ക്രിക്കറ്റ് ചരിത്രത്തില്‍ നവംബര്‍ 15ന് വലിയ പ്രാധാന്യമുണ്ട്. ലോക ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഇതിഹാസ താരങ്ങളുമായി ഈ ദിനം ബന്ധപ്പെട്ടിരിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം 1989 നവംബര്‍ 15ന് പാകിസ്ഥാനിലെ കറാച്ചിയില്‍ തുടങ്ങിയ ടെസ്റ്റ് മത്സരത്തിലായിരുന്നു. വഖാര്‍ യൂനിസ് എന്ന പാകിസ്ഥാന്റെ മികച്ച പേസര്‍മാരിലൊരാളായ താരത്തിന്റെ ആദ്യ മത്സരവും ഇതായിരുന്നു. 1947ല്‍ ഡോണ്‍ ബ്രാഡ്മാന്‍ തന്റെ നൂറാം ഫസ്റ്റ്ക്ലാസ് സെഞ്ചുറി കുറിച്ചത് ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ നടന്ന മത്സരത്തിലായിരുന്നു ഇത്.
ബ്രാഡ്മാന്‍ ഒരിക്കലും ഇന്ത്യയില്‍ കളിച്ചില്ല. അദ്ദേഹം ഇന്ത്യക്കെതിരെ കളിച്ച ഒരേയൊരു പരമ്പര 1947ലേതായിരുന്നു. താന്‍ ആസ്വദിച്ച് കളിച്ച മത്സരങ്ങളായിരുന്നു ഇന്ത്യക്കെതിരെയുള്ളത് എന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 178.75 ബാറ്റിംഗ് ശരാശരിയില്‍ 715 റണ്‍സാണ് ബ്രാഡ്മാന്‍ അടിച്ചുകൂട്ടിയത്. നാല് സെഞ്ചുറിയും ഒരു അര്‍ദ്ധ സെഞ്ചുറിയും. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം 1950കളുടെ മധ്യത്തില്‍ ഒരിക്കല്‍ അദ്ദേഹം ഇന്ത്യയിലെത്തി. പ്രധാനമായും കല്‍ക്കട്ടയിലാണ് ബ്രാഡ്മാനും ഭാര്യയും ചിലവഴിച്ചത്. 52 ടെസ്റ്റുകളില്‍ നിന്നായി 99.94 ശരാശരിയില്‍ 6996 റണ്‍സാണ് ബ്രാഡ്മാന്‍ ഓസ്‌ട്രേലിയക്ക് വേണ്ടി നേടിയത്. 29 സെഞ്ചുറികള്‍, 13 ഫിഫ്റ്റികള്‍. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 234 മത്സരങ്ങളില്‍ നിന്ന് 95.14 ശരാശരിയില്‍ 28,067 റണ്‍സ്. 117 സെഞ്ചുറികള്‍, 69 ഫിഫ്റ്റികള്‍. മെല്‍ബണിലെ തന്റെ വീട്ടില്‍ വന്നുകണ്ട സച്ചിനെ ബ്രാഡ്മാന്‍ വിശേഷിപ്പിച്ചത് ‘എന്നെപോലെ കളിക്കുന്നയാള്‍’ എന്നാണ്.
സച്ചിന്റെ അരങ്ങേറ്റ മത്സരം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പാണന്മാര്‍ പാടി നടക്കുന്ന വീരഗാഥകളിലുണ്ട്. വസീം അക്രത്തിന്റേയും വഖാര്‍ യൂനിസിന്റേയും പേസ് ആക്രമണത്തില്‍ മുറിവേറ്റ് പതറിയ സച്ചിന്‍ പിന്നീട് ശക്തമായി തിരിച്ചുവന്നതിന്റെയും ഏകദിന മത്സരത്തില്‍ സ്പിന്നര്‍ അബ്ദുള്‍ ഖാദറിനെ തലങ്ങും വിലങ്ങും പായിച്ചതിന്റേയും കഥകള്‍. പിന്നീട് ലോക ക്രിക്കറ്റിലെ ഏക്കാലത്തേയും ഏറ്റവും ആഘോഷിക്കുപ്പെട്ട ഇതിഹാസതാരമായി മാറിയതിന്റെ ചരിത്രം. ആ ചരിത്രത്തിന് തുടക്കം കുറിച്ച ദിവസമാണ് നവംബര്‍ 15.