January 14, 2025 |
Share on

‘പട്ടാളനിയമ’ത്തില്‍ അടിതെറ്റി യൂന്‍ പുറത്തേക്ക്

കോടതി ഇംപീച്ച്‌മെന്റിന് അംഗീകാരം നല്‍കിയാല്‍ ദക്ഷിണ കൊറിയയില്‍ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റാകും യൂന്‍

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലമെന്റില്‍ 204 അംഗങ്ങള്‍ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്തു. 85 പേര്‍ എതിര്‍ത്തു. എട്ട് വോട്ടുകള്‍ അസാധുവായപ്പോള്‍ മൂന്നുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യൂനിന്റെ പുറത്താകലോടെ പ്രധാനമന്ത്രി ഹാന്‍ ഡക്ക് സൂ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു.south korean president impeached

പുറത്താക്കപ്പെട്ടതോടെ യൂനിന്റെ പ്രസിഡന്റായുള്ള ഔദ്യോഗിക അധികാരങ്ങളും ചുമതലകളും താല്കാലികമായി നിര്‍ത്തിവച്ചു. യൂനിനെ തിരികെ എടുക്കണോ നീക്കം ചെയ്യണോ എന്ന് ഭരണഘടനാ കോടതി തീരുമാനിക്കും. 180 ദിവസത്തിനകം റൂളിങ് നടപ്പാക്കും. കോടതി ഇംപീച്ച്‌മെന്റിന് അംഗീകാരം നല്‍കിയാല്‍ ദക്ഷിണ കൊറിയയില്‍ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റാകും യൂന്‍.

ഡിസംബര്‍ 3 നായിരുന്നു യൂന്‍, രാജ്യത്ത് അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തര കൊറിയക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഭരണത്തെ ദുര്‍ബലപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു പ്രസിഡന്റിന്റെ നടപടി. ഇത് രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തിനും പ്രകോപനത്തിനും കാരണമായിരുന്നു. തുടര്‍ന്ന് ആറ് മണിക്കൂറിനുള്ളില്‍ തന്നെ യൂന്‍ നിയമം പിന്‍വലിച്ച് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന ബജറ്റിനെപ്പറ്റി യൂനിന്റെ പീപ്പിള്‍ പവര്‍ പാര്‍ട്ടിയും, പ്രതിപക്ഷം പിന്തുണയ്ക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയായിരുന്നു യൂന്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്.

1980 കളുടെ അവസാനത്തില്‍ രാജ്യത്ത് സൈനിക സ്വേച്ഛാധിപത്യം അവസാനിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പട്ടാളനിയമം പ്രഖ്യാപിച്ചത്. സൈനിക ഹെലികോപ്റ്ററുകളില്‍ നിന്ന് ആക്രമണ റൈഫിളുകളുമായി പടയാളികള്‍ ഇറങ്ങുകയും തുടര്‍ന്ന് ദേശീയ അസംബ്ലി കെട്ടിടം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ വ്യാപകമായ ഞെട്ടലും രോഷവുമാണ് സൃഷ്ടിച്ചത്. യൂനിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരങ്ങളാണ് രംഗത്തുവന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി അടക്കം ആറ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് യൂന്‍ സുക് യോളിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം കൊണ്ടുവന്നത്.

ഡിസംബര്‍ ആദ്യം യൂനിനെതിരെ നടന്ന ഇംപീച്ച്‌മെന്റ് നീക്കം പരാജയപ്പെട്ടിരുന്നു. യൂനിന്റെ പീപ്പിള്‍ പവര്‍ പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങള്‍ ഒഴികെ 105 പേരും പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇംപീച്ച്‌മെന്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് യൂനിനെ തുണച്ചത്. ഇതിനൊക്കെ പുറമെ കഴിഞ്ഞദിവസം നടത്തിയ ഒരു പ്രസംഗത്തില്‍ പാര്‍ലമെന്റും പ്രതിപക്ഷവും ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യൂന്‍ ആരോപിച്ചു. തന്റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഉത്തരകൊറിയ കൃത്രിമം കാണിച്ചുവെന്നും യൂന്‍ ആരോപിച്ചിരുന്നു. വീണ്ടും സൈനികനിയമം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന്റെ ഉത്തരവുകള്‍ അവഗണിക്കുമെന്ന് ഉന്നത സൈനിക കമാന്‍ഡര്‍മാരും അറിയിച്ചിരുന്നു.

പദവി ഒഴിയണമെന്ന് പീപ്പിള്‍ പവര്‍ പാര്‍ട്ടി യൂനിനോട് ആവശ്യപ്പെട്ടെങ്കിലും സൈനിക നിയമ ഉത്തരവിനെ ന്യായീകരിക്കുകയും, തന്റെ സ്ഥാനം നിലനിര്‍ത്താന്‍ അവസാനം വരെ പോരാടുമെന്നുമായിരുന്നു യൂനിന്റെ പ്രഖ്യാപനം. കൂടാതെ ഇംപീച്ച് ചെയ്താല്‍ ഭരണഘടനാ കോടതിയില്‍ പോരാടുമെന്നും യൂന്‍ വ്യക്തമാക്കിയിരുന്നു. sourth korean president impeached

Post Thumbnail
ഇറാന്‍ ആക്രമണം ഏതെല്ലാം വഴികളില്‍ ഇസ്രയേലിന് നാശമുണ്ടാക്കും?വായിക്കുക

Content Summary: south korean president impeached

latest news Yoon Suk Yeol impeached south korea korean president 

×