നാസ ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചു. ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വേർപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് യാത്രികരുമായുള്ള പേടകം ബഹിരാകാശ നിലയം വിട്ടത്. നാളെ പുലർച്ചെ 3.30ന് ഭൂമിയിൽ എത്തുമെന്നാണു നിഗമനം. നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരും ഒപ്പമുണ്ട്. ഫ്ലോറിഡയുടെ തീരത്തോട് ചേർന്നുള്ള കടലിലാണ് പേടകം പതിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
യാത്രയുടെ തയ്യാറെടുപ്പിന് മുന്നോടിയായി ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി(ഇന്ത്യൻ സ്പേസ് സ്റ്റേഷൻ) ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയായ ഹാച്ചിങ്ങ് പൂർത്തിയാക്കിയതിന് ശേഷമാണ് പേടകം ഐഎസ്എസ് വിട്ടത്. മാർച്ച് 16ന് സ്പേസ് എക്സ് ക്രൂ 9 നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍ എത്തിയിരുന്നു.
ഒരാഴ്ചത്തെ ദൗത്യത്തിനായി പോയ സുനിതയും ബുച്ചും ഒൻപത് മാസത്തിന് ശേഷമാണ് ഭൂമിയിലേക്ക് മടങ്ങി വരുന്നത്. സുനിതയുടെയും ബുച്ചിന്റെയും മടങ്ങി വരവ് തീയതി നാസ പ്രഖ്യാപിച്ചത് മുതൽ നിരവധി ചർച്ചകളാണ് ഉയരുന്നത്. ബഹിരാകാശ യാത്രികരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും ഇത്രയും നാൾ ബഹിരാകാശ നിലയത്തിൽ തുടർന്നതിൽ അവർക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചുമെല്ലാം മാധ്യമങ്ങളിൽ വാർത്തകളും വന്നിരുന്നു.
ബഹിരാകാശ നിലയത്തിൽ മൈക്രോ ഗ്രാവിറ്റി കണ്ടീഷനാണ്(മനുഷ്യരോ വസ്തുക്കളോ ഭാരമില്ലാത്തതായി അനുഭവപ്പെടുന്ന അവസ്ഥയാണ് മൈക്രോ ഗ്രാവിറ്റി കണ്ടീഷൻ, അതായത് ഗുരുക്വാകർഷണ ബലം പൂജ്യമായിരിക്കും. ) ഇതിന്റെ ഫലമായി ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന അംഗങ്ങളുടെ പേശികൾക്കും അസ്ഥികൾക്കും ക്ഷയം സംഭവിക്കാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ ഓരോ യാത്രികരും ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂർ വർക്കൗട്ട് ചെയ്യണം എന്നാണ് വ്യവസ്ഥ. സുനിതക്കും ബുച്ചിനും കൂടെയുണ്ടായിരുന്ന സഹയാത്രികർക്കും ഇത്തരം ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
അടുത്തതായി ഉയരുന്ന ചർച്ച ഇരുവർക്കും ലഭിക്കുന്ന വരുമാനത്തെക്കുറിച്ചാണ്. 287 ദിവസം അവിടെ കഴിയേണ്ടി വന്ന സുനിതയ്ക്കും വിൽമോറിനും ഞെട്ടിക്കുന്ന പ്രതിഫലം കിട്ടുമെന്നാണ് മലയാള മാധ്യമങ്ങളിലടക്കം വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് യാഥാർത്ഥ്യമല്ല എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരുന്നു.
ദൗത്യങ്ങൾക്കായി പോയ ബഹിരാകാശ യാത്രികർ ഐഎസിഎസിൽ അധികസമയം ചിലവഴിക്കേണ്ടി വന്നാൽ ഓവർടൈം സാലറി ലഭിക്കില്ല. അമേരിക്കയിൽ നാസയുടെ ബഹിരാകാശ സഞ്ചാരികളെ ഫെഡറൽ ഉദ്യോഗസ്ഥരായാണ് കണക്കാക്കുന്നത്. ഭൂമിയിലെ മറ്റേതൊരു ദൗത്യത്തിനെ പോലെയാണ് ബഹിരാകാശ നിലയത്തിലെ യാത്രയെയും കാണുന്നത്. നാസയിൽ നിന്നും വിരമിച്ച മുൻ ബഹിരാകാശ സഞ്ചാരി കാഡി കോൾമാൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ദൗത്യങ്ങൾക്കിടെ ബഹിരാകാശയാത്രികർക്ക് അവരുടെ പതിവ് ശമ്പളം തുടർന്നും ലഭിക്കുന്നു. ബഹിരാകാശ നിലയത്തിലെ താമസം, ഭക്ഷണം എന്നിവയുടെ ചിലവ് നാസ വഹിക്കും. ദിവസം വെറും നാല് ഡോളർ (ഏതാണ്ട് 350 രൂപ) വീതമാണ് ഇരുവർക്കും ശമ്പളം കൂടാതെ അലവൻസ് ലഭിക്കുക.
2010-11 ലെ 159 ദിവസത്തെ ദൗത്യത്തിൽ കോൾമാന് അധിക ശമ്പളമായി ഏകദേശം 636 ഡോളർ (55,000 രൂപയിൽ കൂടുതൽ) ലഭിച്ചിരുന്നു. സമാനമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ, 287 ദിവസത്തിലധികം ബഹിരാകാശത്ത് കഴിഞ്ഞ സുനിതക്കും ബുച്ചിനും അവരുടെ ദൈർഘ്യമേറിയ ദൗത്യത്തിന് ഏകദേശം 1,148 ഡോളർ (ഏകദേശം ഒരു ലക്ഷം രൂപ) വീതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോൾമാൻ പറഞ്ഞു.
ജൂണ്‍ 5നാണ് വിമാന നിർമാണക്കമ്പനിയായ ബോയിങ് നിർമിച്ച സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണപ്പറക്കലിനായി സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.
ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തിലായിരുന്നു യാത്ര.തുടര്‍ന്ന് ഒമ്പത് മാസത്തോളം ഇവര്‍ ബഹിരാകാശനിലയത്തില്‍ കുടുങ്ങുകയായിരുന്നു. ബോയിങ് കമ്പനിയുടെ സ്റ്റാര്‍ ലൈനര്‍ പേടകത്തിന്റെ പരീക്ഷണ പറക്കലിലാണ് ഇരുവരും നിലയത്തിലേക്ക് പോയത്. 8 ദിവസം ദൈര്‍ഘ്യമുള്ള ഈ പരീക്ഷണ ദൗത്യം സ്റ്റാര്‍ ലൈനര്‍ പേടകത്തിന്റെ ഉപയോഗക്ഷമത പരീക്ഷിക്കാനുള്ളതായിരുന്നു. എന്നാൽ സ്റ്റാർലൈൻ പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചതോടെയാണ് മടക്കയാത്ര അനിശ്ചിതത്വത്തിലാക്കിയത്.
Content Summary: Sunita Williams return to Earth; Report says news of high reward for travelers is baseless
Sunita Williams Butch wilmore