തമിഴകത്ത് പുതിയൊരു രാഷ്ട്രീയസംയോഗത്തിനു കളമൊരുങ്ങുകയാണ്. വിപ്ലവനായിക ജയലളിതയുടെ അകാലമരണവും കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയുടെ രോഗാതുരമായ പ്രതിസന്ധികളും തമിഴ് ജനതയെ ചിന്താക്കുഴപ്പത്തിലാക്കുകയാണ്. ആള്‍ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) സര്‍വസ്വമായിരുന്ന ജയലളിതയുടെ അഭാവത്തില്‍ അധികാരത്തിന്റെ സോപാനങ്ങളിലേക്ക് കയറിച്ചെല്ലാനും തലൈവി ഇരുന്നരുളിയ ഉന്നതപീഠത്തില്‍ ഉപവിഷ്ടയാകാനും ശശികല ആവേശം കാണിച്ചപ്പോള്‍ അണികള്‍ തെല്ലൊന്ന് അമ്പരന്നു. താനും തന്റെ ബന്ധുക്കളുമടങ്ങിയ മന്നാര്‍ക്കുടി മാഫിയ വാരിക്കൂട്ടിയ സമ്പത്തിന്റെ നിലനില്‍പ്പിനു അധികാരത്തിന്റെ ചെങ്കോല്‍ അനിവാര്യമാണെന്ന ചിന്തയാണ് ശശികലയെന്ന ചിന്നമ്മയെ പൊയസ് ഗാര്‍ഡനിലെ വേദനിലയത്തിന്റെ ബാല്‍ക്കണിയിലിരുന്നു അണികള്‍ക്ക് നേരേ കൈകള്‍ വീശാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ ശശികലയുടെ അധികാരദുര്‍മ്മോഹവും അതു സംസ്ഥാനരാഷ്ട്രീയത്തില്‍ സൃഷ്ടിക്കാന്‍ പോകുന്ന ദുരന്തങ്ങളും മുന്‍കൂട്ടി അറിയാവുന്ന കലൈഞ്ജര്‍ ഗോപാലപുരത്തെ വീല്‍ച്ചെയറിലിരുന്നു മറ്റൊരു സുപ്രധാന തീരുമാനം എടുക്കുകയായിരുന്നു- ഇനി ‘സ്റ്റാലിനിസ’ത്തിന്റെ ദിനങ്ങള്‍ സമാഗതമാകട്ടെ. തന്റെ രാഷ്ട്രീയ ജീവിതത്തിനു അന്ത്യം കുറിച്ചിരിക്കുന്നു എന്ന തിരിച്ചറിവാണ് മകന്‍ ഇളയ ദളപതി സ്റ്റാലിനെ സ്വന്തം കിരീടം കൈമാറാന്‍ തലൈവരെ പ്രേരിപ്പിച്ചത്. രാഷ്ട്രീയ പ്രബുദ്ധതയുള്ള തലമുറ അന്യം നിന്നുപോകുകയാണല്ലോ എന്ന ചിന്ത കലൈഞ്ജറെ ഒട്ടല്ല ചിന്താകുലനാക്കിയിട്ടുള്ളത്. മക്കള്‍ക്കും മരുമക്കള്‍ക്കും ചെറുമക്കള്‍ക്കും വേണ്ടി അഴിമതിക്ക് കൂട്ടുനിന്നതിന്റെ പേരില്‍ വയസ്സുകാലത്ത് എല്ലാം നഷ്ടപ്പെട്ട ഈ ദ്രാവിഡനേതാവിനു ആകെയുള്ള ആശ്വാസം മകന്‍ സ്റ്റാലിന്റെ മുന്നേറ്റമാണ്. അതിനാലാണ് ഡിഎംകെയുടെ വര്‍ക്കിംഗ് പ്രസിഡന്റായി സ്റ്റാലിനെ പാര്‍ട്ടി നിയോഗിച്ചതും. ശശികലയെ നേരിടാന്‍ പാര്‍ട്ടിയില്‍ മറ്റാരുമില്ലെന്ന ചിന്ത നേരത്തേതന്നെ കലൈഞ്ജര്‍ക്ക് ഉണ്ടായിരുന്നിരിക്കണം. കഴിഞ്ഞ നിയമ സഭാതെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ പ്രവര്‍ത്തനമാണ് പ്രതിപക്ഷസ്ഥാനത്തെങ്കിലും പാര്‍ട്ടിയെ എത്തിച്ചത്. സ്റ്റാലിന്‍ സംസ്ഥാനമൊട്ടാകെ നടത്തിയ ‘നമുക്ക് നാമേ’ എന്ന ജനസമ്പര്‍ക്ക പരിപാടി പാര്‍ട്ടിക്ക് പുതുജീവന്‍ പകര്‍ന്നിരുന്നു.
പെരിയാര്‍ ഇ വി രാമസ്വാമിയുടേയും അറിഞ്ജര്‍ അണ്ണാദുരേയുടേയും പാദമുദ്രകളില്‍ നിന്ന് ഊര്‍ജ്ജം ഏറ്റുവാങ്ങിയ സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായിരുന്നു. ഒരിക്കല്‍ തമിഴകത്തിന്റേയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റേയും ഭാഗധേയങ്ങളില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുള്ള ഈ നേതാവിനെ ആര്‍ക്കും എഴുതിത്തള്ളാനാവില്ല. പക്ഷേ അച്ഛന്റെ നിഴലായി സഞ്ചരിച്ച സ്റ്റാലിനു ഒരിക്കലും അദ്ദേഹമായി തീരാനാവില്ല എന്നത് ചരിത്രയാഥാര്‍ത്ഥ്യം. പക്ഷേ ജയലളിതയെ അപേക്ഷിച്ച് രാഷ്ട്രീയപാരമ്പര്യവും തിക്താനുഭവങ്ങളുമുള്ള നേതാവാണ് സ്റ്റാലിന്‍. കരുണാനിധി ജയാമ്മയുടെ ശത്രുവായിരുന്നിരിക്കാം. എന്നാല്‍ അദ്ദേഹത്തില്‍ നിന്നായിരിക്കണം രാഷ്ട്രീയത്തിന്റെ ചെപ്പടിവിദ്യകളും ചാണക്യസൂത്രങ്ങളും ജയലളിത പഠിച്ചിരുന്നത്. അവിടെ എംജിആര്‍ ആയിരുന്നില്ല ജയാമ്മയുടെ രാഷ്ട്രീയഗുരു. മകനു വേണ്ടി വൈകോ എന്ന യുവ നേതാവ് ഉള്‍പ്പെടെയുള്ള പലരേയും വെട്ടിയരിഞ്ഞ കരുണാനിധിയുടെ ‘ഉള്‍പ്പാര്‍ട്ടി ജനാധിപത്യ’ചരിത്രം തമിഴകത്ത് നാടോടിപ്പാട്ടാണ്. ഇവിടെയാണ് സ്റ്റാലിനു നിരവധി പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്.
ഡിഎംകെയുടെ വര്‍ക്കിംഗ് പ്രസിഡന്റായി സ്ഥാനമേറ്റ സ്റ്റാലിനില്‍ അണികള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ അത്ഭുതമില്ല. 1953 മാര്‍ച്ച് ഒന്നിനാണ് സ്റ്റാലിന്റെ ജനനം. നാലു ദിവസം കഴിഞ്ഞാണ് റഷ്യന്‍ കമ്യൂണിസ്റ്റ് നേതാവ് സാക്ഷാല്‍ ജോസഫ് സ്റ്റാലിന്‍ മരിക്കുന്നത്. അദ്ദേഹത്തിന്റെ ശക്തനായ ആരാധകനായിരുന്ന കരുണാനിധിക്ക് മകന് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല.
ന്യൂ കോളേജിലെ ബിരുദപഠനത്തിനു ശേഷം സ്റ്റാലിന്‍ നേരേ അച്ഛന്റെ പിന്നാലെ ദ്രാവിഡ രാഷ്ട്രീയത്തിലേക്കാണ് കയറിപ്പോകുന്നത്. ഡിഎംകെയില്‍ യുവജനസഖ്യം സ്ഥാപിച്ചുകാണ്ടാണ് ആദ്യകാല പ്രവര്‍ത്തനം. 1989 ല്‍ തൗസന്റ്‌ലൈറ്റ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തുന്നു. 53-ാം വയസ്സില്‍ മന്ത്രിയായി. 2009 ല്‍ ഉപമുഖ്യമന്ത്രിയുമായി.
സ്റ്റാലിനെ പലതവണ ജയലളിത തറപറ്റിക്കാന്‍ ശ്രമിച്ചിരുന്നു. 2001 ല്‍ രണ്ടാമതും സിറ്റി മേയറായി തെരഞ്ഞെടുത്തെങ്കിലും ജയലളിത പുതിയ നിയമം പാസ്സാക്കി സ്റ്റാലിനെ പുറത്താക്കി. ഒരാള്‍ക്ക് ഒരേസമയം ഒരു പദവി എന്ന നിയമം വന്നപ്പോള്‍ സ്റ്റാലിനു എംഎല്‍എ സ്ഥാനം മാത്രം നിലനിര്‍ത്തേണ്ടിവന്നു. അടിയന്തിരാവസ്ഥക്കാലത്ത് സ്റ്റാലിന് ഒരുവര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിയും വന്നു. ജയിലിലെ ഏറ്റുമുട്ടലില്‍ അന്ന് ജീവന്‍ നഷ്ടപ്പടാതെ രക്ഷിച്ചത് പാര്‍ട്ടിയിലെ വിശ്വസ്തരായിരുന്നു എന്ന് സ്റ്റാലിന്‍ പറഞ്ഞിട്ടുണ്ട്. ജയലളിത അക്കാലത്ത് രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്തിരുന്നില്ല.
സ്റ്റാലിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശശികലക്ക് രാഷ്ട്രീയം തികച്ചും അന്യമാണ്. ദേശീയ – സംസ്ഥാന രാഷ്ട്രീയം അവരുടെ കൈപ്പിടിയില്‍ എങ്ങും എത്തുന്നതല്ല. അമ്മയുടെ തോഴിയെന്നതില്‍ കവിഞ്ഞ് കാര്യമായ പങ്കൊന്നും അവര്‍ക്ക് ജയലളിത കല്‍പ്പിച്ചുകൊടുത്തിരുന്നുമില്ല. ഇവിടെയാണ് വരാന്‍പോകുന്ന ശശികലാഭരണത്തിന്റെ പിടിപ്പുകേടുകള്‍ ഉയരുന്നത്. വമ്പനായ പിതാവിന്റെ പിന്നില്‍ ഓച്ചാനിച്ചു നില്‍ക്കുന്ന സ്റ്റാലിനും വിപ്ലവനായികയുടെ പ്രതിച്ഛായയുടെ തണലില്‍ അധികാരത്തിന്റെ ശക്തി സ്വരൂപിക്കാന്‍ ശ്രമിക്കുന്ന ശശികലയും തമിഴകത്തിന്റെ ഭാഗധേയങ്ങളെ ഏതൊക്കെ തരത്തില്‍ സ്വാധീനിക്കുമെന്നത് ഒരു സമസ്യയാണ്. ശശികലയുടെ രാഷ്ട്രീയശൂന്യതയാണോ സ്റ്റാലിന്റെ ‘പിതൃഘടികാര’മാണോ തമിഴകത്തെ രക്ഷിക്കുക? അതു തെളിയിക്കാന്‍ അടുത്തവരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും വരെ കാത്തിരിക്കേണ്ടിവരും.