ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മത ചടങ്ങിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചതായി വിവരം. മരണ സഖ്യ ഇനിയും ഉയര്‍ന്നേക്കാം. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളാണ് അധികവും, കുട്ടികളും ഈ ദാരുണ സംഭവത്തിന്റെ ഇരകളായിട്ടുണ്ട്. ഹത്രാസ് ജില്ലയിലെ സിക്കന്ദ്ര റാവു തഹസീലിനു കീഴിലുള്ള രതിഭാന്‍പൂര്‍ ഗ്രാമത്തില്‍ നടന്ന സത്സംഗത്തിനിടയിലാണ് അപകടമുണ്ടായത്. ഒരു മതപ്രഭാഷകനും ഭാര്യയും ചേര്‍ന്ന് സംഘടിപ്പിച്ച സത്സംഗത്തില്‍ പങ്കെടുത്തശേഷം ജനങ്ങള്‍ പിരിഞ്ഞു പോകുന്നതിനിടയിലായിരുന്നു അപകടമെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചത്. സാകര്‍ വിശ്വഹരി ഭോലെ ബാബയുടെ പേരില്‍ കഴിഞ്ഞ രണ്ടു ദശാബ്ദമായി ഇത്തരം പ്രഭാഷണങ്ങള്‍ ഇന്നത്തെ ചടങ്ങിന് നേതൃത്വം നല്‍കിയിരുന്ന ഭോലെ ബാബ എന്ന പ്രഭാക്ഷകന്‍ നടത്തി വരുന്നുണ്ടെന്നും പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നരേന്‍ സാകര്‍ ഹരി എന്നയാളാണ്, തന്റെ ജോലി ഉപേക്ഷിച്ച് ഭോലെ ബാബ എന്ന പേര് സ്വീകരിച്ച് മതപ്രഭാഷണത്തിനിറങ്ങിയത്. ഇറ്റയിലെ ബഹദൂര്‍ നഗറിന് കീഴില്‍ വരുന്ന പട്യാലി തെഹ്‌സില്‍ സ്വദേശിയായ ബാബ കഴിഞ്ഞ 27 വര്‍ഷമായി മതപ്രഭാഷണ രംഗത്തുണ്ട്.
ഹത്രാസിന്റെയും ഇറ്റയുടെയും അതിര്‍ത്തി മേഖലയില്‍ താത്കാലിക അനുമതിയോടെയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇറ്റ മെഡിക്കല്‍ കോളേജ് മോര്‍്ച്ചറിയില്‍ കൊണ്ടു വന്ന 27 മൃതദേഹങ്ങളില്‍ 25 ഉം സ്ത്രീകളുടെതായിരുന്നുവെന്നാണ് അധികൃതര്‍ പറഞ്ഞത്. ഏകദേശം 150 പേരെ പരിക്കേറ്റ നിലയിലും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ മുഴുവനായി ഉള്‍ക്കൊള്ളാന്‍ മെഡിക്കല്‍ കോളേജിന് സാധിക്കാത്തതിനാല്‍ സ്വകാര്യ ആശുപത്രികളിലേക്കും ആളുകളെ മാറ്റുന്നുണ്ട്.
ഏതാണ്ട് 15,00 പേര് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. തിക്കും തിരക്കും ഉണ്ടാകാനുള്ള യഥാര്‍ത്ഥ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഭൂരിഭാഗം പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചിട്ടുണ്ട്. stampede at religious event in Uttar Pradesh hathras, feared 107 dead
Content Summary; stampede at religious event in Uttar Pradesh hathras, feared 107 dead