ബഹിരാകാശത്ത് കുടുങ്ങിയ യാത്രക്കാർ മടങ്ങാത്തത് ബോയിങ്ങ് കമ്പനിയുടെ പ്രതിച്ഛായയെ തന്നെ ബാധിച്ചിരിക്കുകയാണ്. രണ്ട് ബഹിരാകാശ സഞ്ചാരികളുള്ള അവരുടെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന് ഇനിയുംബഹിരാകാശത്ത് നിന്ന് മടങ്ങാൻ കഴിഞ്ഞിട്ടില്ല. ബഹിരാകാശ പേടകമായ ബോയിംഗ് സ്റ്റാർലൈനറിന് സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് ഇന്ത്യൻ വംശജയായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവർ ബഹിരാകാശത്ത് കുടുങ്ങിയിരിക്കുകയാണ്. എട്ട് ദിവസത്തെ ദൗത്യം നടത്തേണ്ടിയിരുന്ന യാത്രികർ ആഴ്ചകളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഘടിപ്പിച്ചിട്ടുള്ള ബഹിരാകാശ കാപ്‌സ്യൂളിൽ കുടുങ്ങിക്കിടക്കുകയാണ്. എഞ്ചിനീയർമാർ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന മുറക്ക്, അവർക്ക് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാനാകും.
സ്റ്റാർലൈനർ ക്രൂ ഫ്ലൈറ്റ് ടെസ്റ്റിൻ്റെ തിരിച്ചുവരവ് മാറ്റിവച്ചതായി ബോയിംഗിൽ നിന്നുള്ള ഒരു വക്താവ് ഗാർഡിയനോട് പറഞ്ഞു. ജൂൺ 24-നും ജൂലൈ 2-നും രണ്ട് സ്പേസ് വാക്ക് നടത്താൻ പദ്ധതിയിട്ടിരിക്കുന്നതിനാലാണ് ഈ കാലതാമസം, തിരിച്ചു വരുന്ന തീയതി തീരുമാനിക്കാൻ ഈ നടപടികൾ കഴയണം. നിലവിൽ, ബഹിരാകാശയാത്രികർ എപ്പോൾ ഭൂമിയിലേക്ക് തിരികെ വരുമെന്നതിന് തിയ്യതി നിശ്ചയിച്ചിട്ടില്ല. കൂടാതെ സ്പേസ് വാക്ക് പൂർത്തിയായ ശേഷം അവർ ഓപ്ഷനുകൾ വിലയിരുത്തും. ഭ്രമണപഥത്തിൽ ധാരാളം സാധന സാമഗ്രികൾ ഉള്ളതിനാലും സ്റ്റേഷൻ്റെ ഷെഡ്യൂൾ താരതമ്യേന ഓഗസ്റ്റ് പകുതിയോടെ തുറന്നിരിക്കുന്നതിനാലും സ്റ്റേഷൻ വിടാൻ സമയത്തിനായി ജീവനക്കാരെ നിർബന്ധിക്കുന്നില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. ജൂൺ 5 നാണ് ഇരുവരും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് ശേഷം 14ന് തിരിച്ചെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് അത് 22 ലേക്കും തുടർന്ന് 26 ലേക്കും മാറ്റി. എന്നാൽ തകരാർ പൂർണമായും ഇനിയും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
നാസ-ബോയിംഗ് ദൗത്യം ആസൂത്രണം ചെയ്തതിലും ഒരു വർഷം വൈകിയാണ് നടന്നത്. കൂടാതെ 1.5 ബില്യൺ ഡോളർ കൂടുതൽ ചെലവ് വരികയും ചെയ്തു. ഔദ്യോഗിക വിക്ഷേപണത്തിന് മുമ്പ് തന്നെ, റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലെ പ്രശ്നങ്ങൾ, ഹീലിയം വാതകത്തിൻ്റെ ചോർച്ച തുടങ്ങിയ പ്രശ്നങ്ങൾ മിഷൻ നേരിട്ടിരുന്നു. ഈ പ്രശ്‌നങ്ങൾ മിഷൻ്റെ തിരിച്ചടികൾക്കും ചെലവുകൾ വർധിപ്പിക്കുന്നതിനും കാരണമായിരുന്നു. ഹീലിയം ചോർച്ചയും ഭൂരിഭാഗം ത്രസ്റ്റർ പ്രശ്‌നങ്ങളും മടക്ക ദൗത്യത്തിന് വെല്ലുവിളിയാകില്ലെന്ന് ബോയിംഗ് വക്താവ് അഭിപ്രായപ്പെട്ടു. “മുമ്പ് ഷട്ട്ഡൗൺ ചെയ്തിരുന്ന അഞ്ച് ത്രസ്റ്ററുകളിൽ നാലെണ്ണം ഇപ്പോൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അതായത് 27-ൽ ഒരു ത്രസ്റ്റർ മാത്രമാണ് നിലവിൽ പ്രവർത്തിക്കാതിരിക്കുന്നത്. ഇത് മടക്ക ദൗത്യത്തിന് യാതൊരു വിധത്തിലും ആശങ്കയല്ല. ”വക്താവ് കൂട്ടിച്ചേർത്തു.
ബഹിരാകാശയാത്രികർ കുടുങ്ങിയിട്ടില്ലെന്നും സാങ്കേതിക ബുദ്ധിമുട്ടുകൾ ദൗത്യത്തിന് ഭീഷണിയല്ലെന്നും നാസയും ബോയിംഗ് ഉദ്യോഗസ്ഥരും തറപ്പിച്ചുപറയുന്നു. ഒരു സാധാരണ ദൗത്യം പൂർത്തിയാക്കാൻ പേടകത്തിന് ഏഴ് മണിക്കൂർ ഫ്രീ-ഫ്ലൈറ്റ് സമയം ആവശ്യമാണെന്ന് നാസ അറിയിച്ചു. നിലവിൽ, ബഹിരാകാശ പേടകത്തിൻ്റെ ടാങ്കുകളിൽ അതിൻ്റെ നിലവിലെ സ്ഥാനത്ത് നിന്ന് അൺഡോക്ക് ചെയ്തതിന് ശേഷവും 70 മണിക്കൂർ ഫ്രീ-ഫ്ലൈറ്റ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമായ ഹീലിയം ഉണ്ട്.
നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് കഴിഞ്ഞ ആഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു: “ഞങ്ങൾ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. ദൗത്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഞങ്ങളുടെ പതിവ് പ്രക്രിയ തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്. ഹീലിയം സിസ്റ്റത്തിലെ ചെറിയ ചോർച്ചകൾ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. അതിനനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.” അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാൽ ബഹിരാകാശ പേടകം അൺഡോക്ക് ചെയ്യാനും ഭൂമിയിലേക്ക് മടങ്ങാനും അനുമതി നൽകിയിട്ടുണ്ട്. Starliner
Content summary; Two US astronauts stranded in space on board Boeing’s Starliner capsule