UPDATES

എന്തുകൊണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കുന്നു ? ജനസംഖ്യാ വളർച്ചാ നിരക്കിനെ കടത്തിവെട്ടി വിദ്യാർത്ഥി ആത്മഹത്യാ നിരക്ക്

വിദ്യാർത്ഥികളുടെ ആത്മഹത്യ നിരക്ക് 6,654 ൽ നിന്ന് 13,044 ലിലേക്ക് വർദ്ധിച്ചു

                       

2024 മെയ് ആറിലെ കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ കേരളത്തെ ഞെട്ടിച്ച സംഭവമാണ്. കടുത്ത മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് മുംബൈ സ്വദേശി യോഗേശ്വർ നാഥ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ അധ്യയന വർഷത്തിൽ മാത്രം എൻഐടിയിൽ നാല് കുട്ടികളാണ് ആത്മഹത്യ ചെയ്തത്. മഹാരാജാസ് കോളേജിലെ ബിഎ മലയാളം വിദ്യാർത്ഥിനി കുമ്പളങ്ങിയിലെ വസതിയിൽ മെയ് 16 നാണ് ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് 1.15 ഓടെയാണ് 20 വയസുള്ള ആര്യ ശിവജിയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ലഖ്‌നൗ സ്വദേശിനി സൗമ്യ തൂങ്ങിമരിച്ചത് മാർച്ച് 28 നാണ്, രാജസ്ഥാൻ കോട്ടയിലുള്ള ഹോസ്റ്റലിലാണ് 19 വയസ്സ് മാത്രമുള്ള വിദ്യാർത്ഥിനി തൂങ്ങിമരിച്ചത്.  പട്ടിക ഇനിയും നീളും എന്ന് തന്നെയാണ്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയും പറയുന്നത്. വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യയെ കുറിച്ചുള്ള ആശങ്കാജനകമായ വിവരങ്ങളാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്ത് വിട്ടിരിക്കുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ വിദ്യാർത്ഥികൾക്കിടിയിലെ ആത്മഹത്യ നിരക്ക് ഇന്ത്യയിൽ ജനസംഖ്യാ വളർച്ചാ നിരക്കിനെ മറികടന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇന്ത്യയിൽ മുഴുവൻ ആത്മഹത്യ നിരക്ക് രണ്ട് ശതമാനം തോറും ഓരോ വർഷവും വർദ്ധിക്കുമ്പോൾ വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യാ നാല് ശതമാനമാണ് വർദ്ധിക്കുന്നതെന്ന ഗൗരവമായ ആശങ്ക റിപ്പോർട്ട് പങ്കുവയ്ക്കുന്നു. student suicide rate surpasses population growth rate in india

റിപ്പോർട്ട് പ്രകാരം 2022ൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ ആകെ കണക്കിൽ 53 ശതമാവും പുരുഷ വിദ്യാർത്ഥികളാണ്. എന്നാൽ 2021 -നും 2022 -നും ഇടയിലുള്ള കാലഘട്ടത്തിൽ പുരുഷ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് ആറ് ശതമാനമായി കുറഞ്ഞപ്പോൾ സ്ത്രീ വിദ്യാർത്ഥികളുടെ നിരക്ക് ഏഴ് ശതമാനമായി വർദ്ധിച്ചു. കഴിഞ്ഞ പത്ത് വർഷത്തിൽ 0-24 വയസിന് ഇടയിൽ പ്രായമുള്ളവരുടെ ജനസംഖ്യ 582 മില്ല്യണിൽ നിന്ന് 581 മില്ല്യണായി കുറഞ്ഞു അതേസമയം വിദ്യാർത്ഥികളുടെ ആത്മഹത്യ നിരക്ക് 6,654 ൽ നിന്ന് 13,044 ലിലേക്ക് വർദ്ധിച്ചു. അതായത്, വിദ്യാർത്ഥി ആത്മഹത്യകളുടെ ശരാശരി കണക്ക് രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്കിനെ മറികടന്നു. എൻആർബിയുടെ റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥി ആത്മഹത്യകൾ നടക്കുന്നത്. ആകെ ആത്മഹത്യകളുടെ 28 ശതമാനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്. രാജസ്ഥാനത്തിലെ കോട്ട കേന്ദ്രീകരിച്ചുള്ള മെഡിക്കൽ എഞ്ചിനീറിങ് കോച്ചിങ് സെന്ററുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥി ആത്മഹത്യകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എൻഐടിയിലെ ആത്മഹത്യ തല്ലി പഴുപ്പിക്കുന്ന മാതാപിതാക്കൾക്കുളള മുന്നറിയിപ്പ് 

ജീവിത നിപുണണം കുറയുന്നതും പ്രതീക്ഷകളുടെ അമിതഭാരവും മൂലമാണ് വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ കൂടുന്നത് എന്ന് പറയുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ദ്ധനായ പ്രൊഫസർ ഡോ. അരുൺ ബി നായർ.

‘ ഒരു കലണ്ടർ വർഷത്തിൽ തന്നെ 13000 ത്തിലധികം വിദ്ധ്യാർത്ഥികൾ ആത്മഹത്യ ചെയ്തുവെന്ന വാർത്ത വളരെ അതികം ആശങ്കാജനകമായ വസ്തുതയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ വിഭവശേഷി മാനവ വിഭവ ശേഷിയാണ്, മരിച്ച കുട്ടികൾ ഒക്കെ നാളെ ഒരു കാലത്ത് പല ഭാഗത്തും ശോഭിച്ച് കൊണ്ട് ഇന്ത്യയുടെ യശസ്സ് ഉയർത്തേണ്ട ആളുകളായിരുന്നു. പലപ്പോഴും ആത്മഹത്യകളുടെ കാരണം പ്രതീക്ഷകളുടെ ഭാരമാണ്. മാതാപിക്കളുടെ പ്രതീക്ഷക്കൊത്ത്, സ്വന്തം പ്രതീക്ഷകൾക്കൊത്ത്, ഉയരാൻ കഴിയാത്തതിന്റെ ശ്വാസം മുട്ടലുകളിൽ കുരുങ്ങിയാണ് പല ജീവനുകളും പൊലിയുന്നത്. എഞ്ചിനീയറിംഗ് മേഖലയിലേക്ക് പോകുന്ന കുട്ടികളിൽ 40 ശതമാനം പേർ കോഴ്സ് പൂർത്തിയാക്കാതെ ഡ്രോപ്പ് ഔട്ട് ചെയ്യുന്നുവെന്നത് സമീപ കാലത്തെ ഒരു യാഥാർഥ്യമാണ്. തിരിച്ചറിയപ്പെടാതെ പോകുന്ന മാനസിക പ്രശ്നങ്ങളാണ് വിദ്യാർത്ഥി ആത്മഹത്യയുടെ മറ്റൊരു കാരണം. അതിലെ പ്രധാന വില്ലൻ വിഷാദ രോഗമാണ്, പൂർണമായും ചികിത്സകൊണ്ട് മാറ്റാൻ കഴിയുന്ന അസുഖമാണെങ്കിലും അതില്ലാത്തപക്ഷം ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യും. ലഹരി വസ്തുക്കളുടെ ഉപയോഗം ആത്മഹത്യയുടെ കാരണമാകുന്നത്.

അസന്തുലിതമായ കുടുംബാന്തരീക്ഷവും, ചികിത്സിക്കപ്പെടാതെ പോകുന്ന വിഷാദം പോലുള്ള അസുഖങ്ങളും ആത്മഹത്യയിലേക്ക് നയിക്കുന്നതായും ഡോ. അരുൺ പറഞ്ഞു.

മറ്റൊരു പ്രധാനപ്പെട്ട കാരണം കുടുംബ പ്രശനങ്ങൾ ആണ് ആരോഗ്യകരമല്ലാത്ത കുടുംബ അന്തരീക്ഷത്തിൽ നിന്ന് വരുന്ന കുട്ടികൾക്ക് മനസികമായ ബുദ്ധിമുട്ടുകൾ അലട്ടാൻ സാധ്യതയുണ്ട്. പാഠ്യ പദ്ധതിയുടെ ഭാഗമായി ജീവിത നിപുണത വിദ്യാഭ്യാസം കൂടി നൽകേണ്ടതുണ്ട്. ജീവിതത്തിലെ പുതുമയുള്ളതും പ്രയാസമുള്ളതുമായ സാഹചര്യങ്ങളെ തരണം ചെയ്യാൻ ഒരു വ്യക്തി തയ്യാറായിരിക്കണം, എന്നും ഡോ അരുൺ പറയുന്നു.

ആത്മഹത്യ സംഭവങ്ങളിൽ നല്ലൊരു വിഭാഗത്തിലും ഗൃഹാന്തരീക്ഷത്തിന് വലിയ പങ്കുണ്ടെന്ന് പറയുകയാണ്  പേര് പറയാൻ താല്പര്യം ഇല്ലാത്ത എൻഐടിയിലെ അധ്യാപകൻ.

‘ എഞ്ചിനീറിയറിങ്ങിന് പ്രവേശനം ലഭിക്കണം എന്ന് മാത്രമാണ് പല മാതാപിതാക്കൾക്കും പക്ഷെ ഇക്കാര്യത്തിൽ കുട്ടികളുടെ താല്പര്യമോ അഭിരുചിയോ ഒന്നും ഒരു വിഷയമല്ലതാനും. പ്രവേശന പരീക്ഷകൾ നന്നായി പാസായി വന്ന കുട്ടികൾ ക്ലാസ്സുകളിൽ പതറുന്ന അവസ്ഥയുണ്ടാകാറുണ്ട്. പലപ്പോഴും കുട്ടികൾ പഠിക്കേണ്ട സ്ട്രീം തെരഞ്ഞടുക്കുന്നത് മാതാപിതാക്കൾ അവരുടെ സ്വന്തം ഇഷ്ട്ടത്തിനും താൽപര്യങ്ങൾക്കും അനുസരിച്ചാണ്. ഓട്ടോ മൊബൈൽ വേണം എന്നാഗ്രഹമുള്ള കുട്ടിയെകൊണ്ട് നിർബന്ധിച്ചായിരിക്കും കമ്പ്യൂട്ടർ എടുപ്പിക്കുന്നത്. ഓട്ടോ മൊബൈൽ എടുത്താൽ വൈറ്റ് കോളർ ജോലി കിട്ടില്ല എന്നാണ് മിക്കവരുടെയും പക്ഷം. ഇത്തരത്തിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പഠിക്കാൻ എത്തുന്ന കുട്ടികൾ ഒരു പാട് കഷ്ടപ്പെടും. ഭയങ്കരമായ കോച്ചിങ്ങിലൂടെയാണ് കുട്ടികൾ ഇങ്ങോട്ട് എത്തുന്നത്, ജെ ഇ ഇ ( ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ ) എക്സാം എന്ന കടമ്പ കടക്കാനുളള പരിശീലനം മാത്രമേ കോച്ചിങ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുകയുള്ളു. അതുകൊണ്ടു തന്നെ എൻഐടിയിൽ ചേർന്ന് കഴിയുമ്പോൾ ഇവിടുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് പോകാൻ സാധിക്കാതെ വരും. പ്രത്യേകിച്ച് മാതാപിതാക്കളുടെ നിർബന്ധങ്ങൾക്ക് വഴങ്ങി വരുന്നവർക്ക്.

ഒരു കുട്ടിക്ക് ലഭിക്കേണ്ട റാങ്കിന് മുകളിലായിരിക്കും കോച്ചിങ്ങിന്റെ ബലത്തിൽ ലഭിക്കുക, സ്വാഭാവികമായും കുട്ടിക്ക് യാത്ഥാർത്ഥ പഠനാഭിരുചി ഉണ്ടാകണം എന്നില്ല. പഠനാഭിരുചി ഇല്ലാതെ വീട്ടുകാർ തല്ലി പഴുപ്പിച്ചു കൊണ്ട് വരുന്ന കുട്ടികൾക്ക് മറ്റ് കുട്ടികളുടെ ഇടയിൽ നിൽക്കുമ്പോൾ സ്വാഭാവികമായും അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. മറ്റുള്ളവർ പഠിച്ച് മുന്നേറുമ്പോൾ ഇവർക്ക് ഒന്നിനും സാധിക്കാതെ വരുന്നത് കടുത്ത മാനസിക പ്രശ്നങ്ങളിലേക്ക് ഇത്തരക്കാരെ തള്ളിവിടുകയും ചെയ്യും. ഇവരുടെ അവസ്ഥ കണ്ട് നോക്കി നിക്കാൻ മാത്രമേ അധ്യാപകർ എന്ന നിലയിൽ പലപ്പോഴും ഞങ്ങളെ പോലുള്ളവർക്ക് കഴിയാറുള്ളു എന്നത് മറ്റൊരു വാസ്തവം. പരീക്ഷക്ക് മാർക്ക് കുറഞ്ഞാൽ സ്വന്തം അച്ഛൻ ബെൽറ്റ് വച്ച് അടിക്കും എന്ന് പറഞ്ഞ് പറയുന്നവരെ പോലും സഹായിക്കാൻ സാധിക്കാറില്ല. വീട്ടുകാരിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള പ്രതീക്ഷകളുടെ ഭാരം കുട്ടികളിൽ നന്നായുണ്ട്. എൻ ഐ ടിയിലെ മാത്രമല്ല മറ്റ് പല കോളേജുകളിലെയും അവസ്ഥ ഇത് തന്നെയാണ്.

മാതാപിതാക്കളുടെ ഇംഗിതങ്ങൾക്ക് വഴങ്ങിയാണ് പലരും താല്പര്യമില്ലാതിരുന്നിട്ട് പോലും ഇത്തരം വിഷയങ്ങൾ പഠിക്കാനെത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

‘ കുട്ടികളോട് സംസാരിക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് അവരുടെ മാതാ പിതാക്കളോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ആണ്. എങ്ങനെയെങ്കിലും എൻ ഐ ടി ഡിഗ്രി വേണമെന്ന നിലയിൽ പലരുടെയും മാതാപിതാക്കൾ ഒറ്റക്കാലിൽ നിൽക്കുമ്പോൾ അധ്യാപകർക്ക് ചെയ്യാൻ ഒന്നുമില്ല. പിന്നെ ഇവരെ കൗണ്സിലിംഗിന് വിടുക എന്ന മാർഗം മാത്രമാണ് മുന്നിൽ ഉള്ളത്. കുട്ടിയെ കൗൺസിലിംഗിന് വിടണം എന്ന് പറയുമ്പോൾ ‘ എന്റെ കുട്ടിക്ക് പ്രശ്‍നം ഒന്നുമില്ല ‘ എന്ന മറുപടിയാണ് മാതാപിതാക്കളുടെ നിന്ന് ലഭിക്കുക. പഠനകാലയളവിൽ കുട്ടികൾ തോൽക്കുന്നതും ജയിക്കുന്നതും സ്വാഭാവികമാണ്. എല്ലാവർക്കും ക്ലാസ്സിൽ ഒന്നാമതെത്തണം എന്ന വാശിയാണ് അതിനു എന്ത് മാർഗം സ്വീകരിച്ചാലും അതൊരു പ്രശ്നമല്ല താനും. ഈ ഒരു പ്രവണത അടുത്തകാലത്ത് കൂടുതലായി വരുന്നുണ്ട്. കുട്ടികളുടെ മുകളിൽ വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള സമ്മർദ്ദത്തിന്റെ സാഹചര്യത്തിൽ വേണം ഈ പ്രശ്നത്തെ അഭിമുകീകരിക്കാൻ. അത് തന്നെയാണ് എൻ സി ആർ ബിയുടെ റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നത്. ‘

വീട്ടുകാർക്ക് താല്പര്യം ഇല്ലാത്ത വിഷയമായതിനാൽ തന്നെ ജീവിതത്തോട് പടവെട്ടിയാണ് താൻ പഠനം മുന്നോട്ട് കൊണ്ട് പോകുന്നത് എന്ന് പറയുകയാണ് തിരുവനന്തപുരത്തെ പ്രമുഖ കോളേജിൽ എം എ ജേർണലിസം രണ്ടാം വർഷ വിദ്യാർത്ഥിനിയായ ആര്യ പറയുന്നത്.

‘ വീട്ടിൽ ആർക്കും താല്പര്യമില്ലാതെയാണ് ഞാൻ ജേർണലിസം പഠിക്കാൻ എത്തുന്നത്. മറ്റു മേഖലകൾ തെരഞ്ഞെടുക്കാൻ നല്ല രീതിയിൽ ഉള്ള സമ്മർദ്ദം ഉണ്ടായിരുന്നു. പക്ഷെ എന്റെ ആഗ്രഹം കൊണ്ടാണ് ഞാൻ ഈ കോസ് പഠിക്കാൻ എത്തിയത്. വീട്ടുകാർ എതിരായത് കൊണ്ട് തന്നെ, പല സമ്മർദ്ദ ഘട്ടങ്ങളിലും മാനസികമായി തളർന്നു പോകാറുണ്ട്. പഠനത്തോടൊപ്പം പാർട്ട് ടൈം ആയി ജോലിക്ക് കൂടി പോയാണ് ജീവിത ചെലവുകൾ കണ്ടെത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും ഒപ്പം മറ്റു കാര്യങ്ങളും ഒന്നിച്ച് വരുമ്പോൾ വിഷാദം പോലുള്ള അവസ്ഥയിലേക്ക് പോയിട്ടുണ്ട്. വളരെ അധികം പ്രയത്നിച്ചാണ് ഒന്നാം വർഷം പൂർത്തിയാക്കിയത് ‘ എന്നും ആര്യ പറയുന്നു. s

മദ്രാസ് ഐ ഐ ടിയിൽ പഠിക്കുന്ന സന പറയുന്നത്, പഠന സമ്മർദത്തോടൊപ്പം മറ്റു പല പ്രശ്ങ്ങളും നേരിടേണ്ടി വരുമ്പോൾ പലപ്പോഴും ആത്മഹത്യയുടെ വക്കിൽ പോലും എത്താറുണ്ടെന്നാണ്.

ഞാൻ ഒരു സാധാരണ കുടുംബത്തിൽ നിന്ന് വരുന്ന കുട്ടിയാണ്. വിദ്യാഭ്യാസ ലോൺ എടുത്താണ് ഐഐടിയിലെ പഠന ചിലവുകൾ മുന്നോട്ട് കൊണ്ട് പോകുന്നത്. പക്ഷെ, എന്നെ പോലുള്ള അനേകം വിദ്യാർത്ഥികൾക്ക് എക്സാം എന്ന കടമ്പക്കപ്പുറം ഇവിടെ പലതും അതിജീവിക്കാൻ ഉണ്ട്. സമ്പന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന സഹ പാഠികളെ സംബന്ധിച്ചിടത്തോളം പഠിക്കുക എന്നത് മാത്രമാണ് മുന്നിൽ എന്നാൽ സാമ്പത്തിക കുറഞ്ഞ പശ്ചാത്തലത്തിൽ നിന്ന് വരുന്ന തന്നെ പോലുള്ളവർ എടുത്താൽ പൊങ്ങാത്ത പാഠ്യ വിഷയങ്ങൾക്കൊപ്പം അതും കൂടെ ചുമക്കണം. അതിനും പുറമെ ഒട്ടും സഹിക്കാൻ ആകാത്തത് ജാതിയുടെ, സമ്പത്തിന്റെ, നിറത്തിന്റെ പേരിൽ നിരന്തരം നേരിടേണ്ടി വരുന്ന വിവേചനമാണ്. ഒരു പരിധി കഴിയുമ്പോൾ സ്വയം കഴിവില്ലാത്തവരും ഒന്നിനും കൊള്ളാത്തവരായും അനുഭവപ്പെടാൻ തുടങ്ങും. പക്ഷെ ഇത്തരം വിഷയങ്ങൾ ഒന്നും ആരും എവിടെയും കാര്യാമായി ചർച്ചയാക്കുന്നില്ല. മാനസികമായ പിന്തുണ നൽകാൻ പോലും അധ്യാപകരെ കൊണ്ടോ നില നിൽക്കുന്ന വിദ്യാഭ്യാസ ചട്ടക്കൂടുകൾക്കോ കഴിയുന്നില്ല. എല്ലാവരെ കൊണ്ടും ഇതെല്ലാം സഹിക്കാൻ സാധിക്കണം എന്നില്ല പലപ്പോഴും എല്ലാം അവസാനിപ്പിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. അത്തരം തോന്നലുകൾ അതിജീവിക്കുന്നവരും ഒരു പരിധിവരെ ആത്മഹത്യ ചെയ്യാൻ ഭയം ഉള്ളവരും ആണ് തുടർന്നുപോകുന്നത്. ഒരു ദുർബല നിമിഷത്തിൽ ഒറ്റയടിക്ക് അവസാനിപ്പിക്കുന്നവർ ഒരു പാടാണ്.

 

content summary; student suicide rate surpasses population growth rate in india

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍