കൊച്ചി കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ലാറ്റില്‍ മുന്നൂറിലധികം പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും പടര്‍ന്ന് പിടിച്ചത് കുടിവെള്ളത്തിലെ ഇ-കോളിന്‍ ബാക്ടീരിയ കാരണമെന്ന് സ്ഥിരീകരണം. ആരോഗ്യ വകുപ്പ് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞാഴ്ച മുതലാണ് ഫ്ലാറ്റില്‍ പ്രശ്‌നം ആരംഭിച്ചത്. രോഗബാധയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് വയസില്‍ താഴെയുള്ള 25ലധികം കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപ്പെട്ടിട്ടുണ്ട്. അതേസമയം ഇ-കോളിന്‍ ബാക്ടീരിയയുടെ പ്രശ്‌നം കേരളത്തില്‍ ആദ്യമായിട്ടല്ല ഉണ്ടാവുന്നത്. പല ജില്ലകളിലും സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്രയധികം ആളുകളെ ബാധിക്കുന്നത് ആദ്യമാണ്.
ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാവുന്ന ബാക്ടീരിയയാണ് എസ്ചെറിഷ്യ കോളി അഥവ ഇ-കോളി.
മനുഷ്യ കുടലില്‍ അടക്കം ഈ ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. ഇവ ഉല്‍പ്പാദിപ്പിക്കുന്ന ഷിഗ ടോക്സിന്‍ ആണ് ഇവിടെ വില്ലന്‍. ഇ-കോളി ഷിഗ ടോക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാവുന്നത്. ഇവ ആദ്യം ആക്രമിക്കുക കുടലിനെയും ദഹനേന്ദ്രീയ അവയവങ്ങളെയുമാണ്. ഷിഗ ടോക്‌സിന്‍ കുടലിന്റെ ആവരണത്തെ തകരാറിലാക്കും. ഇതിന് പിന്നാലെയാണ് വയറുവേദന, വയറിളക്കം, ഛര്‍ദി പോലെയുള്ള രോഗങ്ങള്‍ ബാധിക്കുക. രോഗം മൂര്‍ച്ഛിച്ചാല്‍ ന്യുമോണിയ, കിഡ്‌നികളെ ബാധിക്കുന്ന ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോം എന്നിവയിലേക്കും എത്താം. യൂറെമിക് സിന്‍ഡ്രോം കൂടുതലായും ബാധിക്കുക കുഞ്ഞുങ്ങളെയാണ്. മൂത്രനാളിയിലെ അണുബാധയ്ക്കും ഇ-കോളി കാരണമാകും.
ഇ-കോളി ബാക്ടീരിയകള്‍ക്ക് വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയും, പ്രത്യേകിച്ച് രോഗബാധിതരായ മുതിര്‍ന്നവരും കുട്ടികളും ശുചിത്വം പാലിച്ചില്ലെങ്കില്‍. ബാക്ടീരിയയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആരെയും ഇ.കോളി ബാധിക്കും. എന്നാല്‍ ചില ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ക്ഷീണം, കഠിനമായ വയറുവേദന, അതിസാരം, മൂത്രനാളിയിലെ അണുബാധ, ഓക്കാനം, ഛര്‍ദ്ദി, കടുത്ത പനി, വയറിളക്കത്തോടൊപ്പം ചോരയും വരിക
മറ്റ് ബാക്ടീരിയകളെപ്പോലെ മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരും. ഇതിന് പുറമെ രോഗം ബാധിച്ച മാംസം, പാസ്ചറൈസ് ചെയ്യാത്ത പാല്‍, പഴങ്ങളും പച്ചക്കറികളും, മറ്റു സാംക്രമിക മാര്‍ഗങ്ങള്‍ എന്നിവയിലൂടെയും പകരാം. കന്നുകാലികളെ അറുക്കുമ്പോള്‍ അവയുടെ കുടലിലെ ഇ കോളി ബാക്ടീരിയ മാംസത്തിലേക്കെത്തും. പലപ്പോഴും കടകളില്‍ ഒന്നിലധികം കന്നുകാലികളുടെ മാംസങ്ങള്‍ ഒരുമിച്ചായിരിക്കും വച്ചിരിക്കുക. ഇതും ഫുഡ് പോയിസണിങ് സാധ്യത ഉയര്‍ത്തുന്നു. പശുവിന്റെ അകിടിലടക്കമുള്ള ഇ.കോളി ബാക്ടീരിയകള്‍ പാലില്‍ എത്താം.
മഴക്കാലത്താണ് മലിന ജലം വഴി ഇ-കോളി ശരീരത്തില്‍ കയറാനുള്ള സാധ്യത ഉയരുന്നത്. അതിനാല്‍ മഴസമയത്ത് വൃത്തിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
നന്നായി പാകം ചെയ്ത മാംസം കഴിക്കുക
കൈകള്‍ കഴുകുക, തിളപ്പിച്ച വെള്ളം ഉപയോഗിക്കുക
ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക
പാത്രങ്ങള്‍ കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുക എന്നിവയാണ് പരിഹാര മാര്‍ഗങ്ങള്‍.
(Source: World health Organization )
English Summary: Signs and symptoms of E. coli O157:H7 infection