June 06, 2026 |

നിങ്ങളുടെ ഭാര്യാപിതാവും ഇന്ത്യക്കാരനല്ലേ, അയാളും കൈ കൊണ്ട് ഭക്ഷണം കഴിച്ചിട്ടുണ്ടാവുമല്ലോ

സൊഹ്റാനെ അധിക്ഷേപിച്ച ​റിപബ്ലിക്കൻ നേതാവിന് വിമർശനം

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്തയൻ വംശജൻ സൊഹ്റാൻ മംദാനിയെ പരിഹസിച്ച് യുഎസ് കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ. പിന്നാലെ ഗില്ലിനെ ക്രൂശിൽ കയറ്റി സോഷ്യൽ ലോകം. ആളുകൾ എങ്ങനെയാണ് കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതെന്ന ഗില്ലിന്റെ വാക്കുകൾ സൊഹ്റാനെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന ആരോപണങ്ങൾ ഉയരുന്നു.

മൂന്നാം ലോകത്തേക്ക് മടങ്ങൂ എന്ന അടിക്കുറിപ്പ് നൽകിയാണ് സൊഹ്റാൻ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഗിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. പരാമർശം വിവാദമായതോടെ ഗില്ലിന്റെ ഇന്ത്യൻ വംശജയായ ഭാര്യയുടെ ചിത്രമടക്കം പങ്കുവച്ചു കൊണ്ടാണ് ഗില്ലിനെ വിമർശിക്കുന്നത്. കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് താങ്കൾ ഇത്രമാത്രം വെറുക്കുന്നുവെങ്കിൽ പിസ്സ, ഫ്രൈസ്, ടാക്കോസ് തുടങ്ങിയ ഭക്ഷണസാധനങ്ങൾ എങ്ങനെയാണ് കഴിക്കാറുള്ളതെന്ന് സോഷ്യൽ മീഡിയ ഗില്ലിനോട് ചോദിക്കുന്നുണ്ട്. ഒരു ബ്രിട്ടീഷ് അമേരിക്കൻ മാധ്യമ പ്രവർത്തകൻ ബ്രാൻഡൻ ഗില്ലിന്റെ ഭാര്യ ഡാനിയേൽ ഡിസൂസ പിതാവ് ദിനേശ് ഡിസൂസയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

ബ്രാൻഡൻ ഗില്ലിന്റെ ഭാര്യപിതാവ് ദിനേശ് ഡിസൂസ ഇന്ത്യയിലാണ് ജനിച്ചു വളർന്നത്, തീർച്ചയായും അദ്ദേഹം കൈകൊണ്ട് ഭക്ഷണം കഴിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ അമ്മായിയപ്പനോട് യുഎസ് വിടാൻ ആവശ്യപ്പെടുമോ? മാധ്യമപ്രവർത്തകൻ ചിത്രത്തിന് താഴെ കുറിച്ചു. ബ്രാൻഡൻ ഗില്ലിന്റെ ഭാര്യയുടെ മാതാപിതാക്കൾ ഒരു റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രവും ഇതിനൊപ്പം തന്നെ പ്രചരിക്കുന്നുണ്ട്. റസ്റ്റോറന്റിലെ മേശയ്ക്ക് മുകളിലായി ഇന്ത്യന ഭക്ഷണങ്ങൾ നിരത്തിയിരിക്കുന്നത് കാണാം. നാനിന്റെ കഷ്ണങ്ങൾ കൈയിലും കാണാം. നിങ്ങൾക്ക് ഇന്ത്യക്കാരോട് ഇത്രയ്ക്ക് വെറുപ്പാണെങ്കിൽ ഒരു ഇന്ത്യക്കാരിയെ വിവാഹം കഴിക്കരുതായിരുന്നു എന്നും വിമർശനങ്ങൾ ഉയരുന്നു. എന്നാൽ വിമർശനങ്ങൾ ശക്തമായപ്പോൾ ഇതിന് മറുപടിയുമായി ​ഗില്ലിന്റെ ഭാര്യയും രം​ഗത്തുവന്നിരുന്നു. ഞാൻ കൈ കൊണ്ട് ആഹാരം കഴിച്ചിട്ടില്ലെന്നും ഫോർക്ക് ഉപയോ​ഗിച്ചാണ് ശീലമെന്നും ഡാനിയേൽ ഡിസൂസ എഴുതി. ഞാൻ അമേരിക്കയിലാണ് ജനിച്ചതും വളർന്നതും, ഞാനൊരു ക്രിസ്ത്യാനിയാണ്. എന്റെ പിതാവിന്റെ കുടുംബം ഇന്ത്യയിലുണ്ട് അവരും ക്രിസ്ത്യാനികളാണ്. അവരും ഫോർക്ക് ഉപയോ​ഗിച്ചാണ ഭക്ഷണം കഴിക്കുന്നതെന്ന് ഡാനിയേൽ കൂട്ടിച്ചേർത്തു.

ഈ ദൃശ്യങ്ങൾ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിലെല്ലാം തന്നെ പ്രചരിക്കുകയും ചെയ്തിരുന്നു. ട്രംപ് അനുകൂലികളുടെ പേജായ എൻഡ് വോക്ക്നെസ് പ്രചരിക്കുന്ന ക്ലിപ്പിൽ ദക്ഷിണേന്ത്യൻ സംസ്കാരങ്ങളിൽ പതിവായി കണ്ടുവരുന്ന രീതിയിൽ കൈ കൊണ്ടാണ് സൊഹ്റാൻ ഭക്ഷണം കഴിക്കുന്നത്. അമേരിക്കയിലെ പരിഷ്കൃതരായ ആളുകൾ ഇതുപോലെ ഭക്ഷണം കഴിക്കില്ല. നിങ്ങൾ പാശ്ചാത്യ ആചാരങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നുവെങ്കിൽ മൂന്നാം ലോകത്തേക്ക് മടങ്ങൂ എന്നാണ് ഈ വീഡിയോയ്ക്ക് നേരെ വന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്. ടെക്സസിൽ നിന്നുള്ള റിപബ്ലിക്കൻ നേതാവ് ബ്രാൻഡൻ ഡിൽ ഈ വീഡിയോ റീപോസ്റ്റ് ചെയ്ത് കൊണ്ടാണ് പ്രസ്തുത പരാമർശം നടത്തിയത്. സൊഹ്റാനെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ട്രംപ് അനുകൂലികൾ രംഗത്തു വന്നത്.

content summary: Social media criticizes a Republican leader’s post targeting Zohran Mamdani for eating with his hands

Leave a Reply

Your email address will not be published. Required fields are marked *

×