ബിഗ് ബി റിലീസ് ചെയ്തിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു! വിശ്വസിക്കാന്‍ പ്രയാസം. കാലമെത്ര കഴിഞ്ഞിട്ടു കാണുമ്പോഴും ഫ്രഷ്‌നസ് ഫീല്‍ തരുന്ന അപൂര്‍വം സിനിമകള്‍ മാത്രം പിറന്നിട്ടുള്ള മലയാള സിനിമയില്‍ ബിഗ് ബി മുതല്‍ വരിയിലെ പേരാണ്. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിനോളം സ്‌റ്റൈല്‍ മറ്റേതെങ്കിലും കഥാപാത്രത്തിനുണ്ടോ എന്നതിലും തര്‍ക്കമില്ല. മമ്മൂട്ടി എന്ന നടനെ മാത്രമല്ല, അമല്‍ നീരദ് എന്ന സംവിധായകനേയും ബിഗ് ബി എന്ന ചലച്ചിത്രം പ്രേക്ഷകരുടെ മനസിലേക്കു കൊണ്ടുവരും. തുടക്കം എന്നു പറഞ്ഞാല്‍ ഇതുപോലൊരു ഒന്നൊന്നൊര തുടക്കം കിട്ടിയ സംവിധായകര്‍ ചുരുക്കം. 2007 ഏപ്രില്‍ 13 നു റിലീസ് ചെയ്ത ഒരു സിനിമ പത്തുവര്‍ഷത്തിനിപ്പുറവും അതിന്റെ സംവിധായകനെ കുറിച്ച് ചര്‍ച്ച ചെയ്യിപ്പിക്കുന്നുണ്ടെങ്കില്‍ അമല്‍ നീരദ് അത്രമേല്‍ തന്റെ ആദ്യസിനിമകൊണ്ടു വിജയിച്ചിരിക്കുന്നു എന്നുതന്നെയാണ് അര്‍ത്ഥം.
പത്തുവര്‍ഷത്തിനിപ്പുറം അമല്‍ നീരദ് ബിഗ് ബി യെ കുറിച്ച് വളരെ വൈകാരികമായാണു പറയുന്നത്- ബിഗ് ബി റിലീസ് ചെയ്തിട്ടു പത്തുവര്‍ഷം. ഞങ്ങളെ സംബന്ധിച്ച് അതൊരു സിനിമ മാത്രമായിരുന്നില്ല; അതിജീവനമായിരുന്നു. ബിഗ് ബി ഞങ്ങളുടെ അവസാന ബോട്ടായിരുന്നു. നന്ദി മമ്മൂക്ക, സിനിമയിലെ നായകനായതിന്, ഞങ്ങളുടെ പേടകത്തിന്റെ കാവല്‍ മാലാഖയായി നിന്നതിന്. ഒപ്പം ഈ വര്‍ഷമത്രയും ഞങ്ങളുടെ കുറവുകളും തെറ്റുകളും ക്ഷമിച്ച് ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി- അമല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആദ്യ ചിത്രം മമ്മൂട്ടിയെ നായകനാക്കിയൊരുക്കിയ അമല്‍ പത്തുവര്‍ഷത്തിനിപ്പുറം തന്റെ ഏഴാമത്തെ ചിത്രം ഒരുക്കുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയൊപ്പമാണെന്നതു മറ്റൊരു പ്രത്യേകതയാണ്. ബിഗ് ബി ഉണ്ടാക്കിയ ആവേശം ഇപ്പോഴും കെടാതെ നില്‍ക്കുമ്പോള്‍ ക്രോമേഡ് ഇന്‍ അമേരിക്കയ്ക്ക് ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഒറ്റുനോക്കുന്നത്.