July 04, 2026 |
Share on

സോഷ്യോളജി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ മോദി തത്വവും ആര്‍എസ്എസും

ബറോഡയിലെ മഹാരാജാ സയാജിറാവു സര്‍വകലാശാലയാണ് പുതിയ പാഠ്യ പരിഷ്‌കാരം നടപ്പാക്കിയിരിക്കുന്നത്‌

മഹാരാജാ സയാജിറാവു (എംഎസ്) സര്‍വകലാശാലയുടെ സോഷ്യോളജി വിഭാഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ‘മോദി തത്വം’, ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍, ഭാരതീയ ജ്ഞാനവ്യവസ്ഥകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്ന ഈ പരിഷ്‌കാരം ബി.എ സോഷ്യോളജി നാലാം വര്‍ഷത്തിലും എം.എ സോഷ്യോളജി ഒന്നാം വര്‍ഷത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജൂണില്‍ ആരംഭിക്കുന്ന പുതിയ അക്കാദമിക് സെഷന്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പരിഷ്‌കാരത്തില്‍ ‘സോഷ്യോളജി ഓഫ് ഭാരത്’, ‘ഹിന്ദു സോഷ്യോളജി’, ‘സോഷ്യോളജി ഓഫ് പാട്രിയോട്ടിസം’ (ദേശസ്‌നേഹത്തിന്റെ സോഷ്യോളജി) എന്നീ മൂന്ന് പ്രധാന കോഴ്‌സുകളാണ് പുതുതായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ നാഗരിക വിജ്ഞാനത്തെയും ആധുനിക ഭരണരീതികളെയും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സോഷ്യോളജി വിഭാഗം മേധാവിയായ ഡോ. വീരേന്ദ്ര സിംഗാണ് ഈ പുതിയ സിലബസിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ലോകപ്രശസ്ത സമൂഹശാസ്ത്ര ചിന്തകന്‍ മാക്‌സ് വെബറിന്റെ ‘കരിസ്മാറ്റിക് അതോറിറ്റി’ (പ്രഭാവമുള്ള നേതൃത്വം) എന്ന പ്രശസ്തമായ സിദ്ധാന്തത്തെ ആസ്പദമാക്കിയാണ് ‘മോദി തത്വം’ എന്ന പഠനഭാഗം തയ്യാറാക്കിയിരിക്കുന്നത്. അസാധാരണമായ വ്യക്തിപ്രഭാവം കൊണ്ട് ജനങ്ങളെ സ്വാധീനിക്കുന്ന നേതൃത്വങ്ങളെക്കുറിച്ച് പറയുന്ന വെബറുടെ സിദ്ധാന്തം വിശദീകരിക്കാന്‍ നരേന്ദ്ര മോദിയുടെ ഭരണശൈലിയെ ഒരു ഉദാഹരണമായി അവതരിപ്പിക്കുകയാണെന്നാണ് ഔദ്യോഗിക ഭാഷ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു രാഷ്ട്രീയ വ്യക്തിത്വം എന്നതിലുപരി, അദ്ദേഹത്തിന്റെ നേതൃപാടവം, നയരൂപീകരണ രീതികള്‍, ജനങ്ങളുമായുള്ള ആശയവിനിമയ ബന്ധം എന്നിവ പഠനവിഷയമാക്കുകയാണ് ഈ മൊഡ്യൂളിന്റെ ലക്ഷ്യം. ഒരു നേതാവിനെക്കുറിച്ചോ ഭരണരീതിയെക്കുറിച്ചോ പതിറ്റാണ്ടുകള്‍ക്ക് ശേഷം പഠിക്കുന്നതിനേക്കാള്‍, അത് നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ തന്നെ പഠിക്കുന്നതാണ് കൂടുതല്‍ പ്രസക്തമെന്ന് സര്‍വകലാശാല അധികൃതര്‍ വാദിക്കുന്നു.

കൂടാതെ, സന്നദ്ധ സംഘടനകളുടെ സാമൂഹിക ഇടപെടലുകള്‍ മനസ്സിലാക്കുന്നതിന്റെ ഭാഗമായി ആര്‍.എസ്.എസ് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ജ്ഞാനവ്യവസ്ഥകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ പാശ്ചാത്യ ചിന്തകള്‍ക്കൊപ്പം തന്നെ ഇന്ത്യയുടെ തനതായ സാമൂഹിക കാഴ്ചപ്പാടുകളും വിദ്യാര്‍ത്ഥികളിലെത്തിക്കാനാണ് ഈ പരിഷ്‌കാരം ലക്ഷ്യമിടുന്നത്.

ഗുജറാത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫീല്‍ഡ് വര്‍ക്കിനിടെ കണ്ടുമുട്ടിയ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളെയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഇതര സംഘടന എന്നതിലുപരി, അടിത്തട്ടില്‍ എങ്ങനെയാണ് ജനങ്ങളെ സംഘടിപ്പിക്കുന്നതെന്നും സാമൂഹിക ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതെന്നും ഇതിലൂടെ പഠനവിഷയമാക്കുന്നു. ആശയപരമായ വശങ്ങള്‍ക്കപ്പുറം, ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതികളെ ഒരു സോഷ്യോളജിക്കല്‍ മാതൃകയായിട്ടാണ് ഇവിടെ കാണുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലുള്ള കോണ്‍ഗ്രസ് നേതാക്കളെപ്പോലും ഉള്‍ക്കൊള്ളുന്ന ആര്‍.എസ്.എസിന്റെ വിശാലമായ നിലപാടുകളെക്കുറിച്ചും പഠനത്തില്‍ പരാമര്‍ശമുണ്ടാകും.

കൂടാതെ, ബറോഡ മഹാരാജാവായിരുന്ന സയാജിറാവു ഗെയ്ക്വാദ് മൂന്നാമന്റെ ഭരണപരിഷ്‌കാരങ്ങളും സിലബസിന്റെ ഭാഗമാണ്. നിര്‍ബന്ധിത പെണ്‍വിദ്യാഭ്യാസം നടപ്പിലാക്കിയ അദ്ദേഹത്തിന്റെ രീതികളെ ‘പോസിറ്റീവ് ടാക്‌സേഷന്‍’ എന്നാണ് ഡോ. വീരേന്ദ്ര സിംഗ് വിശേഷിപ്പിച്ചത്. സയാജിറാവുവിനെ കൂടാതെ സര്‍ദാര്‍ പട്ടേല്‍, ഡോ. ബി.ആര്‍. അംബേദ്കര്‍, ചത്രപതി ശിവജി മഹാരാജ് എന്നിവരുടെ കാഴ്ചപ്പാടുകളും ഈ കോഴ്‌സുകളുടെ ഭാഗമായി പഠിപ്പിക്കും. പുറത്തുനിന്നുള്ള ഭീഷണികളെ നേരിടാന്‍ ആഭ്യന്തര ഐക്യം അത്യാവശ്യമാണെന്ന ശിവജിയുടെ ദര്‍ശനം ഇന്നത്തെ കാലത്തും പ്രസക്തമാണെന്ന് സിലബസ് ചൂണ്ടിക്കാട്ടുന്നു.

ഭാരതീയ ജ്ഞാനവ്യവസ്ഥ എന്ന ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹിക വ്യവസ്ഥകള്‍ എന്നിവയെ പുനര്‍വായിക്കാനാണ് ‘സോഷ്യോളജി ഓഫ് ഭാരത്’ എന്ന കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ത്യയുടെ പുരാതന അറിവുകളെ ആധുനിക അക്കാദമിക് പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനാണ് സര്‍വകലാശാല ശ്രമിക്കുന്നത്.

Content Summary: Baroda MS University updates its Sociology syllabus to include ‘Modi Doctrine’ and RSS fieldwork. Max Weber Charismatic Authority

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×