ബിഹാറിലെ സീതമര്‍ഹി സീതാദേവിയുടെ ജന്മസ്ഥലമാണെന്നത് ഒരു വിശ്വാസം മാത്രമാണെന്നും അതിന് ചരിത്രപരമായ തെളിവുകള്‍ ഒന്നുമില്ലെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ രാജ്യസഭയെ അറിയിച്ചു. അതേസമയം ഇതേ യുക്തി അനുസരിച്ച് സീതയുടെ ഭര്‍ത്താവും ഹിന്ദു ദൈവവുമായ രാമനും ഒരു വിശ്വാസം മാത്രമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചു. ഇതിഹാസമായ രാമായണത്തിലെ കേന്ദ്രകഥാപാത്രങ്ങളാണ് രാമനും സീതയും. ഹിന്ദുമത വിശ്വാസത്തില്‍ ഏറ്റവും ആദരണീയരായ ദൈവങ്ങളില്‍ ഒരാളാണ് രാമന്‍.
സീതയുടെ ജന്മദേശത്തിന് നേരിട്ടുള്ള തെളിവുകളൊന്നുമില്ല. സീതമര്‍ഹിയില്‍ പുരാവസ്തു ഗവേഷകര്‍ ഇന്നുവരെയും ഖനന പ്രവര്‍ത്തനങ്ങളൊന്നും നടത്തുകയോ ഇത് സീതയുടെ ജന്മദേശമാണെന്നതിന് തെളിവുകള്‍ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ സീതാമര്‍ഹി സീതയുടെ ജന്മദേശമാണെന്നതിന് ചരിത്രപരമായ തെളിവുകളുമില്ല. സീതയുടെ ജന്മദേശത്തെക്കുറിച്ച് എന്തെങ്കിലും ചരിത്രപരമായ തെളിവുകളുണ്ടോയെന്ന സഭയുടെ ചോദ്യത്തിന് എഴുതി തയ്യാറാക്കി മറുപടി പറയുകയായിരുന്നു മന്ത്രി.
രാമായണത്തില്‍ സീതയുടെ ജന്മദേശമായി പരാമര്‍ശിച്ചിരിക്കുന്ന മിഥിലയാണ്. മന്ത്രിയുടെ പരാമര്‍ശം ഒരു ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സീതയെയും സ്ത്രീകളെ പൊതുവായും സര്‍ക്കാര്‍ അപമാനിച്ചുവെന്ന് ജനതാദള്‍(യുണൈറ്റഡ്) എംപി അനില്‍കുമാര്‍ സഹനി ആരോപിച്ചു. താന്‍ രാമന്റെ ഭക്തനാണെന്നും മന്ത്രിയുടെ പ്രസ്താവന തന്റെ വിശ്വാസത്തെ ഉലച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ് പറഞ്ഞു.
‘ഇന്ന് നിങ്ങള്‍ ഇവിടെയിരിക്കുന്നത് രാമരാജ്യത്തിന്റെ പേരിലാണ് ഇപ്പോള്‍ നിങ്ങള്‍ പറയുന്നു സീത ഒരു വിശ്വാസം മാത്രമാണെന്ന്. അയോധ്യ രാമജന്മ ഭൂമിയാണെന്ന് പറഞ്ഞ് 1992 ഡിസംബര്‍ ആറിന് തീവ്രഹിന്ദുത്വവാദികള്‍ അവിടെയുണ്ടായിരുന്ന ബാബ്‌റി മസ്ജിദ് പൊളിച്ചു. ഇത് രാജ്യവ്യാപകമായി വര്‍ഗ്ഗീയകലാപങ്ങള്‍ക്കും മൂവായിരത്തിലേറെ പേരുടെ മരണത്തിനും കാരണമായി’ സിംഗ് പറഞ്ഞു.
ആദ്യ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ മുസ്ലിം പള്ളി നിര്‍മ്മിച്ച അതേസ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചതെന്നാണ് തീവ്രഹിന്ദുക്കള്‍ വിശ്വസിക്കുന്നത്. ഏകദേശം 2.7 ഏക്കറിലുള്ള ഈ സ്ഥലം ഇന്ന് രാജ്യത്തെ ഏറ്റവും വര്‍ഗ്ഗീയ സംഘര്‍ഷ സാധ്യതയുള്ള പ്രദേശമാണ്.
This post was last modified on April 13, 2017 2:17 pm
Leave a Comment