പിടിച്ചു കയറാനുള്ള പിടിവള്ളി തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും ഇറങ്ങുന്നു. പൂനെ സിറ്റി എഫ്‌സിക്കെതിരെ രാത്രി എട്ടിന് കലൂര്‍ സ്റ്റേഡിയത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളിക്കാനിറങ്ങുന്നത്. മുഖ്യപരിശീലകന്‍ മ്യൂലന്‍സ്റ്റീന് പകരക്കാരനായി ഡേവിഡ് ജെയിംസ് എത്തുമ്പോള്‍ പുതുവര്‍ഷത്തില്‍ ബംഗുളൂരു എഫ്‌സിയോട് അടിയറവ് വച്ചതിന് പകരമായി മിന്നുന്ന ജയം ആരാധകര്‍ക്ക് സമ്മാനിക്കുകയാകും ലക്ഷ്യം. ഐഎസ്എല്ലിന്റെ പ്രഥമ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വീ താരവും ഗോളിയും പരിശീലകനുമായി മുന്നില്‍ നിന്നും പടനയിച്ച ജെയിംസ്, 2014ല്‍ ഫൈനല്‍വരെ ടീമിനെ എത്തിച്ചെങ്കിലും അവസാനം കിരീടം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് അടിയറവുവെക്കുകയായിരുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ക്ലബുമായി മുന്‍പരിചയമുള്ള ഒരു പരിശീലകനെ ലഭിച്ചത് ടീമിന് കൂടുതല്‍ ഗുണകരമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി മുന്‍നിര ടീമുകള്‍ക്കു വേണ്ടി കളിച്ച പരിചയവും ജെയിംസിനുണ്ട്.
മുന്‍ പരിശീലകന്‍ മ്യൂലന്‍സ്റ്റീന് കീഴില്‍ ഏഴു മത്സരങ്ങള്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് ഈ സീസണില്‍ ഇതുവരെ ഒരു വിജയം മാത്രമേ നേടാനായുള്ളു. വിജയ മന്ത്രം മറന്നു പോയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വസിക്കാന്‍ നാലു സമനിലകളും നല്കി. ഇതുവരെ രണ്ട് തോല്‍വികള്‍ മാത്രം എല്‍ക്കേണ്ടി വന്ന ബ്ലസ്‌റ്റേഴ്‌സിന് ഇനിയുള്ള 11 മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ ഒരു പക്ഷെ സെമി സാധ്യത നിലനിര്‍ത്താനാകും. ഡിഫന്‍ഡര്‍ ലാസിച് പെസിച്ചും സ്‌െ്രെടക്കര്‍ സി.കെ വിനീതിന്റെയും അഭാവം ടീമില്‍ വലിയ വിടവാണുണ്ടാക്കുന്നത്. സന്ദേശ് ജിങ്കാനിലും വെസ് ബ്രൗണിലുമാണ് പ്രതിരോധ നിരയില്‍ ടിമിന്റെ പ്രതീക്ഷ.
വിജയം മറന്നുപോയ ബ്ലാസ്‌റ്റേഴ്‌സ് ടീമിന് ആരാധാകരുടെ എണ്ണത്തില്‍ തെല്ലും കുറവൊന്നുമില്ല. ഇതുവരെ ഒരു മത്സരത്തില്‍ മാത്രമേ വിജയിക്കാനായെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ടീമിനോടുള്ള ആരാധനയില്‍ കുറവൊന്നുമില്ല. മത്സരഫലം എന്തുമായിക്കോട്ടെ കൈയടിക്കാനും ജയ് വിളിക്കാനും ഞങ്ങളുണ്ടാകും എന്ന മട്ടാണ് ആരാധകരുടേത്. അതിന് തെളിവാണ് ഓരോ മത്സരങ്ങളിലുമുളള ആരാധകരുടെ എണ്ണം. കാര്യമായ വര്‍ധനവും ഇല്ല എന്നാല്‍ ലെവലേശം കുറവുമില്ല. എകദേശം 35,000 നും 40,000 ഇടയില്‍ ആരാധകര്‍ സ്‌റ്റേഡിയത്തില്‍ ഉണ്ട്. ഈ ഗ്രൗണ്ട് സപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ തന്നെ വിജയം നേടിയെടുക്കയാണ് ടീം ചെയ്യേണ്ടത്. എങ്ങനെയും സെമിയിലെത്തുക അത് തന്നെയാകണം ഉരുവിടേണ്ട മന്ത്രം.