‘പ്രഗത്ഭനായ മാധ്യമപ്രവർത്തകനോട് കേരളം നീതി കാണിച്ചില്ല’; എസ്. ജയചന്ദ്രൻ നായർക്ക് പത്രപ്രവർത്തക പെൻഷൻ നിഷേധിച്ചതിൽ സുരേഷ് കുറുപ്പ്

താനടക്കമുള്ളവർ അനീതിയിൽ ഉത്തരവാദികളാണെന്ന് സുരേഷ് കുറുപ്പ്

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്.ജയചന്ദ്രൻ നായർക്ക് പത്രപ്രവർത്തക പെൻഷൻ നിഷേധിച്ചത് നീതിയില്ലായ്മയാണെന്ന് സി.പിഎം മുൻ എം.പി യും ജനകീയ എംഎൽഎയുമായിരുന്ന സുരേഷ് കുറുപ്പ്. അഴിമുഖം പബ്ലിക്കേഷന്റെ ഏഴാമത് പുസ്തകമായ ‘ന്യൂസ് റൂമിലെ ഏകാകിക’ളുടെ പ്രകാശനചടങ്ങിൽ സംസാരിക്കവെയാണ് സുരേഷ് കുറുപ്പിന്റെ പരാമർശം. ജയചന്ദ്രൻ നായരോടും അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനത്തോടും കേരളം നീതി കാട്ടിയില്ലെന്നും താനടക്കമുള്ളവർ അതിൽ ഉത്തരവാദികളാണെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.

‘അത്രയും പ്രാ​ഗത്ഭ്യത്തോട് കൂടി പത്രപ്രവർത്തനം നടത്തിയിട്ടുള്ളയാളാണ് എസ്. ജയചന്ദ്രൻ നായർ. കലാകൗമുദി പത്രാധിപൻ എന്ന നിലയിലും സമകാലിക മലയാളം പത്രാധിപൻ എന്ന നിലയിലും അദ്ദേഹം നടത്തിയ വലിയ സംഭാവന നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. മാധ്യമരം​ഗത്ത് നിന്ന് വിരമിച്ചതിന് ശേഷം പത്രപ്രവർത്തക പെൻഷന് വേണ്ടി സർക്കാരിന് മുന്നിൽ അപേക്ഷിക്കേണ്ടി വന്നു. രണ്ട് തവണ അദ്ദേഹം കത്തയച്ചു. ഞാനടക്കമുള്ളവർ അതിൽ ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ കാര്യമുണ്ടായില്ല, ജയൻ സാറിന് പെൻഷൻ ലഭിച്ചില്ല. അദ്ദേഹത്തിന്റെ മക്കൾ വളരെ കാര്യമായാണ് അദ്ദേഹത്തെ നോക്കിയിരുന്നതെങ്കിലും സ്വന്തമായി ഒരു വരുമാനമില്ലെന്ന വിഷമം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. അദ്ദേഹത്തിന്റെ പുസ്തകശേഖരം വിൽക്കാൻ വരെ അദ്ദേഹം തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ മക്കളെ പോലെ കണ്ടിരുന്ന പുസ്തകങ്ങളെയാണ് വിൽക്കാൻ അദ്ദേഹം തയ്യാറായത്.

കൃത്യസമയത്ത് അപേക്ഷിച്ചില്ല എന്നൊക്കെയുള്ള നിസാരമായ കാര്യങ്ങളുടെ പേരിലാണ് അദ്ദേഹത്തിന് പെൻഷൻ നിഷേധിക്കപ്പെട്ടത്. അതെല്ലാം പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങൾ മാത്രമായിരുന്നു. ഇത്രയും വലിയൊരു മാധ്യമപ്രവർത്തകനോട് നീതി കാണിച്ചില്ല എന്നുള്ളത് വളരെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. ഞാനടക്കമുള്ളവർ അതിൽ ഉത്തരവാദികളാണ്, സുരേഷ് കുറുപ്പ് പറഞ്ഞു.

മുതിർന്ന മാധ്യമ പ്രവർത്തകൻ പി. രാംകുമാർ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘ന്യൂസ് റൂമിലെ ഏകാകികൾ’. ഇന്ത്യയുടെ മാധ്യമചരിത്രത്തെയും ആ ചരിത്രം രൂപപ്പെടുത്തിയ അതികായരെയും ഈ പുസ്തകം ഓർത്തെടുക്കുന്നു. അടിയന്തരാവസ്ഥയുടെ അമ്പതാം വർഷമായ ഇന്നലെയാണ് പുസ്തകം പ്രകാശനം ചെയ്ത്. കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മുൻ എംപി സുരേഷ് കുറുപ്പ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. പോൾ മണലിന് നൽകി പ്രകാശനം നിർവഹിച്ചു. മലയാള മനോരമ അസി.എഡിറ്റർ എസ്. ഹരികൃഷ്ണൻ, അഴിമുഖം എഡിറ്റർ ശ്രീജിത്ത് ദിവാകരൻ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ദേശീയ പത്രപ്രവർത്തനരംഗത്തെ പ്രധാനികളായിരുന്ന കേണൽ ഉണ്ണി നായർ, എസ്.മുൾഗോങ്കർ, വിനോദ് മേത്ത. ടി.എസ്. സത്യൻ. ഹോമായി വ്യാരവാല തുടങ്ങിയവരെ രാംകുമാർ വായനക്കാർക്ക് ഈ പുസ്തകത്തിലൂടെ അടുത്ത് പരിചയപ്പെടുത്തുന്നുണ്ട്.

Content Summary: Suresh Kurup’s response to the denial of journalist pension to S. Jayachandran Nair

This post was last modified on June 26, 2025 12:37 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment