പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകർക്കെതിരെ കൊലവിളി നടത്തിയ സംഭവം കേരള ജനതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. വർത്തമാനകാല വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും പുതിയ തലമുറയുടെ പ്രകോപനപരമായ പെരുമാറ്റത്തെക്കുറിച്ചും വലിയ ആശങ്കയും ഉയർത്തിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വീഡിയോ പ്രചരിച്ചതെങ്ങനെയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ, സ്കൂൾ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് വൈകാരിക സംഘർഷങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ മനസിലാക്കലിന്റെയും സാന്ത്വനത്തിന്റെയും ചേർത്തു പിടിക്കലിന്റെയും ഒരു ആർദ്രസ്പർശം മതിയാകുമെന്നും വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് അദ്ധ്യാപകർക്ക് ചേർന്ന കാര്യമല്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സങ്കീർണമായ പ്രതിസന്ധികളിലൂടെയാണ് വർത്തമാനകാല ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ജീവിതം കടന്നുപോകുന്നത്. അധ്യാപകർ-വിദ്യാർത്ഥി വിഷയങ്ങളിൽ ഇരുവരും മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. വിദ്യാർത്ഥിയുടെ പ്രവൃത്തി സോഷ്യൽ മീഡിയ വഴി പ്രചരിച്ചത് തീർത്തും തെറ്റായ കാര്യമാണെന്നും കുട്ടിക്ക് സ്വയം തിരുത്താനുള്ള അവസരം ഇല്ലാതാക്കപ്പെട്ടുവെന്നും ഹയർ സെക്കൻഡറി അധ്യാപകനും എഴുത്തുകാരനുമായ കെ. എസ് രതീഷ് അഴിമുഖത്തോട് പ്രതികരിച്ചു.
‘പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഭവം വേദനിപ്പിച്ചു എന്നത് യാഥാർത്ഥ്യമാണ്. ഇതിലും സങ്കീർണമായ പ്രതിസന്ധികളിലൂടെയാണ് വർത്തമാനകാല ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ജീവിതം കടന്നുപോകുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആ വീഡിയോ ഞാൻ കണ്ടിരുന്നു. ഇപ്പോഴത്തെ കുട്ടികളുടെ ഏറ്റവും വിലപ്പെട്ട വസ്തുവേതെന്ന് ചോദിച്ചാൽ ഏതെങ്കിലും ഗാഡ്ജറ്റുകളായിരിക്കും. അതുകൊണ്ട് തന്നെ അതിലേക്കുള്ള കൈകടത്തലുകളോ അതിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലുകളോ ആണ് ഒരു കുട്ടിയെ ഏറ്റവും പ്രകോപനപരമായി പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത്. വീടുകളിൽ പോലും കുട്ടികളുടെ കൈയ്യിൽ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങി വെച്ചാൽ വളരെ അക്രമാസക്തമായി പെരുമാറുന്നത് കണ്ടിട്ടുണ്ട്.’
‘ഫോൺ കാണിച്ച് ഭക്ഷണം കൊടുക്കുന്ന ചെറു പ്രായം മുതൽ ഫോണിലേക്ക് വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ക്രമീകരിച്ച കാലഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഒരു കുട്ടി ഇങ്ങനെ പ്രതികരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. പലപ്പോഴും പല അധ്യാപകരും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി അതിലേക്ക് നോട്ട്സുകൾ അയക്കുമ്പോൾ കുട്ടികൾ ആ ഫോണിനെ വല്ലാതെ ആശ്രയിക്കേണ്ടി വരുന്നു. മാത്രമല്ല, ഒരു കുട്ടിയുടെ ഏറ്റവും വലിയ സന്തോഷവും മാനസികോല്ലാസവും ഇൻവെസ്റ്റ്മെന്റും ഉള്ള ഫോൺ പിടിച്ചുവെച്ച അധ്യാപകരോട് ആ കുട്ടി പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നാണ് എനിക്ക് തോന്നിയത്.’
‘അധ്യാപകരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ ഇതല്ലാതെ അവർക്ക് വേറൊരു മാർഗമില്ല. ആ കുട്ടി കൃത്യമായി ആ വീഡിയോയിൽ പറയുന്നുണ്ട്, എന്നെ നിങ്ങൾ മാനസികമായി ഹരാസ് ചെയ്തുവെന്ന്. കുട്ടി ഇത് ബാലാവകാശ കമ്മീഷന് മുന്നിലോ അധ്യാപക സംഘടനകളോടോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോടോ അവതരിപ്പിക്കുമ്പോൾ കുട്ടിക്ക് പിന്തുണ കിട്ടുകയും അധ്യാപകർ കുറ്റവാളികളാവുകയും ചെയ്യുന്നു. ഏറ്റവും ഒടുവിലായിരിക്കും അന്വേഷണങ്ങളിൽ കുട്ടിയുടെ ആരോപണം തെറ്റായിരുന്നുവെന്ന് തെളിയുന്നത്. അപ്പോഴേക്കും അധ്യാപകരും ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടാകും. അതുകൊണ്ടായിരിക്കാം ഇങ്ങനെയൊരു അസ്വാഭാവികമായ പെരുമാറ്റത്തെ അധ്യാപകർ റെക്കോർഡ് ചെയതത്. റെക്കോർഡ് ചെയ്തത് കൈയ്യിൽ സൂക്ഷിക്കാമായിരുന്നു. എന്നാൽ അത് പ്രചരിക്കപ്പെട്ടപ്പോൾ കുട്ടി ലഹരിക്ക് അടിമയാണെന്നും പ്രശ്നക്കാരനാണെന്നും വാദങ്ങൾ ഉയരാൻ തുടങ്ങി. കുട്ടിക്ക് സ്വയം തിരുത്താനുള്ള അവസരം അവിടെ റദ്ദ് ചെയ്യപ്പെട്ടു.’
‘ഒരു കാലത്ത് കുട്ടികളുടെ കൈയ്യിൽ നിന്ന് ഫോൺ കണ്ടെത്തിയാൽ അവസാന പരീക്ഷക്ക് ശേഷം തിരികെ കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇതിന്റെ എണ്ണം കൂടിയപ്പോൾ വാങ്ങി തിരികെ നൽകുന്നത് ഒരു വാരത്തിലേക്കും കുറച്ച് മണിക്കൂറുകളിലേക്കും ചുരുങ്ങി. ഇപ്പോൾ ക്ലാസ് മുറിയിൽ ഫോൺ കണ്ടാൽ അത് സൈലന്റാക്കി വെക്കൂ എന്ന് പറയാനെ നിർവാഹമുള്ളൂ. ഒന്നുകിൽ സ്കൂളുകളിൽ ഫോൺ നിരോധിച്ച് കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ വരണം. അല്ലെങ്കിൽ ഫോണിനെയും ഒരു പഠന സാമഗ്രിയായി മാറ്റി മുഴുവൻ ഡിജിറ്റലൈസേഷനിലേക്ക് മാറുന്ന രീതിയിൽ പുനക്രമീകരണം നടത്തണം’, കെ. എസ് രതീഷ് പറഞ്ഞു.
വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത് തെറ്റായ കാര്യമാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ. വി മനോജ് കുമാർ അഴിമുഖത്തോട് പറഞ്ഞു.
‘ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 18 വയസിന് താഴെയുള്ളവരെയാണ് കുട്ടികളെന്ന് പറയുന്നത്. കുട്ടി എന്തെങ്കിലും കുറ്റകൃത്യം ചെയ്താൽ ആത്യന്തികമായി വേണ്ടത് അവനെ റീഹാബിലേറ്റ് ചെയ്യുകയാണ്. കുട്ടിയെ തിരുത്താനാണ് നമ്മൾ ശ്രമിക്കേണ്ടത്. അപ്പോൾ അതിനാവശ്യമായ കാര്യങ്ങളാണ് ചെയ്യേണ്ടത്. കുടുംബത്തിന്റെ ഭാഗമായിട്ടുള്ളതോ പൊതുസമൂഹത്തിന്റെ ഭാഗമായിട്ടുള്ളതോ ആയ നന്മ തിന്മകൾ കുട്ടികളിലുണ്ടാകും. കുട്ടി എന്നത് സമൂഹത്തിന്റെ ഒരു ഭാഗം തന്നെയല്ലേ? കുട്ടി ഇങ്ങനെ പെരുമാറിയിട്ടുണ്ടെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അവനുണ്ടായിരിക്കാം, കുടുംബത്തിൽ നിന്നുള്ള പ്രശ്നങ്ങൾ കുട്ടിയെ സ്വാധീനിച്ചിരിക്കാം. ഒരു വിഷയം കൈകാര്യം ചെയ്യേണ്ട രീതി ഇതാണെന്ന് അവൻ ഇങ്ങനെയായിരിക്കാം പഠിച്ചുവെച്ചിരിക്കുന്നത്.’
‘കുട്ടിക്ക് നല്ല രീതിയിൽ കൗൺസിലിങ്ങ് നൽകി അവനെ മാറ്റിയെടുക്കേണ്ട ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ഇതിന് അവന്റെ കുടുംബത്തിനും അധ്യാപകർക്കും പൊതുസമൂഹത്തിനും കമ്മീഷൻ എന്ന നിലയിൽ ഞാൻ അടക്കമുള്ള സംവിധാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോ പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യമാണ്. കാരണം കുട്ടികളുടെ ഇത്തരം പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനെ മുഴുവൻ കാണിച്ച് വക്രീകരിച്ച രീതിയിൽ ചിത്രീകരിക്കുന്ന പ്രവണത ശരിയല്ല. അവനെ എന്നും കുറ്റവാളിയായി മാത്രമായിരിക്കും സമൂഹം കാണുക. ചൈൻഡ് വെൽഫയർ കമ്മിറ്റി ചെയർമാനെ ഞാൻ വിളിച്ചിരുന്നു. ജില്ലാ ചൈൻഡ് പ്രൊട്ടക്ഷൻ ഓഫീസറോടും വിവരം പറഞ്ഞിട്ടുണ്ട്. കുട്ടിയെ സന്ദർശിച്ചിട്ട് വേണ്ട നടപടികൾ കൈക്കൊള്ളുന്നതാണ്’, കെ. വി മനോജ് കുമാർ പറഞ്ഞു.
കുട്ടികളുടെ സൈക്കോളജി മനസിലാക്കി വേണം അധ്യാപകർ പെരുമാറേണ്ടതെന്നും കുട്ടികളോട് സൗഹൃദപരമായി ഇടപഴകാൻ അധ്യാപകർക്ക് കഴിയണമെന്നും മുൻ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. നസീർ ചാലിയം അഴിമുഖത്തോട് പ്രതികരിച്ചു.
‘ബാലനീതി നിയമപ്രകാരം ഒരു പ്രത്യേക പ്രിവിലേജ് കുട്ടികൾക്ക് നൽകുന്നുണ്ട്. ആ പ്രിവിലേജ് എല്ലാ മേഖലകളിലും കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഞാൻ കമ്മീഷന്റെ ഭാഗമായിരുന്ന സമയത്ത് ഒരു ഉത്തരവ് ഇറക്കിയിരുന്നു. അതായത്, സ്കൂളിൽ കുട്ടികൾ എന്തെങ്കിലും തെറ്റ് ചെയ്താൽ അസംബ്ലിയിൽ കുട്ടികളെക്കൊണ്ട് പരസ്യമായി മാപ്പ് പറയിക്കുന്നത് തെറ്റാണ്. കുട്ടികൾക്ക് അത് മാനസിക പ്രശ്നങ്ങളുണ്ടാക്കും. സ്കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. പിന്നീട് കോവിഡ് വന്നതിന് ശേഷം അവസ്ഥ മാറി. പ്രത്യേക സാഹചര്യങ്ങളിൽ ഫോൺ കൊണ്ടുവരുന്നതിന് അനുവദിച്ച് തുടങ്ങി. കുട്ടികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുകൾ കണ്ടാൽ വളരെ ഒഫന്റീവായി അധ്യാപകർക്ക് തോന്നുന്നു. അതൊരു പ്രശ്നമാണ്. കുട്ടികളുടെ സൈക്കോളജി മനസിലാക്കി പല അധ്യാപകരും പെരുമാറേണ്ടതുണ്ട്. അവർ ചെയ്യുന്ന തെറ്റുകളെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റായ രീതിയാണ്. അധ്യാപകർ വടി ആയിട്ട് ക്ലാസിൽ പോകുന്ന കാലഘട്ടമെല്ലാം കഴിഞ്ഞു. മാറ്റം എല്ലാവരിലും വേണം. അധ്യാപകർ കുട്ടികളോട് സൗഹൃദപരമായി ഇടപഴകാൻ ശ്രമിക്കണം. അതോടൊപ്പം തന്നെ അച്ചടക്കത്തെക്കുറിച്ചുള്ള കാര്യങ്ങൾ അവരെ പറഞ്ഞ് മനസിലാക്കുകയും വേണം’, അഡ്വ. നസീർ ചാലിയം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫോൺ പിടിച്ചുവെച്ചതിന്റെ പേരിൽ വിദ്യാർഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. സ്കൂൾ അധികൃത൪ വിദ്യാർഥിയെ സസ്പെൻഡ് ചെയ്‌തിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ബാലാവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെട്ടു. വിദ്യാർത്ഥിക്ക് കൗൺസലിംഗ് നൽകുമെന്നും ഫെബ്രുവരി ആറിന് സ്കൂളിൽ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.
Content summary: student raised murder warning palakkad; The days of teachers bringing sticks to class are long gone The video spread the wrong
child right commission v. sivankutty