June 26, 2026 |

‘ഭാഷയെ അം​ഗീകരിക്കാൻ തയ്യാറാകണം, മതത്തിന്റെ പേരിൽ ഒരു ഭാഷയെയും അകറ്റി നിർത്തരുത്’

ഭാഷ ഒരുകൂട്ടം മനുഷ്യരുടെ സ്വത്വമാണ്

ഭാഷയിൽ മതം തിരുകി കയറ്റരുതെന്നും ഭാഷയിലെ വൈവിധ്യങ്ങളെ മാനിക്കണമെന്നുമുള്ള സുപ്രധാന ഓർമപ്പെടുത്തലായിരുന്നു ഉറുദു ഭാഷയുടെ ഉപയോ​ഗവുമായി ബന്ധപ്പെട്ടുള്ള വിധിയിലൂടെ കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയത്. മഹാരാഷ്ട്ര മുൻസിപ്പാലിറ്റിയുടെ ഉറുദു സൈൻബോർഡിനെതിരായ ഹർജി പരി​ഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഭാഷ വൈവിധ്യത്തെ ബഹുമാനിക്കണമെന്ന് നിർദേശിച്ച കോടതി മുനിസിപ്പാലിറ്റി സമർപ്പിച്ച ഹർജി തള്ളുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ പാദൂർ മുനിസിപ്പൽ കൗൺസിൽ ബിൽഡിങ്ങിൽ ഉറുദുവിലുള്ള സൂചനാബോർഡുകൾ സ്ഥാപിച്ചതിനെതിരെയാണ് മുൻ കൗൺസിലർ കോടതിയെ സമീപിച്ചത്.

ഇന്ത്യ പോലെ ബഹുഭാഷാ വൈവിധ്യമുള്ള ഒരു രാജ്യത്ത്, ഭാഷയെ അങ്ങനെ തന്നെ അം​ഗീകരിക്കാൻ കഴിയണമെന്നും മതത്തിന്റെ പേരിൽ ഒരു ഭാഷയെയും അകറ്റി നിർത്തരുതെന്നും മലയാള ഐക്യ വേദി അം​ഗവും അധ്യാപകനുമായ ഹരി അഴിമുഖത്തോട് പ്രതികരിച്ചു.

ഭാഷ ഒരുകൂട്ടം മനുഷ്യരുടെ സ്വത്വമാണ്. അതിൽ ജാതിയോ മതമോ ഉൾപ്പെടുത്താൻ പാടില്ല എന്നാണ്. കേരളത്തിലാണെങ്കിൽ മലയാളം എന്ന് പറയുന്നത് ഒരു പ്രത്യേത മതവിഭാ​ഗത്തിന്റെ ഭാഷയല്ല. ലോകം മുഴുവൻ ഭാഷാസമൂഹങ്ങളാണ്. പിന്നീടാണ് അതിൽ മതം ഇടംപിടിക്കുന്നത്. ശേഷം അവർക്ക് വേണ്ട രീതിയിൽ ആരാധനാക്രമങ്ങളും മന്ത്രോച്ചാരണങ്ങളും വേദപുസ്തകങ്ങളുമൊക്കെ വരുമ്പോൾ സ്വാഭാവികമായും ഒരു ഭാഷ അവരുടേതാണെന്ന രീതിയിലേക്ക് മാറുകയാണ് ചെയ്യുന്നത്. അങ്ങനെ ഉപയോ​ഗിക്കാൻ എല്ലാ കാലത്തും മതം ശ്രമിച്ചിട്ടുമുണ്ട്. അത് ഇന്നും ശ്രമിക്കുന്നു എന്നതാണ്. അതുകൊണ്ടാണ് ചില ഭാഷകൾ നിർബന്ധമായും ഒരു മതത്തിലുള്ളവർ പഠിക്കണമെന്ന് പറയുന്നത്. അങ്ങനെ പറയുകയാണെങ്കിലും നമ്മൾ ഭാഷയെയല്ല, മറിച്ച് മതത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നാകും.

ഇന്ത്യ പോലെ ബഹുഭാഷാ വൈവിധ്യമുള്ള ഒരു രാജ്യത്ത്, ഭാഷയെ അങ്ങനെ തന്നെ അം​ഗീകരിക്കാൻ കഴിയണം. നമുക്ക് ഏത് ഭാഷയാണോ വഴക്കമുള്ളത് അത് സാമൂഹ്യ ഭാഷയായി ഉപയോ​ഗിക്കാനും അതിന് സാധ്യത ലഭിക്കുകയും വേണം. അതിനെ അകറ്റി നിർത്താനോ മതങ്ങളുമായി കൂട്ടിയിണക്കാനോ പാടില്ല.

കേരളത്തിലാണെങ്കിൽ ​ഗോത്ര ഭാഷകൾക്ക് കൂടി വേണ്ടിയാണ് മലയാള ഐക്യ വേദി നിലകൊള്ളുന്നത്. ഭാഷാ സമൂഹം എന്ന രീതിയിലാവണം മനുഷ്യനെ കാണേണ്ടത്. കേരളത്തിലാണ് ഈ പ്രശ്നം ഉണ്ടാകുന്നതെങ്കിൽ അത് ഇവിടെ സമരം ചെയ്ത് നേടുന്നു എന്നതാണ് വ്യത്യാസം.

പുതിയൊരു രീതിയിലുള്ള അടിച്ചേൽപ്പിക്കലാണ് ഹിന്ദി ഭാഷയുടെ പേരിൽ ഇപ്പോൾ നടക്കുന്നത്. കൊളോണിയൽ അടയാളങ്ങൾ ഭാവിയിൽ ഒഴിവാക്കണമെന്ന അജണ്ട കൂടിയുണ്ട്. അത് സംഘപരിവാർ പറഞ്ഞതും കൂടിയാണ്. ഇപ്പോൾ എൽഐസി ഓഫീസുകളിലും കേന്ദ്ര സർക്കാരിന്റെ സ്ഥാപനങ്ങളിലും ജീവനക്കാരെ ഹിന്ദി ഭാഷ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഭാഷ അധിനിവേശം എന്നത് എവിടെയും നടത്താൻ പാടില്ലാത്ത ഒന്ന് തന്നെയാണ്. ഇന്ത്യയിൽ ഒരു പ്രത്യേക വിഭാ​ഗം മാത്രമല്ല ഉറുദു ഭാഷ സംസാരിക്കുന്നത് എന്നാണ് മനസിലാകുന്നത്. കേരളത്തിൽ തന്നെ ഉറുദു പഠിപ്പിക്കുന്ന ധാരാളം അധ്യാപകരില്ലേ? അവരൊന്നും മതാടിസ്ഥാനത്തിലല്ല അത് ചെയ്യുന്നത്. ഓരോ ഭാഷയ്ക്കും അതിന്റേതായ സംസ്കാരവും പ്രയോ​ഗവും സാഹിത്യസമ്പന്നതയുമെല്ലാം ഉണ്ട്. അതിനെ അകറ്റി നിർത്തുമ്പോൾ ഒരു സമൂഹത്തിന് മുഴുവനായിട്ടാണ് നഷ്ടപ്പെട്ട് പോകുന്നത്. ഇത്രയും സാങ്കേതികത പ്രയോജനപ്പെടുന്ന ഒരു സമയത്ത് ഒരു ഭാഷയെ മാറ്റി നിർത്തുക എന്ന് പറയുന്നത് ആധുനിക പൗര സമൂഹത്തിന് യോജിച്ചതല്ല, ഹരി അഴിമുഖത്തോട് പറഞ്ഞു.

സുപ്രീം കോടതിയുടെ പ്രസ്താവന

ഭാഷ സംസ്കാരമാണ്. അത് ജനങ്ങളെ വിഭജിക്കാനായി ഉപയോ​ഗിക്കുന്നത് തെറ്റാണ്. ഭരണഘടനയിൽ മറാഠിക്കും ഉറുദുവിനും ഒരേ പ്രാധാന്യമാണുള്ളത്. കൊളോണിയല്‍ ശക്തികളാണ് മതഭിന്നത ഉണ്ടാക്കാൻ വേണ്ടി ഉറുദുവിനേയും ഹിന്ദിയേയും മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിച്ചത്. ഹിന്ദിയെ ഹിന്ദുക്കളുടെ ഭാഷയെന്നും ഉറുദു മുസ്ലിങ്ങളുടെ ഭാഷയെന്നും പ്രചരിപ്പിക്കപ്പെട്ടത് അവരുടെ വിഭജന തന്ത്രമാണ്. ബ്രിട്ടീഷുകാർ നടത്തിയ ഈ വിഭജനം യാഥാര്‍ത്ഥ്യം അല്ലെന്ന് ജസ്റ്റിസുമാരായ സുധാന്‍ഷു ധുലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

Content Summary: supreme court verdict on urdu;  No Tongue Should Be Excluded in the Name of Religion

Leave a Reply

Your email address will not be published. Required fields are marked *

×