UPDATES

കായികം

അയാളെ ഞങ്ങള്‍ക്കു കാണേണ്ട, ദേഷ്യം കൊണ്ട് ചിലപ്പോള്‍; വാര്‍ണറെ ഹോട്ടലില്‍ നിന്നൊഴിവാക്കണമെന്നു ഓസീസ് കളിക്കാര്‍

നിലവില്‍ വാര്‍ണര്‍ക്ക് വിലക്കോ പിഴയോ ഒന്നും വിധിച്ചിട്ടില്ല

                       

പന്ത് ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയന്‍ ടീമിനകത്ത് തന്നെ വന്‍ പ്രത്യാഘാതം ഉണ്ടാക്കിയിരിക്കുന്നുവെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഒന്നുരണ്ടുപേര്‍ ചേര്‍ന്ന് ചെയ്ത ചതി തങ്ങള്‍ക്കാകമാനം നാണക്കേടും വിമര്‍ശനങ്ങളും ഉണ്ടാക്കുന്നതില്‍ ടീമിലെ മറ്റു കളിക്കാര്‍ കടുത്ത അമര്‍ഷത്തിലാണ്. ഇതിന്റെ വ്യക്തമായ തെളിവാണ് ഡേവിഡ് വാര്‍ണര്‍ക്കെതിരേ ഇപ്പോഴുണ്ടായിരിക്കുന്ന പൊട്ടിത്തെറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലം ടെസ്റ്റിനു മുമ്പായി ഓസ്‌ട്രേലിയന്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്നും വാര്‍ണറെ ഒഴിവാക്കണമെന്ന് ടീം അംഗങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ണറോടും സ്മിത്തിനോടും ദേഷ്യത്തിലുള്ള കളിക്കാര്‍ ഒരുപക്ഷേ നിയന്ത്രണം വിട്ട് വാര്‍ണറുമായി എന്തെങ്കിലും കശപിശ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ഹോട്ടലില്‍ നിന്നും വാര്‍ണറെ മാറ്റണമെന്നുമാണ് ആവശ്യം. നേരത്തെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും വാര്‍ണര്‍ സ്വയം ഒഴിവായിരുന്നു.

പന്തില്‍ കൃത്രിമത്വം കാണിച്ച കുറ്റത്തില്‍ വാര്‍ണര്‍ക്കും പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നെങ്കിലും സ്മിത്തിന് ഒരു ടെസ്റ്റില്‍ നിന്നും വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയും വിധിച്ചതുപോലെ ശിക്ഷനടപടിയൊന്നും വാര്‍ണര്‍ക്കെതിരേ ഐസിസി എടുത്തിരുന്നില്ല. അതേസമയം സ്മിത്ത് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതുപോലെ വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു. നാലാം ടെസ്റ്റില്‍ കളിക്കുന്നതിന് ഇതുവരെ വാര്‍ണര്‍ക്ക് വിലക്ക് ഒന്നും വന്നിട്ടില്ലെങ്കിലും വാര്‍ണര്‍ ആ ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയമാണ്. സ്മിത്തിനും വാര്‍ണര്‍ക്കും ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് പലകോണുകളില്‍ നിന്നും ഉയര്‍ന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ണര്‍ക്കും ടെസ്റ്റ് മത്സരം കളിക്കുന്നതില്‍ താത്കാലിക വിലക്ക് വന്നേക്കാമെന്ന സൂചന ശക്തമാണ്. അങ്ങനെയെങ്കില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ വാര്‍ണര്‍ക്കും വിലക്ക് ഐസിസി ഏര്‍പ്പെടുത്തിയേക്കാം. ഐപിഎല്ലില്‍ സണ്‍റൈസ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വാര്‍ണറെ ഒഴിവാക്കുമെന്നാണ് അറിയുന്നത്. സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയപ്പോള്‍ വാര്‍ണറെയും അതേപോലെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍