൈത്യം അനുഭവപ്പെടുന്നത്. രാത്രിയിൽ തണുപ്പ് കൂടുതൽ രൂക്ഷമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
തണുപ്പ് കൂടുന്നതിനാൽ പുറത്തിറങ്ങുന്നവർ ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പകൽ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 12 – 45 കി.മീ വരെയും, രാത്രിയിൽ 10 – 38 കി.മീ വരെയും എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാർഷിക മേഖലയിലും മരുഭൂമികളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ധ്രുവപ്രദേശങ്ങളിലെ ഉയർന്ന മർദ്ദ സംവിധാനത്തിന്റെ സ്വാധീനം കുവൈത്തിന് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്. അയൽരാജ്യമായ ഇറാഖിലും വടക്കൻ സൗദി അറേബ്യയിലും പൂജ്യത്തിന് താഴെയുള്ള താപനിലയാണ് അനുഭവപ്പെട്ടതെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിലെ കാലാവസ്ഥാ കേന്ദ്രങ്ങൾ രാവിലെ 6 മണിയോടെ തന്നെ തണുത്തുറഞ്ഞ കാലാവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Content Summary: Siberian Cold Wave Hits Kuwait: Coldest Day in 60 Years Shatters Records
Kuwait Siberian Cold Wave weather