February 19, 2025 |
Share on

‘താന്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് അപ്പോള്‍ ജയചന്ദ്രന്‍ നായര്‍ക്ക് തോന്നി’

ആദ്യം എഴുത്തുകാരന്‍, രണ്ടാമൂഴക്കാരനായി എഡിറ്റര്‍; ഇത് കാലം തീരുമാനിച്ചതോ!

ആകസ്മികതയോ, അതോ നിയോഗമോ! കാലം, ആദ്യം എഴുത്തുകാരനെയും, രണ്ടാമൂഴക്കാരനായി എഡിറ്ററെയും മടക്കി വിളിക്കുമ്പോള്‍ എന്താണ് പറയേണ്ടത്? എംടി പോയ അതേ ഡിസംബറില്‍ എം ജയചന്ദ്രന്‍ നായരും അവസാനിക്കുന്നു.

മലയാളത്തിലെ ഒരു ഇതിഹാസ രചനയാണ് എംടിയെയും ജയചന്ദ്രന്‍ നായരെയും ഒരുമിപ്പിക്കുന്ന കണ്ണിപ്പൊട്ടാത്ത നൂല്. എംടിയുടെ രണ്ടാമൂഴത്തിന്റെ കൈയെഴുത്ത് പ്രതി ആദ്യം വായിക്കുന്നത് ജയചന്ദ്രന്‍ നായരാണ്. 1984 ജൂണ്‍ 25 ന് ഇറങ്ങിയ 445 ആം ലക്കത്തിലാണ് കലാകൗമുദിയില്‍ രണ്ടാംമൂഴം ഖണ്ഡശയായി പ്രസിദ്ധീകരണം ആരംഭിക്കുന്നത്.

നോവല്‍ നല്‍കുന്നതിന് മുമ്പ് കലാകൗമുദി എഡിറ്ററായ ജയചന്ദ്രന്‍ നായരെ നേരില്‍ കാണണമെന്ന് എംടി ആവശ്യപ്പെട്ടു. 1977 കളില്‍ തന്നെ എംടിയുമായി ജയചന്ദ്രന്‍ നായര്‍ ബന്ധം സ്ഥാപിച്ചിരുന്നു. എഴുത്തുകാരനും പ്രസിദ്ധമായൊരു ആനുകാലികത്തിന്റെ എഡിറ്ററുമായതിനപ്പുറം ആ ബന്ധത്തിന് ഊഷ്മളതയും ദൃഢതയും കൈവന്നു. ജയചന്ദ്രന്‍ നായര്‍ കഥകള്‍ ചോദിച്ചാല്‍ എം ടി മറുപടി അയക്കും. 1981 ഫെബ്രുവരിയില്‍ മാതൃഭൂമി എം.ടിയെ പുറത്താക്കിയപ്പോള്‍ കലാകൗമുദി മാത്രമാണ് പ്രതിഷേധിച്ച് എഡിറ്റോറിയല്‍ എഴുതിയത്. ആ സ്നേഹവായ്പ്പ് എന്നും കലാകൗമുദിയോട് എം. ടി. പ്രകടിപ്പിച്ചിരുന്നു. കലാകൗമുദി വാരിക അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്ന വടവൃക്ഷത്തിന്റെ കീഴില്‍ വളരുന്ന ഒരു കൊച്ചു മരം മാത്രം.

S Jayachandran Nair

എസ് . ജയചന്ദ്രൻ നായർ കലാകൗമുദി ഓഫിസിൽ (കടപ്പാട്)

80 കളുടെ ആവസാനം എം.ടി യുടെ കത്ത് ജയചന്ദ്രന്‍ നായര്‍ക്ക് കിട്ടുന്നു. ഒരു പുതിയ നോവല്‍ എഴുതിയിട്ടുണ്ട്. ‘വന്നാല്‍ തരാം.’ അപ്പോഴേക്കും എം.ടി. മാതൃഭൂമി വിട്ടിരുന്നു. ‘സാധാരണ രീതിയില്‍ പോസ്റ്റില്‍ അയക്കേണ്ടത് നേരില്‍ തരാമെന്ന് പറയുന്നതില്‍ നിന്ന് തന്നെ നോവല്‍ പ്രത്യേകതയുള്ളതാണെന്ന് തോന്നി.

സന്തോഷത്തോടെ ജയചന്ദ്രന്‍ നായര്‍ കോഴിക്കോട് എത്തി. എം.ടി. കോപ്പി കയ്യില്‍ കൊടുത്തു. വലിയ ഷീറ്റില്‍ ഡോട്ട് പെന്‍ കൊണ്ട് എഴുതിയ കയ്യെഴുത്ത് പ്രതിയാണ്. വെട്ടലും തിരുത്തലും ഉണ്ട്. ‘വായിച്ചു നോക്കൂ ‘ എം.ടി. പറഞ്ഞു. ‘എനിക്ക് വാസുദേവനെ ( ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ) ഒന്ന് കാണണം’ എന്ന് മാത്രം കൂട്ടിചേര്‍ത്തു. അപ്പോള്‍ നോവലില്‍ ഒളിപ്പിച്ചു വച്ച കൊടുങ്കാറ്റുകളെപ്പറ്റി എം.ടിയുടെ വാക്കുകളാകുന്ന ചിമിഴില്‍ ഒരു സൂചനയും ഇല്ലായിരുന്നു.

അന്ന് രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിരുന്ന് ജയചന്ദ്രന്‍ നായര്‍ വായന തുടങ്ങി. രണ്ടാമൂഴത്തിന്റെ കയ്യെഴുത്തു പ്രതി ആദ്യമായി വായിച്ച ജയചന്ദ്രന്‍ നായര്‍ മുപ്പത്തൊമ്പതു വര്‍ഷത്തിന് ശേഷം ഒരിക്കലും മറക്കാത്ത ആ വായനാനുഭവം ഓര്‍മിച്ചു. എം.ടിയുടെ പ്രിയ മിത്രമായ എഴുത്തുകാരനും നോവലിസ്റ്റുമായ എന്‍.പി. മുഹമ്മദാണ് ശരിക്കും രണ്ടാമൂഴത്തിന്റെ ആദ്യ വായനക്കാരന്‍. താന്‍ എഴുതുന്ന സമയത്ത് എം.ടി അദ്ധ്യായങ്ങളായി എന്‍ .പിക്ക് വായിക്കാന്‍ കൊടുത്തിരുന്നു. ‘വായിച്ച് പോകും തോറും എനിക്ക് വെപ്രാളമായി. സാമാന്യം വേഗത്തില്‍ വായിക്കുന്ന ആളാണ് ഞാന്‍. ഈ നോവല്‍ എന്നെ പരിഭ്രമിപ്പിച്ചു. അന്ധാളിപ്പിച്ചു. ഭീമനെ കേന്ദ്ര കഥാപാത്രമാക്കികൊണ്ട്, കുടുംബ കഥയിലേക്ക് പോകുന്ന നോവല്‍ വായന എന്നെ എതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി, മനസ്സൊരു പാരാവാരമായി. പുലര്‍ച്ചെ ഒറ്റയിരിപ്പിന് വായിച്ച് തീര്‍ത്തു. സന്തോഷം കൊണ്ട് കണ്ണു കാണാതായി. ഈ നോവല്‍ പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായല്ലോ. പത്രപ്രവര്‍ത്തകനായതിലെ സകല അഭിമാനവും ഉണര്‍ന്നെഴുന്നേറ്റ സന്ദര്‍ഭം.” താന്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമുണ്ട് എന്ന തോന്നിയത് രണ്ടാമൂഴം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്നാണ് ജയചന്ദ്രന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞത്.

Randamoozham-advertisment-

ഒരു മലയാള വാരിക അന്ന് ഒരിക്കലും എത്തിച്ചേരാത്ത പ്രചാരം, 90000 കോപ്പികളായി കലാകൗമുദി വാരിക ഉയര്‍ന്നു. മലയാള പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട സംഭവമാണത്. അതിന് വഴി തെളിച്ചത് രണ്ടാമൂഴവും. മറ്റൊരു സംഭവം കൂടിയുണ്ടായി. കലാകൗമുദിയുടെ പ്രചാരം ആദ്യമായി ഭാരതപ്പുഴ കടന്നു തെക്ക് മലബാറിലേക്ക് എത്തി. അത് വരെ മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു അവരുടെ വായനാ ലോകം. അവിടെയാണ് രണ്ടാമൂഴം കലാകൗമുദി വാരികയെ പ്രതിഷ്ഠിച്ചത്. ഇതിന്റെയെല്ലാം നിശബ്ദനായ സാക്ഷിയും കാരണക്കാരനുമായിരുന്നു എഡിറ്റര്‍ എസ്. ജയചന്ദ്രന്‍ നായര്‍.  S Jayachandran Nair and MT Vasudevan Nair, Randamoozham novel

Content Summary; S Jayachandran Nair and MT Vasudevan Nair, Randamoozham novel

×