പല പാത്രങ്ങളിലായി പല അളവിൽ വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീൻ. കണ്ണ് ചിമ്മുന്ന വേഗതയിൽ പാത്രങ്ങളിലേക്ക് ചെമ്മീൻ വൃത്തിയാക്കിയിടുന്ന സ്ത്രീകൾ. ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലുള്ള ചെമ്മീൻ പീലിങ്ങ് ഷെഡിലേക്ക് കയറി ചെല്ലുമ്പോൾ ആദ്യം കാണുന്ന കാഴ്ചയാണിത്. ഏകദേശം 25 പേരുണ്ടായിരുന്നു ഷെഡിനുള്ളിൽ. അധികവും പ്രായമായ സ്ത്രീകൾ. കുറച്ച് പേർ നിലത്തിരിക്കുകയും കുറച്ച് പേർ നിന്ന് കൊണ്ടുമാണ് വൃത്തിയാക്കുന്നത്.
‘ഈ പണി ചെയ്ത് തുടങ്ങിയിട്ട് എത്ര വർഷമായെന്ന് എനിക്ക് തന്നെ അറിയില്ല. ചെമ്മീൻ വൃത്തിയാക്കുന്നതിന്റെ രീതിയും വേഗോം എന്നെ പഠിപ്പിച്ചത് ഞങ്ങടെ അമ്മയാണ്. അന്ന് മുതൽ ഈ ചെമ്മീത്തിന്റെ മണം എന്നോടൊപ്പമുണ്ട്. 20 വർഷത്തിലേറെയായി കാണും ചെമ്മീൻ നുള്ളാൻ തുടങ്ങിയിട്ട് എന്നാണ് ഞാൻ കരുതുന്നത്. കാരണം ഐസിൽ കിടന്ന് കൈ മരവിച്ച് വിണ്ട് കീറാൻ തുടങ്ങിയിട്ട് അത്രയും കൊല്ലമായി’, തണുത്തുറഞ്ഞ മുറിപ്പാടുള്ള കൈ കാണിച്ച് കൊണ്ട് പീലിങ് തൊഴിലാളിയായ അരൂർ സ്വദേശി ഗ്രേസിയമ്മ അഴിമുഖത്തോട് പറഞ്ഞു.
മത്സ്യസംസ്‌കരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് പീലിങ് തൊഴിലാളികൾ. കായലോരങ്ങളിലും കടലോരങ്ങളിലും താമസിക്കുന്ന സ്ത്രീകളാണ് അധികവും ഈ തൊഴിൽ ചെയ്യുന്നത്. 2010 ലാണ് പീലിങ് മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരുന്നത്. പിന്നീട് 2018 ൽ അത് പുതുക്കി നിശ്ചയിക്കുകയായിരുന്നു. എന്നാൽ പുതുക്കി നിശ്ചയിച്ച കൂലി ഈ മേഖലയിൽ പണിയെടുക്കുന്നവർക്ക് ലഭ്യമാകുന്നില്ലായെന്നാണ് തൊഴിലാളികൾ പറയുന്നത്. നിലവിൽ കിലോയ്ക്ക് 19 രൂപ 50 പൈസയാണ് ഇവർക്ക് ലഭിക്കുന്നത്. 2018 ലെ പുതുക്കി നിശ്ചയിച്ച തുക പ്രകാരമാണെങ്കിൽ 32 രൂപ ലഭ്യമാകേണ്ടതാണ്.
ഒരു ദിവസം 20 കിലോ ചെമ്മീൻ വൃത്തിയാക്കുകയാണെങ്കിൽ ഏകദേശം 400 രൂപയാണ് ലഭിക്കുന്നത്. ചെമ്മീൻ ലഭ്യതയിലുള്ള കുറവ് കാരണം എല്ലാ ദിവസവും ഇവർക്ക് തൊഴിലുമുണ്ടാകില്ല. മാസശമ്പളമായി വേതനം നോക്കുമ്പോൾ ചില മാസങ്ങളിൽ 10,000 രൂപയിലും താഴെയാണ് ഇവർക്ക് ലഭിക്കുന്നത്.
ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശ വർക്കർമാർ നടത്തുന്ന സമരം നിലവിൽ കേരളത്തിലെ പ്രധാന ചർച്ചാവിഷയമാണ്. 13,000 രൂപയാണ് ആശമാർക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. അങ്ങനെ നോക്കുമ്പോൾ ആശമാരെക്കാളും കുറഞ്ഞ വേതനമാണ് പീലിങ് തൊഴിലാളികൾക്ക് ലഭിക്കുന്നത്.
പീലിങ് ജോലിയിൽ നിന്ന് ലഭിക്കുന്ന പണം ലോൺ അടക്കാൻ പോലും തികയില്ലെന്ന് പനങ്ങാട് സ്വദേശി രമ അഴിമുഖത്തോട് പ്രതികരിച്ചു. ’15 വർഷത്തിൽ കൂടുതലായി ഞാൻ ഈ ജോലി ചെയ്ത് തുടങ്ങിയിട്ട്. ഇപ്പോഴും ലഭിക്കുന്ന ശമ്പളത്തിന് മാറ്റമില്ല. ഒരു നിവർത്തിയും ഇല്ലാത്തത് കൊണ്ടാണ് ഞങ്ങൾ ഈ പണിക്ക് വരുന്നത്. പണ്ട് മുതൽ ചെയ്ത് ശീലിച്ചതും ചെമ്മീൻ വൃത്തിയാക്കാനാണ്. ഇതിൽ നിന്ന് ലഭിക്കുന്ന പണം ഒന്നിനും തികയുന്നില്ല. എന്റെ രണ്ട് കുട്ടികളെ പഠിപ്പിക്കാൻ പോലും ഞാൻ ഏറെ കഷ്ടപ്പെട്ടിരുന്നു. സംസാരിക്കാനും കേൾക്കാനും കഴിയാത്ത എന്റെ മകനെ സ്പെഷ്യൽ സ്കൂളിൽ ചേർക്കാൻ ഹോസ്റ്റൽ ഫീസായിട്ട് നല്ലൊരു തുക ആവശ്യമായി വന്നിരുന്നു. എനിക്ക് എന്ത് ചെയ്യാൻ കഴിയും. ഇവിടെ നിന്ന് ലഭിക്കുന്നത് കൊണ്ട് ലോൺ അടച്ച് തീർക്കാൻ പോലും കഴിയുന്നില്ല’, രമ പറഞ്ഞു.
വേതനമില്ല വേദനയാണ് ജോലിയിൽ നിന്നും തനിക്ക് ലഭിക്കുന്നതെന്നും ജീവിതമാർഗമായി ചെയ്യാൻ ഈ തൊഴിൽ മാത്രമാണ് അറിയാവുന്നതെന്നും അരൂർ സ്വദേശി വള്ളിയമ്മ അഴിമുഖത്തോട് പറഞ്ഞു.
‘നിന്ന് കൊണ്ട് പണിയെടുക്കാൻ എനിക്കാവില്ല, തല ചുറ്റും. അത് കൊണ്ടാണ് നിലത്തിരുന്ന് ജോലി ചെയ്യുന്നത്. അതും വളരെ ബുദ്ധിമുട്ടാണ്. എത്ര നേരമാണ് ഇങ്ങനെ ഒരേയിരുപ്പ് ഇരിക്കുന്നത്. ജോലി ചെയ്ത് തുടങ്ങിയാൽ കൈയും വിരലുകളും ചലിച്ചു കൊണ്ടേയിരിക്കും. ചിലപ്പോൾ അല്പ നേരം നിർത്തി ഒന്ന് വിശ്രമിക്കാൻ തന്നെ മറന്ന് പോകും. വീട്ടിലെത്തിലാൽ പിന്നെ ശരീരം മുഴുവൻ വേദനയാണ്. വർഷങ്ങളായി ചെയ്യുന്ന തൊഴിലാണ് പീലിങ്ങ്. ഇത് മാത്രമേ ജീവിതമാർഗമായി ചെയ്യാനും ഞങ്ങൾക്ക് അറിയുകയുള്ളൂ. ഞങ്ങളുടെ അധ്വാനത്തിന് ലഭിക്കുന്ന 19 രൂപ വളരെ കുറവാണ്’, വള്ളിയമ്മ പറഞ്ഞു.
ചെമ്മീൻ്റെ ലഭ്യതക്കുറവ് പീലിങ്ങ് മേഖലയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും കൃത്യമായ തൊഴിൽ ഉറപ്പാക്കാൻ സാധിക്കാത്തത് തൊഴിലാളികളുടെ അഭാവത്തിന് കാരണമാകുന്നുവെന്നും ചെമ്മീൻ പീലിങ്ങ് അസോസിയേഷൻ പ്രസിഡന്റ് അജിത്ത് അഴിമുഖത്തോട് പ്രതികരിച്ചു.
പണ്ട് കാലങ്ങളിൽ നിരവധി സ്ത്രീകൾ ചെമ്മീൻ പീലിങ്ങ് ജോലിക്കായി എത്തുമായിരുന്നു. എന്നാൽ തൊഴിലുറപ്പ് വന്നതോട് കൂടി സ്ത്രീകൾ അധികവും അതിലേക്കാണ് പോകുന്നത്. മുൻ കാലങ്ങളിൽ ഒരു പീലിങ് ഷെഡിൽ 140 ഓളം തൊഴിലാളികളുണ്ടായിരുന്നു. ഇന്ന് അത് 20 പേരായി കുറഞ്ഞിരിക്കുകയാണ്. ഇന്ന് ഈ മേഖലയിലേക്കെത്തുന്നവർ താൽപര്യമില്ലാതെയാണ് ഇതിലേക്ക് വരുന്നത്. തൊഴിലാളികളുടെ അഭാവം ഈ മേഖലയിൽ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ഓരോ ആഴ്ചയിലാണ് തൊഴിലാളികൾക്ക് വേതനം കൊടുക്കുന്നത്. ആവശ്യമായ ചെമ്മീൻ എല്ലാ ദിവസവും ലഭിക്കാറില്ല. അത് വലിയൊരു പ്രശ്നമാണ്. ചെമ്മീൻ ലഭിക്കാതെ വന്നാൽ എല്ലാ ദിവസവും ജോലിയുണ്ടാകില്ല. എല്ലാ ദിവസവും തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കാൻ കഴിയുന്നില്ല. മുൻപ് ധാരാളം ഫാക്ടറികളുണ്ടായിരുന്നു. എന്നാൽ ഇന്ന് ചെമ്മീൻ ഫാക്ടറികൾ അഞ്ചും ആറുമായി ചുരുങ്ങിയിരിക്കുകയാണ്.
ഓഖി ദുരന്തത്തിന് ശേഷം കേരള തീരത്ത് ചെമ്മീന്റെ ലഭ്യത വളരെ കുറവാണ്. മുൻപത്തെ അപേക്ഷിച്ച് 20 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ചെമ്മീൻ പിടിക്കാൻ പോകുന്നവർക്ക് നൽകുന്ന കൂലി, അതിന്റെ ബാക്കിയുള്ള പ്രോസസുകളിലെ ചിലവ് എല്ലാം കൂടി ഒത്തുകൊണ്ടുപോകാൻ നല്ലൊരു തുക ആവശ്യമാണ്.
കേരളത്തിൽ ചെമ്മീൻ ലഭിക്കാത്ത കാരണത്താൽ ആന്ധ്ര പ്രദേശ്, കൊൽക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ഇപ്പോൾ കൂടുതലായും ആശ്രയിക്കേണ്ടി വരുന്നത്. 1950 മുതൽ കൊച്ചിയിലേക്ക് എക്സ്പോർട്ടിങ്ങ് നടക്കുന്നുണ്ട്. എന്നാൽ അന്ന് അധികം അളവ് ആവശ്യമായിരുന്നില്ല.
ആന്ധ്രയിൽ നിന്നും ഒരു ലോഡ് ചെമ്മീൻ ഇവിടേക്ക് കൊണ്ടുവരുന്നതിന് ഏകദേശം നാല് ലക്ഷം രൂപയുടെ ചിലവ് വേണ്ടിവരും. മാത്രമല്ല അവിടെ നിന്ന് എത്താൻ എടുക്കുന്ന സമയം, അത് കാരണം ചെമ്മീന്റെ ഗുണമേന്മക്കും വ്യത്യാസം വരുന്നു.
വനാമി ചെമ്മീൻ കൃഷിയാണ് ഈ പ്രശ്നത്തിനൊരു പരിഹാരമായിട്ടുള്ളത്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ചെമ്മീന്റെ ലഭ്യതയുള്ള സീസൺ. എന്നാൽ സീസണിൽ പോലും ഇപ്പോൾ ചെമ്മീൻ കിട്ടുന്നില്ല. ആന്ധ്രയെക്കാളും തമിഴ്നാടിനെക്കാളും സൗകര്യം നമ്മുടെ കേരളത്തിലുണ്ട്. ഏറ്റവും കൂടുതൽ ജലസ്രോതസ് ഉള്ള സംസ്ഥാനമാണ് കേരളം. എന്നാൽ വ്യാവസായിക അടിസ്ഥാനത്തിൽ അത് ഉപയോഗിക്കാൻ തയ്യാറാകാത്തതാണ് കാരണം. വനാമി ചെമ്മീൻ വന്നാൽ ഇവിടെയും ധാരാളം ഫാക്ടറികൾ പ്രവർത്തിക്കുകയും ചെമ്മീൻ ലഭ്യത വർദ്ധിക്കുകയും ചെയ്യും. സ്വാഭാവികമായും തൊഴിലവസരങ്ങളും വർദ്ധിക്കും, അജിത്ത് അഴിമുഖത്തോട് പറഞ്ഞു.
ചെമ്മീൻ പീലിങ് അടക്കം സംസ്ഥാനത്ത് മത്സ്യസംസ്കരണ മേഖലയിൽ ജോലി ചെയുന്ന തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി 2025 മാർച്ച് മാസം ആദ്യം സർക്കാർ അറിയിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
മേഖലയിൽ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി കണ്ട് മനസ്സിലാക്കാനും അവരുടെ തൊഴിൽ, ജീവിത, സാമ്പത്തിക, ആരോഗ്യ നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുമാണ് സമിതിയെ നിയോഗിച്ചത്. 2024 സെപ്റ്റംബർ 10ന് എച്ച്.സലാം എംഎൽഎ സംസ്ഥാനത്തെ ചെമ്മീൻ പീലിങ് മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. തുടർന്നാണ് സമിതിയെ നിയോഗിച്ചത്.
സമിതിയെ നിയോഗിച്ചുവെന്ന സർക്കാരിന്റെ മറുപടിയിലാണ് ഇപ്പോൾ പീലിങ്ങ് തൊഴിലാളികളുടെ പ്രതീക്ഷ. റിപ്പോർട്ട് സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന സർക്കാരിന്റെ ഉറപ്പിലാണ് ഇപ്പോഴും പീലിങ്ങ് തൊഴിൽ തുടരുന്നതെന്നും തൊഴിലാളികൾ അറിയിച്ചു.
Content Summary: Surviving on 19 Rupees: The Struggles of Prawn Peeling Workers