ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ISRO) ജിസാറ്റ്-20 ആശയവിനിമയ ഉപഗ്രഹം നവംബര്‍ 19 ചൊവ്വാഴ്ച വിജയകരമായി വിക്ഷേപിച്ചു. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ആണ് ഫ്‌ളോറിഡയിലെ കേപ് കനാവറലില്‍ നിന്ന് ഈ വിക്ഷേപണം നടത്തിയത്. ഐഎസ്ആര്‍ഒ-യും സ്‌പേസ് എക്‌സ്-ഉം തമ്മിലുള്ള ആദ്യത്തെ വാണിജ്യ സഹകരണം എന്ന നിലയില്‍ ഈ വിക്ഷേപണം ഒരു പ്രധാനപ്പെട്ട ചുവടുവെപ്പാണ്. അടുത്ത 14 വര്‍ഷത്തേക്ക് ഇന്ത്യയുടെ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് 4,700 കിലോഗ്രാം ഭാരമുള്ള ഈ ജിസാറ്റ്-20 ഉപഗ്രഹം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എന്താണ് ജിസാറ്റ് 20?
ഇന്ത്യയിലുടനീളം ഗ്രാമപ്രദേശങ്ങള്‍, ഉള്‍പ്രദേശങ്ങള്‍, വേണ്ടത്ര ആധുനിക സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങള്‍ എന്നിവയെ ഉദ്ദേശിച്ച് അവരിലേക്ക് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ എത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത അത്യാധുനിക ആശയവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-20. ഈയിടെ ഇന്ത്യയില്‍ ഇന്‍-ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനുവദിക്കുന്നതിന് നിയന്ത്രണങ്ങള്‍ വന്ന സാഹചര്യത്തില്‍ ജിസാറ്റ്-20 വാണിജ്യ വിമാനങ്ങള്‍ക്ക് കണക്റ്റിവിറ്റി സേവനങ്ങളും നല്‍കുന്നതായിരിക്കും.
വിപുലമായ ആശയവിനിമയ ശേഷികള്‍ വാഗ്ദാനം ചെയ്യുന്നതാണ് കാ-ബാന്‍ഡ് ഹൈ-ത്രൂപുട്ട് പേലോഡ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ജിസാറ്റ്20. രാജ്യത്തുടനീളം തടസ്സങ്ങളില്ലാതെ കവറേജ് നല്‍കുന്നതിന് 8 നാരോ സ്‌പോട്ട് ബീമുകളും 24 വൈഡ് സ്‌പോട്ട് ബീമുകളും ഉള്‍പ്പെടെ 32 യൂസര്‍ ബീമുകള്‍ ഇതിന്റെ ഭാഗമായി ഉണ്ട്. ഇന്റര്‍നെറ്റ്, ടെലിവിഷന്‍, എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകള്‍ക്ക് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ജിസാറ്റ്-20 സാറ്റ്‌ലൈറ്റിന് ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങളും കൂട്ടായുണ്ട്.
എന്തുകൊണ്ട് സ്‌പേസ് എക്‌സ്?
ഐഎസ്ആര്‍ഒ ആദ്യമായാണ് ഒരു വാണിജ്യ ഉപഗ്രഹ വിക്ഷേപണത്തിനായി സ്‌പേസ് എക്സ് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുത്തന്നെ വളരെ ശ്രദ്ധേയമാണ് ഈ വിക്ഷേപണം. ചരിത്രപരമായി നോക്കുമ്പോള്‍ ഐഎസ്ആര്‍ഒ നിര്‍ണായകമായ ഉപഗ്രഹ ദൗത്യങ്ങള്‍ക്കായി യൂറോപ്യന്‍ വിക്ഷേപണ സേവനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. പ്രത്യേകിച്ച് ഏരിയന്‍സ്‌പേസിനെയാണ് തിരഞ്ഞെടുത്തിരുന്നത്. സമീപകാലത്ത് ഏരിയന്‍സ്‌പേസ് പ്രവര്‍ത്തനപരമായ വെല്ലുവിളികള്‍ നേരിട്ട് തുടങ്ങിയപ്പോള്‍, പകരം റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ ഉള്ള ഓപ്ഷനുകളെ തിരഞ്ഞെടുക്കുന്നതില്‍ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ബാധിക്കാനും തുടങ്ങിയതോടെ സ്‌പേസ് എക്‌സ് തന്നെ ഏറ്റവും പ്രായോഗിക ബദലായി ഉയര്‍ന്നുവന്നു.
ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എല്‍വിഎം-3(LVM-3)ക്ക് 4,000 കിലോഗ്രാം വരെ മാത്രം ഭാരമുള്ള ഉപഗ്രഹങ്ങളെയാണ് ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് (Geosynchronous Transfer Orbit (GTO) കൊണ്ടുപോകാന്‍ കഴിയുന്നത്. പക്ഷെ ജിസാറ്റ് -20 യുടെ ശേഷി ഈ ഭാരത്തില്‍ കൂടുതല്‍ വരും. ഭാരമേറിയ പേലോഡുകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള സ്‌പേസ് എക്സുമായുള്ള സഹകരണത്തിലേക്ക് ഇക്കാരണവും ഐഎസ്ആര്‍ഒ-യെ നയിച്ചു.
ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഒരു ലോഞ്ച്
അര്‍ദ്ധരാത്രി കഴിഞ്ഞ് കൃത്യം ഒരു മിനിറ്റുള്ളപ്പോള്‍ ഭ്രമണപഥത്തിലേക്കുള്ള ജിസാറ്റ്-20 ന്റെ വിക്ഷേപണം നടന്നു. അങ്ങനെ 34 മിനിറ്റുള്ള ആ യാത്രയ്ക്കു തുടക്കം കുറിച്ചു. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (New Space India Limited (NSIL)) ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ദുരൈരാജ് ഉപഗ്രഹം കൃത്യമായ ഭ്രമണപഥം കൈവരിച്ചതായി സ്ഥിരീകരിച്ചു.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് ദൗത്യം വിജയമാണെന്നു പ്രഖ്യാപിച്ചു. ഉപഗ്രഹം പൂര്‍ണ്ണാവസ്ഥയില്‍ ലക്ഷ്യത്തില്‍ എത്തിയെന്നും അതിന്റെ സോളാര്‍ പാനലുകള്‍ വിജയകരമായി വിന്യസിച്ചുവെന്നും ഗ്രൗണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. 14 വര്‍ഷം നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന ജിസാറ്റ്-20 ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം അടുത്ത ദശകത്തില്‍ ഇന്ത്യയ്ക്ക് മെച്ചപ്പെട്ട ആശയവിനിമയ ശേഷി ഉറപ്പ് വരുത്തും.
ബഹിരാകാശ സഹകരണത്തിന്റെ ഭാവി
ഐഎസ്ആര്‍ഒയും സ്പേസ് എക്സും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ അധ്യായമാണ് ജിസാറ്റ്-20 ദൗത്യം. ഐഎസ്ആര്‍ഒ ആദ്യമായാണ് കാ-ബാന്‍ഡ് ഫ്രീക്വന്‍സി ഉപയോഗിച്ച് ഒരു ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്തും മികച്ച ആശയവിനിമയ കാര്യക്ഷമതയും ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ആഗോളതലത്തില്‍ തന്നെ സാന്നിധ്യമറിയിച്ചുക്കൊണ്ടിരിക്കുകയും സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കുന്നത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ ദൗത്യത്തിന്റെ വിജയം രണ്ട് ബഹിരാകാശ ഭീമന്മാരും തമ്മിലുള്ള ഭാവി പങ്കാളിത്തങ്ങള്‍ക്ക് വഴിയൊരുക്കും.
വിജയകരമായ വിക്ഷേപണങ്ങളുടെ ട്രാക്ക് റെക്കോര്‍ഡും ഭാരമേറിയ പേലോഡുകള്‍ വഹിക്കാനുള്ള കഴിവും ഉള്ളതിനാല്‍ ഹെവി-ലിഫ്റ്റ് കഴിവുകള്‍ ആവശ്യമുള്ള ഭാവി ദൗത്യങ്ങള്‍ക്ക് ഐഎസ്ആര്‍ഒയ്ക്ക് വിശ്വസനീയമായ ഒരു പങ്കാളിയാണ് സ്പേസ് എക്സ്. പ്രത്യേകിച്ചും രാജ്യത്തിന്റെ ആശയവിനിമയ ഉപഗ്രഹങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ഇതൊരു അത്യന്താപേക്ഷിതമായ പങ്കാളിത്തമാണ്.
അങ്ങനെ നോക്കുമ്പോള്‍ ജിസാറ്റ്-20 ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം ബഹിരാകാശ പര്യവേക്ഷണത്തില്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തിന് അടിവരയിടുന്നു. ഇന്ത്യയിലും ആഗോളതലത്തിലും നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനം നികത്തുന്നതില്‍ നൂതന സാങ്കേതികവിദ്യയ്ക്കുള്ള പങ്കും ചെറുതല്ലെന്ന് ഓര്‍മപ്പെടുത്തുകയാണ് ഈ വിജയദൌത്യം. SpaceX Launches ISRO’s GSAT-20 Satellite:All You Need To Know