കള്ളുകുടിച്ച് വണ്ടിയോടിച്ച് പോലീസ് പിടിച്ചാൽ, ആ വണ്ടിയിടിച്ച് മറ്റൊരാളിന്റെ നടു ഒടിഞ്ഞാൽ, പാവപ്പെട്ട ആരേലും തട്ടിപ്പോയാൽ, ഇനി പേടിക്കേണ്ട എന്നാണോ ശ്രീറാം കേസിന്റെ സന്ദേശം. മര്യാദാപുരുഷോത്തം ശ്രീറാമിനെ മാതൃകയാക്കാമെന്നാണോ!പ്രിയമിത്രം അഡ്വക്കേറ്റ് ന്റെ ഭാഷയിൽ “അങ്ങേയറ്റം സത്യസന്ധനും ധൈര്യവാനുമായ IAS ഓഫീസർ” ആണ് ശ്രീറാം. ധൈര്യവാനാണ്, റൈറ്റ്. കാരണം മദ്യപിച്ച് അമിതവേഗതയിൽ വണ്ടിയോട്ടി ഒരുത്തന്റെ മേല് കേറ്റി. സത്യസന്ധനാണെന്നതിലും സംശല്യ- കുടിച്ച വീഞ്ഞ് വെള്ളമാക്കി മാറ്റുന്ന അത്ഭുതപ്രവർത്തിയുടെ ഉടമയാണ്. പരിശുദ്ധാത്മാവ്. ജയ് ശ്രീറാം വിളിക്കേണ്ട കക്ഷി!
പോലീസ് പൊക്കിയാൽ ഇനി പത്താം മണിക്കൂറിൽ രക്തപരിശോധന മതിയോ. പരിശോധനയ്ക്ക് പ്രതി (നിറഞ്ഞ മനസ്സോടെ) സമ്മതിക്കണോ. എങ്കീ പിന്നെ ഇതൊരു ചലഞ്ചായി, പ്രതിഷേധ രൂപമായി ഏറ്റെടുത്താലോ എന്ന് മാധ്യമപ്രവർത്തകരുൾപ്പെടെ ചിന്തിക്കണം. ഈ ഉത്സവകാല പ്രത്യേക ആനുകൂല്യം പക്ഷേ എല്ലാവർക്കും ബാധകമാണോ എന്ന് പറയേണ്ടത് സർക്കാരാണ്. അതോ സിവിൽ സർവീസുകാർക്ക് നാട്ടിൽ നിയമം വേറെയാണോ! ഏത് തരം സർക്കാരായാലും ‘സ്നേഹോള്ള ജനകീയ പോലീസ്’ കുട്ടിമാമ്മമാരാണ് പൊതുവെ (ഉരുട്ടിക്കൊല ഒറ്റപ്പെട്ട* സംഭവം). ഇന്ത്യൻ കോണ്ടക്സ്റ്റിൽ നോക്കിയാൽ അത്യാവശ്യം അലർട്ടുള്ള മാധ്യമസമൂഹമാണ് കേരളത്തിലേത്. അതേ സമൂഹത്തിന് മുന്നിലാണ് ബഷീറിന്റെ അതിദാരുണ മരണവും ജനത്തിന്റെ കോമൺസെൻസിനെ പരിഹസിക്കുന്ന തരം എഫ്.ഐ.ആറെഴുത്തും പരിശോധനാ നാടകവും പരിഹാസ്യവും നിന്ദ്യവും നഗ്നവുമായ രീതിയിൽ അരങ്ങേറിയത്. ഇത്ര സിമ്പിൾ ആയി ഉന്നതർക്ക് ഊരിപ്പോകാമെങ്കിൽ ജേർണലിസ്റ്റുകൾ ഈ പണിയെക്കുറിച്ച് ആത്മപരിശോധന നടത്തണം!! ബഷീറിന്റെ കുടുംബത്തിന് വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യാൻ ആലോചിക്കണം.
(മാധ്യമ പ്രതിഷേധത്തെ ഡൈല്യൂട്ട് ചെയ്ത് വിധേയത്വം കാണിക്കുന്നവരുമുണ്ട് നമ്മൾക്കിടയിൽ, ‘നമ്മളെ, നമ്മൾ തന്നെ വിമർശിക്കരുത് ഉത്തമാ’ എന്ന ലൈൻ, മുൻ സർക്കാരിന്റെ കാലത്താണ് ഇത് നടന്നതെങ്കിൽ ഇവരുടെ സ്റ്റാൻഡും പോസ്റ്റും എന്തായിരിക്കും എന്ന് സങ്കൽപ്പിച്ചാൽ സംഗതി, വൈരുധ്യാത്മകവാദം പിടികിട്ടും. കെൻ ലോച്ചിന്റെ ‘ദ വിൻഡ് ദാറ്റ് ഷേക്ക്സ് ദ ബാർലി’ ഓർമയില്ലേ, ഐറിഷ് വിപ്ലവാനന്തര ഭരണകൂട വ്യതിയാനം. പോസ്റ്റ് സാഹിത്യകാരന്മാർ പലരുമിപ്പോൾ അഡ്വ. ആളൂരുമാരാണ്. അതവിടെ നിക്കട്ടെ).
ഇടിച്ചത് അജ്ഞാതന്റെ കാർ എന്നെഴുതിയ, 150 മീറ്റർ മാത്രം അകലെയുള്ള സ്റ്റേഷനിൽ നിന്ന് പോലീസ് പാതിരാത്രി അപകടസ്ഥലത്ത് എത്തിയിട്ടും എഫ്.ഐ.ആറിൽ അത് രാവിലെ 7.17 ആക്കിയ, വൈദ്യപരിശോധനയ്ക്ക് പ്രതിയുടെ സമ്മതം ലഭിക്കുംവരെ കാത്തിരുന്ന് വിശാലമനസ്കത കാണിച്ച, പ്രധാന സാക്ഷിയെ അപ്പോ തന്നെ വീട്ടിലേക്ക് വിട്ട, പത്ത് മണിക്കൂർ വൈകി രക്തം പരിശോധനയ്ക്ക് അയച്ച- ഉദ്യോഗസ്ഥർക്ക് പ്രത്യേകം നന്ദി പറയണം. മുന്തിയ ക്ലബ്ബിലെ കലാപരിപാടികൾ കഴിഞ്ഞ് സാറൻമാര് പാതിരായ്ക്ക് കാറോടിച്ചു വരുമ്പോ ബൈക്കിൽ പോയ കുറ്റത്തിന് പ്രിയ പത്രപ്രവർത്തക സുഹൃത്ത് ബഷീറിനെതിരെ മരണാനന്തരം കേസെടുക്കാൻ കഴിയുമോ എന്ന് ആലോചിക്കാവുന്നതാണ്.
ശ്രീരാമന്റെ കൂടെയുണ്ടായിരുന്ന യുവതി (കൊള്ളാവുന്ന ചോദ്യം, എന്ന് തോന്നാവുന്ന യാതൊന്നും തിരിയിട്ട് തിരഞ്ഞാൽ കാണാത്ത ആ ‘വേറിട്ട’ ചാനൽ അഭിമുഖത്തിൽ) പറഞ്ഞത് മദ്യത്തിന്റെ മണം എന്താണെന്ന് പോലുമറിയില്ല എന്നാണ്. എജ്ജാതി നിഷ്കളങ്കത. ആദ്യ പോലീസ് മൊഴി അവർ തന്നെ വിഴുങ്ങിയെന്ന് ചുരുക്കം. ബാക്കിയുള്ള സാക്ഷികളായ ഓട്ടോക്കാരും ഭീഷണിയുടെ മുനമ്പിലാണ്. (ബൈ ദ ബൈ, പ്രതി അങ്ങേയറ്റം സത്യസന്ധനും ധൈര്യവാനുമാണെന്ന കാര്യം ഇടയ്ക്കിടെ ഓർക്കണം).
പോലീസ് (സമ്മര്ദ്ദം മൂലം ആകാം) എഴുതിയ സർഗാത്മക സാഹിത്യത്തിന് (എഫ്.ഐ.ആർ എന്ന് പഴയ പേര്) മിനിമം, ബുക്കർ പ്രൈസ് എങ്കിലും കൊടുക്കണം ന്നാണ് ന്റെ ഒര് ഇദ്. “ഒന്ന് തരായാൽ തരക്കേടില്ല്യ വിരോധാച്ചാ, വേണ്ടേനും” എന്ന് വി.കെ.എൻ. ഇനി അതും പറ്റില്ലെങ്കിൽ അറ്റകൈയ്ക്ക്, തെക്കേടത്തമ്മ പുരസ്കാരമെങ്കിലും ആവാം. കാരണം,
ബൊളാനോ എഴുതോ, ഇങ്ങനെ!!!
– വിഎസ് സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും-