June 04, 2026 |
Share on

”ഞങ്ങളുടെ മതം മാനവികതയാണ്”; ലോകത്തിന് മാതൃകയായി ഒരു ഇന്ത്യന്‍ ഗ്രാമം

ജാതിരഹിത ഗ്രാമമായി മാറി മഹാരാഷ്ട്രയിലെ സൗന്ദല

മഹാരാഷ്ട്രയിലെ ഒരു ഗ്രാമമാണ് സൗന്ദല. അഹല്യാനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഒരു കൊച്ചുഗ്രാമം. ഇന്ന് ആ ഗ്രാമം ലോകത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. എങ്ങനെയാണെന്നല്ലേ, വിവേചനരഹിതമായ ഒരു പുതിയ ലോകത്തിന് മാതൃകയായികൊണ്ട്.

ഫെബ്രുവരി 5, ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് അഞ്ചാം ക്ലാസ്സുകാര്‍ ഒത്തുകൂടി അവരുടെ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. അവിടെ നിന്നും ഏതാനും ചുവടുകള്‍ക്കപ്പുറമായിരുന്നു ഗ്രാമപഞ്ചായത്ത് ഓഫീസ്. ആ ഓഫിസില്‍ അന്നേ ദിവസമാണ് ചരിത്രപരമായ ഒരു തീരുമാനം പിറന്നത്. സൗന്ദലയെ ജാതിരഹിത ഗ്രാമമായി പ്രഖ്യാപിക്കാനും ഗ്രാമത്തില്‍ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനും ഗ്രാമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി.

ഈ മാറ്റം വെറും കടലാസിലൊതുങ്ങുന്ന ഒന്നല്ലെന്ന് ഗ്രാമത്തിലെ കുട്ടികളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. കഴിഞ്ഞയാഴ്ച നടന്ന ഹിന്ദു മതഗ്രന്ഥ പാരായണത്തിലും ഉത്സവത്തിലും തന്റെ മുസ്ലീം സുഹൃത്തായ മാഹിറ സയ്യിദും തങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുവെന്ന് ഗൗരി ഭണ്ട് എന്ന വിദ്യാര്‍ത്ഥിനി സാക്ഷ്യപ്പെടുത്തുന്നതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്ത്യാനിയും മുസ്ലീമും മറാഠയും ഒരേ അവകാശങ്ങളുള്ളവരാണെന്ന ബോധ്യം ഈ കുരുന്നുകളില്‍ ഇതിനോടകം പതിഞ്ഞുകഴിഞ്ഞുവെന്നത് തന്നെയാണ് സൗന്ദലയുടെ അഭിമാനം.

സര്‍പഞ്ച് ശരദ് അര്‍ഗാഡെയുടെ നേതൃത്വത്തില്‍ പാസാക്കിയ പ്രമേയത്തില്‍, സൗന്ദലയില്‍ ജാതിയുടെയോ മതത്തിന്റെയോ വര്‍ണ്ണത്തിന്റെയോ വംശത്തിന്റെയോ പേരില്‍ യാതൊരു വിവേചനവും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്നു. ‘മാനവികതയാണ് എന്റെ മതം’ എന്ന തത്വം സ്വീകരിച്ച ഗ്രാമവാസികളെല്ലാവരും തുല്യരായിരിക്കും. പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ സേവനങ്ങള്‍, ജലസ്രോതസ്സുകള്‍, ക്ഷേത്രങ്ങള്‍, ശ്മശാനങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുപരിപാടികള്‍ എന്നിവ എല്ലാവര്‍ക്കുമായി തുറന്നുനല്‍കുമെന്നും പ്രമേയത്തില്‍ പ്രഖ്യാപിച്ചു. കൂടാതെ, ജാതിസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഗ്രാമഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

ഏകദേശം 2,500 ഓളം ജനസംഖ്യയുള്ള ഈ ഗ്രാമത്തില്‍ 65 ശതമാനം പേര്‍ മറാഠാ വിഭാഗത്തില്‍പ്പെട്ടവരാണ്. 20 ശതമാനത്തോളം വരുന്ന പട്ടികജാതി കുടുംബങ്ങളില്‍ ചിലര്‍ ക്രിസ്തുമതം പിന്തുടരുന്നവരാണ്. മൂന്ന് മുസ്ലീം കുടുംബങ്ങളും ഇവിടെ താമസിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഗ്രാമത്തില്‍ ജാതിയുമായി ബന്ധപ്പെട്ട അതിക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, പുറംലോകത്ത് പടരുന്ന ജാതിവിദ്വേഷം തങ്ങളുടെ വാതില്‍പ്പടിയില്‍ എത്താതിരിക്കാനുള്ള മുന്‍കരുതലായാണ് ഇത്തരമൊരു നീക്കമെന്ന് ശരദ് അര്‍ഗാഡെ വ്യക്തമാക്കുന്നു. അയല്‍ജില്ലയായ ബീഡില്‍ പോലും കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് കച്ചവടക്കാരന്റെ ജാതി നോക്കുന്ന അവസ്ഥയുണ്ടെന്നും, അത്തരം വിദ്വേഷം സൗന്ദലയെ ബാധിക്കരുതെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുന്നു.

സ്‌കൂളിലെ ഓരോ പരീക്ഷയ്ക്ക് മുമ്പും എല്ലാ കുട്ടികളും സ്‌കൂളിന് എതിര്‍വശത്തുള്ള രണ്ട് ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ടെന്ന് ജില്ലാ പരിഷത്ത് സ്‌കൂളിലെ അധ്യാപകനായ അശോക് പണ്ഡിറ്റ് പറയുന്നു. അഞ്ചാം ക്ലാസ്സ് കഴിഞ്ഞ് ഈ കുട്ടികള്‍ പുറംലോകത്തേക്ക് പോകുമ്പോള്‍ വിദ്വേഷചിന്തകള്‍ അവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ സ്‌കൂള്‍ തലത്തില്‍ തന്നെ വിവേചനങ്ങള്‍ ഇല്ലാതാക്കിയാല്‍ ഭാവിയില്‍ അവരെ മാറ്റിയെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.

സാമൂഹിക പരിഷ്‌കരണത്തിന്റെ പാതയില്‍ സൗന്ദല ഇതിനുമുമ്പും ശ്രദ്ധേയമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. 2024 സെപ്റ്റംബറില്‍ വിധവാ വിവാഹത്തിന് 11,000 രൂപ ധനസഹായം നല്‍കാന്‍ ഗ്രാമസഭ തീരുമാനിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപ വാക്കുകള്‍ നിരോധിച്ചുകൊണ്ട് നവംബറില്‍ മറ്റൊരു പ്രമേയവും ഈ ഗ്രാമം പാസാക്കി.

Content Summary; Soundala, a maharashtra village passed a unique resolution to make the village‘caste-free

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×