കന്യാസ്ത്രീയ്ക്കെതിരായ ലൈംഗികാതിക്രമ കേസിൽ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് 2018ലാണ് 5 കന്യാസ്ത്രീകൾ സമരത്തിനിറങ്ങുന്നത്. നീതിയ്ക്ക് വേണ്ടി നിലകൊണ്ടതിന് ഇവരെ സഭ വിലക്കി. അന്ന് സമരത്തിന് നേതൃത്വം നൽകിയത് സിസ്റ്റർ അനുപമയായിരുന്നു. എന്നാൽ 4 വർഷങ്ങൾക്ക് ശേഷം 2022ൽ കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ട് കോട്ടയം ജില്ലാ കോടതി വിധി പ്രസ്താവിച്ചു. സഭ വിടാനുള്ള നേതൃത്വത്തിന്റെ സമ്മർദത്തിന് വഴങ്ങാതെ ഏഴ് വർഷത്തോളം പിടിച്ച് നിന്നു അനുപമയ്ക്ക് ഒടുവിലാ തീരുമാനത്തിലേക്കെത്തേണ്ടി വന്നു. സഭാവസ്ത്രം ഉപേക്ഷിക്കുക, ജോലി കണ്ടെത്തുക.
പെട്ടെന്നുണ്ടായ തീരുമാനത്തിൽ അല്ല സിസ്റ്റർ അനുപമ വസ്ത്രം ഉപേക്ഷിച്ചത്. ഏകദേശം രണ്ട് മാസമായിക്കാണും സിസ്റ്റർ അനുപമ സ്വന്തം വീട്ടിലേക്ക് പോയിട്ട്. പുറത്ത് പോയി ജോലി ചെയ്യാൻ തുടങ്ങിയതോടെ ആളുകൾ കാണുകയും അവരെ തിരിച്ചറിയുകയും ചെയ്തതാണ് വാർത്തയായതിന് പിന്നിലെ കാരണം. അല്ലെങ്കിൽ അതിൽ വാർത്തയുടെ സാധ്യതയില്ലെന്ന് അൽമായ മുന്നേറ്റ വക്താവ് ഷൈജു ആന്റണി അഴിമുഖത്തോട് പറഞ്ഞു.
കേസിൽ അതിജീവിതയായിട്ടുള്ള സിസ്റ്റർ നീതിക്കായി തന്റെ ജീവിതാവസാനം വരെ പോരാടുമെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതിജീവിതയുടെ പോരാട്ടത്തിൽ കൂടെ കൈപിടിക്കാൻ വന്നവരാണ് ബാക്കിയുള്ള സിസ്റ്റർമാർ. അവർ തങ്ങളുടെ ജീവിതം ഒരിക്കലും ഹോമിക്കരുതെന്ന് അതിജീവിത ഇവരോട് ആവശ്യപ്പെട്ടിരുന്നു. മഠത്തിലെ ജീവിതം വളരെ സമ്മർദ്ദം നിറഞ്ഞതായിരുന്നു. സാമ്പത്തികപരമായി, ജീവിക്കാനുള്ള ഒരു സാധ്യതയും അവർക്ക് മുന്നിലില്ല. സഭയുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള പിന്തുണയും അവർക്കില്ല. കുറച്ചു മാസങ്ങൾക്ക് മുമ്പ് ബിഷപ്പ് വന്ന് ഇവരെ സന്ദർശിച്ചിരുന്നു, ഇവരോട് ഒരു നിശ്ചിത സ്ഥലത്ത് കൃഷി ചെയ്തോളാൻ നിർദേശിച്ചു. ഇതിന് പുറമേ മാസം ചില അഭ്യുദയകാംക്ഷികളുടെ പിന്തുണയും കൂടിയുള്ളത് കൊണ്ടാണ് അവരവിടെ ജീവിച്ചിരുന്നത്. സിസ്റ്റർ നീനയും അനുപമയും പോകുന്ന സമയത്ത് ഒരു അപകടമുണ്ടാവുകയും സിസ്റ്റർ നീനയ്ക്ക് കാര്യമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സന്ദർഭത്തിൽ ചിലവുകൾ വഹിക്കാൻ ഇവർ ഏറെ കഷ്ടപ്പെട്ടിരുന്നുവെന്ന് ഷൈജു വ്യക്തമാക്കി.
സഭാനേതൃത്വത്തെ ചോദ്യം ചെയ്യുന്നവർക്കെതിരെ തിരിയുന്നതാണ് സഭയുടെ രീതി. എന്നാൽ ഇവരെ സഭ തന്നെ പുറത്താക്കുന്നുണ്ടോ അതുമില്ല. നിങ്ങൾ തന്നെ പോകൂ, പോയേ പറ്റൂ എന്ന നിലപാടാണ് സഭയുടേത്. ഇവരെ പുറത്താക്കുന്നതിന് വേണ്ടിയ കാരണങ്ങൾ കാസയ്ക്കില്ല. പോയവരാരും വിവാഹം കഴിക്കുകയോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. സന്യാസ ജീവിതം മടുത്തത് കൊണ്ട് ഇറങ്ങിപ്പോയവരല്ല ഇവരാരും സഭയുടെ ഈ നിലപാടിൽ അസ്വസ്ഥതരായാണ് ഇവർ മഠങ്ങൾ വിട്ടത്. സുഖം തേടി പോയവരല്ല അവർ സ്വസ്ഥത തേടിപോയവരാണെന്ന് ഷൈജു പറഞ്ഞു. ഇനിയും അവരെ വേട്ടയാടരുതെന്നാണ് എനിക്ക് മാധ്യമങ്ങളോട് ആവശ്യപ്പെടാനുള്ളത്. നാട്ടിൽ ജോലി ചെയ്യാനോ സ്വസ്ഥമായി ജീവിക്കാനോ സാഹചര്യമില്ലാതെ മറ്റൊരു നാട്ടിൽ ജോലി ചെയ്യുന്ന സിസ്റ്റർമാരുണ്ട്. ഈ വിഷയങ്ങൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്നതോടെ അവർക്ക് തൊഴിൽ ചെയ്ത് ജീവിക്കാനുള്ള സാധ്യതകളാണ് ഇല്ലാതാവുന്നത്. കുറേ നാളുകളായി ഇവരെല്ലാം വിവിധയിടങ്ങളിലായി ജോലി അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇവർക്ക് ജോലി കൊടുക്കാൻ ആരും തയ്യാറല്ലാത്ത സാഹചര്യവുമുണ്ടായിട്ടുണ്ടായിരുന്നു. ഒരു കന്യാസ്ത്രീയായിരിക്കെ അവർക്ക് ആ വസ്ത്രം ധരിച്ച് മാത്രമേ ജോലിയ്ക്ക് പോകാൻ സാധിക്കൂ. അപ്പോഴവർ ശ്രദ്ധിക്കപ്പെടും ഇതിനായി ബദലായി കന്യാസ്ത്രീപട്ടം ഉപേക്ഷിക്കുക എന്നൊരു സാധ്യത മാത്രമേ അവർക്ക് മുന്നിലൂള്ളൂ. സാധാരണ വേഷത്തിൽ ജോലിയ്ക്ക് പോകാം ജീവിതം നയിക്കാം അങ്ങനെ കുറേ കാര്യങ്ങളുണ്ട് അതിന് പിന്നിലെന്ന് ഷൈജു കൂട്ടിച്ചേർത്തു.
സിസ്റ്ററായിരിക്കെ തിരുവസ്ത്രമണിഞ്ഞ് ജോലിയ്ക്ക് പോകുന്നത് വേണമെങ്കിൽ വേറെ രീതിയിൽ വ്യാഖ്യാനിക്കാം. അതുകൊണ്ടാണ് കന്യാസ്ത്രീത്വം ഉപേക്ഷിച്ച് സാധാരണ വസ്ത്രമണിഞ്ഞ് ജോലിയ്ക്ക് പോയത്. സിസ്റ്റർ അനുപമയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നവരാണ് ഞങ്ങളെല്ലാം. അവരുടെ വ്യക്തി ജീവിതത്തെ ഇതെല്ലാം ബാധിക്കുന്നുണ്ട്. അവർക്ക് ഇഷ്ടമുള്ള രീതിയിൽ അവരെ ജീവിക്കാൻ അനുവദിക്കുക. കേസ് നടക്കുന്ന സമയത്ത് ഇവരെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇവർക്ക് നേരെ തൊടുത്തുവിട്ടത്. അതിനെല്ലാം മറുപടി നൽകുന്നതാണ് അവരുടെ ജീവിതം. അവരനുഭവിച്ച മാനസികാഘാതവും ബുദ്ധിമുട്ടുകളും പുറത്ത് നിന്നുള്ള ഒരാൾക്ക് മനസിലാവണമെന്നില്ല. അവർ തീരുമാനമെടുക്കട്ടെ പിന്തുണയുമായി ഞങ്ങളൊപ്പമുണ്ട്. നിങ്ങൾ പുറത്തുവരണമെന്ന് ഞങ്ങളിവരോട് പലതവണയായി പറഞ്ഞിരുന്നു. അതിജീവിതയോടും ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു. ഒരിക്കൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പറഞ്ഞ് ഒളിച്ച് ജീവിക്കേണ്ടുന്ന കാര്യമില്ല. അനുപമ സിസ്റ്ററിന്റെ കുടുംബം പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. സഭാനേതൃത്വം ഇതിനെ ഏത് രീതിയിൽ വ്യാഖ്യാനിച്ചാവും അതിന്റെ സത്യാവസ്ഥയെക്കുറിച്ച് എല്ലാവർക്കും പൂർണ്ണ ബോധ്യമുണ്ടെന്നും ഷൈജു പറഞ്ഞു.
content summary: Sister Anupama, one of the key figures in the fight against Franco Mulakkal in a sexual abuse case, has left the convent to pursue a normal life
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.