ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന് ആദ്യത്തെ ഉത്തരം രോഹിത് ശര്‍മ എന്നു തന്നെ. നിലയുറപ്പിച്ചാല്‍ പിന്നെ കൊടുങ്കാറ്റായാണയാള്‍ വീശിയടിക്കുന്നത്. അതേറ്റവും നന്നായി അറിയാവുന്നത് ശ്രീലങ്കക്കാര്‍ തന്നെ. ഏകദിനത്തിലെ മൂന്ന് ഇരട്ട സെഞ്ച്വറികളില്‍ രണ്ടും ശ്രീലങ്കയ്‌ക്കെതിരേ നേടിയ രോഹിത് ഇപ്പോഴിതാ പുതിയൊരു റെക്കോര്‍ഡ് കൂടി ലങ്കയെ കീഴ്‌പ്പെടുത്തി നേടിയിരിക്കുന്നു. ട്വന്റി-20 യിലെ വേഗമേറിയ സെഞ്ച്വറികളില്‍ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറുടെ റെക്കോര്‍ഡിനൊപ്പമാണ് രോഹിത് എത്തിയത്. 35 പന്തില്‍ നിന്നാണ് രോഹിത് തന്റെ രണ്ടാം ട്വന്റി-20 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മില്ലറും ഇത്രയും പന്തുകളില്‍ നിന്നു തന്നെയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ചമീരയുടെ പന്തില്‍ ധനഞ്ജയയ്ക്ക് പിടികൊടുത്തു മടങ്ങുമ്പോള്‍ 43 പന്തില്‍ രോഹിത് നേടിയത് 118 റണ്‍സ്. ഇതിനിടയില്‍ അടിച്ചു കൂട്ടിയത് 12 ഫോറുകളും 10 സിക്‌സുകളും. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ലങ്കയ്‌ക്കെതിരേ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് ഇന്ത്യ നേടിയിട്ടുണ്ട്. 65 റണ്‍സുമായി ലോകേഷ് രാഹുലും 18 റണ്‍സുമായി ധോണിയുമാണ് ക്രീസില്‍.