July 11, 2026 |
Share on

സ്‌പെയിന്‍ പ്രധാനമന്ത്രിയുടെ ഭാര്യയ്‌ക്കെതിരേ അഴിമതിക്കേസ്; രാജ്യം വിടുന്നതിന് വിലക്ക്‌

തന്റെ ഭാര്യക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസ് വിചാരണ നേരിടണമെന്ന്‌ സ്പാനിഷ് കോടതി ഉത്തരവിട്ടു. ബെഗോണ രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തിയ കോടതി, അവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനും ഉത്തരവിട്ടു. സ്പാനിഷ് രാഷ്ട്രീയത്തെയും ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും വന്‍ പ്രതിസന്ധിയിലാക്കുന്നതാണ് ശനിയാഴ്ച പുറത്തുവന്ന ഈ കോടതിവിധി.

രണ്ട് വര്‍ഷം നീണ്ട വിശദമായ അന്വേഷണത്തിനൊടുവിലാണ് 55-കാരിയായ ബെഗോണ ഗോമസിനെതിരെ പൊതുപണം ദുരുപയോഗം ചെയ്യല്‍, സ്വാധീനം ദുരുപയോഗം ചെയ്യല്‍, ബിസിനസ്സ് ഇടപാടുകളിലെ അഴിമതി, ഫണ്ട് വകമാറ്റല്‍ എന്നീ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയത്. തീവ്രവലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുള്ള ‘മാനോസ് ലിംപിയാസ്’ (ക്ലീന്‍ ഹാന്‍ഡ്‌സ്) എന്ന സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഗോമസ് നിഷേധിച്ചിട്ടുണ്ട്.

കേസ് പരിഗണിക്കുന്ന ജഡ്ജി യുവാന്‍ കാര്‍ലോസ് പെയ്‌നാഡോ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ബെഗോണ ഗോമസ് മാസം തോറും രണ്ടുതവണ കോടതിയില്‍ നേരിട്ട് ഹാജരായി ഒപ്പിടണം. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ ഒരു ജൂറിക്ക് മുന്‍പാകെയാകും ഇവരുടെ വിചാരണ നടക്കുക.

തന്റെ ഭാര്യക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവര്‍ത്തിക്കുന്നത്. യൂറോപ്പിലെ പ്രമുഖ ഇടതുപക്ഷ നേതാവായ സാഞ്ചസ്, തന്റെ രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളും ചേര്‍ന്ന് കുടുംബത്തെ വേട്ടയാടുകയാണെന്ന് ആരോപിച്ചു. സ്‌പെയിനിലെ നീതിന്യായ വ്യവസ്ഥയിലെ ചില അംഗങ്ങളുടെ നിഷ്പക്ഷതയെപ്പോലും അദ്ദേഹം പരസ്യമായി ചോദ്യം ചെയ്തിട്ടുണ്ട്.

കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ സോഷ്യലിസ്റ്റ് പാര്‍ട്ടി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി ബെഗോണ വലിയ രീതിയിലുള്ള രാഷ്ട്രീയ-നിയമ വേട്ടയാടലുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും ശനിയാഴ്ചത്തെ കോടതിവിധി ഇതിന്റെ തുടര്‍ച്ചയാണെന്നും പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ വ്യക്തമാക്കി.

2018-ല്‍ സ്‌പെയിനില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടിയുടെ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന വാഗ്ദാനവുമായാണ് പെഡ്രോ സാഞ്ചസ് അധികാരത്തിലേറിയത്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മുന്‍ സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ സാഞ്ചസ് സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തെന്നെ ബാധിക്കുന്ന രീതിയിലേക്ക് വളര്‍ന്നിരിക്കുകയാണ്.

ഈ കേസുകളിലൊന്നും പ്രധാനമന്ത്രി സാഞ്ചസിന്റെ പേര് നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്‍ ഡേവിഡ് സാഞ്ചസ് നിലവില്‍ സ്വാധീനം ദുരുപയോഗം ചെയ്‌തെന്ന കേസില്‍ പ്രതിയാണ്. കൂടാതെ മുന്‍ ഗതാഗത മന്ത്രി ജോസ് ലൂയിസ് ആബലോസ് പൊതു കരാറുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണവും നേരിടുന്നുണ്ട്. ഇരുവരും ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

ഇതിനെല്ലാ പുറമെ, സ്പാനിഷ് ഇടതുപക്ഷ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും മുന്‍ സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയുമായിരുന്ന ജോസ് ലൂയിസ് റോഡ്രിഗസ് സപാറ്ററോയ്‌ക്കെതിരെ കഴിഞ്ഞ മാസം ആരംഭിച്ച സ്വാധീനം ദുരുപയോഗം ചെയ്യലുമായി ബന്ധപ്പെട്ട അന്വേഷണം സാഞ്ചസ് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ഈ ആഴ്ച നടന്ന കോടതി മുന്‍പാകെയുള്ള സപാറ്ററോ ഹാജരായിരുന്നു. പ്രമുഖ നേതാക്കള്‍ക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്നുവരുന്ന ഈ അഴിമതി അന്വേഷണ പരമ്പരകള്‍ പെഡ്രോ സാഞ്ചസ് സര്‍ക്കാരിന് വരും ദിവസങ്ങളില്‍ കടുത്ത രാഷ്ട്രീയ വെല്ലുവിളിയാകും ഉയര്‍ത്തുക.

Content Summary; A Spanish judge orders Begoña Gómez, wife of PM Pedro Sánchez, to stand trial on corruption charges and slaps a travel ban amid a growing political crisis

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×