ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിട്ട ഏറ്റവും മോശം കാലം ഏതായിരുന്നുവെന്നു വെളിപ്പെടുത്തുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 2007 ല്‍ നടന്ന ഏകദിന ലോകകപ്പില്‍ നേരിട്ട തിരിച്ചടി ടീമിന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. പക്ഷേ ആ പരാജയം ഞങ്ങളെ വലിയ രീതിയില്‍ മാറ്റിയെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.
വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡ് നയിച്ച ടീം ബംഗ്ലാദേശിനോട് തോറ്റ് ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു.
അതായിരുന്നു നമ്മുടെ ടീമിന്റെ ഏറ്റവും മോശമായ അവസ്ഥ എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. 2007 ലെ ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ നമുക്ക് കയറാന്‍ കഴിഞ്ഞില്ല. അവിടെ നിന്നും തിരിച്ചെത്തിയശേഷം പുതിയ ചിന്തകള്‍ക്കു പിറകെ പോയി. ഒരു പുതിയ ദിശയിലേക്ക് സഞ്ചരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. എന്താണ് ഒരു ടീം എന്നനിലയില്‍ നമ്മള്‍ നേടേണ്ടതെന്നൊരു തീരുമാനം എടുത്തു. അതിനുവേണ്ടി പരിശ്രമിച്ചു. ഫലവും ഉണ്ടായി.
ഞങ്ങള്‍ പല മാറ്റങ്ങളും കൊണ്ടുവന്നു. അതില്‍ ഏതൊക്കെ നന്നായി, മോശമായി എന്നറിയില്ല. ഈ മാറ്റങ്ങളൊന്നും ഒരു രാത്രികൊണ്ട് ഉണ്ടായതുമല്ല. ഫലത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു. 21 വര്‍ഷത്തെ എന്റെ കരിയറിനൊടുവില്‍ മനോഹരമായ ആ ലോകകപ്പ് കിരീടം എനിക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു.; സച്ചിന്‍ പറഞ്ഞു.