അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലീം സമൂഹം മായാവതിയുടെ ബി.എസ്.പിയിലേക്കും യാദവരില്‍ നല്ലൊരു വിഭാഗവും ഉന്നതജാതിക്കാരും ബി.ജെ.പിയിലേക്കുമായിരിക്കും ചേക്കേറുക.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ സമാജ്‌വാദി പാര്‍ട്ടിയില്‍ ഇനി എന്തു സംഭവിക്കും? മുഖ്യമന്ത്രി കൂടിയായ മകന്‍ അഖിലേഷ് യാദവിനേയും കസിന്‍ രാം ഗോപാല്‍ യാദവിനേയും ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിക്കൊണ്ടുള്ള മുലായം സിംഗ് യാദവിന്റെ നീക്കത്തിനു പിന്നിലെന്താണ്? എസ്.പിയും ബി.എസ്.പിയും ബി.ജെ.പിയും ശക്തമായ മത്സരത്തിനിറങ്ങുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പിക്ക് ഇനിയെന്തെങ്കിലും സാധ്യതകളുണ്ടോ? പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെ മുഖ്യമന്ത്രി പദമൊഴിയുന്ന അഖിലേഷ് യാദവ് പുതിയ പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കുമോ? എസ്.പിയുടെ പ്രശ്‌നങ്ങള്‍ മൂലം കൂടുതല്‍ നേട്ടമുണ്ടാകാന്‍ പോകുന്നത് ആര്‍ക്കായിരിക്കും- ബി.എസ്.പിക്കോ? ബി.ജെ.പിക്കോ? കഴിഞ്ഞ ഒരു വര്‍ഷമായി ഉരുത്തിരിഞ്ഞു വരുന്ന സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബവഴക്ക് അതിന്റെ മുര്‍ധന്യത്തിലെത്തുമ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ ഇവയൊക്കെയാണ്.
എന്തുകൊണ്ടാണ് മുലായം സിംഗ് യാദവ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങിയത് എന്നതിന് നിരവധി അഭ്യൂഹങ്ങള്‍ മാത്രമാണ് ഉത്തരമായുള്ളത്. അതിലൊന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരികെയെത്തിയ അമര്‍ സിംഗിന്റെ ഉപദേശപ്രകാരം ബി.ജെ.പിയുമായി ഉണ്ടാക്കിയിരിക്കുന്ന രഹസ്യ കരാറാണ് എന്നതാണ്. അതായത്, പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി കാലാവധി അവസാനിക്കാനിരിക്കെ, മുലായം ലക്ഷ്യം വച്ചിരിക്കുന്ന ഈ പദവിയിലേക്ക് ബി.ജെ.പി പിന്തുണയ്ക്കാം. പകരം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ശക്തി പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കണം. നോട്ട് നിരോധനത്തോടെ യു,പിയില്‍ ബിജെപിക്കുണ്ടായിരുന്ന സാധ്യതകള്‍ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടി നശിപ്പിച്ചിട്ട് മുലായം ഇത്തരമൊരു സാഹസത്തിന് തയാറാകില്ല എന്നും ബിജെപി യു.പിയില്‍ വളരുന്നത് എസ്.പിക്ക് തന്നെ ദോഷമാകുമെന്നും മറുഭാഗവും വാദിക്കുന്നു.
പ്രധാനമന്ത്രി പദമായിരുന്നു മുലായത്തിന്റെ എക്കാലത്തേയും വലിയ സ്വപ്നം. എന്നാല്‍ അതിനുള്ള സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച സാഹചര്യത്തില്‍ അവസാനവട്ടമെന്ന നിലയില്‍ യു.പി മുഖ്യമന്ത്രിയാവുക എന്നതും അദ്ദേഹത്തിന്റെ ലക്ഷ്യമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ സ്വന്തം മകന്റെ രാഷ്ട്രീയ ഭാവി കൊണ്ട് മുലായം അമ്മാനമാടുമോ എന്നു ചിന്തിക്കുന്നവരും കുറവല്ല, അതിന്റെ ഉത്തരമാണ് മുലായം സിംഗ് യാദവ് എന്ന കൂര്‍മബുദ്ധിക്കാരന്റെ രാഷ്ട്രീയമെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു. അതായത്, ഇത്തവണയും ഭരണം പിടിക്കാനുള്ള ഒരു തന്ത്രമെന്ന നിലയില്‍ കൂടി മുലായവും അഖിലേഷും ചേര്‍ന്നുള്ള നാടകങ്ങളാണ് ഇതുവരെ നടന്നിരുന്നത് എന്നതായിരുന്നു അതിലൊന്ന്. എന്നാല്‍ അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതോടെ ഈ വാദത്തിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ട്. പക്ഷേ, മുലായമാണ്; ഒന്നും പ്രവചിക്കുക സാധ്യമല്ല എന്ന വാദമുള്ളവര്‍ ഇപ്പോഴുമുണ്ട്.
എന്നാല്‍, അഖിലേഷ് യാദവിന്റെ മുന്നിലുള്ള സാധ്യതകള്‍ കൂടിയിട്ടുണ്ട് എന്നതാണ് മറ്റൊരു വശം. നാളെ രാവിലെ അഖിലേഷ് എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഏതു നിമിഷവും രാജിയുണ്ടാവാം. എന്നാല്‍ പാര്‍ട്ടി വലിയൊരു പിളര്‍പ്പിലേക്ക് അഖിലേഷ് കൊണ്ടു പോകുമോയെന്ന് നാളത്തെ യോഗത്തോടെയേ അറിയാന്‍ കഴിയൂ. നേതാജി (മുലായത്തെ പാര്‍ട്ടിക്കാര്‍ വിളിക്കുന്നത്) ഉണ്ടാക്കിയെടുത്ത പാര്‍ട്ടി താനൊരിക്കലും പിളര്‍ത്തില്ലെന്ന് അഖിലേഷ് നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ സാഹചര്യമല്ല ഇപ്പോള്‍ യു.പി രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നത്.
കാരണം കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇപ്പോള്‍ അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്ക് അടുക്കുന്നത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടത് അഖിലേഷായിരുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പദവിയും മുഖ്യമന്ത്രി പദവും ഒരുമിച്ച് കൊണ്ടു പോകാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും വാദങ്ങളുയര്‍ന്നെങ്കിലും അടുത്തകാലം വരെ അഖിലേഷ് ഇതു വഹിച്ചു. ഇതിനു പിന്നാലെയാണ് യു.പി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രചരണ ചുമതല മുലായം സഹോദരനും മന്ത്രിയുമായ ശിവ്പാല്‍ യാദവിനെ ഏല്‍പ്പിക്കുന്നത്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ള ശിവ്പാല്‍ യാദവ് മികച്ച സംഘാടകന്‍ കൂടിയാണ്. പാര്‍ട്ടി ആ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. ബിഹാറില്‍ മഹാസഖ്യം രൂപീകരിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചവരില്‍ ഒരാളും ശിവ്പാലായിരുന്നു. എന്നാല്‍ മുലായം അവസാന നിമിഷം ഇതില്‍ നിന്നു പിന്മാറുകയായിരുന്നു.
2016-ന്റെ തുടക്കത്തില്‍ അമര്‍ സിംഗ് പാര്‍ട്ടിയിലേക്ക് തിരികെ വരുന്നതോടെയാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. മുലായത്തിന്റെ വലംകൈയായിരുന്നെങ്കിലും അഖിലേഷിന്റേയും രാംഗോപാല്‍ യാദവിന്റേയും മറ്റൊരു ശക്തികേന്ദ്രമായ അസംഖാന്റെ ശത്രുപക്ഷത്തായിരുന്ന അമര്‍ സിംഗിനെ ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍ തിരികെയെത്തിയ അമര്‍സിംഗ് വീണ്ടും മുലായത്തിന്റെ മുഖ്യ ഉപദേശക പദവയില്‍ ചേക്കേറിയതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു. ഏപ്രിലില്‍ ശിവ്പാല്‍ യാദവിനെ യു.പിയുടെ മുഖ്യചുമലക്കാരനാക്കിക്കൊണ്ടുള്ള അസാധാരണ നടപടിയും മുലായം നടപ്പാക്കി. ഇതിനു പിന്നാലെയാണ് അമര്‍ സിംഗിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കുന്നത്. എന്നാല്‍ ഇതിനെ അടിച്ചമര്‍ത്തിയ മുലായം താനാണ് പാര്‍ട്ടിയുടെ അധ്യക്ഷനെന്നും താനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഒരിക്കല്‍ കൂടി വ്യക്തമാക്കി. അതിന്റെ പ്രതിഫലനമായിരുന്നു ഇന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍. “ഞാനൊറ്റക്ക് ഉണ്ടാക്കിയെടുത്ത പാര്‍ട്ടിയാണ്. അവരാരാണ് ഈ പാര്‍ട്ടിയില്‍? ഞാന്‍ അധ്വാനിച്ചു. അവര്‍ അതിന്റെ ഫലം കൊയ്യുന്നു. പാര്‍ട്ടി ഒരു വിധത്തിലും നശിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ല” എന്നായിരുന്നു ആ വാക്കുകള്‍.
ക്രിമിനല്‍ പശ്ചാത്തലമുള്ള മുഖ്താര്‍ അന്‍സാരിയുടെ ക്വാമി ഏക് ദള്‍ എസ്.പിയില്‍ ലയിപ്പിക്കാനുള്ള ശിവ്പാല്‍ യാദവിന്റെ ശ്രമമായിരുന്നു അടുത്തത്. മുലായത്തിന്റെ മൗനസമ്മതത്തോടെയായിരുന്നു ഇത്. എന്നാല്‍ അഖിലേഷിന്റെ നേതൃത്വത്തിലുണ്ടായ എതിര്‍പ്പ് ഈ ലയനം നടപ്പാക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ശിവ്പാല്‍ യാദവ് രാജി പ്രഖ്യാപിക്കുകയും അഖിലേഷിന്റെ മന്ത്രിസഭയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ മുലായം ഇടപെട്ട് കാര്യങ്ങള്‍ തത്കാലം ശാന്തമാക്കി. അവിടെ ശ്രദ്ധിക്കേണ്ട ഒരു വാചകം മുലായം പറഞ്ഞിരുന്നു: “ശിവപാല്‍ രാജിവച്ചാല്‍ എസ്.പി പിളരും”. കാരണം പാര്‍ട്ടിക്ക് ശിവാപാല്‍ യാദവ് എത്ര പ്രധാനമാണെന്നും തന്റെ പിന്തുണ എങ്ങോട്ടാണെന്നും മുലായം പതിയെ വ്യക്തമാക്കുകായിരുന്നു.
അങ്ങനെ തത്കാലം ഒതുങ്ങിയ പ്രശ്‌നങ്ങള്‍ വീണ്ടും മൂര്‍ച്ഛിക്കുന്നതിനു പിന്നിലും ഒരു ‘അമര്‍ സിംഗ് ടച്ച്’ ഉണ്ടായിരുന്നു. സീ ന്യൂസ് തലവന്‍ സുഭാഷ് ചന്ദ്ര ബി.ജെ.പി അക്കൗണ്ടില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് അമര്‍ സിംഗ് സെപ്റ്റംബര്‍ 11-നു സംഘടിപ്പിച്ച പാര്‍ട്ടിയില്‍ മുലായം ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തെങ്കിലും അഖിലേഷ് ഇത് ബഹിഷ്‌കരിച്ചു. എന്നാല്‍ ഈ പാര്‍ട്ടിയില്‍ വച്ച് യു.പി ചീഫ് സെക്രട്ടറി വിജയ് സിംഘാള്‍, അഖിലേഷ് യാദവിനെ പരിഹസിച്ചു കൊണ്ട് സംസാരിച്ചു. അഖിലേഷ് വെറും കുട്ടിയാണെന്നും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതേയുള്ളൂ, മുലായമാണ് ഇപ്പോഴും ഭരിക്കുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ശിവപാല്‍ യാദവിന്റെ വലംകൈയായ സിംഘാള്‍ ചീഫ് സെക്രട്ടറിയായി നിയമിതനായിട്ട് രണ്ടു മാസമേ ആയിരുന്നുള്ളൂ.
ഇവിടം മുതലാണ് അഖിലേഷ് യാദവ് പിതാവിന്റെ നിഴിലില്‍ നിന്ന് പുറത്തു വരുന്നുവെന്നും സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ നടത്താന്‍ തുടങ്ങുന്നുവെന്നുമുള്ള ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങുന്നത്. പാര്‍ട്ടി നടന്നതിന്റെ പിറ്റേന്ന് മൈനിംഗ് മന്ത്രി ഗായത്രി പ്രജാപതിയേയും പഞ്ചായത്തീരാജ് മന്ത്രി രാജ്കിഷോര്‍ സിംഗിനേയും അഴിമതി പ്രശ്‌നത്തില്‍ അഖിലേഷ് പുറത്താക്കി. അതിന്റെ പിറ്റേന്ന് സിംഘാളിനെ ചീഫ് സെക്രട്ടറി പദവിയില്‍ നിന്നും.
ഇതോടെ മറുക്യാമ്പും ഉണര്‍ന്നു. അഖിലേഷിനെ മാറ്റി മുലായം ശിവ്പാല്‍ യാദവിനെ പാര്‍ട്ടി യു.പി പ്രസിഡന്റായി നിയമിച്ചു. അഖിലേഷ് തിരിച്ചടിച്ചത് ശിവപാല്‍ യാദവിന്റെ സാമൂഹിക ക്ഷേമ വകുപ്പ് ഒഴിച്ച് ബാക്കി മുഴുവന്‍ വകുപ്പുകളും എടുത്തുമാറ്റിക്കൊണ്ടാണ്. തുടര്‍ന്ന് മുലായം വീണ്ടും ഇടപെടുകയും മുലായത്തിന്റെ വിശ്വസ്തനായ ഗായത്രി പ്രജാപതിയെ തിരിച്ചെടുക്കാന്‍ അഖിലേഷ് സമ്മതിക്കുകയും ചെയ്തു. ഒപ്പം ശിവ്പാല്‍ യാദവിന്റെ വകുപ്പുകള്‍ തിരിച്ചും നല്‍കി. എന്നാല്‍ ശിവ്പാലിനെ പാര്‍ട്ടി പ്രസിഡന്റാക്കിയ നടപടി പിന്‍വലിക്കാന്‍ മുലായം തയാറായില്ല. ഇതിന്റെ ബാക്കിയായി ശിവ്പാല്‍ ചെയ്തത് അഖിലേഷുമായി അടുപ്പമുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടായിരുന്നു.
ഒരു മാസം കഴിഞ്ഞതോടെ വീണ്ടും പ്രശ്‌നങ്ങളാരംഭിച്ചു. അഖിലേഷിന് മാര്‍ഗതടസമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് മുലായത്തിന് കത്തെഴുതിയ എം.എല്‍.സി ഉദയ്‌വീര്‍ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മറുഭാഗത്ത് ഇതിനുണ്ടായ മറുപടി അഖിലേഷിനു പിന്നില്‍ അടിയുറച്ചു നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് രാംഗോപാല്‍ യാദവ് പാര്‍ട്ടി നേതാക്കള്‍ക്ക് കത്തെഴുതുകയായിരുന്നു. അതിന്റെ പിറ്റേന്ന് അഖിലേഷ് ശിവ്പാല്‍ യാദവ് ഉള്‍പ്പെടെ നാലു മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി. മറുപടിയായി ശിവ്പാല്‍ യാദവ് ചെയ്തത് പാര്‍ട്ടിയിലെ രണ്ടാമനെന്ന് കണക്കാക്കപ്പെട്ടിരുന്ന രാം ഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. (പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയപ്പോള്‍ രാംഗോപാലിന്റെ ശിക്ഷ നടപടി ഒഴിവാക്കിയിരുന്നു.) എന്നാല്‍ അന്നു തന്നെ സമാജ്‌വാദി പാര്‍ട്ടിയുടെ 223 എം.എല്‍.എമാരില്‍ 200 പേരുടെ യോഗം അഖിലേഷ് വിളിച്ചു ചേര്‍ത്തു. ഇതിന് മുലായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തിരിച്ചടി അഖിലേഷിനെ പാര്‍ട്ടി ജില്ലാ, ബ്ലോക്ക് പ്രസിഡന്റുമാരുടെയും മാധ്യമങ്ങളുടേയും സാന്നിധ്യത്തില്‍ പരസ്യമായി ശാസിക്കുകയായിരുന്നു.
പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്നും എം.എല്‍.എമാര്‍ ചേര്‍ന്ന് പിന്നീട് തെരഞ്ഞെടുക്കുമെന്ന് മുലായം പ്രസ്താവിച്ചത് ഇതിനു പിന്നാലെയായിരുന്നു. തുടര്‍ന്ന് ഇരുഭാഗത്തുമുണ്ടായ ഭിന്നതകള്‍ രൂക്ഷമാവുകയും അഖിലേഷിനെ തള്ളി മുലായം 325 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിക്കുകയുമായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യപിക്കില്ലെന്ന കാര്യവും അദ്ദേഹം ആവര്‍ത്തിച്ചു. അഖിലേഷും മുലായവുമായി വീണ്ടും കൂടിക്കാഴ്ച നടന്നെങ്കിലും ഇത് ഫലവത്തായില്ല എന്നതിന്റെ സൂചനയായിരുന്നു അഖിലേഷ് യാദവ് ഇന്ന് സ്വന്തം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ഇതോടെ സമാജ്‌വാദി പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന് ഉറപ്പായെങ്കിലും പ്രവചനാതീതനായ മുലായം ഈ പ്രതിസന്ധിയെ മറികടക്കുമെന്നും വീണ്ടും ഒത്തുതീര്‍പ്പുകള്‍ ഉണ്ടാകുമെന്നുമായിരുന്നു അഭ്യൂഹങ്ങള്‍.
അഖിലേഷിനെ അച്ചടക്കരാഹിത്യത്തിനും രാം ഗോപാല്‍ യാദവിനെ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് പുറത്താക്കിയിരിക്കുന്നത്. അഖിലേഷ് നാളെ എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച പാര്‍ട്ടി നേതാക്കളുടെ യോഗം വിളിക്കാന്‍ രാംഗേപാല്‍ യാദവ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടി വിരുദ്ധമാണെന്ന് കാണിച്ച് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്താക്കുകയായരിന്നു. പാര്‍ട്ടി അധ്യക്ഷനല്ലാതെ മറ്റാര്‍ക്കും ഇത്തരത്തില്‍ യോഗം വിളിക്കാന്‍ കഴിയില്ലെന്നായിരുന്നു മുലായം ഇന്ന് വ്യക്തമാക്കിയത്. അതിനൊപ്പം, അഖിലേഷിന്റെ ഭാവി രാംഗേപാല്‍ യാദവ് നശിപ്പിക്കുന്നത് അഖിലേഷ് മനസിലാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനാണ് അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയതെന്നും എന്നാല്‍ തന്നോടാലോചിക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ബലത്തില്‍ അഖിലേഷ് ഓരോ കാര്യങ്ങള്‍ ചെയ്യുകയാണെന്നുമായിരുന്നു മുലായം ഇന്ന് പറഞ്ഞത്.
എന്നാല്‍, യു.പിയില്‍ ഇന്ന് അഖിലേഷ് യാദവ് സമാജ്‌വാദി പാര്‍ട്ടിയേക്കാള്‍ വളര്‍ന്നു കഴിഞ്ഞിട്ടുള്ള നേതാവാണ്. ഒറ്റക്കെട്ടായി മത്സരിച്ചിരുന്നെങ്കില്‍, ഭരണവിരുദ്ധ വികാരത്തെപ്പോലും മറികടന്ന് വീണ്ടും ഭരണം പിടിക്കാനുള്ള ജനപ്രീതി ഇപ്പോള്‍ അഖിലേഷിനുണ്ട്. യു.പിയില്‍ പാര്‍ട്ടി ഭേദമന്യേ അഖിലേഷിന് ആരാധകരുണ്ട്. മുലായവും ശിവ്പാലുമൊക്കെ അഴിമതിക്കാരാണെന്ന് പറയുമ്പോഴും അഖിലേഷിന്റെ ക്ലീന്‍ ഇമേജും യു.പിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തിന്റെ ജനപ്രീതിക്ക് കാരണം. സംസ്ഥാനത്ത് യുവാക്കളുടെ വന്‍ പിന്തുണയും അഖിലേഷിനുണ്ട്.
ഇപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഖിലേഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് ചില സൂചനകള്‍ കൂടി നല്‍കുന്നുണ്ട്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നതായിരുന്നു അഖിലേഷിന്റെ താത്പര്യം. എന്നാല്‍ മുലായം ഇതിന് ഒരുക്കമല്ലായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അഖിലേഷ് പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ കോണ്‍ഗ്രസും അതുപോലുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയാണുള്ളത്. അങ്ങനെയുണ്ടായാല്‍ അണികള്‍ ഏതുവശത്തേക്ക് തിരിയുമെന്നത് സമാജ്‌വാദി പാര്‍ട്ടിയുടേയും അഖിലേഷിന്റേയും നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യമാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ കോര്‍ വോട്ടു ബാങ്കായ യാദവ്-മുസ്ലീം സഖ്യം എങ്ങനെ തിരിയുമെന്നതായിരിക്കും ഇതില്‍ നിര്‍ണയകമാവുക. അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലീം സമൂഹം മായാവതിയുടെ ബി.എസ്.പിയിലേക്കും യാദവരില്‍ നല്ലൊരു വിഭാഗവും ഉന്നതജാതിക്കാരും ബി.ജെ.പിയിലേക്കുമായിരിക്കും ചേക്കേറുക.
എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ എല്ലാം പ്രവചനാതീതമാണ്. മുലായത്തിന്റെ മനസിലിരുപ്പെന്തെന്നോ അഖിലേഷിന്റെ അടുത്ത ലക്ഷ്യമെന്തെന്നോ അറിയാന്‍ കാത്തിരിക്കേണ്ടി വരും. അതിനുമപ്പുറം എഴുതിത്തയ്യാറാക്കിയ ഒരു തിരക്കഥ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നിലുണ്ടോ എന്നുള്ളതും അറിയാനിരിക്കുന്നതേയുള്ളു.
പാര്‍ട്ടിയുടെ 25-ാം വാര്‍ഷികം ആഘോഷിച്ചതും ഈയിടെയാണ് എന്നതാണ് അതിലെ മറ്റൊരു കൗതുകം.