ചരിത്ര നിയോഗം തേടിയെത്തിയിട്ടും യുഎസ് വിലക്ക്; സൊമാലിയന്‍ റഫറിക്ക് ലോകകപ്പ് നഷ്ടമായി

തങ്ങളുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം യുഎസ് സര്‍ക്കാരിനാണെന്നും ഫിഫ

Somali referee Omar Artan denied US Visa

ചരിത്ര നിയോഗം തേടിയെത്തിയിട്ടും ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ സൊമാലിയന്‍ റഫറി ഒമര്‍ അര്‍താന്‍. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് സൊമാലിയയില്‍ നിന്ന് മത്സരം നിയന്ത്രിക്കാന്‍ ഒരു റഫറി യോഗ്യത നേടിയത്. എന്നാല്‍ അര്‍താന് അമേരിക്ക വിസ നിഷേധിച്ചിരിക്കുകയാണ്. യുഎസിലേക്ക് പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതോടെ 2026 ഫിഫ ലോകകപ്പില്‍ അദ്ദേഹത്തിന് മത്സരം നിയന്ത്രിക്കാനോ ഔദ്യോഗിക പരിശീലനങ്ങളില്‍ പങ്കെടുക്കാനോ സാധിക്കില്ല. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലൂടെയാണ് ഫിഫ ഇക്കാര്യം വ്യക്തമാക്കിയത്.

തങ്ങളുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ ഫിഫ, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം യുഎസ് സര്‍ക്കാരിനാണെന്ന് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഒമര്‍ അര്‍താന്റെ വിസ സ്റ്റാറ്റസില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് യുഎസ് അധികൃതര്‍ തങ്ങളെ അറിയിച്ചതായി ഫിഫ വ്യക്തമാക്കി. ആതിഥേയ രാജ്യങ്ങളുടെ ഇമിഗ്രേഷന്‍ നടപടികളിലോ വിസ അനുവദിക്കുന്നതിലോ ഫിഫ ഇടപെടാറില്ലെന്നും, മുന്‍കാലങ്ങളിലെപ്പോലെ തന്നെ ആര്‍ക്കൊക്കെ രാജ്യത്തേക്ക് പ്രവേശനം നല്‍കണം എന്ന് തീരുമാനിക്കുന്നത് അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകളാണെന്നും ഫിഫ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

വാലിഡ് ആയ യാത്രാ വിസ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ വാരാന്ത്യത്തില്‍ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് അര്‍താനെ യുഎസ് അധികൃതര്‍ തടയുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തത്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ കര്‍ശനമായ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൊമാലിയയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ അര്‍താന് പ്രവേശനം നിഷേധിച്ചതിന്റെ കൃത്യമായ കാരണം യുഎസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഎസ് സര്‍ക്കാരിന്റെ ഈ തീരുമാനം ഫുട്‌ബോളിന്റെ സുതാര്യതയ്ക്കും ഫെയര്‍ പ്ലേ നയങ്ങള്‍ക്കും വിരുദ്ധമാണെന്ന് സൊമാലിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചു.

ആഫ്രിക്കയിലെ ഏറ്റവും ആദരിക്കപ്പെടുന്ന റഫറിമാരില്‍ ഒരാളായ ഒമര്‍ അര്‍താന് പിന്തുണയുമായി ലോക ഫുട്‌ബോള്‍ സമൂഹം മുന്നോട്ടുവരണമെന്ന് സൊമാലിയന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അര്‍താന് യുഎസില്‍ പ്രവേശനം നിഷേധിച്ചതും മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് വിലക്കിയതും അദ്ദേഹത്തിന് വ്യക്തിപരമായി കനത്ത തിരിച്ചടിയാണെന്ന് മാത്രമല്ല, ഫുട്‌ബോളിന്റെ കായിക മാന്യതയ്ക്കും യോഗ്യതയ്ക്കുമുള്ള അംഗീകാരത്തെ തകര്‍ക്കുന്നതാണെന്നും സൊമാലിയന്‍ കായിക മന്ത്രാലയത്തിന്റെ സീനിയര്‍ അഡൈ്വസറും മുന്‍ ദേശീയ ടീം ക്യാപ്റ്റനുമായ സീസെ അദെന്‍ അബ്ഷീര്‍ വ്യക്തമാക്കി.

നിലവില്‍ ഇസ്താംബൂളിലുള്ള അര്‍താന്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി അവിടെയാണ് താമസിച്ച് വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ആഫ്രിക്കയിലെ ഏറ്റവും മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു. 2023-ലെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് മത്സരങ്ങള്‍ നിയന്ത്രിച്ച അര്‍താന്‍ 2018 മുതല്‍ ഫിഫ റഫറിയാണ്. ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന ലോകകപ്പിലെ 104 മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ തിരഞ്ഞെടുത്ത 170 റഫറിമാരുടെയും അസിസ്റ്റന്റ് റഫറിമാരുടെയും പാനലില്‍ അര്‍താനും ഉള്‍പ്പെട്ടിരുന്നു. സൊമാലിയന്‍ യുവതലമുറയുടെ പ്രചോദനത്തിന്റെ പ്രതീകമെന്നാണ് സൊമാലിയന്‍ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദ് മുന്‍പ് അര്‍താനെ വിശേഷിപ്പിച്ചത്.

ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കാരണം ഈ ലോകകപ്പില്‍ യാത്രാ തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍പേ തന്നെ ആശങ്കകള്‍ ഉണ്ടായിരുന്നു. ആ ആശങ്കകള്‍ ശരിവെക്കുന്ന തരത്തില്‍ യുഎസില്‍ വെല്ലുവിളികള്‍ നേരിടുന്ന ഏറ്റവും ഒടുവിലത്തെ പേരായി മാറിയിരിക്കുകയാണ് ഒമര്‍ അര്‍താന്‍. നേരത്തെ ഇറാന്‍ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും മാസങ്ങളായി വിസ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഇറാന്‍ തങ്ങളുടെ പരിശീലന ക്യാമ്പ് യുഎസില്‍ നിന്നും മെക്‌സിക്കോയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ഇറാന്റെ സപ്പോര്‍ട്ട് സ്റ്റാഫിന് അവസാന നിമിഷം വിസ നിഷേധിച്ചതായി ഇറാന്‍ അധികൃതര്‍ ആരോപിച്ചെങ്കിലും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇത് നിഷേധിച്ചിരുന്നു. ഇതുകൂടാതെ ഇറാഖ് സ്‌ട്രൈക്കര്‍ അയ്‌മെന്‍ ഹുസൈനെ ചിക്കാഗോ ഒഹെയര്‍ വിമാനത്താവളത്തില്‍ ഏഴ് മണിക്കൂറോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ആഴ്ച സ്വിസ് മിഡ്ഫീല്‍ഡര്‍ ബ്രീല്‍ എംബോളോയ്ക്കും എന്‍ട്രി വിസ നിഷേധിച്ചിരുന്നെങ്കിലും സ്വിസ് അധികൃതര്‍ വിജയകരമായി അപ്പീല്‍ നല്‍കി അനുമതി വാങ്ങിച്ചെടുക്കുകയായിരുന്നു.

Content Summary; Somali referee Omar Artan has been denied entry to the US for the FIFA World Cup 2026 due to immigration policies.

This post was last modified on June 9, 2026 8:25 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment