March 27, 2025 |

ശ്രീലങ്കയെ ഇരുട്ടിലാക്കിയതിന് വിചിത്ര കാരണം; കുരങ്ങന്മാരെന്ന് ഊര്‍ജമന്ത്രി

കുരങ്ങന്മാർ വിചാരിച്ചാൽ പോലും തകരാറിലാക്കാൻ കഴിയുന്നത്ര പ്രാകൃത അവസ്ഥയിലാണോ പൊതുസംവിധാനങ്ങളെന്ന ചോദ്യം

രാജ്യത്തെയാകെ ഇരുട്ടിലാക്കിയ പവർക്കട്ടിന്റെ കാരണം വെളിപ്പെടുത്തി ശ്രീലങ്കൻ സർക്കാർ. പവർക്കട്ടിന്റെ കാരണം കുരങ്ങന്മാരാണെന്നാണ് ശ്രീലങ്കൻ ഊർജമന്ത്രിയുടെ വിചിത്ര വാദം. കൊളംബോയിൽ പവർ‌സ്റ്റേഷനിൽ കടന്നു കയറിയ കുരങ്ങുകൾ ട്രാൻസ്‌ഫോമറിന് തകരാറുണ്ടാക്കിയെന്ന് എഞ്ചിനീയർ കൂടിയായ ഊർജമന്ത്രി കുമാര ജയകൊടി വ്യക്തമാക്കി. ഇതോടെ കുരങ്ങന്മാർ വിചാരിച്ചാൽ പോലും തകരാറിലാക്കാൻ കഴിയുന്നത്ര പ്രാകൃത അവസ്ഥയിലാണോ പൊതുസംവിധാനങ്ങളെന്ന ചോദ്യവും ഹനുമാന്റെ ലങ്കാദഹനം ഉദാഹരണമാക്കിയുള്ള പരിഹാസങ്ങളും വച്ചുള്ള കളിയാക്കലുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അതേസമയം, ഞായറാഴ്ച്ച രാവിലെ 11 മണിയോടെ വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ്.

മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയ പരിഹാസ പോസ്റ്റുകൾ കൊണ്ട് നിറഞ്ഞു. ‘കൊളംബോയിലെ സബ്‌സ്‌റ്റേഷൻ പൂർണമായും തകർത്ത കുരങ്ങൻ ശ്രീലങ്കയുടെ മുഴുവൻ വൈദ്യുതി ഗ്രിഡും തകർത്തു’ എന്നാണ് ഒരാൾ എക്‌സിൽ കുറിച്ചത്. ‘കുരങ്ങൻ= സമ്പൂർണ കുഴപ്പം. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ട സമയമായോ’ എന്ന് മറ്റൊരാൾ ചോദിച്ചു. ഹനുമാന്റെ ഒരു ചിത്രം പങ്കുവെച്ചാണ് മറ്റൊരാൾ തന്റെ അനിഷ്ടം അറിയിച്ചത്. മുൻപും ശ്രീലങ്കൻ കുരങ്ങുകളുടെ വികൃതികൾ നമ്മെ വലച്ചിരുന്നുവെന്ന് മറ്റൊരാൾ എക്‌സിൽ കുറിച്ചു.

‘ശ്രീലങ്കയിൽ മാത്രമേ വഴക്കിടുന്ന കുരങ്ങന്മാർക്ക് ദ്വീപിന്റെ മുഴുവൻ വൈദ്യുതി വിച്ഛേദിക്കാൻ കഴിയൂ..’ പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
പവർ ഗ്രിഡ് നവീകരിക്കണമെന്നും അല്ലെങ്കിൽ ഇടയ്ക്കിടെ വൈദ്യുതി തടസങ്ങൾ നേരിടേണ്ടിവരുമെന്നും എഞ്ചിനീയർമാർ വർഷങ്ങളായി തുടർച്ചയായി സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഈ പത്ര റിപ്പോർട്ടിൽ പറയുന്നു. 2002ൽ സാമ്പത്തിക പ്രതിസന്ധി കാലത്തും സമാനമായ രീതിയിൽ ശ്രീലങ്കയിൽ രാജ്യവ്യാപകമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

content summary; Sri Lanka Hit by Nationwide Power Cut, All Because of A Monkey

×