June 18, 2025 |

കണക്ക് തെറ്റി കാര്‍ട്ടൂണിസ്റ്റായ ശിവറാം

സൂപ്പര്‍വൈസര്‍ കസേരയിലിരുന്ന് കാര്‍ട്ടൂണ്‍ രചന തുടങ്ങി

1919 ലാണ് മലയാളത്തില്‍ ലക്ഷണമൊത്ത ആദ്യ കാര്‍ട്ടൂണിന്റെ പിറവി. മലയാളത്തിലെ കാര്‍ട്ടൂണിന്റെ പിറവിക്ക് ഒരു വര്‍ഷം മുന്‍പാണ് ശിവറാം ജനിക്കുന്നത്. കോതമംഗലത്തിനടുത്ത് തൃക്കാരിയൂര്‍ ഇഞ്ചൂര്‍ ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടേയും കാര്‍ത്ത്യായനിയുടേയും മകനായി 1918 ഫെബ്രുവരി മാസം മൂലം നാളിലാണ് കെ.ശിവരാമന്‍ നായരെന്ന മലയാളത്തിന്റെ ആദ്യകാല ജനകീയ കാര്‍ട്ടൂണിസ്റ്റ് ശിവറാമിന്റെ ജനനം. അച്ഛന്‍ വലിയൊരു സംസ്‌ക്യത പണ്ഡിതനും ഫലിത പ്രിയനുമായിരുന്നു. ആശ്രമം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ശിവരാമന്‍ നായര്‍ക്ക് ഒട്ടേറെ സമ്മാനങ്ങള്‍ ചിത്രകലയില്‍ ലഭിച്ചിട്ടുണ്ട്. കരുവാറ്റ ട്രെയിനിങ്ങ് സ്‌ക്കൂളിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശിവറാം തന്റെ കുടുംബത്തിന്റെ തൃക്കാരിയൂരിലെ ഭൂമി എന്‍.എസ്.എസിന് സ്‌ക്കൂള്‍ തുടങ്ങുന്നതിന് സൗജന്യമായി നല്‍കി. അവിടെ തന്നെ അധ്യാപകനും, പിന്നീട് പ്രധാന അധ്യാപകനുമായി. അദ്ദേഹം മറ്റൊരാള്‍ക്ക് പ്രധാന അധ്യാപക സ്ഥാനം ലഭിക്കാനായി 1945 ല്‍ ജോലി രാജിവെച്ചു.

മരിക്കുവോളം താനൊരു കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥിയാണ് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ എന്നും പരിശീലനം നടത്തിയ വ്യക്തിയായിരുന്നു ശിവറാം. പെന്‍സിലും റബറും ഉപയോഗിക്കാതെ അനായാസം കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന ശിവറാമാണ് സാമൂഹ്യ കാര്‍ട്ടൂണുകള്‍ മലയാളത്തില്‍ ജനകീയമാക്കിയത്. താന്‍ എങ്ങനെ കാര്‍ട്ടൂണിസ്റ്റായി മാറി എന്നത് ശിവറാം തന്നെ കുറിച്ചിട്ടിരിക്കുന്നത് ശ്രദ്ധേയമാണ്. കണക്കു പറ്റിച്ച പണിയാണ്, 1946 ല്‍ താന്‍ കാര്‍ട്ടൂണിസ്റ്റാകാന്‍ ഇടയായത് എന്നാണ് ശിവറാം തന്നെ പറഞ്ഞിരുന്നത്. പക്ഷെ, മലയാള കാര്‍ട്ടൂണിന്റെ ചരിത്രത്തിന്റെ കണക്കില്‍ ഒന്നാം നിരയില്‍ ശിവറാം ചേട്ടനുണ്ട്. തൃക്കാരിയൂര്‍ സ്‌ക്കൂളിലെ അധ്യാപക ജോലി രാജിവെച്ച ശിവറാം ഭാര്യയോടൊത്ത് തിരുവനന്തപുരത്ത് ടെക്‌സ്റ്റെല്‍ ഷോപ്പ് നടത്തി. പിന്നീട് തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സിയിലെ കാന്റീന്‍ സൂപ്പര്‍വൈസറായി ജോലി നോക്കി. അവിടുന്നാണ് ഏലൂരിലെ എഫ്.എ.സി.റ്റിയിലെ കാന്റീന്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യാന്‍ എത്തിയതും, കാര്‍ട്ടൂണ്‍ രചനയിലേയ്ക്ക് തിരിയുന്നതും.

ഫാക്റ്റ് കാന്റീന്‍ സൂപ്പര്‍വൈസറായി പണിയിലിരിക്കവെയാണ് ഈ സംഭവം ഉണ്ടായത്. വാരാന്ത്യത്തില്‍ ആ വാരത്തില്‍ വാങ്ങിയ പച്ചക്കറികളുടേയും മറ്റും കൃത്യമായ കണക്ക് മേലധികാരി എ.ആര്‍.എസ്സിനെ ബോധിപ്പിക്കണമായിരുന്നു. സ്വാമി എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം വലിയ ദേഷ്യക്കാരനായിരുന്നു. ശിവറാം ഭയന്ന് കണക്കുമായി ചെന്ന് അദ്ദേഹത്തെ വണങ്ങി നിന്നു. കണക്കില്‍ കണ്ണോടിച്ച ശേഷം അദ്ദേഹം ഒരിടിമുഴക്കം പോലെ പറഞ്ഞു – ‘താന്‍ ആലുവായിലൊരു ബാര്‍ബര്‍ഷോപ്പു തുടങ്ങുക. തനിക്കു പറ്റിയ പണി അതാണ്…? കണക്ക് ശിവറാമിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ശിവറാമിന് സംഗതി പിടികിട്ടി, കണക്കില്‍ കുറുകെ വെട്ടിയിരിക്കുന്നു. കണക്കില്‍ തെറ്റുണ്ട്. ശിവറാമിന് സങ്കടമായി, ദേഷ്യമായി, അപമാനമായി… അദ്ദേഹം കരഞ്ഞു പോയി… എല്ലാ വികാരവും ഉള്ളിലൊതുക്കി പ്രയാസപ്പെട്ടൊരു പടം ശിവറാം വരച്ചു. സ്വാമി തന്നെ ബാഗിന് മുഖത്തടിക്കുന്നതായും ഏതാനും നക്ഷത്രങ്ങള്‍ തെറിക്കുന്നതായും ഒരു കണക്കിന് ശിവറാം വരച്ചൊപ്പിച്ചു.

പിറ്റേന്ന് ശിവറാമിന്റെ വര സ്വാമിയുടെ ശ്രദ്ധയില്‍പ്പെട്ടു. സ്വാമി ശിവറാമിനെ വിളിപ്പിച്ചു. ശിവറാം ഭയന്നു വിറച്ച് സ്വാമിയുടെ അടുത്തെത്തി. ‘ആരിതു വരച്ചു….? ചോദ്യം… ചോദ്യം ആവര്‍ത്തിച്ചു. ശിവറാം പൊട്ടിക്കരഞ്ഞുകൊണ്ട് കുറ്റം സമ്മതിച്ചു. മേലാല്‍ വരയ്ക്കില്ലെന്ന് ആവര്‍ത്തിച്ചു.
‘ശരി സോറി ശിവരാമന്‍ നായര്‍. ഞാന്‍ നിങ്ങളോട് ധാരാളം ദേഷ്യപ്പെട്ടു, നിങ്ങള്‍ ഒരാര്‍ട്ടിസ്റ്റാണ് സൂപ്പര്‍വൈസറല്ല. ഇതും പറഞ്ഞദ്ദേഹം പോയി. അന്നു വൈകുന്നേരം അദ്ദേഹം മാനേജുമെന്റിലേക്ക് ശിവറാമിനെപ്പറ്റി ഒരു കത്തെഴുതി അയച്ചു. കത്തിന്റെ പകര്‍പ്പ് ശിവറാമിനും കിട്ടി. പിന്നീടുള്ള സംഭവങ്ങള്‍ പെട്ടെന്ന് നടന്നു. ശിവറാം വരച്ചിരുന്ന അത്ര നല്ലതൊന്നുമല്ലായിരുന്ന പടങ്ങള്‍ അന്നത്തെ അധികാരികള്‍ കണ്ടു.

ശിവറാമിന്റെ കാര്‍ട്ടൂണിലെ കഴിവ് കണ്ട ഫാക്റ്റ് തലവന്‍ വാനസ്സ് എന്ന അമേരിക്കന്‍ സായിപ്പ് ശിവറാമിനെ വിളിച്ച് കുശലം ചോദിച്ചു. നിങ്ങള്‍ വരച്ചു പഠിക്കൂ. ഒരു കാര്‍ട്ടൂണിസ്റ്റാവാം. എന്നു പറഞ്ഞ് അമേരിക്കന്‍ കാര്‍ട്ടൂണുകള്‍ നിറഞ്ഞ പേപ്പറുകള്‍ ശിവറാമിന് സമ്മാനിച്ചു. അങ്ങനെ ശിവറാം പേടി കൂടാതെ സൂപ്പര്‍ വൈസര്‍ കസേരയിലിരുന്ന് കാര്‍ട്ടൂണ്‍ രചന തുടങ്ങി. സമ്മാനമായി ശിവറാമിന് ഒരു പ്രമോഷനും നല്‍കി. അത് അക്കൗണ്ട്‌സ് വകുപ്പിലേയ്ക്കായിരുന്നു. കണക്കറിയാത്ത ശിവറാമിന് അത് തീച്ചൂളയില്‍ വീണ അനുഭവമായിരുന്നു. ശിവറാം അവിടെ നിന്ന് മാറ്റം വാങ്ങി മറ്റൊരു വകുപ്പില്‍ പ്രവര്‍ത്തിച്ചു.

ബ്രിട്ടീഷുകാരായിരുന്നു എഫ്.എ.സി.റ്റിയുടെ തലവന്‍മാര്‍. അവരുടെ വേഷവിധാനം ശിവറാമിനെ ആകര്‍ഷിച്ചു. അവരുടെ കാര്‍ട്ടൂണുകള്‍ വരച്ചപ്പോള്‍ തൊപ്പിയും, വടിയും എല്ലാം പ്രത്യേകതകളായി. ക്യാന്റീന്‍ ജീവനക്കാരായ കുടവയറന്‍ സ്വാമിയും, ഉണ്ടാക്കുന്ന വട എപ്പോഴും രുചിച്ച് നോക്കുന്ന പട്ടരും മറ്റും കാന്റീനിലെ പ്രദര്‍ശന കാര്‍ട്ടൂണുകളായി. അവിടെ എത്തുന്നവര്‍ക്ക് ഇതൊരു രസമായി. ഒരിക്കല്‍ മേലധികാരിയായ എം.ആര്‍.ബി.മേനോനെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ ഫാക്റ്റിലെ ജോലിയും പോയി.

ജോലി നഷ്ടപ്പെട്ട ശിവറാം, ഫാക്റ്റ് തലവന്‍ വാനസ്സ് സായിപ്പിനെ കണ്ടു. ശിവറാമിന്റെ കാര്‍ട്ടൂണിലെ കഴിവ് അറിയാമായിരുന്ന ഫാക്റ്റ് തലവന്‍ വാനസ്സ് സായിപ്പ് അദ്ദേഹത്തെ സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ അപകട നിരോധന പടങ്ങള്‍ വരയ്ക്കാന്‍ നിയമിക്കുകയും ചെയ്തു. പിന്നെ പബ്ലിസിറ്റി, കാര്‍ട്ടൂണിസ്റ്റ്, കമ്മേഷ്യല്‍ ആര്‍ട്ടിസ്റ്റ് എന്നീ ചുമതലകളില്‍ എഫ്.എ.സി.റ്റിയില്‍ 32 വര്‍ഷം ചിലവിട്ടു. ഇതിനിടയില്‍ മലയാളത്തിലെ ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ ശിവറാം കാര്‍ട്ടൂണുകള്‍ വരച്ചു. ഏറെ പ്രശസ്തനായപ്പോള്‍ ഒരു ചതുരത്തില്‍ എസ്സ് എന്ന അക്ഷരത്തില്‍ ഒപ്പ് ഒതുക്കി.

1947 മുതല്‍ മലയാള രാജ്യം വാരികയില്‍ ശിവറാം വരച്ചിരുന്ന ഭാനുമേനോന്‍ എന്ന കാര്‍ട്ടൂണ്‍ പംക്തി ഏറെ ജനകീയവും പ്രശസ്തവുമായിരുന്നു. ഒരു കുടുംബത്തിലെ വിശേഷങ്ങളായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ പംക്തിയില്‍ നിറഞ്ഞ് നിന്നിരുന്നത്. 14 വര്‍ഷം മലയാള നാട് വാരികയുടെ അവസാന പേജില്‍ പ്രസിദ്ധീകരിച്ച ഭാനൂമേനോന്‍ എന്ന കാര്‍ട്ടൂണ്‍ ചിത്രകഥയെ അനുകരിച്ചോ, മാത്യകയാക്കിയോ ആയിരുന്നു പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ കാര്‍ട്ടൂണ്‍ ചിത്രകഥകളും.

മലയാളം എക്‌സ്പ്രസ്സ്, മലയാള മനോരമ, കേരളഭൂഷണം, മാതൃഭൂമി, ഇന്ത്യന്‍ എക്‌സ്പ്രസ്സ് തുടങ്ങി ഒട്ടേറെ പത്രങ്ങളിലും ശിവറാമിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി പത്രത്തില്‍ കുഞ്ഞമ്മാമന്‍ എന്ന പംക്തിയും, മാതൃഭൂമി വാരാന്തപ്പതിപ്പിലെ പഞ്ചതന്ത്രം കഥകളും, എക്‌സ്പ്രസ്സ് പത്രത്തിലെ അറബി കഥകളും, ഒരുകാലത്ത് ഏറെ പ്രശസ്തമായിരുന്നു. സുരക്ഷാ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നതില്‍ അദ്ദേഹം ഏറെ ആനന്ദം കണ്ടെത്തി. കേരളത്തിലെ ഒട്ടുമിക്ക വ്യവസായ സ്ഥാപനങ്ങളിലും ശിവറാമിന്റെ സുരക്ഷാ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മ ആദ്യമായി സാക്ഷാത്കരിക്കപ്പെട്ടത് 1967 ലായിരുന്നു. 1967 ല്‍ കൊച്ചിയില്‍ കാര്‍ട്ടൂണിസ്റ്റ് തോമസ്, ശിവറാം, മന്ത്രി, ആര്‍ട്ടിസ്റ്റ് രാഘവന്‍ നായര്‍ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നിന്ന് അവധി ചിലവിടാന്‍ നാട്ടിലെത്തിയ കാര്‍ട്ടൂണിസ്റ്റ് കുട്ടിയെ പങ്കെടുപ്പിച്ച് ഒരു കൂട്ടായ്മ ഒരുക്കി. അഖില കേരള ഹാസ്യ കലാ പരിഷത്ത് എന്ന സംഘടന അന്ന് രൂപീകരിക്കുകയും, അവരന്ന് നടന്ന കൂട്ടായ്മയെ അഖില കേരള ഹാസ്യ കലാ പരിഷത്ത് സമ്മേളനം എന്ന് വിളിക്കുകയും ചെയ്തു. എറണാകുളത്തെ പ്രശസ്തമായ കൃഷ്ണന്‍ നായര്‍ സ്റ്റുഡിയോയില്‍ ചെന്ന് ഫോട്ടോ എടുപ്പിച്ച് വാര്‍ത്ത സഹിതം അഖില കേരള ഹാസ്യ കലാ പരിഷത്ത് സമ്മേളനം പത്രങ്ങളില്‍ പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു. ആ കൂട്ടായ്മയാണ് മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ആദ്യ കാര്‍ട്ടൂണിസ്റ്റ് കൂട്ടായ്മ. അന്നത്തെ ഒറ്റ ദിവസത്തെ പരിപാടിയോടെ അഖില കേരള ഹാസ്യ കലാ പരിഷത്ത് പ്രവര്‍ത്തനരഹിതമായി.

1981 ല്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസിന്റെ അദ്ധ്യക്ഷതയില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി രൂപീകരിക്കുന്നതിനുള്ള ആദ്യ ആലോചനാ യോഗം നടന്നു. 1981 നവംബര്‍ 29 ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ കാര്‍ട്ടൂണിസ്റ്റ് ശിവറാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മറ്റൊരു യോഗം ഇന്നത്തെ കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് ഔദ്യോഗികമായി രൂപം കൊടുക്കുകയായിരുന്നു. 22 കാര്‍ട്ടൂണിസ്റ്റുകളാണ് അന്ന് യോഗത്തില്‍ പങ്കെടുത്തത്. ചെയര്‍മാനായി കാര്‍ട്ടൂണിസ്റ്റ് യേശുദാസനേയും, സെക്രട്ടറിയായി ബി.എം.ഗഫൂറിനേയും യോഗം തിരഞ്ഞെടുത്തു.

1981 ല്‍ ആണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി രൂപീകരിക്കപ്പെട്ടതെങ്കിലും, സൊസൈറ്റീസ് ആക്റ്റ് പ്രകാരം കാര്‍ട്ടൂണ്‍ അക്കാദമി രജിസ്റ്റര്‍ ചെയ്തത് 1983 ല്‍ മാത്രമാണ്. 1983 മാര്‍ച്ച് 9 ന് എറണാകുളം പ്രസ്സ് ക്ലബ് ഹാളില്‍ നിയമാവലിയുണ്ടാക്കിയ ശേഷമുള്ള ആദ്യ പൊതുയോഗം നടന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആദ്യ കമ്മറ്റിയുടെ നേത്യത്വത്തിലായിരുന്നു നിയമാവലി ഉണ്ടാക്കിയത്. യോഗം ചെയര്‍മാനായി യേശുദാസനേയും, സെക്രട്ടറിയായി ശിവറാമിനേയും തിരഞ്ഞെടുത്തു. യേശുദാസനും, ശിവറാമും കൂടിയാണ് മലയാള കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വാര്‍ഷിക യോഗത്തില്‍ വെച്ച് 1986 ലാണ് ലേഖകന്‍ ശിവറാം ചേട്ടനെ ആദ്യം കാണുന്നത്. അന്ന് എറണാകുളം ചിറ്റൂര്‍ റോഡിലെ ശിവറാം ചേട്ടന്റെ മകന്‍ സോമന്റെ ആര്‍ക്കിടെക്റ്റ് ഓഫീസായ മാനസാരയായിരുന്നു കാര്‍ട്ടൂണ്‍ അക്കാദമി ഓഫീസായി ഉപയോഗിച്ചത്. വാര്‍ഷിക പൊതുയോഗം അവിടെ തന്നെയായിരുന്നു കൂടിയിരുന്നത്. അന്ന് പതിനഞ്ചിലേറെ പേര്‍ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അക്കാദമി വാര്‍ഷികത്തില്‍ എപ്പോഴും കാരണവ സ്ഥാനത്തിരുന്ന് കൂട്ടായ്മയ്ക്ക് രസകരമായ അനുഭവ സാക്ഷ്യം പറയുന്ന ശിവറാം ചേട്ടന്‍ എല്ലാവര്‍ക്കും മാര്‍ഗ്ഗദര്‍ശിയായിരുന്നു.

തൃക്കാക്കര ഭാരതമാതാ കോളേജില്‍ നാഷണല്‍ സര്‍വ്വീസ് സ്‌ക്കീമിന്റെ നേത്യത്വത്തില്‍ നടത്തിയ കാര്‍ട്ടൂണ്‍ കളരി നടത്തിപ്പിനായി ഉപദേശങ്ങള്‍ ചോദിക്കുന്നതിനായിട്ടായിരുന്നു ശിവറാം ചേട്ടന്റെ കോതമംഗലത്തെ വീട്ടില്‍ 1988 ല്‍ ഞാന്‍ ആദ്യം പോയത്. പിന്നീട് എത്രയോ തവണ അവിടെ പോയിരിക്കുന്നു. ഓരോ യാത്രയും ശിവറാം ചേട്ടനോടൊപ്പമുള്ള കാര്‍ട്ടൂണ്‍ പാഠങ്ങളായിരുന്നു എന്നത് നന്ദിയോടെ ഓര്‍ക്കുന്നു. കാര്‍ട്ടൂണ്‍ പാഠങ്ങള്‍ പറഞ്ഞ് തന്നിരുന്നതിനോടൊപ്പം, കാര്‍ട്ടൂണ്‍ രംഗത്തെ ഓരോ വളര്‍ച്ചയും അദ്ദേഹം ചോദിച്ച് മനസിലാക്കി. വിശ്രമജീവിതം തനിക്ക് വേണ്ടെന്ന് തീരുമാനിച്ച് തൃക്കാരിയൂരില്‍ ശ്രീകല എന്ന സിനിമാ തീയറ്റര്‍ നടത്തി. തീയറ്റര്‍ ബിസിനസ് തനിക്ക് ചേര്‍ന്നതല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഒരു വര്‍ഷത്തിന് ശേഷം അത് ഉപേക്ഷിച്ചു. പിന്നീട് കാര്‍ട്ടൂണ്‍ രചനയിലും കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയിലും സജ്ജീവമായി.

ഇരുപത്തൊന്നാമത്തെ വയസില്‍ തൃക്കാരിയൂര്‍ എന്‍.എസ്.എസ്. സ്‌ക്കൂളിന്റെ താല്‍കാലിക പ്രധാന അധ്യാപകനായി ജോലി നോക്കവെയാണ് ഭഗീരതി അമ്മയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് ആറ് മക്കളുണ്ട്. മൂന്നാണും മൂന്ന് പെണ്ണും. 1989ല്‍ ഭാര്യ അന്തരിച്ചതോടെ തൃക്കാരിയൂര്‍ വിട്ട് എറണാകുളത്തെ മക്കളുടെ കൂടെയായി താമസം. അവസാന കാലത്ത് എറണാകുളത്ത് മകന്റെ വീട്ടില്‍ താമസിച്ചിരുന്ന സമയത്ത് ജന്‍മഭൂമിയിലും, മറ്റ് മാസികകള്‍ക്കും കാര്‍ട്ടൂണുകള്‍ വരയ്ക്കുമായിരുന്നു. മഹാരാജാസില്‍ ലേഖകന്‍ പഠിക്കുന്ന കാലത്ത് ആഴ്ച്ചയില്‍ ഒരു മണിക്കൂറെങ്കിലും ശിവറാം ചേട്ടന്റെ കൂടെ ചിലവഴിച്ച സമയങ്ങള്‍ ഓര്‍ക്കുന്നു. കാര്‍ട്ടൂണ്‍ കലയുടെ പാഠങ്ങളായിരുന്നു ഓരോ സന്ദര്‍ശനത്തിലും അദ്ദേഹം പകര്‍ന്ന് തന്നത്. 1995 ഒക്ടോബര്‍ 3ന് അന്തരിക്കും വരെ കാര്‍ട്ടൂണ്‍ വരയും നര്‍മ്മവും തപസ്യ പോലെ ഒപ്പം കൂട്ടിയിരുന്നു ശിവറാം ചേട്ടന്‍. Sivaram, who combined cartoons and humor in his life

Content Summary: Sivaram, who combined cartoons and humor in his life

Leave a Reply

Your email address will not be published. Required fields are marked *

×